KERALA

സി കെ നാണു ജെഡിഎസ് വിമത വിഭാഗം ദേശീയാധ്യക്ഷൻ; ദേവെ ഗൗഡയെ പുറത്താക്കി പ്രമേയം

വെബ് ഡെസ്ക്

ബിജെപിയോടൊപ്പം പോയ ദേവെ ഗൗഡയെ ജെഡിഎസിൽ നിന്ന് പുറത്താക്കിയതായി സി കെ നാണുവും സി എം ഇബ്രാഹിമും ഉൾപ്പെടുന്ന വിമത വിഭാഗം. പുതിയ ദേശീയാധ്യക്ഷനായി വിമത വിഭാഗം സി കെ നാണുവിനെ തിരഞ്ഞെടുത്തു.

ബംഗളൂരുവിൽ ചേർന്ന വിമത വിഭാഗം പ്ലീനറി സമ്മേളനത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്നും പാർട്ടി അംഗത്വത്തിൽനിന്നും എച്ച് ഡി ദേവെ ഗൗഡയെ പുറത്തക്കിയതായി സമ്മേളനം പ്രമേയം പാസാക്കി.

സി കെ നാണുവിനെയും സി എം ഇബ്രാഹിമിനെയും ദേവെ ഗൗഡ പാർട്ടിയിൽനിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്നും വിമത വിഭാഗം അറിയിച്ചതോടെ ജനത ദള്ളിൽ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്.

ദേവെ ഗൗഡയെ പുറത്താക്കിക്കൊണ്ടു പാസാക്കിയ പ്രമേയവുമായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് വിമത വിഭാഗം. ജെഡിഎസിന്റെ നേതൃത്വത്തിൽ ജെഡിയു, ആർജെഡി, സമാജ്‌വാദി പാർട്ടി എന്നീ പാർട്ടികളെ ഒരുമിപ്പിക്കുന്ന ജനതാ പരിവാർ സിൻഡിക്കേറ്റിന് രൂപം നൽകാനും യോഗത്തിൽ തീരുമാനമായി.

നിലവിൽ ജെഡിഎസ് കേരള ഘടകം ദേവെ ഗൗഡയ്‌ക്കൊപ്പമാണ് നിലകൊള്ളുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻ കുട്ടിയും സി കെ നാണു വിഭാഗം വിളിച്ച യോഗത്തിൽ പങ്കെടുത്തില്ല.

വിമത യോഗം വിളിച്ചുവെന്നാരോപിച്ച് ജെഡിഎസ് ദേശീയ ഉപാധ്യക്ഷൻ സികെ നാണു ഉൾപ്പെടെയുള്ളവരെ എച്ച് ഡി ദേവഗൗഡ ഡിസംബർ ഒൻപതിനാണ് പുറത്താക്കിയത്. ദേശീയ നേതൃത്വത്തിന്റെ അറിവോ മുൻ‌കൂർ സമ്മതമോ ഇല്ലാതെ സി കെ നാണു കേരളത്തിൽ വിളിച്ചു ചേർത്ത യോഗം ജെ ഡി എസിന്റെ ഭരണഘടനക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ദേശീയ അധ്യക്ഷൻ ജീവിച്ചിരിക്കെ ഇത്തരത്തിൽ യോഗം വിളിക്കാൻ പാടുള്ളതല്ല, പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കപ്പെട്ട സി എം ഇബ്രാഹിം, നാണുവിനെ പറഞ്ഞു പാട്ടിലാക്കുകയായിരുന്നെന്നും അദ്ദേഹം അന്ന് ആക്ഷേപിച്ചു.

ജെഡിഎസ്, എൻഡിഎ മുന്നണിയുടെ ഭാഗമായതിനെ ചോദ്യം ചെയ്തായിരുന്നു കഴിഞ്ഞ മാസം കോവളത്ത് സി കെ നാണു വിഭാഗം വിമത യോഗം വിളിച്ചത്. കേരളത്തിലെ മറ്റു നേതാക്കളായ മാത്യു ടി തോമസ്, കെ കൃഷ്ണൻകുട്ടി തുടങ്ങിയവർ അന്നും യോഗത്തിൽ നിന്ന് വിട്ടു നിന്നിരുന്നു.

കേരളത്തിലെ മന്ത്രി സ്ഥാനം രാജിവെച്ച് പാർട്ടി പ്രത്യേക ഘടകമായി ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കണമെന്നായിരുന്നു സി കെ നാണു വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും ഉൾപ്പെടുന്ന മറുവിഭാഗം സ്ഥാനമാനങ്ങൾ ത്യജിച്ചുള്ള ഇറങ്ങിപ്പോക്കിന് എതിര് നിന്നതോടെ കേരളത്തിലെ ജെഡിഎസിൽ രണ്ടു ചേരികൾ രൂപപ്പെടുകയായിരുന്നു. ആശയക്കുഴപ്പമുണ്ടാക്കി ഇങ്ങനെയൊരു ചേരി രൂപപ്പെടുത്താൻ മുൻ കർണാടക അധ്യക്ഷൻ സിഎം ഇബ്രാഹിം ഒത്താശ ചെയ്‌തെന്നാണ് ദേവെ ഗൗഡയുടെ വാദം. ഈ സംഭവവികാസങ്ങൾക്കൊടുവിലാണ് പാർട്ടി അധ്യക്ഷനെ തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിക്കൊണ്ട് സികെ നാണു വിഭാഗത്തിന്റെ നീക്കം.

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ

'ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ', നിബന്ധന മുന്നോട്ടുവച്ച് മമത ബാനർജി

'തലച്ചോറ് തിന്നുന്ന' അമീബ ബാധ വീണ്ടും; മലപ്പുറത്ത് അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

സിഎഎ നടപ്പാക്കി; 14 പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ