HEALTH

പേവിഷബാധ കഴിഞ്ഞാൽ ഏറ്റവും വ്യാപകമായ ജന്തുജന്യരോഗം; കൊല്ലം കടയ്ക്കലിൽ റിപ്പോർട്ട് ചെയ്ത ബ്രൂസെല്ല രോഗത്തെ കുറിച്ചറിയാം

ഡോ. എം. മുഹമ്മദ്‌ ആസിഫ്

കൊല്ലം ജില്ലയിൽ കടയ്ക്കൽ കുമ്മിൾ സ്വദേശിയായ ഏഴ് വയസുകാരിക്ക് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നത് ഇക്കഴിഞ്ഞ ദിവസമാണ്. മൂന്നാഴ്ചയിലേറെയായി തുടരുന്ന പനിയുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ആശുപത്രിയിൽ വച്ച് നടത്തിയ പരിശോധനയിലാണ് ജന്തുക്കളിൽ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചത്.

കുട്ടിയുടെ വീട്ടിലെ പശു, പട്ടി, രണ്ട് പൂച്ച എന്നിവയിൽ നിന്നെടുത്ത സാമ്പിൾ പ്രാഥമിക പരിശോധനയിൽ നടത്തിയെങ്കിലും അവയിൽ അണുക്കളുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രോഗത്തിന്‍റെ ഉറവിടം ഏതെന്ന് തിരിച്ചറിയാനായുള്ള അന്വേഷണങ്ങൾ തുടരുകയാണ്.

ബ്രൂസല്ലോസിസ്- പേവിഷബാധ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും വ്യാപകമായിട്ടുള്ള ജന്തുജന്യരോഗം

രോഗാണുബാധയേറ്റ വളർത്തുമൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെയുള്ള ജന്തുജന്യ രോഗങ്ങളിലൊന്നാണ് ബ്രൂസല്ലോസിസ്. പേവിഷബാധ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും വ്യാപകമായിട്ടുള്ള ജന്തുജന്യരോഗം ബ്രൂസെല്ലോസിസ് രോഗമാണ്.

ലോകത്ത് ഏകദേശം 5 ലക്ഷത്തിൽ അധികം ബ്രൂസല്ലോസിസ് കേസുകൾ പ്രതിവർഷം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൃത്യമായ പരിശോധനയും റിപ്പോർട്ടിങും നടന്നാൽ കണക്കുകൾ ഇതിലുമേറെയായിരിക്കും.

ബ്രൂസല്ല അബോര്‍ട്ടസ് എന്ന സ്പീഷീസ് ബാക്ടീരിയ രോഗാണുവാണ് പശുക്കളില്‍ മുഖ്യമായും രോഗമുണ്ടാക്കുന്നത്. ഇന്ത്യയില്‍ കന്നുകാലികള്‍ക്കിടയില്‍ ബ്രൂസെല്ലോസിസ് രോഗത്തിന്‍റെ നിരക്ക് ഉയര്‍ന്നതാണെന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആടുകളിൽ ബ്രൂസല്ലാ മെലിറ്റൻസിസും പന്നികളിൽ ബ്രൂസല്ലാ സുയിസ് എന്നീ സ്പീഷീസുകളും മുഖ്യമായും രോഗമുണ്ടാക്കുന്നു. ഈ രോഗാണുക്കളെല്ലാം തന്നെ രോഗബാധയേറ്റ പശുക്കളിൽ നിന്നും ആടുകളിൽ നിന്നും പന്നികളിൽ നിന്നുമെല്ലാം മനുഷ്യരിലേക്ക് പകരാൻ ഇടയുള്ളവയാണ്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബൂസല്ല മനുഷ്യരിലേക്ക് പകരുന്നത് എങ്ങനെ ? ചികിത്സയുണ്ടോ ?

രോഗബാധയുള്ള പശുക്കളുടെയും ആടുകളുടെയും പാൽ അണുവിമുക്തമാക്കാതെ നേരിട്ടും മാംസം മതിയായി പാകം ചെയ്യാതെയും ഉപയോഗിക്കുന്നതാണ് മനുഷ്യരിലേക്ക് ബ്രൂസല്ല രോഗാണുവിന് പ്രധാനമായും കടന്നുകയറാൻ വഴിയൊരുക്കുന്നത്. അണുബാധയേറ്റ പശുക്കളുടെ പാൽ, മൂത്രം, വിസർജ്യങ്ങൾ, ശരീരസ്രവങ്ങൾ എന്നിവയിലൂടെ പുറത്തുവരുന്ന രോഗാണുക്കൾ ശരീരത്തിലെ മുറിവുകളിലൂടെ അകത്തുകടന്നും

അവയെ പരിപാലിക്കുന്ന ആളുകളിൽ രോഗബാധയുണ്ടാക്കാം. രോഗബാധയുള്ള മൃഗങ്ങളുടെ പ്രസവസമയത്തുള്ള സ്രവങ്ങൾ, മറുപിള്ള എന്നിവയിലും, ഗർഭമലസുമ്പോൾ വരുന്ന ഭ്രൂണാവശിഷ്ടങ്ങളിലും ഉയർന്ന തോതിൽ രോഗാണുക്കൾ കാണപ്പെടാറുണ്ട്.

വളർത്തുമൃഗങ്ങളുടെ പ്രസവവും, ഗര്‍ഭമലസിയതിന്‍റെ അവശിഷ്ടങ്ങളും മറ്റും അശ്രദ്ധമായും കൈയ്യുറ ഉപയോഗിക്കാതെയും കൈകാര്യം ചെയ്യുന്നതും രോഗബാധയ്ക്ക് ഇടയാക്കും. രോഗം ബാധിച്ച ആളുകളിൽ നിന്ന് മറ്റുള്ളവരിലേക്ക് സമ്പർക്കം വഴി രോഗം പടരുന്നതിന് തെളിവുകളില്ല.

മനുഷ്യർക്ക് രോഗബാധയേല്‍ക്കുന്ന പക്ഷം ഇടവിട്ടുള്ള മാറാത്ത പനി, തലവേദന, പേശി വേദന, രാത്രിയിലെ അമിത വിയര്‍പ്പ്, വേദനയോട് കൂടിയ സന്ധി വീക്കം, വൃഷ്ണത്തില്‍ വീക്കം അടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും. ലക്ഷണങ്ങൾ ഏറെനാൾ നീണ്ടുനിൽക്കുന്ന രോഗാവസ്ഥയായാണ് മനുഷ്യരിൽ ബ്രൂസല്ല രോഗം കണ്ടുവരുന്നത്. രോഗം ബാധിച്ച് മരണനിരക്ക് തീർത്തും കുറവാണ്. എന്നാൽ

ഹൃദ്രോഗത്തിനും, ഗര്‍ഭച്ഛിദ്രത്തിനും, വന്ധ്യതയ്ക്കും രോഗം ബാധിച്ചവരില്‍ സാധ്യതയേറെയാണ്. നേരത്തെ തന്നെ കണ്ടെത്തിയാൽ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുക വഴി ബ്രൂസല്ലയെ മനുഷ്യരിൽ പ്രതിരോധിക്കാൻ സാധിക്കും. ചിലപ്പോൾ ചികിത്സകൾ മാസങ്ങളോളം നീളും എന്ന് മാത്രം.

മനുഷ്യർക്ക് രോഗബാധയേല്‍ക്കുന്ന പക്ഷം ഇടവിട്ടുള്ള മാറാത്ത പനി, തലവേദന, പേശി വേദന, രാത്രിയിലെ അമിത വിയര്‍പ്പ്, വേദനയോട് കൂടിയ സന്ധി വീക്കം, വൃഷ്ണത്തില്‍ വീക്കം അടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും

ബ്രൂസല്ല രോഗം വളർത്തുമൃഗങ്ങളിൽ

പശുക്കളുടെ പ്രത്യുത്പാദന വ്യവസ്ഥയെയും അകിടുകളെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ഗര്‍ഭിണി പശുക്കളില്‍ ഗര്‍ഭകാലത്തിന്‍റെ അവസാന മൂന്ന് മാസങ്ങളില്‍ (6-9 മാസം) ഗര്‍ഭമലസുന്നത് ബ്രൂസല്ലോസിസിന്‍റെ പ്രധാന ലക്ഷണമാണ്. ആദ്യ രോഗബാധയില്‍ ഗര്‍ഭമലസല്‍ സംഭവിച്ചിട്ടുണ്ടെങ്കിലും പിന്നീട് ഉള്ള പ്രസവങ്ങള്‍ സാധാരണ ഗതിയില്‍ നടക്കാം. പശുക്കള്‍ സ്വയം പ്രതിരോധശേഷി ആര്‍ജിക്കുന്നതിനാലാണിത്. എങ്കിലും രോഗാണുവാഹകരായ പശുക്കള്‍ അണുക്കളെ ഗര്‍ഭാശയസ്രവങ്ങളിലൂടെയും മറ്റും പുറന്തള്ളുന്നത് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കുള്ള രോഗവ്യാപനത്തിന് കാരണമാവും. ഗര്‍ഭാശയത്തില്‍ വെച്ച് തന്നെ ചത്തതോ ആരോഗ്യശേഷി തീരെ കുറഞ്ഞതോ ആയ കിടാക്കളുടെ ജനനം, മറുപിള്ളയെ പുറന്തള്ളാതിരിക്കല്‍ ഗര്‍ഭാശയത്തില്‍ വീക്കവും പഴുപ്പും തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം ബ്രൂസെല്ലോസിസ് കാരണമാവാറുണ്ട്.

അണുബാധയേറ്റ പശുക്കളുടെ വിസര്‍ജ്യങ്ങളിലൂടെയും, ശരീരസ്രവങ്ങളിലൂടെയും, പാലിലൂടെയുമെല്ലാം രോഗാണു നിരന്തരമായി പുറത്തു വന്നു കൊണ്ടിരിക്കും. രോഗംബാധിച്ച പശുക്കളുടെ പ്രസവസമയത്തും, ഗര്‍ഭമലസുകയാണെങ്കില്‍ ആ വേളയിലും പുറന്തള്ളപ്പെടുന്ന ഗര്‍ഭാവശിഷ്ടങ്ങളിലും, സ്രവങ്ങളിലും രോഗാണു സാന്നിദ്ധ്യം ഉയര്‍ന്ന  തോതിലായിരിക്കും. ഈ രോഗാണുക്കള്‍ തീറ്റയിലും കുടിവെള്ളത്തിലും കലരുന്നതിലൂടെയും, ശരീരത്തിലെ മുറിവുകളിലൂടെയും ശ്ലേഷ്മസ്തരങ്ങളിലൂടെയും വ്യാപിക്കുന്നതു വഴിയും മറ്റു പശുക്കള്‍ക്ക് രോഗം പകരും. അണുബാധയേറ്റവയുടെ ബീജം കൃത്രിമ ബീജാധാനത്തിന് ഉപയോഗിക്കുന്നത് വഴിയും ഇണചേരലിലൂടെയും രോഗം വ്യാപനം നടക്കും. പശുക്കളുടെ രക്തം, പാല്‍ എന്നിവ പരിശോധിച്ച് രോഗം കണ്ടെത്താനുള്ള സംവിധാനം ഇന്ന് ലഭ്യമാണ്.

രോഗബാധ സ്ഥിരീകരിക്കുന്ന പക്ഷം രോഗബാധയേറ്റ മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കുക എന്നത് മാത്രമാണ് ഏറ്റവും ഉചിതവും രോഗബാധ തടയാനുമുള്ള ഫലപ്രദവുമായ മാര്‍ഗ്ഗം. മരുന്നുപയോഗിച്ച് ബ്രൂസല്ലാ രോഗാണുവിന്റെ നിയന്ത്രണം മൃഗങ്ങളിൽ ദുഷ്കരമാണ്. കേരളത്തിൽ വെറ്ററിനറി സർവകലാശാലയുടെ ചില ഡയറി ഫാമുകളിൽ മുൻവർഷങ്ങളിൽ പശുക്കളിൽ ബ്രൂസല്ല രോഗം സ്ഥിരീകരിച്ചപ്പോൾ നൂറുകണക്കിന് പശുക്കളെ ദയാവധത്തിന് വിധേയമാക്കിയിരുന്നു. കേരളത്തിലെ വെറ്ററിനറി ഡോക്ടർമാർക്കിടയിൽ ബ്രൂസല്ലാ രോഗാണുവിന്റെ സാന്നിധ്യം കൂടുതലാണന്ന് തെളിയിക്കുന്നു ചില പഠന റിപ്പോർട്ടുകൾ ഈയടുത്തകാലങ്ങളിൽ പുറത്തുവന്നിരുന്നു.

ക്ഷീരകര്‍ഷകര്‍, ഫാം തൊഴിലാളികള്‍, അറവുശാലകളില്‍ ജോലി ചെയ്യുന്നവര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ തുടങ്ങി ക്ഷീര-മൃഗ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബ്രൂസെല്ലോസിസിനെതിരായി അതീവ കരുതല്‍ പുലര്‍ത്തണം.

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

'എപ്പോഴും ഓര്‍ക്കും, മഞ്ഞപ്പടയ്ക്ക് നന്ദി'; ദിമിത്രിയോസ് ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

കോവാക്‌സിന് പാര്‍ശ്വഫലം: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍, പിന്‍വലിക്കണമെന്ന് ആവശ്യം

ബിജെപിക്ക് എട്ടു തവണ വോട്ടുരേഖപ്പെടുത്തി യുവാവ്, വീഡിയോ വൈറലായതോടെ അറസ്റ്റ്; നടപടി, റീ പോളിങ്ങിന് നിർദേശം