HEALTH

ഭേദഗതി വരുത്തിയ വാടക ഗർഭധാരണ നിയമം; ഗുണകരമാകുന്നത് ആർക്കൊക്കെ? വ്യവസ്ഥകൾ അറിയാം

രേഖ അഭിലാഷ്

വാടകഗര്‍ഭധാരണം സംബന്ധിച്ച നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കിയത് അടുത്തിടെയാണ്. ഇതനുസരിച്ച് കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് അനിവാര്യഘട്ടത്തില്‍ അണ്ഡമോ ബീജമോ പുറത്തുനിന്ന് സ്വീകരിക്കാന്‍ നിയമം ശിപാര്‍ശ ചെയ്യുന്നു. ദമ്പതികളിലൊരാള്‍ക്ക് അണ്ഡമോ ബീജമോ സ്വീകരിക്കാനാവുന്ന ആരോഗ്യാവസ്ഥയാണുള്ളതെങ്കില്‍ അതനുവദിക്കാമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഇതിന് ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്‌റെ അനുമതി ഉണ്ടായിരിക്കണം. ഗുരുതര ആരോഗ്യപ്രശ്‌നമുള്ള സ്ത്രീക്ക് ഇത്തരത്തില്‍ അണ്ഡം സ്വീകരിച്ച് ഗര്‍ഭം ധരിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. ഇതിനു മുന്‍പ് ബീജം ദാനം ചെയ്യാന്‍ സാധിക്കുമായിരുന്നില്ല.

ആര്‍ക്കൊക്കെ ഗുണകരം?

കേന്ദ്രസര്‍ക്കാരിന്‌റെ ഈ പുതിയ ഭേദഗതി മെഡിക്കല്‍ സങ്കീര്‍ണതകളുള്ള നിരവധി പേര്‍ക്ക് ആശ്വാസമാകുന്നതാണെന്ന് കേരളത്തില്‍ ആദ്യത്തെ വാടക ഗര്‍ഭധാരണം നടന്ന തിരുവനന്തപുരം സമദ് ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. കെ ജി മാധവന്‍പിള്ള ദ ഫോര്‍ത്തിനോടു പറഞ്ഞു. യൂട്രസ് ഇല്ലാത്തതോ തകരാറിലുള്ളതോ യൂട്രസ് നീക്കം ചെയ്തതോ ആയ സ്ത്രീകള്‍ക്ക് വാടകഗര്‍ഭധാരണത്തിന് ആശ്രയിക്കാം.

ഐവിഎഫ് പോലെയുള്ളവ പല തവണ പരാജയപ്പെട്ട ദമ്പതികള്‍ക്കും കണ്ടെത്താനാകാത്ത കാരണത്താല്‍ പല പ്രാവശ്യം ഗര്‍ഭഛിദ്രം സംഭവിച്ചിട്ടുള്ളവര്‍ക്കും ഗര്‍ഭം ധരിച്ചാല്‍ ജീവന്‍ അപകടത്തിലാകുന്ന രോഗമുള്ള സ്ത്രീകള്‍ക്കും സറോഗസിക്കുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് റക്കമന്‍ഡേഷന്‍ ലഭിക്കും. വാടകഗര്‍ഭധാരണത്തിനായി ആശ്രയിക്കാന്‍ പോകുന്ന ദമ്പതികളില്‍ പുരുഷന്‌റെ പ്രായം 26നും 55നും ഇടയിലും സ്ത്രീയുടേത് 23നും 50നും ഇടയിലുമായിരിക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഗര്‍ഭം ധരിക്കാന്‍ സാധിക്കാതെ വരുന്ന നിരവധി പേര്‍ക്കാണ് പുതിയ ഭേദഗതി സഹായമാകുന്നത്.

നിയമം പറയുന്നത്

വാടക ഗര്‍ഭധാരണം നിയമം മൂലം നിയന്ത്രിക്കാനുള്ള ആലോചനകള്‍ 2005-ന് മുന്‍പ് തന്നെ ഉണ്ടായിരുന്നു. 2005-ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം സമര്‍പ്പിച്ചത്. 2008-ലെ ബേബി മാഞ്ചി യമദ വേഴ്‌സസ് യൂണിയന്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ കേസിന്‌റെ പശ്ചാത്തലത്തില്‍ വാടക ഗര്‍ഭധാരണത്തെ സംബന്ധിച്ച നിയമത്തിന്റെ ആവശ്യകത സുപ്രീം കോടതി ഉയര്‍ത്തിക്കാട്ടി. തുടര്‍ന്ന് 2016-ല്‍ സറഗസി നിയന്ത്രണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 2021 ല്‍ സറഗസി നിയന്ത്രണ ആക്റ്റും നിലവില്‍ വന്നു. ഗര്‍ഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നവര്‍ വാങ്ങാന്‍ പാടില്ലെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വാടക ഗര്‍ഭപാത്രം സ്വീകരിക്കാം. ഇതിന് യോഗ്യത തെളിയിക്കുന്ന എസ്സന്‍ഷ്യാലിറ്റി, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഇത് നല്‍കുന്നത് മെഡിക്കല്‍ ബോര്‍ഡ് ആയിരിക്കും.

2021 ലാണ് പുതിയ വാടക ഗര്‍ഭധാരണ നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കുന്നത്. ഇതിനു മുന്‍പ് ചെയ്തിരുന്ന പല കാര്യങ്ങളും നിയമവിരുദ്ധമാണോ പ്രശ്‌നമുണ്ടാക്കുന്നതാണോ എന്ന് സംശയിച്ചിരുന്ന ഏതാണ്ട് 99 ശതമാനം കാര്യങ്ങളും നിയമത്തില്‍ അംഗീകരിക്കപ്പെട്ടതായി ഡോ. മാധവന്‍ പിള്ള പറഞ്ഞു. സറോഗസി റഗുലേഷന്‍ ആക്ട്, അസിസ്റ്റഡ് റീ പ്രൊക്ടീവ് ടെക്‌നോളജി റഗുലേഷന്‍ ആക്ട് എന്നീ രണ്ട് നിയമങ്ങളാണ് പാര്‍ലമെന്‌റ് പാസാക്കിയത്. ആദ്യത്തേത് സറോഗസി നടപ്പാക്കാനുള്ള നിയമമാണെങ്കില്‍ രണ്ടാമത്തേത് നിയമപ്രകാരംതന്നെയാണോ സറോഗസി നടപ്പിലാക്കുന്നത് എന്നറിയാനും നിയന്ത്രിക്കാനും നടപ്പിലാക്കാനുമുള്ളതാണ്. ഈ നിയമങ്ങളോടെയാണ് കച്ചവടം ലക്ഷ്യമാക്കിയുള്ള വാടകഗര്‍ഭധാരണം കുറ്റകരമായി മാറുന്നത്.

പുതിയനിയമത്തില്‍ പറയുന്നത് ഭാര്യയുടെയോ ഭര്‍ത്താവിന്‌റെയോ ജനിതകമായിട്ടുള്ള ഘടകം അതായത് ആണിന്‌റെ ബീജമോ പെണ്ണിന്‌റെ അണ്ഡമോ ഏതെങ്കിലും ഒന്ന് തീര്‍ച്ചയായും ഉപയോഗിച്ചിരിക്കണം എന്നാണ്. ഭ്രൂണം ഉണ്ടാകുന്നതിനും ആ ഭ്രൂണം വാടക ഗര്‍ഭധാരണത്തിനു തയ്യാറായ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതിനും ദമ്പതികളിലൊരാളുടെയെങ്കിലും ബീജം ഉപയോഗിച്ചിരിക്കണം. ഈ ദമ്പതിമാരുടെ കുറച്ചെങ്കിലും ജനിതകമായിട്ടുള്ള ഘടകം കുട്ടിയിലുണ്ടായിരിക്കണമെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഡോ. മാധവന്‍ പിള്ള പറഞ്ഞു. ഡോണര്‍ പ്രോഗ്രാം അനുസരിച്ച് പുറത്തുനിന്ന് ആണ്‍ബീജവും പെണ്‍ബീജവും കിട്ടാന്‍ സാധ്യതയുണ്ട്. പക്ഷേ അങ്ങനെ വരുമ്പോള്‍ അതിലുണ്ടാകുന്ന കുട്ടിക്ക് ഈ ദമ്പതിമാരുടെ ജനിതകമായ ഒരു ഘടകവും ചേര്‍ന്നിട്ടുണ്ടാകില്ല.

വിവാഹിതരല്ലാത്ത പങ്കാളികള്‍, പങ്കാളി മരിച്ചവര്‍, വിവാഹമോചിതര്‍, ഏകരക്ഷിതാക്കള്‍, സ്വവര്‍ഗ പങ്കാളികള്‍ എന്നിവര്‍ക്ക് വാടകയ്ക്ക് ഗര്‍ഭപാത്രം സ്വീകരിക്കാന്‍ അനുമതിയില്ല. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന സ്ത്രീ വിവാഹിതയും അമ്മയുമായിരിക്കണം. ഒരാള്‍ക്ക് ഒരു തവണയേ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാനാവൂ.

വാടകഗര്‍ഭധാരണത്തില്‍ സംഭവിക്കുന്നത്

വാടകഗര്‍ഭധാരണം എന്നത് ഒരു മൂന്നാംകക്ഷി പ്രജനനമാണ് (Third Party Reproduc-tion). ദമ്പതികളില്‍ ആണിനെയും പെണ്ണിനെയും വണ്‍ ആന്‍ഡ് ടു പാര്‍ട്ടി എന്നു വിളിക്കാം. ഈ വണ്‍ ആന്‍ഡ് ടു പാര്‍ട്ടികള്‍ക്ക് വന്ധ്യതാരോഗം പ്രകാരം ഭാര്യയ്ക്ക് ഗര്‍ഭധാരണവും പ്രസവവും അസാധ്യമാണെങ്കില്‍ മൂന്നം കക്ഷിയുടെ (തേര്‍ഡ് പാര്‍ട്ടിയുടെ) സഹായം തേടാം. തേര്‍ഡ് പാര്‍ട്ടിയുടെ സഹായം തേടുന്ന ഒരു ചികിത്സാപദ്ധതിയാണ് വാടകഗര്‍ഭധാരണം. പകര ഗര്‍ഭധാരണം അല്ലെങ്കില്‍ വേറൊരു സ്ത്രീ (ഭാര്യ അല്ലാത്ത ഒരു സ്ത്രീ) ദമ്പതിമാര്‍ക്കു വേണ്ടി പത്തുമാസം ഗര്‍ഭധാരണം കൊണ്ടുനടന്ന് പ്രസവിച്ച് കുഞ്ഞിനെ തിരിച്ച് ദമ്പതികള്‍ക്കു കൊടുക്കുന്ന ഒരു പ്രക്രിയയാണ് സറോഗസി. ആണ്‍ബീജവും പെണ്‍ബീജവും വന്ധ്യതാരോഗം കാരണം ഗര്‍ഭധാരണത്തിന് അസാധ്യമാണെങ്കില്‍ അവര്‍ക്ക് ഡോണര്‍ ആയിട്ടുള്ള മൂന്നാമതൊരാളില്‍നിന്ന് ഇതു സ്വീകരിക്കാവുന്നതാണ്.

സ്ത്രീയുടെ ഗര്‍ഭപാത്രത്തിന് തകരാര്‍ ഉണ്ടെങ്കില്‍ ഗര്‍ഭധാരണവും പ്രസവവും നടക്കാന്‍ അസാധ്യമാണ്. അവര്‍ക്കുവേണ്ടിയാണ് സറോഗസി എന്ന രീതി നിലവിലുള്ളത്. സറോഗസി അല്ലാത്ത പക്ഷം ആ ദമ്പതികള്‍ക്ക് ഒരിക്കലും കുഞ്ഞ് ജനിക്കില്ല. ഇത്തരത്തിലുള്ളവര്‍ക്ക് മാനസികമായോ സാമൂഹികമായോ പ്രശ്‌നങ്ങള്‍ കാരണം സറോഗസി വേണ്ട എന്നുണ്ടെങ്കില്‍ അവര്‍ക്കു മുന്നിലുള്ള വഴികള്‍ ഒന്ന് കുട്ടിയെ ദത്തെടുക്കുക, അല്ലെങ്കില്‍ കുട്ടികളില്ലാതെ ജീവിതകാലം കഴിച്ചുകൂട്ടുക എന്നതു മാത്രമാണ്.

ആദ്യ വാടകഗര്‍ഭധാരണം

ഐവിഎഫ് ചികിത്സയുടെ ആദ്യ വിജയമായിരുന്നു 1978-ല്‍ ജനിച്ച ടെസ്റ്റ്ട്യൂബ് ശിശു ലൂയിസ് ബ്രൗണ്‍. ഇതിനു പിന്നാലെ 1985-86ലാണ് ഐവിഎഫ് മുഖേനയുള്ള വിജയകരമായ ആദ്യ സറഗേറ്റ് ജനനം നടക്കുന്നത്. 1986-ല്‍ ബേബി എം എന്നറിയപ്പെടുന്ന മെലിസ സ്റ്റേണ്‍ അമേരിക്കയില്‍ ജനിച്ചു. വാടകഗര്‍ഭധാരണ കരാറില്‍ ഏര്‍പ്പെട്ട ദമ്പതികള്‍ക്ക് മെലിസയെ വിട്ടുനല്‍കാന്‍ സറോഗേറ്റ് അമ്മ മേരി ബേത്ത് വൈറ്റ്‌ഹെഡ് വിസമ്മതിച്ചു. തുടര്‍ന്ന് കോടതിയിലെത്തിയ കേസില്‍ വിധി ജൈവ മാതാപിതാക്കള്‍ക്ക് അനുകൂലമായിരുന്നു.

2005-ല്‍ തിരുവനന്തപുരം സമദ് ആശുപത്രിയിലാണ് കേരളത്തിലെ ആദ്യത്തെ വാടകഗര്‍ഭപാത്ര ശിശു ജനിച്ചത്. കൊച്ചി സ്വദേശികളായ ദമ്പതികള്‍ക്കു വേണ്ടിയായിരുന്നു ഈ പരീക്ഷണം. ഗര്‍ഭപാത്രത്തിനു തകരാറുണ്ടായതിനാല്‍ പ്രസവിക്കാന്‍ മറ്റാരു സ്ത്രീയെ കണ്ടെത്തി ജസ്റ്റേഷണല്‍ രീതിയിലുള്ള ദര്‍ഭധാരണമാണ് നടത്തിയത്. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും പിന്നീട് വിജയംകണ്ടു. പ്രസവശേഷം കുഞ്ഞിനെ ദമ്പതികള്‍ക്ക് കൈമാറുകയും ചെയ്തു.

വാടകഗര്‍ഭധാരണം എങ്ങനെ

രണ്ടു തരത്തിലുള്ള വാടകഗര്‍ഭധാരണമാണ് നിലവിലുള്ളത്. കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികളില്‍നിന്നുതന്നെ അണ്ഡവും ബീജവും ശേഖരിക്കുന്ന ജസ്റ്റേഷണല്‍ രീതിയും കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ അച്ഛനാകേണ്ട വ്യക്തിയുടെ ബീജം നിക്ഷേപിച്ച് കുഞ്ഞിന് ജന്‍മം നല്‍കുന്ന പരമ്പരാഗത രീതിയും. ജസ്റ്റേഷണല്‍ രീതിയില്‍ ഗര്‍ഭം ധരിക്കുന്ന അമ്മയുമായി കുഞ്ഞിന് യാതൊരു ജൈവിക ബന്ധവുമില്ലാത്തതിനാല്‍ത്തന്നെ ദമ്പതികള്‍ കൂടുതലും തിരഞ്ഞടുക്കുന്നത് ഈ രീതിയാണ്. അണ്ഡം നല്‍കുന്ന സ്ത്രീതന്നെയാണ് കുഞ്ഞിന്‌റെ യഥാര്‍ഥ അമ്മ ആകുന്നത്.

ചര്‍ച്ചയായ നയന്‍ താര - വിഘ്‌നേഷ് സറോഗസി

2022 ജൂണില്‍ വിവാഹം കഴിഞ്ഞെന്നു വെളിപ്പെടുത്തി നാല് മാസം പിന്നിട്ടപ്പോഴേക്കും മാതാപിതാക്കളായെന്ന നയന്‍-വിഘ്‌നേഷ് ദമ്പതികളുടെ പ്രഖ്യാപനം ഒരിടവേളയ്ക്കുശേഷം വാടകഗര്‍ഭധാരണം വീണ്ടും ചര്‍ച്ചകളിലേക്കു കൊണ്ടുവന്നു.

നയനും താനും അച്ഛനും അമ്മയും ആയെന്നും ഞങ്ങള്‍ക്ക് രണ്ട് ഇരട്ടക്കുട്ടികള്‍ പിറന്നുവെന്നും കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ച് വിഘ്‌നേഷ് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടതിനു പന്നാലെതന്നെ വാടകഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങളുടെ ജനനമെന്ന വാര്‍ത്തകളും വന്നു. ഇതും വിവാദമായി, കാരണം വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നതടക്കമുള്ള നിയമങ്ങള്‍ ലംഘിച്ചെന്നായിരുന്നു ആരോപണം.

എന്നാല്‍ വിപുലമായ ചടങ്ങില്‍ വിവാഹം നടന്നതിന് ആറുവര്‍ഷം മുന്‍പ്തന്നെ വിവാഹിതരായവരാണെന്നും വാടകഗര്‍ഭധാരണ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ്തന്നെ വാടകഗര്‍ഭധാരണ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല ഇരുവരും നിയമലംഘനങ്ങള്‍ നടത്തിയിട്ടില്ലെന്ന സത്യവാങ്മൂലം തമിഴ്‌നാട് ആരോഗ്യവകുപ്പിനു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വാടക ഗര്‍ഭധാരണത്തിനു ദമ്പതികള്‍ കാത്തിരിക്കേണ്ട കാലയളവ് ഇരുവരും പിന്നിട്ടതായും തമിഴ്‌നാട് ആരോഗ്യവകുപ്പിന്‌റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. നയനും വിഘ്‌നേഷിനും മുന്‍പ് ഷാറൂഖ് ഖാനും ആമിര്‍ഖാനും പ്രിയങ്ക ചോപ്രയും ശില്‍പഷെട്ടിയും സണ്ണി ലിയോണിയുമൊക്കെ വാടകഗര്‍ഭധാരണത്തിലൂടെ മക്കളുണ്ടായിട്ടുണ്ട്.

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ