ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ബിജെപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് എഎപി അറിയിച്ചിരിക്കുന്നത്

ബിജെപി ആസ്ഥാനത്തേക്ക് എഎപി മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷ. നിരോധാനജ്ഞ പ്രഖ്യാപിച്ചു. ബിജെപി ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്താന്‍ എഎപി അനുമതി തേടിയിട്ടില്ലെന്ന് ഡല്‍ഹി സെന്‍ട്രല്‍ എസിപി സച്ചിന്‍ ശര്‍മ പറഞ്ഞു.

പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത്, ഡിഡിയു മാര്‍ഗ്, ഐപി മാര്‍ഗ്, മിന്റോ റോഡ്, വികാസ് മാര്‍ഗ് എന്നീ റോഡുകള്‍ അടയ്ക്കുമെന്ന് ഡല്‍ഹി ട്രാഫിക് പോലീസ് വ്യക്തമാക്കി. പതിനൊന്നു മുതല്‍ രണ്ടുമണിവരെയാണ് റോഡുകള്‍ അടയ്ക്കുന്നത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ബിജെപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് എഎപി അറിയിച്ചിരിക്കുന്നത്. ബിജെപി ഓഫീസിന് മുന്നിലെ റോഡുകള്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു.

എഎപി നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി നിരന്തരം വേട്ടയാടുന്നു എന്നാരോപിച്ചാണ് 'ജയില്‍ ഭാരൊ' എന്ന് പേരില്‍ പ്രതിഷേധം നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് അദ്ദേഹത്തിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി ബൈഭവ് കുമാര്‍ തന്നെ മര്‍ദിച്ചെന്ന എഎപി രാജ്യസഭ എംപി സ്വാതി മലിവാളിന്റെ പരാതിയില്‍ കഴിഞ്ഞദിവസം ബിഭവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, എഎപി മാര്‍ച്ച് പ്രഖ്യാപിച്ചത്.

''സ്വാതി മലിവാള്‍ കേസിലെ അറസ്റ്റ് വ്യക്തമാക്കുന്നത് ബിജെപി എഎപിയെ ലക്ഷ്യമിടുന്നുവെന്നാണ്. അവര്‍ സഞ്ജയ് സിങ്ങിനെ ജയിലിലടച്ചു. ഇന്ന് അവര്‍ എന്റെ പിഎയെ അറസ്റ്റ് ചെയ്തു. രാഘവ് ഛദ്ദ ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയിട്ടുണ്ട്. ചിലര്‍ പറയുന്നു രാഘവ് ഛദ്ദയേയും അറസ്റ്റ് ചെയ്യുമെന്ന്. ഇനി അതിഷിയും സൗരഭ് ഭരദ്വാജുമാണുള്ളത്'', ബൈഭവിന്റെ അറസ്റ്റിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു.

'എന്തിനാണ് അവര്‍ ഞങ്ങളെ അറസ്റ്റ് ചെയ്യുന്നതെന്ന് ചിന്തിക്കുകയാണ് ഞാന്‍. ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്. സര്‍ക്കാര്‍ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ചതാക്കിയെന്നതാണ് ഞങ്ങള്‍ ചെയ്ത ക്രൈം. അവര്‍ക്ക് ഇതിന് സാധിച്ചില്ല. 24 മണിക്കൂറും ഞങ്ങള്‍ വൈദ്യുതി ലഭ്യമാക്കി. അവര്‍ക്ക് ഇതും സാധിച്ചില്ല,' കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

'പ്രധാനമന്ത്രി ജി നിങ്ങള്‍ ഈ ജയില്‍-ജയില്‍ കളി അവസാനിപ്പിക്കു. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഞാന്‍ എന്റെ എല്ലാ നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരുന്നു. നിങ്ങള്‍ക്ക് വേണ്ടവരെയെല്ലാം അറസ്റ്റ് ചെയ്യു. ഞങ്ങളെ ഒരുമിച്ച് ജയിലിലടയ്ക്കു. ഞങ്ങളെ ജയിലിലടച്ചതുകൊണ്ട് എഎപിയെ തകര്‍ക്കാമെന്നാണോ കരുതുന്നത്. എഎപി ഒരു ആശയമാണ്. നിങ്ങള്‍ അറസ്റ്റ് ചെയ്യുമ്പോള്‍ ആശയം കൂടുതല്‍ പ്രചരിക്കും,' കെജ്‌രിവാള്‍ വ്യക്തമാക്കി.

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്
'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

അതേസമയം, എഎപിക്ക് എതിരെ സ്വാതി മലിവാള്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വസിതിയിലെ സിസിടിവിയിലെ മേയ് മൂന്നിലെ ദൃശ്യങ്ങള്‍ നീക്കം ചെയ്തെന്ന് സ്വാതി ആരോപിച്ചു. കേസില്‍ അറസ്റ്റിലായ ബൈഭവ് കുമാറിനെ അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് നടപടി.

''ആദ്യം ബൈഭവ് എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. അവന്‍ എന്നെ തല്ലുകയും ചവിട്ടുകയും ചെയ്തു. ഞാന്‍ രക്ഷപ്പെട്ട് 112-ല്‍ വിളിച്ചു. അയാള്‍ പുറത്തേക്ക് പോയി സുരക്ഷാ ജീവനക്കാരെ വിളിച്ചുകൊണ്ടുവന്നു. എന്നിട്ട് വീഡിയോ പകര്‍ത്തി. ബിഭവ് എന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഞാന്‍ സെക്യൂരിറ്റിയോട് വിളിച്ചു പറഞ്ഞു ബഹളം വയ്ക്കുകയായിരുന്നു'', സമൂഹ മാധ്യമമായ എക്സില്‍ കുറിച്ച പോസ്റ്റില്‍ സ്വാതി പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയില്‍ ബഹളം വയ്ക്കുന്ന സ്വാതിയുടെ വീഡിയോ കഴിഞ്ഞദിവസം എഎപി പുറത്തുവിട്ടിരുന്നു.

'' വീഡിയോയുടെ വലിയൊരുഭാഗം എഡിറ്റ് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരോട് തര്‍ക്കിക്കുന്ന ഭാഗം മാത്രമാണ് പുറത്തുവിട്ടത്. ഇപ്പോള്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുകയും മുഴുവന്‍ വീഡിയോയും ഡിലീറ്റ് ചെയ്യുകയും ചെയ്തോ? സിസിടിവി ക്യാമറ ദൃശ്യങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. ഇത് വലിയ ഗൂഢാലോചനയാണ്'', സ്വാതി പറഞ്ഞു.

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്
മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

ബൈഭവ് കുമാര്‍ തന്റെ മൊബൈല്‍ ഫോണിന്റെ പാസ്‌വേഡ് നല്‍കിയിട്ടില്ലെന്നും തകരാര്‍ കാരണം ഫോണ്‍ മുംബൈയില്‍ ഫോര്‍മാറ്റ് ചെയ്തെന്നും ഡല്‍ഹി പോലീസ് കോടതിയില്‍ പറഞ്ഞിരുന്നു. ഡാറ്റ വീണ്ടെടുക്കാന്‍ ബൈഭവിനെ മുംബൈയിലേക്ക് കൊണ്ടുപോകേണ്ടതുണ്ടെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. സ്വാതി മലിവാളിന് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നതായി ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ പറഞ്ഞു. ബൈഭവിനെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നും പോലീസ് ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in