The Other Side

'പിണറായി പ്രത്യുല്‍പന്നമതിയായ നേതാവ്; കലാപം നേരിടാനും തന്ത്രപരമായി പിന്മാറാനും കഴിവുള്ളയാൾ': പി ജയരാജൻ

അന്ന റഹീസ്‌

മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യുല്‍പന്നമതിയായ നേതാവാണെന്ന് മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ. മുന്നേറേണ്ട സമയത്ത് മുന്നേറുക, പിന്മാറേണ്ട സമയത്ത് പിന്മാറുക എന്നതാണ് പ്രത്യുല്‍പന്നമതിത്വം. കലാപം നേരിടാനും തന്ത്രപരമായി പിന്മാറാനും കഴിവുള്ളയാളാണ് പിണറായിയെന്ന് പി ജയരാജൻ ദ ഫോർത്തിനോട് പറഞ്ഞു. അൻപത് വർഷങ്ങള്‍ക്ക് മുൻപ് നടന്ന രണ്ട് സംഭവങ്ങള്‍ ഓർത്തെടുക്കുകയാണ് അദ്ദേഹം.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുൻപ്, കണ്ണൂരില്‍ സിപിഎം കോൺഗ്രസ് സംഘർഷം നിലനില്‍ക്കുന്ന സമയത്തേതാണ് അദ്ദേഹം പങ്കുവച്ച ഒരു സംഭവം.

'കോൺഗ്രസിന് ചില കേന്ദ്രങ്ങളുണ്ട് ആ സമയത്തിവിടെ. വേങ്ങാട് പഞ്ചായത്തിലെ മമ്പ്രം, മറ്റൊന്ന് മാലൂർ പഞ്ചായത്തിലെ തോലമ്പ്ര. തോലമ്പ്രയിലെ കോൺഗ്രസ്‌ ക്യാമ്പ് അക്രമിസംഘങ്ങളുടെ താവളം ആയിരുന്നു. അവർ അക്രമം നടത്തിയപ്പോള്‍ എംഎൽഎ എന്ന നിലയ്ക്കും പാർട്ടി നേതാവെന്ന നിലയ്ക്കും ആ പ്രദേശത്തേക്ക് പോകാൻ സഖാവ് പിണറായി തീരുമാനിച്ചു. ക്യാമ്പിന്റെ തൊട്ടടുത്ത് എത്തിയപ്പോൾ ഒരു സന്ദേശം ലഭിച്ചു. നാടൻ തോക്കടക്കം കയ്യിൽ സൂക്ഷിച്ചാണ് അക്രമി സംഘം നിലയുറപ്പിച്ചിരിക്കുന്നതെന്നായിരുന്നു സന്ദേശം. ആ സ്ഥലം സന്ദർശിക്കാതെ പിണറായി മടങ്ങി. മുന്നേറേണ്ട സമയത്ത് മുന്നേറുക, പിന്മാറേണ്ട സമയത്ത് പിന്മാറുക എന്നതാണ് പ്രത്യുല്‍പന്നമതിത്വം'. പി ജയരാജൻ പറഞ്ഞു.

പിണറായി വിജയനെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഓർമ എന്ന് വിശേഷിപ്പിച്ച് 1971 ലെ തലശ്ശേരി കലാപത്തിനിടെ നടന്ന ഒരു സംഭവവും അദ്ദേഹം കൂട്ടിച്ചേർത്തു.

'തലശ്ശേരി വർഗീയ കലാപത്തിനിടെ മാർക്സിസ്റ്റ് പ്രവർത്തകർ ഒരു കൊടി കെട്ടിയ കാറില്‍ സഞ്ചരിച്ച് സമുദായ സൗഹാർദം പുഃനസ്ഥാപിക്കാൻ അഭ്യർഥിച്ചതിന് തെളിവുണ്ടെന്ന് കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമ്മീഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. അത് സഖാവ് പിണറായിയുടെ നേതൃത്വത്തില്‍ സഞ്ചരിച്ച കാറാണ്. അന്ന് കൂത്തുപറമ്പ് എംഎല്‍എ ആണ് പിണറായി. തലശ്ശേരിയില്‍ ഹിന്ദു പെൺകുട്ടികളെ മുസ്ലിങ്ങള്‍ മാനഭംഗപ്പെടുത്തുന്നെന്ന് കിംവദന്തികള്‍ പ്രചരിച്ചു. ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് ആളുകള്‍ ആയുധങ്ങളുമായി തെരുവിലിറങ്ങി. തലശേരിയിലെത്തിയ പിണറായിയടക്കമുള്ള നേതാക്കള്‍ കലാപബാധിത പ്രദേശത്തേക്ക് പോകാൻ തീരുമാനിച്ചു. അന്ന് നിർഭയമായി കടന്നുചെല്ലാൻ പിണറായിയുടെ നേതൃത്വം തീരുമാനിച്ചത് ഒരിക്കലും മറക്കാൻ കഴിയാത്ത കാര്യമാണ്.'

ദി അദർ സൈഡെന്ന പരിപാടിയില്‍ അന്ന റഹീസുമായുള്ള അഭിമുഖത്തിനിടെയാണ് പി ജയരാജൻ ചരിത്രം ഓർത്തെടുത്തത്. അഭിമുഖത്തിന്റെ പൂർണ രൂപം നാളെ വൈകിട്ട് നാല് മണിക്ക് കാണാം.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം