WORLD

നേപ്പാൾ വിമാന ദുരന്തം; മരണം 68 ആയി, യാത്രക്കാരിൽ അഞ്ച് ഇന്ത്യക്കാരും

വെബ് ഡെസ്ക്

നേപ്പാളിലെ പൊഖാറയിലുണ്ടായ വിമാനാപകടത്തിൽ മരണം 68 ആയി. 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മുപ്പത്തിയൊന്ന് മൃതദേഹങ്ങൾ ആശുപത്രികളിലേക്ക് മാറ്റിയതായും 36 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായും പോലീസ് ഉദ്യോഗസ്ഥൻ എ കെ ഛേത്രി വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. അപകടത്തിൽ നിന്ന് ആരെങ്കിലും രക്ഷപെട്ടിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ലെന്ന് എയർലൈൻ വക്താവ് സുദർശൻ ബർത്തൗള പറഞ്ഞു.

പടിഞ്ഞാറൻ നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവത്തിലാണ് യാത്രാവിമാനം തകർന്ന് വീണത്. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 72 പേരുമായി പുറപ്പെട്ട യതി എയര്‍ലൈന്‍സിന്റെ എടിആർ72 വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സമീപം വിമാനം തകർന്നു വീഴുകയായിരുന്നു. അപകടസമയത്ത് 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ ആറ് കുട്ടികളടക്കം 15 വിദേശികളും 5 ഇന്ത്യക്കാർ, 4 റഷ്യക്കാർ, 2 കൊറിയക്കാർ, അർജന്റീന, അയർലൻഡ്, ഓസ്ട്രേലിയ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് ഉണ്ടായിരുന്നത്.

കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 10:33 നാണ് വിമാനം പറന്നുയർന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് നേപ്പാൾ (സിഎഎഎൻ) അറിയിച്ചു. 20 മിനിറ്റിന് ശേഷം പൊഖാറ വിമാനത്താവളത്തിൽ ഇറങ്ങാനിരിക്കെ, വിമാനം സേതി നദിയുടെ തീരത്തെ മലയിടുക്കിൽ ഇടിക്കുകയായിരുന്നു. തകർന്നു വീണതിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു. ഏറെ പണിപ്പെട്ടാണ് തീയണച്ചത്. അപകടത്തിന് പിന്നാലെ വിമാനത്താവളം താത്ക്കാലികമായി അടച്ചു.

അപകടം നടന്നയുടൻ തന്നെ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ അടിയന്തര മന്ത്രിസഭാ യോഗം വിളിക്കുകയും സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ അഞ്ചംഗ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.

എവറസ്റ്റ് ഉൾപ്പെടെ ലോകത്തെ ഏറ്റവും ഉയരം കൂടിയ പതിനാല് പർവ്വതങ്ങളിൽ എട്ടെണ്ണവും സ്ഥിതിചെയ്യുന്ന നേപ്പാളിൽ, 2000 മുതൽ നടന്ന വിമാനാപകടങ്ങളിൽ 309 പേർ മരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് യൂറോപ്യൻ യൂണിയൻ 2013 മുതൽ നേപ്പാളിനെ ഫ്ലൈറ്റ് സേഫ്റ്റി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. മുൻപ് നേപ്പാളിലെ വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിലും നൂറുകണക്കിന് പേർ മരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. രണ്ട് മാസം മുമ്പ് ഇതേ വിമാനത്താവളത്തിന് സമീപം തായ് എയർവേയ്സ് വിമാനം തകർന്ന് 113 പേർ മരിച്ചിരുന്നു. 2022 മെയ് മാസത്തിൽ നേപ്പാളി വിമാനക്കമ്പനിയായ താര എയറിന്റെ വിമാനം തകർന്ന് 16 നേപ്പാളികളും നാല് ഇന്ത്യക്കാരും രണ്ട് ജർമ്മൻകാരുമടക്കം 22 പേർ മരിച്ചിരുന്നു. മുൻപ്, 2018 മാർച്ചിലും കാഠ്മണ്ഡുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യുഎസ്-ബംഗ്ലാ എയർലൈൻസ് വിമാനം തകർന്ന് 51 പേർ മരിച്ചിരുന്നു. 1992 ൽ കാഠ്മണ്ഡുവിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ അപകടത്തില്‍ 167 പേർ മരിച്ചത് ഇവിടെയുണ്ടായ ഏറ്റവും വലിയ അപകടങ്ങളില്‍ ഒന്നാണ്.

ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി