KERALA

സംസ്ഥാന അധ്യക്ഷനും ലീഗ് നേതാക്കള്‍ക്കുമെതിരേ ഗൂഢാലോചന: എംഎസ്എഫില്‍ കൂട്ടനടപടി

ദ ഫോർത്ത് - കോഴിക്കോട്

സംസ്ഥാന അധ്യക്ഷനും മുസ്ലിം ലീഗ് നേതാക്കള്‍ക്കുമെതിരെ ഗൂഢാലോചന നടത്തിയതിന്‍റെ പേരില്‍ എംഎസ്എഫില്‍ കൂട്ട നടപടി. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള നേതാക്കളെ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്വാഹിബ് മുഹമ്മദ്, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് അഫ്‌നാസ് ചോറോട്,തളിപ്പറമ്പ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബാസിത് മാണിയൂര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. മലപ്പുറം ജില്ലാ ജോയിന്‍റ് സെക്രട്ടറി ടി പി നബീൽ, കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് പി വി ഹാഫിം എന്നിവര്‍ക്കെതിരെ ഇന്നലെ മലപ്പുറം ജില്ലാ കമ്മിറ്റിയും നടപടി സ്വീകരിച്ചിരുന്നു.  പ്രാഥമിക അന്വേഷണത്തില്‍ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസിനെതിരെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. ഹരിത വിവാദ കാലത്ത് ഇവര്‍ ഉള്‍പ്പെട്ട വാട്ട്സ്അപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകളുടെ സ്ക്രീന്‍ഷോട്ടുകളും ശബ്ദ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കും ജനറല്‍ സെക്രട്ടറി പി എം എ സലാമിനുമെതിരെയുള്ള പോസ്റ്റുകള്‍ തയ്യാറാക്കിയതും 'എം എസ് എഫ് സ്ക്വയര്‍' എന്ന ഗ്രൂപ്പ് കേന്ദ്രീകരിച്ചാണെന്ന് ആരോപണമുണ്ട്.  'കെ പി സ്വാലിഹ്' എന്ന ഫേസ് ബുക്ക് അക്കൗണ്ടിലൂടെയാണ് ചര്‍ച്ചകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ എം എസ് എഫിനെ തോൽപ്പിക്കാൻ ഗ്രൂപ്പ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയെന്നും ആരോപണമുണ്ട്.

ഹരിത വിവാദ കാലത്ത് പി കെ നവാസിന്‍റെ എതിര്‍പക്ഷത്തുണ്ടായിരുന്നവരാണ് ഈ ഗ്രൂപ്പിലെ അംഗങ്ങള്‍. എം എസ് എഫ് സ്ക്വയര്‍ എന്ന ഗ്രൂപ്പില്‍ പോസ്റ്റുകള്‍ തയ്യാറാക്കുകയും ഫേക്ക് അക്കൌണ്ടുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. പഴയ ഹരിത കമ്മിറ്റി പിരിച്ചുവിടുകയും എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന ലത്തീഫ് തുറയൂര്‍ ഉള്‍പ്പെടെയുള്ളവരെ പുറത്താക്കുകയും ചെയ്തതോടെ സംഘടനയിലെ വിഭാഗീയത അവസാനിച്ചെന്നായിരുന്നു നേതൃത്വത്തിന്‍റെ അവകാശവാദം. എന്നാല്‍ ഇപ്പോഴും നവാസ് വിരുദ്ധ ഗ്രൂപ്പ് സംഘടനയില്‍ സജീവമാണെന്നതിന്‍റെ തെളിവാണ് പുതിയ വിവാദം. ഫേക്ക് അക്കൌണ്ട് വഴി പുറത്തുവന്ന ചാറ്റുകളും തൊട്ടുപിന്നാലെയുള്ള നടപടിയും ഇതിന്‍റെ സൂചനയാണ്. 

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍