KERALA

'കേരളീയം' മലയാളത്തിന്റെ മഹോത്സവം; ലോകമലയാളികൾ ഭാഗമാകണമെന്ന് മുഖ്യമന്ത്രി

ദ ഫോർത്ത് - തിരുവനന്തപുരം

കേരളപിറവി ദിനമായ നവംബര്‍ 1 മുതല്‍ ഒരാഴ്ച കേരളീയം എന്ന പേരില്‍ മലയാളത്തിന്‍റെ മഹോത്സവം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയിൽ ലോകത്തിന്റ നാനഭാഗത്തുനിന്നുമുളള മലയാളികളും ഭാഗമാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കേരളം ആര്‍ജിച്ച സമസ്ത നേട്ടങ്ങളും സാംസ്കാരിക തനിമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. ഇതിനായി ഇത്തവണ വ്യത്യസ്തമായ പരിപാടികളാണ് ഒരുക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികള്‍ അരങ്ങേറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകത്തിലെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തിയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറുകളാണ് കേരളീയത്തിന്‍റെ പ്രധാന അജണ്ട. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇതിൽ അവതരിപ്പിക്കും. കൂടാതെ, ഭാവി കേരളത്തിനുള്ള മാര്‍ഗ്ഗരേഖ തയാറാക്കുക അടക്കമുളള ലക്ഷ്യങ്ങളും ഉൾപ്പെടുത്തിയാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. അഞ്ചു ദിനങ്ങളിലായി 25 അന്താരാഷ്ട്ര സെമിനാറുകളാണ് നടത്താനായി തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, കേരളം ഇതുവരെ ആർജ്ജിച്ചെടുത്ത നേട്ടങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന എക്സിബിഷനുകളും കേരളീയത്തിന്റെ ഭാ​ഗമായി ഉണ്ടാകും. ഇതിനായി വിവിധ വേധികളിലായി പത്തോളം പ്രദര്‍ശനങ്ങളായിരിക്കും സംഘടിപ്പിക്കുകയെന്ന് പിണറായി വിജയൻ പറഞ്ഞു.

കേരളീയത്തിന്റെ ഭാ​ഗമായി കലാ, സാംസ്കാരിക പരിപാടികള്‍, ട്രേഡ് ഫെയറുകള്‍, ഫ്ളവര്‍ ഷോ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. ഓണാഘോഷത്തിനു സമാനമായിട്ടുളള വര്‍ണകാഴ്ചകളും തലസ്ഥാനത്ത് ഒരുക്കും. കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന ഭക്ഷ്യ സംസ്കാരം അവതരിപ്പിക്കുന്ന ഭക്ഷ്യമേളയും പരിപാടിയുടെ ഭാ​ഗമായി സംഘടിപ്പിക്കും. കൂടാതെ, കേരള നിയമസഭാ മന്ദിരത്തില്‍ പുസ്തകോത്സവവും അരങ്ങേറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയം സംഘടിപ്പിക്കുന്നതിലൂടെ സംസ്ഥാനസർക്കാരിന്റെ ടൂറിസം വകുപ്പിനും ഏറെ ​ഗൂണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളീയത്തിന് തുടര്‍പതിപ്പുകള്‍ ഉണ്ടാകണമെന്ന് സർക്കാർ ആ​ഗ്രഹിക്കുന്നുെവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി