ക്‌നാനായ പള്ളി -പ്രതീകാത്മക ചിത്രം
ക്‌നാനായ പള്ളി -പ്രതീകാത്മക ചിത്രം 
KERALA

ക്നാനായ സഭയ്ക്ക് തിരിച്ചടി; 'ഇതര സമുദായത്തില്‍നിന്ന് വിവാഹം ചെയ്തവരെ പുറത്താക്കുന്നത് മത സ്വാതന്ത്ര്യത്തിന്റെ ലംഘനം'

വെബ് ഡെസ്ക്

ഇതര സമുദായത്തില്‍നിന്ന് വിവാഹം ചെയ്തവരെ ക്‌നാനായ സഭയില്‍നിന്ന് പുറത്താക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് കോടതി. ക്‌നാനായ സഭയിലെ സ്വസമുദായ വിവാഹം (എന്‍ഡോഗമി) അത്യന്താപേക്ഷിതമായ മതാചാരമല്ല. അതിനാല്‍, വിവാഹത്തിന്റെ പേരില്‍ സഭാംഗത്തെയും കുടുംബത്തെയും പള്ളിയില്‍നിന്ന് വിലക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ 25ാം അനുഛേദത്തിന്റെ (മത സ്വാതന്ത്ര്യം) ലംഘനമാണെന്ന് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി (അഞ്ച്) ജഡ്ജി സനു എസ് പണിക്കര്‍ ഉത്തരവിട്ടു. സമുദായത്തിന് പുറത്തുനിന്ന് വിവാഹം ചെയ്തവരെ സഭയില്‍നിന്ന് പുറത്താക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന കോട്ടയം അഡീഷണല്‍ സബ് കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് സഭ നല്‍കിയ അപ്പീലിലാണ് ജില്ലാ കോടതിയുടെ ഉത്തരവ്.

സ്വസമുദായ വിവാഹം സമുദായത്തിനുള്ളിലെ വിവാഹ ആചാരമല്ലാതെ മറ്റൊന്നുമല്ലെന്നായിരുന്നു ജഡ്ജി സനു പണിക്കരുടെ നിരീക്ഷണം

സ്വസമുദായ വിവാഹം സമുദായത്തിനുള്ളിലെ വിവാഹ ആചാരമല്ലാതെ മറ്റൊന്നുമല്ലെന്നായിരുന്നു ജഡ്ജി സനു പണിക്കരുടെ നിരീക്ഷണം. അത് സഭയുടെ ഏതെങ്കിലും അംഗത്തെ വിലക്കുന്നതിനുള്ള സര്‍വ്വപ്രധാനമായ ആചാരമല്ല. സമുദായത്തില്‍ നിലനില്‍ക്കുന്ന സ്വസമുദായ വിവാഹത്തിന്റെ പേരില്‍ അംഗത്വം നിരാകരിക്കുന്ന നടപടിയെ സഭയ്ക്ക് നീതീകരിക്കാനാകില്ലെന്നാണ് കരുതുന്നതെന്നും ഉത്തരവില്‍ പറയുന്നു.

സിറോ മലബാര്‍ കത്തോലിക്ക സഭാ വിഭാഗമാണ് ക്‌നാനായ സഭ. നാലാം നൂറ്റാണ്ടില്‍ ദക്ഷിണ മെസൊപ്പൊട്ടാമിയയില്‍നിന്ന് കേരളത്തിലേക്ക് കുടിയേറിയെന്ന് വിശ്വസിക്കപ്പെടുന്ന സിറിയന്‍ ക്രിസ്ത്യാനികളുടെ പിന്‍തലമുറക്കാരാണ്. വിശ്വാസം, വിവാഹം ഉള്‍പ്പെടെ കാര്യങ്ങളില്‍ മറ്റു കത്തോലിക്കാ വിഭാഗങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതാണ് ക്‌നാനായ രീതികള്‍. പാരമ്പര്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന സഭ സ്വസമുദായ വിവാഹമാണ് പിന്തുടരുന്നത്. മറ്റേതെങ്കിലും കത്തോലിക്ക സഭയില്‍ നിന്നുള്ളയാളെ വിവാഹം ചെയ്താല്‍ പോലും സഭയില്‍നിന്ന് പുറത്താക്കും. ഈ നടപടിക്കെതിരെയാണ് 2015ല്‍ ക്‌നാനായ കത്തോലിക്കാ നവീകരണ സമിതിയും ഏതാനും സഭ അംഗങ്ങളും കോടതിയെ സമീപിച്ചത്.

മറ്റു കത്തോലിക്ക സഭാംഗത്തെ വിവാഹം ചെയ്തതിന്റെ പേരില്‍ ഒരാളെ ക്‌നാനായ സഭയില്‍നിന്ന് പുറത്താക്കുന്നത് അവിശുദ്ധവും ഭരണഘടനാവിരുദ്ധവും അധാര്‍മ്മികവും മനുഷ്യവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതി കോട്ടയം അഡീഷണല്‍ സബ് കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തത്. സ്വസമുദായ വിവാഹം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണം എന്നായിരുന്നു പ്രധാന ആവശ്യം. മറ്റു സഭകളില്‍നിന്ന് വിവാഹം ചെയ്തതിന്റെ പേരില്‍ ക്‌നാനായ സഭയില്‍നിന്ന് പുറത്താക്കിയവരെ തിരികെ എത്തിക്കാന്‍ നിര്‍ദേശിക്കണം. ഇത്തരം നടപടി പിന്തുടരുന്നതില്‍നിന്ന് കോട്ടയം അതിരൂപതയെ (ക്‌നാനായ കത്തോലിക്കര്‍ മാത്രം ഉള്‍പ്പെടുന്ന അതിരൂപത) വിലക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അനുഛേദം 21ലെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ മുഖമുദ്രയായ വിവാഹത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് സഭയിലെ നിര്‍ബന്ധിത സ്വസമുദായ വിവാഹം

പരാതി പരിശോധിച്ച സബ് കോടതി, 21-ാം അനുഛേദത്തിലെ വിവാഹത്തിനുള്ള അവകാശത്തിന്റെയും 25ാം അനുഛേദത്തിലെ മത സ്വാതന്ത്ര്യത്തിന്റെയും ലംഘനമായതിനാല്‍ സ്വസമുദായ വിവാഹ ആചാരത്തിന്റെ പേരില്‍ സഭയില്‍നിന്ന് പുറത്താക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി. അനുഛേദം 21ലെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ മുഖമുദ്രയായ വിവാഹത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് സഭയിലെ നിര്‍ബന്ധിത സ്വസമുദായ വിവാഹം. അത് ബൈബിള്‍, കനാന്‍ നിയമങ്ങള്‍, വിശ്വാസ പ്രമാണം, ഇന്ത്യന്‍ ഭരണഘടന, അന്താരാഷ്ട്ര ഉടമ്പടികള്‍ എന്നിവയുടെ ലംഘനമാണെന്നും കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ കോട്ടയം അഡീഷണല്‍ ജില്ല കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി