BADMINTON

ഇന്തോനീഷ്യന്‍ ഓപ്പണ്‍: സിന്ധു തോറ്റു പുറത്ത്, ശ്രീകാന്തും പ്രണോയിയും ക്വാര്‍ട്ടറില്‍

വെബ് ഡെസ്ക്

ഇന്താനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 1000 സീരിസിന്റെ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ഉറച്ച കിരീടപ്രതീക്ഷയായിരുന്ന മുന്‍ ലോക ചാമ്പ്യനും രണ്ടു തവണ ഒളിമ്പിക് മെഡല്‍ ജേതാവുമായ പി.വി. സിന്ധു ഇന്നു നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ തോറ്റു പുറത്തായി.

ചിരവൈരിയായ ചൈനീസ് തായ്‌പേയ് താരം തായ് ത്സു യിങ്ങിനോടാണ് സിന്ധു പരാജയം രുചിച്ചത്. വെറും 39 മിനിറ്റിനുള്ളിലാണ് സിന്ധുവിനെ തായ്‌പേയ് താരം 'പായ്ക്ക്' ചെയ്തത്. 21-19, 21-15 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു യിങ്ങിന്റെ ജയം. ഇതോടെ ഇരുവരും തമ്മിലുള്ള ഹെഡ് ടു ഹെഡ് പോരാട്ടത്തില്‍ സിന്ധുവിനെതിരേ 19-5 എന്ന ലീഡ് നേടാനും തായ്‌പേയ് താരത്തിനായി.

അതേസമയം പുരുഷ വിഭാഗം പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ ലക്ഷ്യ സെന്നിനെ തോല്‍പിച്ച് കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നു. ആവേശപ്പോരാട്ടത്തില്‍ 21-17, 22-20 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ ജയം. 45 മിനിറ്റ് നീണ്ട മത്സരത്തില്‍ ലക്ഷ്യ കിണഞ്ഞു പൊരുതിയെങ്കിലും ശ്രീകാന്തിന്റെ പരിചയസമ്പത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ഹോങ്കോങ് താരം ആംഗസ് ലോങ്ങിനെ തോല്‍പിച്ച് ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയിയും ക്വാര്‍ട്ടറില്‍ കടന്നു. 21-18, 21-16 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് വെറും 38 മിനിറ്റുകള്‍ക്കുള്ളിലാണ് പ്രണോയ് ജയിച്ചുകയറിയത്.

പുരുഷ വിഭാഗം ഡബിള്‍സിലും ഇന്ത്യക്ക് ഇന്ന് ആഹ്‌ളാദ ദിനമായിരുന്നു. ഇന്ത്യന്‍ പ്രതീക്ഷകളായ സാത്വിക് റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം തകര്‍പ്പന്‍ ജയവുമായി ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ചൈനീസ് ജോഡികളായ ഹീ ജി തിങ്-ഷൗ ഹാവോ ഡോങ് സഖ്യത്തെയാണ് ലോക നാലാം നമ്പര്‍ ടീമായ സാത്വിക്-ചിരാഗ് സഖ്യം തോല്‍പിച്ചത്. സ്‌കോര്‍ 21-17, 21-15.

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്