KERALA

കുസാറ്റ് അപകടത്തില്‍ സമഗ്രാന്വേഷണം; പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കും

വെബ് ഡെസ്ക്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ (കുസാറ്റ്) സംഗീത നിശക്കിടെയുണ്ടായ അപകടത്തിൽ മരിച്ച നാലാമത്തെ ആളെയും തിരിച്ചറിഞ്ഞു. പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫാണ് മരിച്ച നാലാമത്തെയാൾ. ആൽവിൻ സർവകലാശാല വിദ്യാർത്ഥിയല്ല.

അപകടത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചു. വൈസ് ചാന്‍സലറോടും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടും വിശദീകരണം തേടിയതായി മന്ത്രി ആർ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ കളമശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം ആരംഭിച്ചു. ആളുകളെ നിയന്ത്രിക്കാൻ സംവിധാനമില്ലാത്ത വേദിയാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒടുവിൽ വരുന്ന വിവരങ്ങളനുസരിച്ച് വിവിധ ആശുപത്രികളിലായി ഇപ്പോൾ ചികിത്സയിലുള്ളത് 51 പേരാണ്. ഇന്നലെ രാത്രി രണ്ടു പേർ വീതം കളമശ്ശേരി മെഡിക്കൽ കോളേജിലും രണ്ടുപേർ ആസ്റ്റർ മിംസിലും അത്യാഹിത വിഭാഗങ്ങളിലുണ്ടായിരുന്നു. അതിൽ ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകള്‍. കുട്ടികളുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം ഇന്ന് കുസാറ്റ് ക്യാമ്പസിൽ പൊതുദർശനത്തിനുവെക്കും.

കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റൂഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റു മൂന്നു വിദ്യാർഥികൾ. ഇവർ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്.

അപകടസ്ഥലത്ത് നിന്നും എഴുപതോളം പേരാണ് ആകെ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്, ഇതിൽ 46 പേരും കളമശ്ശേരി മെഡിക്കൽ കോളേജിലാണ് എത്തിയത്. ബാക്കിയുള്ളവർ മറ്റു സ്വകാര്യ ആശുപത്രികളിലും ചികിത്സതേടി. കിൻഡർ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരിൽ 16പേരെ ഡിസ്ചാർജ് ചെയ്തു

ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത നിശായായിരുന്നു സംഭവ സമയത്ത് ഓഡിറ്റോറിയത്തിൽ നടന്നിരുന്നത്. പരിപാടി തുടങ്ങും മുന്‍പായിരുന്നു അപകടം ഉണ്ടായത്. രണ്ടായിരത്തോളം പേരുള്ള ഓഡിറ്റോറിയത്തിലേക്ക് മഴപെയ്തതോടെ കൂടുതൽ ആളുകൾ ഇരച്ചു കയറിയതാണ് ഇത്രയും ഗുരുതരമായ അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതചുഴി; മഴ ശക്തമാക്കുന്നു

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും