WORLD

ജൊഹാനസ്ബര്‍ഗില്‍ കുടിയേറ്റക്കാർ താമസിച്ചിരുന്ന കെട്ടിടത്തിൽ തീപ്പിടുത്തം: എഴുപതിലേറെപ്പേര്‍ വെന്തുമരിച്ചു

വെബ് ഡെസ്ക്

ദക്ഷിണാഫ്രയിലെ ഏറ്റവും വലിയ നഗരമായ ജൊഹാനസ്ബര്‍ഗിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ കൂറ്റൻ കെട്ടിടത്തിന് തീപിടിച്ച് എഴുപതിലധികം പേർ മരിച്ചു. കുടിയേറ്റക്കാർ താമസിക്കുന്ന സിറ്റി സെന്ററിലെ അഞ്ച് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. അൻപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.

തീയിൽ അകപ്പെട്ട ആളുകളെ കണ്ടെടുക്കാനായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ജീവൻ രക്ഷിക്കുന്നതിനും ദുരന്തത്തിൽ അകപ്പെട്ടവർക്ക് പിന്തുണ നൽകുന്നതിനുമാണ് മുൻഗണന എന്ന് സിറ്റി അഡ്മിനിസ്ട്രേഷൻ എക്‌സിലൂടെ അറിയിച്ചു. കെട്ടിടത്തിലെ താമസക്കാരിൽ കൂടുതലും ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. തീ വലിയ തോതിൽ അണക്കാൻ സാധിച്ചിട്ടുണ്ടെന്നും പ്രാദേശിക അധികൃതർ അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച പുലർച്ചെ പ്രാദേശിക സമയം ഒന്നരയോടെയാണ് തീപ്പിടുത്തത്തെക്കുറിച്ച് അധികൃതർക്ക് അറിയിപ്പ് ലഭിച്ചത്. നിരവധിയാളുകളെ കെട്ടിടത്തിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ ഒഴിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സംഭവസ്ഥലത്ത് തന്നെ ചികിത്സയ്ക്കുകയോ ആശുപത്രികളിലേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ട്. രക്ഷാ പ്രവർത്തകർ കെട്ടിടത്തിന്റെ കൂടുതൽ ഭാഗത്തേക്ക് എത്തുന്നതോടെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉപയോഗത്തിന് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി ഉപേക്ഷിച്ച കെട്ടിടത്തിലാണ് ഇപ്പോൾ തീപിടിത്തം ഉണ്ടായിരിക്കുന്നത്. ഈ കെട്ടിടങ്ങൾ ചിലർ അനധികൃതമായി കുടിയേറ്റക്കാർക്ക് വാടകക്ക് നൽകാറുണ്ട്.

ഒരു കാലത്ത് വൻകിട ബിസിനസ്സ് കേന്ദ്രമായിരുന്ന ഉൾനഗര പ്രദേശം ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും കേന്ദ്രമാണ്. ഔദ്യോഗിക രേഖകളൊന്നുമില്ലാതെയാണ്‌ ആളുകൾ ഇവിടെ താമസിക്കുന്നത്. ആളുകളെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ലാത്തതിനാൽ രക്ഷ പ്രവർത്തനം കൂടുതൽ സങ്കീർണ്ണമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

'ക്രിക്കറ്റ് ടീമില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കും'; വീണ്ടും വിദ്വേഷ പരാമർശവുമായി മോദി

വംശീയ പരാമര്‍ശം തിരിച്ചടിയായി; കോണ്‍ഗ്രസ് ഓവര്‍സീസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് സാം പിട്രോഡ

IPL 2024| പുതിയ ഇര സഞ്ജു; തീരുമാനങ്ങളില്‍ എയറിലാകുന്ന തേർഡ് അമ്പയർ

സ്വപ്നമായി യോദ്ധയുടെ രണ്ടാം ഭാഗം

രാജ്യത്തെ നിശ്ചലമാക്കിയ റെയിൽവേ പണിമുടക്കിന് അൻപതാണ്ട്