KERALA

'വികസനത്തിന് ബഹിഷ്‌കരണം മാതൃകയല്ല'; മലപ്പുറത്ത് നവകേരള സദസില്‍ പാണക്കാട് കുടുംബാംഗവും

ദ ഫോർത്ത്- മലപ്പുറം

നവകേരള സദസിന് എതിരെ യുഡിഎഫ് യുവജന സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുമ്പോള്‍ മലപ്പുറത്ത് പാണക്കാട് കുടുംബാംഗം മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തില്‍. തിരൂരില്‍ നടന്ന ചടങ്ങിലാണ് പാണക്കാട് മുസ്ലീം ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ ഹസീബ് തങ്ങള്‍ പങ്കെടുത്തത്.

നവകേരള സദസ് ബഹിഷ്‌കരണം ഉള്‍പ്പെടെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ് ഉള്‍പ്പെടെ മുന്നോട്ട് പോകുമ്പോള്‍ വികസന കാര്യത്തില്‍ രാഷ്ട്രീയം വേണ്ടെന്നാണ് ഹസീബ് തങ്ങളുടെ നിലപാട്. പ്രഭാത ഭക്ഷണ പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വികസനത്തിന് ബഹിഷ്‌കരണം മാതൃകയല്ല. കേന്ദ്രമായാലും സംസ്ഥാനമായാലും നമുക്ക് വേണ്ടത് ചോദിച്ചുവാങ്ങണമെന്നും ഹസീബ് തങ്ങള്‍ പ്രതികരിച്ചു. തന്നെ സംബന്ധിച്ചിടത്തോളം വ്യക്തി ബന്ധങ്ങള്‍ക്കാണ് പ്രധാനം. അതിന് ശേഷമാണ് കക്ഷി രാഷ്ട്രീയം. തനിക്ക് രാഷ്ട്രീയമുണ്ട്, മുസ്ലീം ലീഗുകാരനാണ്. പക്ഷേ ഭാരവാഹിയല്ല. വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം കാണണമെന്ന് വ്യക്തിപരമായി അഭിപ്രായമില്ല. നാടിന്റെ വികസനത്തിനായി നവകേരള സദസില്‍ പങ്കെടുക്കല്‍ കടമയായി കാണുന്നു. തിരൂര്‍ മേഖലയുടെ ഗതാഗത സംവിധാനങ്ങളുടെ അഭാവമാണ് മുഖ്യമന്ത്രിയോട് ചൂണ്ടിക്കാട്ടിയത്. റെയില്‍ ഗതാഗത വികസനം വേണം. തെക്കുവടക്ക് അതിവേഗ പാത എന്നിവ തിരൂര്‍ മേഖലയ്ക്ക് ആവശ്യമാണ്.' ഹസീബ് തങ്ങള്‍ പ്രതികരിച്ചു.

ഹസീബ് തങ്ങള്‍ക്ക് പുറമെ ഒരു കോണ്‍ഗ്രസ് നേതാവും നവകേരള സദസിന്റെ പ്രഭാത ഭക്ഷണ പരിപാടിയില്‍ പങ്കെടുത്തിരുന്നു.ലീഗ് നേതൃത്വത്തിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ശക്തമായ താക്കീതുകള്‍ നിലനില്‍ക്കെയാണ് മലപ്പുറത്ത് യുഡിഎഫ് നേതാക്കള്‍ തുടര്‍ച്ചയായി നവകേരള സദസില്‍ പങ്കെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വിലക്ക് ലംഘിച്ച് നവകേരള സദസില്‍ പങ്കെടുത്താല്‍ പുറത്തുപോകേണ്ടിവരുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ നല്‍കിയ മുന്നറിയിപ്പ്.

നവകേരള സദസിലെ പ്രഭാത സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവും മലപ്പുറം ഡിസിസി അംഗവുമായ എ പി മൊയ്തീനെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.പാര്‍ട്ടി നിര്‍ദ്ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നുമാണ് വിലയിരുത്തല്‍.

ഇതിന് പുറമേ കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷനുള്‍പ്പെടെ നേരിടേണ്ടിവന്നിട്ടുണ്ട്. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗവും മുന്‍ പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമായ എന്‍ അബൂബക്കര്‍, താമരശേരിയില്‍ നവ കേരള സദസ്സില്‍ പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ കൊടുവള്ളി മണ്ഡലം സെക്രട്ടറി യുകെ ഹുസൈന്‍, മൊയ്തു മുട്ടായി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്