Lok Sabha Election 2024

ബ്യാഡഗി ചെറിയ മുളകല്ല; എരിഞ്ഞുപുകഞ്ഞ് കർണാടക

എ പി നദീറ

ഇന്ത്യൻ രാഷ്ട്രീയത്തിൽ മിക്കപ്പോഴും വലിയ ചർച്ചയാകാറുള്ളതും സർക്കാരുകളെ തന്നെ കടപുഴക്കാൻ ശക്തിയുള്ളതുമാണ് രാജ്യത്തെ ഉള്ളി വില വർധന. ഉള്ളി വില്ലനായി മാറിയ നിരവധി സന്ദർഭങ്ങൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ  ഉണ്ടായിട്ടുണ്ട്. കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന സർക്കാരുകളെ പലതവണ കരയിച്ചിട്ടുണ്ട് രാജ്യത്തെ ജനപ്രിയ ഭക്ഷ്യ വസ്തുക്കളിൽ ഒന്നായ   ഉള്ളി. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ കർണാടക സർക്കാരിന് എരിവും പുകച്ചിലുമാകുകയാണ് ഉള്ളിക്ക് പകരം ഒരു മുളക്.

നല്ല ചുവന്ന നിറവും പ്രത്യേക സ്വാദും മണവും എരിവുമുള്ള പിരിയൻ മുളക്. വടക്കൻ കർണാടകയിലെ ഹാവേരി ജില്ലയിലെ ബ്യാഡഗി എന്ന ഗ്രാമത്തിലാണ് ഭൗമ സൂചിക പദവിയുള്ള ഈ മുളകുകളുടെ ജന്മനാട്. അന്താരാഷ്ട്ര ഭക്ഷ്യ വിപണിയിൽ വരെ സ്ഥാനം പിടിച്ച മുളകാണ് ബ്യാഡഗി ചില്ലീസ്. വിപണിയിൽ രാജാവായി വാണു പോന്ന ബ്യാഡഗി മുളകിനം വില ഇടിഞ്ഞു സാധാരണ മുളകിന് തുല്യമായിരിക്കുകയാണ് ഇപ്പോൾ. ക്വിന്റലിന് 20,000 രൂപ വില ലഭിച്ചിരുന്ന ഈ മുളകിന്  ഇപ്പോൾ ലഭിക്കുന്നത് 8,000 രൂപ മാത്രം. വിലയിടിഞ്ഞതോടെ കർഷകർ ഒന്നടങ്കം സർക്കാരിന് നേരെ തിരിഞ്ഞു. രോഷാകുലരായ കർഷകർ ബ്യാഡഗി മാർക്കറ്റിൽ അക്രമം അഴിച്ചു വിട്ടു. എ പിഎംസി മാർക്കറ്റിനു തീവെച്ചു, കെട്ടിടങ്ങൾക്കു നേരെ കല്ലേറുണ്ടായി, ഭക്ഷ്യ വസ്തുക്കൾ കത്തി ചാമ്പലായി, വാഹനങ്ങൾക്കു കേടുപാടുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റു.

കർണാടകയിൽ ഹാവേരി, ധാർവാഡ്, ഹുബ്ബള്ളി, ഗദഗ്   ജില്ലകളിലാണ് ബ്യാഡഗി മുളക് വ്യാപകമായി കൃഷി ചെയ്യുന്നത്. ഇത്തവണ ഉത്പാദനം കൂടിയതാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. കഴിഞ്ഞ മാസം 83,568 ക്വിന്റൽ മുളകാണ് ബ്യാഡഗി ചില്ലി യാർഡിൽ കർഷകർ വിളവെടുത്തു എത്തിച്ചത്. സംഭരിച്ച മുളകുകൾ ഏറ്റെടുക്കാൻ ആളില്ലാതായി. മുളക് കെട്ടിക്കിടന്നു തുടങ്ങിയതോടെ വിപണിയിൽ ആവശ്യം കുറഞ്ഞു. വില കുത്തനെ താഴ്ന്നതോടെ ഈ മുളകിന്റെ കൃഷി ആശ്രയിച്ചു കഴിയുന്ന വലിയൊരു വിഭാഗം കർഷകർ ദുരിതത്തിലായി. കർണാടക ഭരിക്കുന്ന കോൺഗ്രസ് സർക്കാർ കേന്ദ്രത്തിലിരിക്കുന്ന  ബിജെപിയെ പഴിച്ചും ബിജെപി കോൺഗ്രസിനെ പഴിച്ചും കർഷകരുടെ പ്രശ്നത്തെ നിസാരമായി കണ്ടതോടെയായിരുന്നു  പ്രതിഷേധം ഇരമ്പിയത്.  

ലോക്സഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ മുളക് കൃഷിയുള്ള വടക്കൻ കർണാടകയിലെ ഏതാനും മണ്ഡലങ്ങളിൽ  ബ്യാഡഗി മുളക് പ്രചാരണ വിഷയമാകും. കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയാണ് ബ്യാഡഗി മുളകിന്റെ ജന്മനാട് ഉൾപ്പെടുന്ന ഹാവേരി ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി. കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങളെ കർണാടകയിലെ കോൺഗ്രസ് സർക്കാർ അംഗീകാരക്കാത്തതിന്റെ ഫലമാണ് ബ്യാഡഗി മുളക് കർഷകർക്കുണ്ടായ തിരിച്ചടിയെന്ന്‌ വാദിക്കുകയാണ് ബിജെപി നേതാക്കൾ. മുളകിന് താങ്ങു വില പ്രഖ്യാപിച്ചു, സർക്കാർ ഒപ്പം നിൽക്കണമെന്നാണ് കർഷകർ സിദ്ധരാമയ്യ സർക്കാരിനോട് ആവശ്യപ്പെടുന്നത്. സർക്കാരുകളുടെ  ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രദേശത്തു നിന്ന് ബിജെപി ക്കും കോൺഗ്രസിനും ഒരുപോലെ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ഉണക്കിയെടുത്ത ബ്യാഡഗി മുളകുകൾ വന്ന് നിറയുകയാണ് എപിഎംസി യാർഡിൽ ദിനവും. വിലയുടെ കാര്യത്തിൽ നേരത്തെ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാതിരുന്ന ഈ മുളകിനം കൂടുതൽ ഇടങ്ങളിൽ ധൈര്യപൂർവം കൃഷി ചെയ്തു വരികയായിരുന്നു കർഷകർ. ബ്യാഡഗി മുളകിന്റെ രണ്ടു വകഭേദങ്ങളാണ്  ഇവിടെ കൃഷി ചെയ്യപ്പെടുന്നത്. ചെറുതും തടിച്ചതുമായ ഡബ്ബി, ചുളുക്കുകളോടെ നീളത്തിൽ കാണപ്പെടുന്ന കഡി എന്നിവയാണ് അവ. ഇതിൽ ഡബ്ബി ആണ് കേമൻ. ക്വിന്റലിന് 45,000  രൂപ മുതൽ 57,000  രൂപവരെ വിലയേറിയ ചരിത്രമുണ്ട് ഈ ഇനത്തിന് . രണ്ടു ഇനങ്ങളും  ഇന്ത്യൻ മസാല കൂട്ടുകളിലെ  പ്രധാന ചേരുവയാണ്.

രാജ്യത്തെ പ്രധാന ഭക്ഷ്യ  ഉത്പാദക കമ്പനികളെല്ലാം ബ്യാഡഗി മുളക് വാങ്ങി  പൊടിയായും മസാലക്കൂട്ടയും വിപണിയിൽ ഇറക്കുന്നുണ്ട്. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലും ഓൺലൈൻ സ്റ്റോറുകളിലും യദേഷ്ടം ലഭ്യമാണ് ഇവ. ഭക്ഷ്യ വസ്തുവായി മാത്രമല്ല മരുന്ന് നിർമാണത്തിനും സൗന്ദര്യ വർധക വസ്തുക്കളുടെ നിർമാണത്തിനും ഈ മുളകുകൾ ഉപയോഗിക്കുന്നുണ്ട്. നെയിൽ പോളീഷ്, ലിപ്സ്റ്റിക് എന്നിവ നിർമിക്കാനാവശ്യമായ ഒലിയോറെസിൻ ഉണങ്ങിയ ബ്യാഡഗി മുളകിൽ നിന്ന് വേർതിരിച്ചെടുക്കാറുണ്ട്. 2011ൽ ഭൗമ സൂചിക പദവി കിട്ടിയതോടെയായിരുന്നു ബ്യാഡഗി  മുളകിന്റെ തലവര തെളിഞ്ഞത്. ഇതോടെ ബ്യാഡഗിയിലെ  ഹെക്ടർ കണക്കിന് സാധാരണ പാടങ്ങൾ മുളകുപാടങ്ങളായി പരിണമിക്കുകയായിരുന്നു. 2011 മുതൽ ഇതുവരെ പ്രതിസന്ധി നിറഞ്ഞ ഒരു കൊയ്ത്തുകാലം ബ്യാഡഗി കർഷകരുടെ ഓർമയിലില്ല.

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ