WORLD

യുകെയിൽ മൂന്നില്‍ ഒന്ന് വനിത ഡോക്ടര്‍മാര്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്: റിപ്പോർട്ട്

വെബ് ഡെസ്ക്

യുകെയില്‍ മെഡിക്കൽ വിഭാഗത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്നിലൊന്ന്‌ വനിത സർജന്മാർ ലൈംഗിക ചൂഷണങ്ങൾക്ക് ഇരയായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ആരോഗ്യ സേവന മേഖലയിലെ ലൈംഗിക പെരുമാറ്റത്തെ കുറിച്ച് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

മീറ്റു മൂവ്‌മെന്റ് ഫോര്‍ സര്‍ജറി എന്ന് പേരിട്ടിരിക്കുന്ന സര്‍വേ റിപ്പോര്‍ട്ട് ബ്രിട്ടീഷ് ജേണല്‍ ഓഫ് സര്‍ജറിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സർവേയ്ക്ക് വിധേയരായവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിൽ മൂന്നില്‍ ഒന്ന് വനിത ഡോക്ടര്‍മാര്‍ക്ക് ലൈംഗിക പീഡനങ്ങൾ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്.

30 ശതമാനം വനിത സര്‍ജന്മാര്‍ തങ്ങള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായും, 29 ശതമാനം സ്ത്രീകള്‍ ജോലിസ്ഥലത്ത് അനാവശ്യ ശാരീരിക പെരുമാറ്റങ്ങള്‍ അനുഭവിച്ചതായും, 40 ശതമാനത്തിലധികം പേര്‍ക്ക് അവരുടെ ശരീരത്തെക്കുറിച്ച് മോശമായ അഭിപ്രായങ്ങള്‍ ലഭിച്ചതായും, 38 ശതമാനം പേര്‍ക്ക് ജോലിസ്ഥലത്ത് ലൈംഗിക 'പരിഹാസങ്ങള്‍' നേരിടേണ്ടി വന്നതായും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

മീറ്റു മൂവ്‌മെന്റ് ഫോര്‍ സര്‍ജറി സര്‍വേ അനുസരിച്ച് 90 ശതമാനം സ്ത്രീകള്‍ക്കും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്. 81 ശതമാനം പുരുഷന്മാമാർക്കും സമാനമായ അനുഭവം നേരിട്ടുണ്ട്.

ജോലിസ്ഥലങ്ങളിൽ ലൈംഗിക ദുരൂപയോഗം പതിവായി സംഭവിക്കുന്നുണ്ടെന്ന് സർവേ ചൂണ്ടികാട്ടുന്നു. എന്നാല്‍ ജോലിസ്ഥലത്തെ ഘടനാപരമായ ശ്രേണിയും ലിംഗപരവും അധികാരപരവുമായ അസന്തുലിതാവസ്ഥയും കാരണം ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാതെ പോകുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന്റെ ഫലമായി ജീവനകാര്‍ക്കും രോഗികള്‍ക്കും സുരക്ഷിതമല്ലാത്ത ആരോഗ്യമേഖലയാണ് ലഭിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സുരക്ഷിതമല്ലാത്ത തൊഴില്‍ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കേണ്ടി വന്നിട്ടും സര്‍ജന്മാര്‍ എന്ത് കൊണ്ട് പരാതിപ്പെടുന്നില്ല എന്നതും സര്‍വേ വ്യക്തമാക്കിയിട്ടുണ്ട്. സംഘടനകളായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ട്രസ്റ്റ്, ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍, റോയല്‍ കോളേജുകള്‍ തുടങ്ങിയവയിൽ വിശ്വസം നഷ്ടപ്പെട്ടതാണ് ഇതിന് പിന്നിലെ കാരണം എന്നും സര്‍വേ ചൂണ്ടികാട്ടുന്നു.

15.1 ശതമാനം സ്ത്രീകള്‍ മാത്രമാണ് ലൈംഗിക ചൂഷണങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജിഎംസി പര്യാപ്തമാണെന്ന് കരുതുന്നത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ട്രസ്റ്റിനെ കുറിച്ചുള്ള വിലയിരുത്തലാകട്ടെ താരതമ്യേന വളരെ താഴെയാണ്. 15.8 ശതമാനം സ്ത്രീകളും 44.9 ശതമാനം പുരുഷന്മാരും മാത്രമാണ് എന്‍എച്എസ് ട്രസ്റ്റ് പ്രശ്ന പരിഹാരങ്ങൾക്ക് പര്യാപ്തമാണെന്ന് കരുതുന്നത്.

ജോലി സ്ഥലത്തെ ലൈംഗിക അതിക്രമങ്ങള്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം, അവരുടെ ശാരീരികവും മാനസകവുമായ ആരോഗ്യത്തിന് ഹാനീകരമാകുന്നതാണ്. ഇരകള്‍ സ്വയം ഉപദ്രവിക്കുകയും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നതുമായ കേസുകള്‍ വരെയുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. സര്‍ജന്മാരുടെ ഇടയിലെ സംസ്‌കാരം മെച്ചപ്പെടുത്തുന്നതിനും ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരെ കൈകാര്യം ചെയ്യാന്‍ മതിയായ സംവിധാനങ്ങള്‍ രൂപപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ