KERALA

കണ്ണീരോർമയായി വന്ദന; വേദനയോടെ വിടചൊല്ലി നാട്

വെബ് ഡെസ്ക്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന് നാടിന്റെ അന്ത്യാഞ്ജലി. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം നടന്നു. സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും സാമൂഹികപ്രവര്‍ത്തകരുമടക്കം ആയിരങ്ങളാണ് വന്ദനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിത്.

വന്ദനയെ അവസാനമായി കാണാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മുട്ടുചിറയിലെ വീട്ടിലെത്തിയിരുന്നു. മുന്നറിയിപ്പില്ലാതെയാണ് മന്ത്രിയെത്തിയത്. എഡി ജി പി എം.ആർ. അജിത് കുമാർ ഡോ. വന്ദനയ്ക്ക് സല്യൂട്ട് നല്‍കി.

വന്ദനയ്ക്ക് അച്ഛന്‍ മോഹന്‍ദാസും അമ്മ വസന്തകുമാരിയും അന്ത്യചുംബനം നല്‍കിയത് ഹൃദയഭേദകമായ കാഴ്ചയായി. സ്പീക്കര്‍ എ എന്‍ ഷംസീര്‍, കേന്ദ്ര മന്ത്രി വി മുരളീധരന്‍, തോമസ് ചാഴിക്കാടന്‍ എംപി, എം എല്‍ എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു.

ഇന്നലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു. ഇവിടെയെല്ലാം ആയിരക്കണക്കിന് ആളുകളാണ് വന്ദനയെ അവസാനമായി കാണാനെത്തിയത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്നലെ പുലർച്ചെയാണ് ഡോ. വന്ദന ദാസിന് കുത്തേറ്റത്. കൊല്ലം നെടുമ്പന യു പി സ്‌കൂളിലെ അധ്യാപകനായ എസ് സന്ദീപാണ് ആക്രമണം നടത്തിയത്. പരുക്കേറ്റ നിലയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചതായിരുന്നു സന്ദീപിനെ. സന്ദീപിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ഡോക്ടര്‍ക്കുനേരെ ആക്രമണം നടന്നത്.

IPL 2024| അഹമ്മദാബാദില്‍ 'അയ്യര് കളി'; ഹൈദരാബാദിനെ തകർത്ത് കൊല്‍ക്കത്ത ഫൈനലില്‍

മാധ്യമ സ്വാതന്ത്ര്യത്തിന് വീണ്ടും വിലങ്ങുമായി ഇസ്രയേല്‍; അസോസിയേറ്റഡ് പ്രസും അടച്ചു പൂട്ടി, ഉപകരണങ്ങള്‍ പിടിച്ചെടുത്തു

സ്വാതി മലിവാള്‍ കേസ്: 'കെജ്‌രിവാളിന്റെ മൗനം സ്ത്രീ സുരക്ഷയിലെ നിലപാട്'; രൂക്ഷ വിമർശനവുമായി ഡല്‍ഹി എല്‍ ജി

'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

'പ്രൊഫഷണല്‍ തലത്തിലാകുമ്പോള്‍ വയസില്‍ ആരും ഇളവ് നല്‍കില്ല'; കായികക്ഷമതയില്‍ ധോണി