മുഹമ്മദ് റിയാസ്
മുഹമ്മദ് റിയാസ് 
KERALA

'കേന്ദ്രമന്ത്രി പെരുമാറുന്നത് കേരളത്തിന്റെ ആരാച്ചാരെ പോലെ'; വി മുരളീധരനെതിരെ മുഹമ്മദ് റിയാസ്

വെബ് ഡെസ്ക്

കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറയ്ക്കുന്നതിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ സന്തോഷിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്ര സർക്കാർ വായ്പ പരിധി വെട്ടിക്കുറച്ചുവെന്ന ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വിമർശനത്തിനെതിരെ വി മുരളീധരൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു റിയാസ്.

വയനാട്ടിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി റിയാസ്. കേരളത്തിന്റെ ആരാച്ചാരെ പോലെ കേന്ദ്രമന്ത്രി പെരുമാറുന്നത് ദൗർഭാഗ്യകരമാണെന്ന് പറഞ്ഞു. സംസ്ഥാനത്തിന്റെ കടമെടുക്കൽ പരിധിയിൽ നിന്ന് 8,000 കോടി രൂപയാണ് ഇത്തവണ വെട്ടിക്കുറച്ചത്. 32,000 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഇരുപത്തിമൂവായിരത്തോളം ഉണ്ടായിരുന്നത് ഇപ്പോൾ 15,000 കോടിയിലേക്കെത്തി. ഇതിൽ മലയാളിയായ ഒരു കേന്ദ്രമന്ത്രി സന്തോഷിച്ച് തുള്ളിച്ചാടുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

''വായ്പാ പരിധി വെട്ടിക്കുറക്കുന്നതിൽ ഒരു മനുഷ്യനും സന്തോഷിക്കില്ല. മലയാളിക്ക് മാത്രമല്ല, ഒരാൾക്കും സന്തോഷത്തിന് വക നൽകുന്ന കാര്യമല്ല ഒരു സംസ്ഥാനത്തിൻറെ വായ്പാ പരിധി വെട്ടിക്കുറക്കുന്നത്. സംസ്ഥാനത്തിന്റെ അവകാശമാണിത്. അങ്ങനെയുള്ള ഒരു വിഷയത്തിൽ ഒരു കേന്ദ്രമന്ത്രി സന്തോഷിക്കുക. അതും ഒരു മലയാളി. അത് വല്ലാത്തൊരു മാനസികാവസ്ഥ തന്നെയാണ്.'' പേരു പറയാതെ മന്ത്രി പറഞ്ഞു

സംസ്ഥാനത്തിന് വേണ്ടി ഇടപെടേണ്ട വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസർക്കാർ നീക്കങ്ങളെ യഥാർത്ഥത്തിൽ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. എൽഡിഎഫിന് വേണ്ടി വോട്ട് ചെയ്തവരും ചെയ്യാത്തവരും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവരും ഉൾപ്പെടെ എല്ലാവരെയും ഈ വിഷയം ബാധിക്കുമെന്നും റിയാസ് കൂട്ടിച്ചേർത്തു.

സാമ്പത്തിക ദുരുപയോഗത്തിലൂടെ ഉണ്ടായ പ്രശ്നങ്ങളെ സംസ്ഥാനത്തെ ധനമന്ത്രിയും മുഖ്യമന്ത്രിയും ചേർന്ന് കേന്ദ്ര സർക്കാരിന്റെ മേൽ കെട്ടിവയ്ക്കുകയാണെന്ന് വി മുരളീധരൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന ധനമന്ത്രിയുടെ പ്രസ്താവനയ്ക്കായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ