KERALA

കോണ്‍ഗ്രസ്‌ പ്രവർത്തകസമിതി പുനഃസംഘടന: എന്‍എസ്എസിനെ ചേര്‍ത്തുനിര്‍ത്തി, നേട്ടം കൊയ്ത് കെപിസിസി

എ വി ജയശങ്കർ

കോൺഗ്രസ്‌ പ്രവർത്തകസമിതി പുനഃസംഘടനയിൽ ആധിപത്യം പുലർത്തി കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി. കെപിസിസിയിൽ നിന്ന്‌ എകെ ആന്റണി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, കെസി വേണുഗോപാൽ എന്നീ അഞ്ചുപേരാണ്‌ പട്ടികയിൽ ഉൾപ്പെട്ടത്. ഇത് ആദ്യമായാണ് കേരളത്തിൽ നിന്ന് ഒരേസമയം ഇത്രയും പേർക്ക് പ്രവർത്തകസമിതിയിൽ പ്രാതിനിധ്യം ലഭിക്കുന്നത്.

പ്രവര്‍ത്തക സമിതിയിലേക്ക് ഇല്ലെന്ന നിലപാട് സ്വീകരിച്ച എകെ ആന്റണിയെ ക്രിസ്ത്യന്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ബന്ധപൂര്‍വം ഉള്‍പ്പെടുത്തിയത്. പിന്മാറുന്നുവെന്ന വ്യക്തമാക്കിയ ആന്റണിക്കു പകരം കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളായ ബെന്നി ബെഹ്നാന്‍, കെ.സി. ജോസഫ് എന്നിവരെയായിരുന്നു ആദ്യം പരിഗണിച്ചത്. എന്നാല്‍ സംസ്ഥാന തലത്തില്‍ സമവായം ഉണ്ടാകാഞ്ഞതിനെത്തുടര്‍ന്നാണ് ആന്റണിയെ നിലനിര്‍ത്താമെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് എത്തിച്ചേര്‍ന്നത്. ഉമ്മൻചാണ്ടിയുടെ മരണവും തുടർന്നുള്ള രാഷ്ട്രീയ സാഹചര്യവും ഇതിന് വഴി ഒരുക്കി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം കൂടി പരിഗണിച്ച് ആന്റണി ഇതിന് സമ്മതം മൂളുകയായിരുന്നു.

ലോക് സഭ തിരഞ്ഞെടുപ്പ് ഉൾപ്പെടെ അടുത്തുനിൽക്കുന്ന സാഹചര്യത്തിൽ ഇടതുപക്ഷവുമായി ഇടഞ്ഞു നിൽക്കുന്ന എൻഎസ്എസിനെ ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് നായർ സമുദായത്തിൽ നിന്നുള്ള രമേശ് ചെന്നിത്തല, ശശി തരൂർ, കെസി വേണുഗോപാൽ എന്നിവരെ ഒരേസമയം സമിതിയുടെ ഭാഗമാക്കിയത്. ചെന്നിത്തലയും കെസി വേണുഗോപാലും പ്രവർത്തകസമിതി അംഗത്വം നേരത്തെ തന്നെ ഉറപ്പിച്ചിന്നെങ്കിലും തരൂരിന്റെ കാര്യത്തിൽ തീരുമാനമായിരുന്നില്ല. എന്നാൽ എൻഎസ്എസ് നേതൃത്വത്തിന് കൂടി താല്പര്യമുള്ള വ്യക്തി എന്നത് തരൂരിന് ഗുണകരമായി. മത്സരത്തിലൂടെ പ്രവർത്തകസമിതിയിലേക്കില്ലെന്ന് ശശി തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തക സമിതി അംഗമായതോടെ ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ശശി തരൂരിന്റെ സ്വാധീനം വർധിക്കും.

ദളിത്-പിന്നാക്ക പ്രാതിനിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായി പ്രവർത്തകസമിതിയിൽ നിലനിര്‍ത്തിയത്. ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്‌ കേരളത്തിലെ ജാതി സമവാക്യങ്ങൾ പരിഗണിച്ച് പുനഃസംഘടന നടത്തിയിട്ടും ഈഴവ-മുസ്ലിം വിഭാഗത്തില്‍ നിന്ന് ആരും സമിതിയില്‍ ഉള്‍പ്പെട്ടില്ലെന്നത് ശ്രദ്ധേയമായി. എടുത്തുകാട്ടാവുന്ന നേതാവ് ഇല്ലെന്നതാണ് മുസ്ലീം വിഭാഗത്തെ തഴഞ്ഞതിനു കാരണമെന്നും പറയപ്പെടുന്നു. സംസ്ഥാനത്ത് സഖ്യകക്ഷിയായി മുസ്ലീം ലീഗിനെ ഒപ്പം കൂട്ടി അത് മറികടക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

അതേസമയം പുനഃസംഘടനയില്‍ അര്‍ഹിച്ച സ്ഥാനം ലഭിച്ചില്ലെന്ന അതൃപ്തിയും ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. കെപിസിസി മുന്‍ അധ്യക്ഷന്‍ രമേശ് ചെന്നിത്തല തന്നെ വീണ്ടും സ്ഥിരം ക്ഷണിതാവാക്കിയതില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. 19 വര്‍ഷം മുമ്പും ചെന്നിത്തല സ്ഥിരം ക്ഷണിതാവായിരുന്നു. ഇക്കുറി പ്രവര്‍ത്തക സമിതി സ്ഥിരാംഗമാകുമെന്നായിരുന്നു പ്രതീക്ഷ.

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്