KERALA

നോക്കുകുത്തിയായി അധ്യക്ഷ പദവിയിൽ തുടരാനില്ലെന്ന് കെ സുധാകരന്റെ ഭീഷണി; പുനഃസംഘടനയിൽ പുകഞ്ഞ് കോൺഗ്രസ്

എ വി ജയശങ്കർ

പോഷക സംഘടനകളുടെ പുനഃസംഘടനയില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ വരുത്തിയ മാറ്റമാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കളെ ചൊടിപ്പിച്ചത്. ഇങ്ങനെയെങ്കില്‍ അധ്യക്ഷ പദവിയില്‍ തുടരാനില്ലെന്ന് കെ സുധാകരന്‍ ഭീഷണി മുഴക്കിയപ്പോള്‍, പാര്‍ട്ടി പദവികളേറ്റെടുക്കാനില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെയാണ് സംസ്ഥാന കോണ്‍ഗ്രസിലെ അമര്‍ഷമത്രയും.

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്ന് പാര്‍ട്ടി പിടിച്ചടക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലതെ മുതിര്‍ന്ന നേതാക്കളുടെ ആക്ഷേപം. കോണ്‍ഗ്രസില്‍ ഇതുവരെയുണ്ടായിരുന്ന ഗ്രൂപ്പ് സമവാക്യങ്ങളില്‍ വലിയ മാറ്റമാണ് സമീപകാലങ്ങളില്‍ സംഭവിച്ചത്. എ, ഐ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സംവിധാനത്തിന് പകരം പുതിയ അധികാര കേന്ദ്രങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഉരുത്തിയിരുന്നതാണ് പുതിയ വടംവലികള്‍ക്ക് കാരണം.

പാര്‍ട്ടി പദവികള്‍ ഏറ്റെടുക്കാതെ എം എല്‍ എ മാത്രമായി തുടരാമെന്ന് രമേശ് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചതായാണ് വിവരം

പോഷക സംഘടനാ പുനഃസംഘടനയില്‍ സംസ്ഥാനത്തെ ചര്‍ച്ചകളും ലിസ്റ്റും മറിടകന്നാണ് അന്തിമ പട്ടികയില്‍ ഡല്‍ഹിയില്‍നിന്ന് മാറ്റം വരുത്തിയത്. ഇതില്‍ കടുത്ത അതൃപ്തിയാണ് കെ പി സി സി അധ്യക്ഷനും മുന്‍ അധ്യക്ഷന്മാരും സിറ്റിങ് എം പിമാരുമടക്കം ഭൂരിപക്ഷം നേതാക്കള്‍ക്കും. കെഎസ്‌യു നേതൃത്വത്തിലേക്ക് സംസ്ഥാന നേതൃത്വം ചര്‍ച്ചകളിലൂടെ നല്‍കിയ പട്ടിക അട്ടിമറിക്കപ്പെട്ടതിന് പിന്നാലെ, കെ സുധാകരന്‍ കെ സി വേണുഗോപാലിനെ വിളിച്ച് അമര്‍ഷമറിയിച്ചു. 'നോക്കുകുത്തിയായി കെ പി സി സി അധ്യക്ഷ പദവിയില്‍ തുടരാന്‍ താനില്ലെന്നായിരുന്നു കെ സുധാകരന്‌റെ ഭീഷണി. മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിലേക്കുള്ള പട്ടിക തന്നോട് കൂടി ആലോചിക്കാതെ പ്രഖ്യാപിച്ചതിലും സുധാകരന് കടുത്ത അത്യപ്തിയാണുള്ളത്. ഇക്കാര്യവും ഹൈക്കമാന്‍ഡിനെ അറിയിച്ചു കഴിഞ്ഞു.

കടുത്ത നിലപാടിലാണ് രമേശ് ചെന്നിത്തലയും. മഹിളാ കോണ്‍ഗ്രസ്, കെഎസ്‌യു പുനഃസംഘടന സംബന്ധിച്ച അതൃപ്തി അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടെ അംഗമാകാനുള്ള സാധ്യത നിലനില്‍ക്കുമ്പോഴും പാര്‍ട്ടി പദവികള്‍ ഏറ്റെടുക്കാതെ എം എല്‍ എ മാത്രമായി തുടരാമെന്നാണ് രമേശ് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചതെന്നാണ് വിവരം. ഏഴ് എം പിമാരും പോഷക സംഘടനകളിലെ ഏകപക്ഷീയമായ പുനഃസംഘടന സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

കെ എസ് യു, മഹിളാ കോണ്‍ഗ്രസ് പുനഃസംഘടനയ്ക്ക് സമാനമായ അട്ടിമറി കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്ന് എ, ഐ ഗ്രൂപ്പുകള്‍ വിലയിരുത്തുന്നു.

അതേസമയം, കെപിസിസി ഭാരവാഹികളുടെ പട്ടിക പുറത്ത് വരുമ്പോള്‍ മറ്റൊരു പൊട്ടിത്തെറിയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്. ജില്ലകളില്‍നിന്നുള്ള പട്ടിക കൈമാറാന്‍ കെപിസിസി നല്‍കിയ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്ന് ജില്ലാ കമ്മിറ്റികള്‍ മാത്രമാണ് കെപിസിസിക്ക് പട്ടിക നല്‍കിയത്. മറ്റ് ജില്ലകളില്‍ പുനഃസംഘടനാ സമിതി യോഗം പോലും ചേര്‍ന്നിട്ടില്ല.

കെ എസ് യു, മഹിളാ കോണ്‍ഗ്രസ് പുനഃസംഘടനയ്ക്ക് സമാനമായ അട്ടിമറി കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുണ്ടാകുമെന്ന് എ, ഐ ഗ്രൂപ്പുകള്‍ വിലയിരുത്തുന്നു. അതിനാല്‍ ജാഗ്രതയോടെയാണ് ഗ്രൂപ്പ് മാനോജര്‍മാരുടെ നീക്കങ്ങള്‍. തങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കുന്ന ഒരു സഹകരണത്തിനും നില്‍ക്കേണ്ടെന്നാണ് ഗ്രൂപ്പുകളുടെ പൊതുതീരുമാനം. അധ്യക്ഷ പദവിയിലെത്തി രണ്ട് വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ കെപിസിസി പുനഃസംഘന പോയിട്ട് പോഷക സംഘടനകളുടെ പുനഃസംഘന പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഗതികേടിലാണ് കെ സുധാകരന്‍. റായ്പൂര്‍ പ്ലീനറി സമ്മേളനത്തിനു ശേഷം പുനഃസംഘടന പൂര്‍ത്തിയായിരിക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‌റെ പ്രഖ്യാപനം.

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും