പേവിഷബാധ: സൂക്ഷിക്കണം 
വളര്‍ത്തുനായ്ക്കളെയും പൂച്ചകളെയും

പേവിഷബാധ: സൂക്ഷിക്കണം വളര്‍ത്തുനായ്ക്കളെയും പൂച്ചകളെയും

ഈ വര്‍ഷം സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ വര്‍ഷം ഇരുപത്തിയൊന്നു പേരാണു മരിച്ചത്. ഇവരില്‍ ആറുപേര്‍ക്കും രോഗബാധയേറ്റത് വളര്‍ത്തുനായ്ക്കളില്‍നിന്നായിരുന്നു

സംസ്ഥാനത്ത് ഈ വര്‍ഷം പേവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ വര്‍ഷം ഇരുപത്തിയൊന്നു പേരാണു മരിച്ചത്. ഇവരില്‍ ആറുപേര്‍ക്കും രോഗബാധയേറ്റത് വളര്‍ത്തുനായ്ക്കളില്‍ നിന്നായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് രണ്ടുപേരാണ്. കഴിഞ്ഞ പതിനാലിന് കൊല്ലം നിലമേലില്‍ മരിച്ച 48-കാരന് പേവിഷബാധയേറ്റത് കാട്ടുപൂച്ചയുടെ കടിയില്‍ നിന്നായിരുന്നു.

പ്രതിരോധ വാക്‌സിനേഷന്‍ എങ്ങനെ, എപ്പോള്‍?

ഈയൊരു സാഹചര്യത്തില്‍ വളര്‍ത്തുനായ്ക്കളുടെയും പൂച്ചകളുടെയും പ്രതിരോധ വാക്‌സിനേഷന് വലിയ പ്രാധാന്യമുണ്ട്. വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മൂന്ന് മാസം പ്രായമെത്തുമ്പോള്‍ ആദ്യപേവിഷ പ്രതിരോധകുത്തിവെയ്പ് നല്‍കണം. പിന്നീട് നാലാഴ്ചകള്‍ക്കു ശേഷം ബൂസ്റ്റര്‍ ഡോസും എടുക്കണം. തുടര്‍ന്ന് വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവെയ്പ്പ് ആവര്‍ത്തിക്കണം. മുഴുവന്‍ സമയവും വീടിനകത്തു തന്നെയിട്ടു വളര്‍ത്തുന്ന അരുമകള്‍ക്ക് വാക്‌സിനേഷന്‍ വേണോ എന്നു ചിന്തിക്കുന്നവരുണ്ട്. അരുമകള്‍ അകത്തായാലും പുറത്തായാലും വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖത കാണിക്കരുത്.

മുറിവ് നിസാരമെങ്കില്‍ വാക്‌സിന്‍ വേണോ?

  • തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് പോറല്‍ ഏറ്റെങ്കിലും മുറിവ് നിസാരമായതിനാല്‍ വാക്‌സിന്‍ എടുക്കാതെ അവഗണിച്ചതായിരുന്നു തിരുവനന്തപുരം ചിറയിന്‍കീഴില്‍ യുവതിയെ പേവിഷബാധ മരണത്തിലേക്ക് തള്ളിവിട്ടത്.

  • പേവിഷബാധ ഏല്‍ക്കാനിടയുള്ള മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റാല്‍ അത് നിസാരമായി തള്ളിക്കളയരുത്. വൈറസിനെതിരേ അതിവേഗം പ്രതിരോധം ഉറപ്പാക്കുന്ന ഇമ്മ്യൂണോഗ്ലോബുലിനും തുടര്‍ന്ന് ആന്റിറാബീസ് വാക്‌സിനും കൃത്യസമയത്ത് എടുക്കണം. ഇതില്‍ വരുന്ന വീഴ്ചയ്ക്കും അശ്രദ്ധയ്ക്കും നല്‍കേണ്ടി വരുന്ന വില ജീവന്‍ തന്നെയാണെന്നാണ് ഈ സംഭവങ്ങള്‍ വീണ്ടും നമ്മെ ഓര്‍മിപ്പിക്കുന്നത്.

  • കഴിഞ്ഞ വര്‍ഷം പേവിഷബാധയേറ്റ് മരിച്ച 21 പേരില്‍ പതിനഞ്ച് പേര്‍ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിക്കാത്തവരാണെന്ന വസ്തുത നാം തിരിച്ചറിയണം.

  • 2030 ആകുമ്പോഴേക്കും നായ്ക്കള്‍ വഴിയുള്ളപേവിഷബാധയും ഇതു മൂലമുള്ള മരണങ്ങളും തടയുക എന്ന മഹത്തായ ലക്ഷ്യം നേടിയെടുക്കാനുള്ള ദൗത്യമാണ് ലോകമെങ്ങും നടക്കുന്നത്.ഈ സാഹചര്യത്തിലാണ് കേരളം പോലെ ആരോഗ്യ സാക്ഷരത ഏറെയുള്ള ഒരു സംസ്ഥാനത്ത് പേവിഷബാധ മരണങ്ങള്‍ സംഭവിക്കുന്നത്.

എങ്ങനെ പ്രതിരോധിക്കാം?

  • മൃഗങ്ങളുടെ കടിയോ നഖംകൊണ്ടുള്ള പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയ്താല്‍ അപ്പോള്‍തന്നെ മുറിവേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കണം. പെപ്പു വെള്ളം മുറിവില്‍ നേരിട്ടു പതിപ്പിച്ച് സോപ്പുപയോഗിച്ച് നന്നായി പതപ്പിച്ച് പത്തുപതിനഞ്ച് മിനിറ്റെടുത്തു കഴുകണം. മുറിവ് വൃത്തിയാക്കാന്‍ വേണ്ടിയല്ലിത്, മറിച്ച് മുറിവില്‍ പുരണ്ട ഉമിനീരില്‍ മറഞ്ഞിരിക്കുന്ന അതിസൂക്ഷ്മവൈറസുകളെ നിര്‍വീര്യമാക്കാന്‍ വേണ്ടിയാണ്. റാബീസ് വൈറസിന്റെ പുറത്തുള്ള കൊഴുപ്പ് തന്മാത്രകള്‍ ചേര്‍ന്ന ഇരട്ട ആവരണത്തെ അലിയിപ്പിച്ച് മുറിവില്‍ നിക്ഷേപിക്കപ്പെട്ട 90 - 95 ശതമാനം വൈറസുകളെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിന്റെ രാസഗുണത്തിലുണ്ട്. ഈ രീതിയില്‍ യഥാസമയത്ത് ചെയ്യേണ്ട പ്രഥമശുശ്രൂഷയുടെ അഭാവമാവാം ഒരുപക്ഷേപേവിഷപ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രോഗബാധയുണ്ടാകാന്‍ ഇടയാക്കിയത്. തല, കണ്‍പോള, ചെവി പോലുള്ള ഭാഗങ്ങളില്‍ കടിയേറ്റാല്‍ പേടികാരണം പലരും കൃത്യമായി കഴുകാറില്ല. ഇത് അപകടം വിളിച്ചു വരുത്തും.

  • പേവിഷവൈറസിന്റെ ലക്ഷ്യസ്ഥാനമായ മസ്തിഷ്‌ക്കത്തോട് അടുത്തുകിടക്കുന്ന തല, മുഖം, കഴുത്ത് എന്നിവിടങ്ങളില്‍ കടിയേറ്റാല്‍ അഞ്ചു മിനിറ്റിനകം തന്നെ പരമാവധി സമയം സോപ്പുപയോഗിച്ച് കഴുകണം. കഴുകുമ്പോള്‍ വെറും കൈ കൊണ്ട് മുറിവില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം, പകരം കൈയ്യുറ ഉപയോഗിക്കാം. മുറിവ് എത്ര ചെറുതാണെങ്കിലും ഈ രീതിയില്‍ വേണം പ്രഥമ ശുശ്രൂഷ ചെയ്യാന്‍.

  • ഇതിനുശേഷം തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ തേടണം. മുറിവോ മറ്റു പോറലുകളോ ഇല്ലെങ്കില്‍പേവിഷപ്രതിരോധത്തിനായുള്ള വാക്‌സിന്‍ (ഐ.ഡി. ആര്‍. വി.)എടുക്കേണ്ടതില്ല. തൊലിപ്പുറത്തുള്ള മാന്തല്‍, രക്തം വരാത്ത ചെറിയ പോറലുകള്‍ എന്നിവയുണ്ടെങ്കിലും വാക്‌സിനെടുക്കണം. 0, 3, 7, 28 ദിവസ ഇടവേളകളില്‍ നാല് ഡോസ് വാക്‌സിനാണ് എടുക്കേണ്ടത്. കടിയേറ്റ ദിവസം എടുക്കുന്ന വാക്‌സിനാണ് '0' ഡോസ് ആയി പരിഗണിക്കുന്നത്. ഒന്നോ രണ്ടോ വാക്്‌സിനെടുത്ത് നിര്‍ത്താന്‍ പാടില്ല. മുഴുവന്‍ ഡോസും കൃത്യമായി പൂര്‍ത്തിയാക്കണം.

  • വാക്‌സിന്‍ എടുക്കുന്നതിലൂടെ ശരീരത്തില്‍പേവിഷവൈറസിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ആന്റിബോഡികള്‍ എന്ന മാംസ്യമാത്രകള്‍ രൂപപ്പെടും. മൃഗങ്ങളില്‍ നിന്നുണ്ടാവുന്ന രക്തം പൊടിഞ്ഞ മുറിവുകള്‍, മുറിവുള്ള തൊലിപ്പുറത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, വന്യമൃഗങ്ങളില്‍ നിന്നേല്‍ക്കുന്ന മുറിവ് എന്നിവ കൂടിയപേവിഷസാധ്യതയുള്ള കാറ്റഗറി 3-ല്‍ ഉള്‍പ്പെടുന്നു.

  • ഉടനടി പ്രതിരോധം ഉറപ്പാക്കുന്ന ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ (ആന്റി റാബീസ് സിറം) ആദ്യവും തുടര്‍ന്ന് ആന്റിറാബീസ് വാക്‌സിനും എടുക്കണം. വൈറസിനെ വേഗത്തില്‍ പ്രതിരോധിക്കാനുള്ള ശേഷിപേവിഷപ്രതിരോധ ഘടകങ്ങളടങ്ങിയ ഇമ്മ്യൂണോഗ്ലോബുലിനുണ്ട്. ആന്റിറാബീസ് വാക്സിന്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ച് പ്രതിരോധ ആന്റിബോഡികള്‍ ഉണ്ടായിവരാനെടുക്കുന്ന രണ്ടാഴ്ച വരെയുള്ള കാലയളവില്‍ ഇമ്മ്യുണോഗ്ലോബലിന്‍ വൈറസില്‍ നിന്നു സുരക്ഷ ഉറപ്പാക്കും. മുറിവേറ്റ് ഏറ്റവും ഉടനെ ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ സ്വീകരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. മുഖം, കഴുത്ത്, കണ്‍പോള, ചെവി, കാല്‍വെളള, വിരളിന്റെ അറ്റം, ജനനേന്ദ്രിയം പോലുളള നാഡീതന്തുക്കള്‍ കൂടുതലുള്ള സ്ഥലങ്ങളിലാണ് കടിയേറ്റതെങ്കില്‍ വൈറസ് വേഗത്തില്‍ മസ്തിഷ്‌ക്കത്തിലെത്തും. ഇത് തടയാന്‍ പരമാവധി ഒരു മണിക്കൂറിനകം തന്നെ ഇമ്മ്യൂണോഗ്ലോബുലിന്‍ എടുക്കണം. രോഗിയുടെ തൂക്കത്തിനനുസരിച്ചാണ് ഇമ്മ്യൂണോഗ്ലോബുലിന്‍ നല്‍കുന്നത്.

പ്രതിരോധ കുത്തിവെയ്‌പെടുത്ത മൃഗത്തില്‍ നിന്നു കടിയേറ്റാല്‍?

വീട്ടില്‍ വളര്‍ത്തുന്നതോ പരിചയമുള്ളതോ ആയ, പ്രതിരോധ കുത്തിവെയ്പുകള്‍ പൂര്‍ണമായും എടുത്ത നായയില്‍ നിന്നോ പൂച്ചയില്‍ നിന്നോ കടിയോ മാന്തോ ഏറ്റാലും വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. എന്റെ പൂച്ചയോ നായയോ വീട് വിട്ട് മറ്റൊരിടത്തും പോവാറില്ല, മറ്റു മൃഗങ്ങളുമായി യാതൊരു സമ്പര്‍ക്കവും ഉണ്ടാവാറില്ല എന്നൊക്കെയുള്ള വാദങ്ങള്‍ വെറുതെയാണ്. സമ്പര്‍ക്കം എന്നത് ഇണചേരല്‍, കടിപിടി കൂടല്‍, മാന്തല്‍, കടിയേല്‍ക്കല്‍, ശരീരത്തിലോ മുറിവിലോ നക്കല്‍ ഇങ്ങനെ പല വിധത്തിലാകാം. ഈ രീതിയില്‍ അരുമകള്‍ക്ക്പേവിഷബാധയുള്ള മൃഗങ്ങളുമായി ഒരു സമ്പര്‍ക്കവുമുണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയല്‍ പ്രയാസകരമാണ്. പ്രതിരോധ കുത്തിവെയ്പുകള്‍ എടുത്ത മൃഗങ്ങളാണെങ്കില്‍ പോലും ഇവ പൂര്‍ണമായുംപേവിഷബാധയ്‌ക്കെതിരേ പ്രതിരോധം കൈവരിച്ചവയാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. കടിച്ച നായയെയോ പൂച്ചയേയോ പത്തുദിവസം നിരീക്ഷിച്ച് രോഗം ഉണ്ടോ ഇല്ലയോ എന്നറിഞ്ഞതിനു ശേഷം മാത്രം വാക്സിന്‍ എടുക്കാം എന്ന തീരുമാനവും വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ പുലര്‍ത്തുന്ന ആലസ്യവും അത്യന്തം അപകടകരമാണ്.

logo
The Fourth
www.thefourthnews.in