രാജ്യത്തെ നിശ്ചലമാക്കിയ റെയിൽവേ പണിമുടക്കിന് അൻപതാണ്ട്   

രാജ്യത്തെ നിശ്ചലമാക്കിയ റെയിൽവേ പണിമുടക്കിന് അൻപതാണ്ട്   

ശമ്പള പരിഷ്ക്കരണം, ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തൽ, സാമൂഹിക സുരക്ഷാ പദ്ധതി എന്നിവ ആവശ്യപ്പെട്ടാണ് ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ 1974 മേയ് എട്ടു മുതൽ റെയിൽവേ പണിമുടക്ക് ആരംഭിക്കുന്നത് 

“വിജയികൾ മാത്രം ഓർമിക്കപ്പെടുകയും ഇരുളടഞ്ഞ ഇടവഴികളും പരാജയപ്പെട്ട പോരാട്ടങ്ങളും പോരാളികളും വിസ്മരിക്കപ്പെടുകയും ചെയ്യുന്ന ഒരു അനുസ്മരണമാണ് ഇത്”

-ഇ പി തോംസൺ, ഇംഗ്ലീഷ് ചരിത്രകാരൻ

എല്ലാ റെയിൽവേ ട്രാക്കിലും ചുവപ്പ് സിഗ്നൽ പ്രകാശിച്ചുനിന്നു. ട്രെയിൻ മുന്നോട്ടുപോകാനുള്ള പച്ചവെളിച്ചം ഇന്ത്യയിലെ ഒരു റെയിൽവേ സ്‌റ്റേഷനിലും അന്ന് തെളിഞ്ഞില്ല. 1974 മേയ് എട്ട്- ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള  പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയിലെ തൊഴിലാളികൾ രാജ്യമൊട്ടാകെ പണിമുടക്കുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി പണിമുടക്കുകളിലൊന്നായി  രേഖപ്പെടുത്തിയ ചരിത്രസംഭവമാണിത്. സ്വതന്ത്ര ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ തൊഴിലാളി സമരം. ഭരണകൂടം ക്രൂരമായി അടിച്ചമർത്തിയ, ഐതിഹാസിക സമരമായിരുന്നു അത്. ഇന്ത്യയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ  ഏറ്റവും വലിയ പണിമുടക്കിൻ്റെ അൻപതാം വാർഷികമാണിന്ന്.

1970-കളോടെ ഇന്ത്യൻ രാഷ്ടീയ-സാമൂഹിക രംഗങ്ങൾ വൻ മാറ്റങ്ങൾക്കു വിധേയമായി. പാകിസ്താനെതിരെ ഇന്ത്യ നേടിയ യുദ്ധവിജയം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ശക്തയായ ഭരണാധികാരിയാക്കി. 1971-ലെ പൊതു തെരഞ്ഞെടുപ്പിലെ വൻ വിജയം അവരുടെ അപ്രമാദിത്വം ഉറപ്പിച്ചു. തുടർന്ന് ഏകാധിപത്യ പ്രവണതയും സ്വജനപക്ഷപാതവും അഴിമതിയും ഭരണത്തിൽ തലപൊക്കാനാരംഭിച്ചതോടെ ജയപ്രകാശ്‌ നാരായണൻ്റെ നേതൃത്വത്തിൽ  പ്രതിപക്ഷം പ്രക്ഷോഭത്തിലേക്കു നീങ്ങി. ഇന്ദിരാ സർക്കാരിനെ താഴെയിറക്കാൻ ജെ പിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായ സമരങ്ങൾ ആരംഭിച്ചു.

മേയ് എട്ടിലെ റെയിൽവേ പണിമുടക്ക് പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നില്ല. 1966, 1968, 1970, 1973 വർഷങ്ങളിൽ സമാന ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തുടനീളമുള്ള റെയിൽവേ തൊഴിലാളികൾ പണിമുടക്കിയിരുന്നു. പക്ഷേ, അതൊക്കെ ദുർബലമായി, ഫലപ്രാപ്തിയിലെത്താതെ അവസാനിക്കുകയായിരുന്നു

ജോർജ് ഫെർണാണ്ടസ് എന്ന  ജനകീയനായ നേതാവും സമരത്തിന്റെ നേതൃനിരയിലേക്കെത്തി. ഓൾ ഇന്ത്യാ റെയിൽവേ ഫെഡറേഷൻ്റെ പ്രസിഡൻ്റായി സ്ഥാനമേറ്റ മികച്ച വാഗ്മിയായിരുന്ന അദ്ദേഹം തീപ്പൊരി നേതാവായിരുന്നു. 1967-ൽ ബോംബെയില്‍, കോണ്‍ഗ്രസിന്റെ കിരീടം വയ്ക്കാത്ത ചക്രവര്‍ത്തിയായിരുന്ന എസ് കെ പാട്ടീലിനെ മുംബൈ സൗത്ത് ലോക്‌സഭ മണ്ഡലത്തിൽ പരാജയപ്പെടുത്തിയതോടെയാണ് ജോർജ് ഫെർണാണ്ടസ് എന്ന ജയന്റ് കില്ലർ ഇന്ത്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനാവുന്നത്. 

ജോർജ് ഫെർണാണ്ടാസ് റെയിൽവേ സമരകാലത്ത്
ജോർജ് ഫെർണാണ്ടാസ് റെയിൽവേ സമരകാലത്ത്

മേയ് എട്ടിലെ റെയിൽവേ പണിമുടക്ക് പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നില്ല. 1966, 1968, 1970, 1973 വർഷങ്ങളിൽ സമാന ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തുടനീളമുള്ള റെയിൽവേ തൊഴിലാളികൾ പണിമുടക്കിയിരുന്നു. പക്ഷേ, അതൊക്കെ ദുർബലമായി, ഫലപ്രാപ്തിയിലെത്താതെ അവസാനിക്കുകയായിരുന്നു. 

നൂറു വർഷം മുൻപ്, 1924-ലാണ് റെയിൽവേയിൽ ആദ്യമായി അഖിലേന്ത്യാ ഫെഡറേഷൻ രൂപം കൊണ്ടത്. അതുവരെ നടന്ന എല്ലാ പ്രാദേശിക സമരങ്ങളും സംഘടനാ പിൻബലമില്ലാത്തതിനാൽ പരാജയപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തു തന്നെ  ജോലി സമയം എട്ട് മണിക്കൂറാക്കണമെന്ന ആവശ്യം തൊഴിലാളികൾ ശക്തമായി ഉയർത്തിയിരുന്നു. ബ്രിട്ടീഷുകാർ മർദനമുറകളിലൂടെ അവയൊക്കെ അടിച്ചമർത്തി. റെയിൽവേ ബോർഡ് അവരെ വെറും കൂലികളായി കണക്കാക്കി അവരുടെ ജീവൽപ്രശ്നങ്ങളെ പാടെ അവഗണിച്ചു.

രാജ്യത്തെ നിശ്ചലമാക്കിയ റെയിൽവേ പണിമുടക്കിന് അൻപതാണ്ട്   
പിളര്‍പ്പിന്റെ അറുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍

1911-ൽ ഇംഗ്ലണ്ടിൽ  ആദ്യത്തെ റെയിൽവേ പണിമുടക്ക് നടന്നു. രണ്ടുനാൾ കൊണ്ട് അത് പരാജയത്തിൽ അവസാനിച്ചെങ്കിലും അതിൻ്റെ അലയൊലികൾ ഇന്ത്യയിലുമെത്തിയിരുന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ ലഘുലേഖകളിലൂടെയും പ്രസംഗങ്ങളിലൂടെയും ഇത് ഇന്ത്യയിൽ പ്രചരിച്ചതോടെ അന്നത്തെ വൈസ്രോയി ഭരണം റെയിൽവേ തൊഴിലാളി നീക്കങ്ങൾ അതീവ ജാഗ്രതയോടെ വീക്ഷിക്കാൻ തുടങ്ങി. തൊഴിലാളികൾ സമരത്തിലേക്കു നീങ്ങാതിരിക്കാനും സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമാകാതിരിക്കാനും റെയിൽവേ ബോർഡ് യൂണിയൻ നേതൃത്വത്തെ തങ്ങളുടെ സ്വാധീനത്തിൽ കൊണ്ടുവന്നു. അഖിലേന്ത്യാ നേതൃത്വം രാഷ്ട്രീയാതീതമായിരിക്കാനും മറ്റു തൊഴിലാളി സംഘടനകളുമായി ബന്ധപ്പെടാതിരിക്കാനും ബോർഡ് ശ്രദ്ധവെച്ചു. അംഗീകൃത യൂണിയനുകൾക്കു ബോർഡ് തന്നെ നേരിട്ട് പല സഹായങ്ങളും നൽകി. നേതാക്കൾക്കു റെയിൽവേ കെട്ടിടത്തിൽ ഓഫിസുകൾ നൽകുക, തീവണ്ടിയിൽ സൗജന്യ യാത്രാ സൗകര്യം അനുവദിക്കുക തുടങ്ങിയ ആനുകൂല്യങ്ങൾ നൽകി. ഇതിലൂടെ നേതൃത്വത്തെ റെയിൽവേ ബോർഡ് കയ്യിലെടുത്തു.

പണിമുടക്കിയ റെയിൽവേ തൊഴിലാളികൾ
പണിമുടക്കിയ റെയിൽവേ തൊഴിലാളികൾ

ആനൂകൂല്യങ്ങൾ കൃത്യമായി ലഭിച്ചുതുടങ്ങിയതോടെ റെയിൽവേ ബോർഡിനോട് വിധേയത്വം കാണിക്കാൻ തുടങ്ങിയ സംഘടനാ നേതൃത്വം പ്രാദേശിക സമരങ്ങളെ  വകവെക്കാതെയായി. തൊഴിലാളികളും സംഘടനാ നേതൃത്വവും തമ്മിൽ വിടവ് വർധിപ്പിക്കുകയെന്ന ലക്ഷ്യം നേടുന്നതിൽ  അങ്ങനെ റെയിൽവേ ബോർഡ് വിജയിച്ചു. പ്രാദേശികമായ തങ്ങളുടെ പ്രശ്നങ്ങൾക്കു അഖിലേന്ത്യാ നേതൃത്വം വഴി യാതൊരു പരിഹാരവും നേടാൻ സാധ്യമല്ലയെന്ന് തിരിച്ചറിഞ്ഞപ്പോൾ തൊഴിലാളികൾ കാറ്റഗറി യൂണിയൻ രൂപീകരിക്കാൻ തുടങ്ങി. 1960-ൽ ലോക്കോ റണ്ണിങ് സ്‌റ്റാഫ് അസോസിയേഷൻ രൂപീകരിക്കപ്പെട്ടു. തൊട്ടുപിന്നാലെ സ്റ്റേഷൻ മാസ്റ്റർമാർ, ഗാർഡുകൾ, ഫയർമാൻമാർ തുടങ്ങിയവരുടെ സംഘടനകളും നിലവിൽ വന്നു.

ദേശീയ ഐക്യത്തിൻ്റെ ഈ വേദിയിൽ ശമ്പളപരിഷ്കരണം, ജോലിസമയം എട്ടു മണിക്കൂറായി നിജപ്പെടുത്തൽ, സാമൂഹിക സുരക്ഷ പദ്ധതി എന്നിവ ആവശ്യപ്പെട്ട് 1974 മേയ് എട്ടു മുതൽ  ദേശീയ പണിമുടക്കിനു ജോർജ് ഫെർണാണ്ടസ് ആഹ്വാനം ചെയ്തു. അദ്ദേഹം രാജ്യത്തുടനീളമുള്ള  റെയിൽവേ മേഖലകളിൽ സഞ്ചരിച്ച് സമരപ്രചാരണം നടത്തി

1972-ൽ പല സമരങ്ങൾക്കുശേഷം ജോലിസമയം 14 മണിക്കൂറിൽനിന്ന് 12 മണിക്കൂറായി കുറയ്ക്കുന്ന കരാർ നിലവിൽ വന്നത് തൊഴിലാളികളുടെ വിജയമായിരുന്നു. അഖിലേന്ത്യാ തലത്തിൽ എല്ലാ യൂണിയനുകളും യോജിക്കണമെന്ന ബോധം ഇതിനകം തൊഴിലാളികൾക്കുണ്ടായി. ഈ പശ്ചാത്തലത്തിലായിരുന്നു 1974 ഫെബ്രുവരിയിൽ ജോർജ് ഫെർണാണ്ടസ് ഡൽഹിയിൽ അഖിലേന്ത്യാ കൺവെൻഷൻ വിളിച്ചത്. ജെ പി മൂവ്മെന്റ് ശക്തി പ്രാപിച്ചതോടെ സമാന്തരമായി റെയിൽവേ മേഖലയിൽ നിലനിന്നിരുന്ന അസംതൃപ്തി കൂടുതൽ ശക്തമായി പുറത്തുവന്നു. ഐ എൻ ടി യു സി ഒഴികെയുള്ള യൂണിയനുകൾ സംയുക്ത കൺവെൻഷനിൽ പങ്കെടുത്തു. 

ജോർജ് ഫെർണാണ്ടസ് പണിമുടക്ക് പ്രചാരണത്തിൽ
ജോർജ് ഫെർണാണ്ടസ് പണിമുടക്ക് പ്രചാരണത്തിൽ

ദേശീയ ഐക്യത്തിൻ്റെ ഈ വേദിയിൽ ശമ്പളപരിഷ്ക്കരണം, ജോലിസമയം എട്ടു മണിക്കൂറായി നിജപ്പെടുത്തൽ, സാമൂഹികസുരക്ഷ പദ്ധതി എന്നിവ ആവശ്യപ്പെട്ട് 1974 മേയ് എട്ടു മുതൽ  ദേശീയ പണിമുടക്കിനു ജോർജ് ഫെർണാണ്ടസ് ആഹ്വാനം ചെയ്തു. അദ്ദേഹം രാജ്യത്തുടനീളമുള്ള  റെയിൽവേ മേഖലകളിൽ സഞ്ചരിച്ച് സമരപ്രചാരണം നടത്തി. പ്രവർത്തകരെ അഭിസംബോധന ചെയ്തു, “നിങ്ങൾ ശക്തരാണ്, സംഘടിതരാണ്. അത് തിരിച്ചറിയുക”. 

സ്റ്റേഷനുകളിൽ ട്രെയിൻ നിറുത്തുമ്പോൾ അദ്ദേഹം സഞ്ചരിച്ചിരുന്ന കോച്ചിനു ചുറ്റും നിരവധി പ്രവർത്തകർ പ്ലാറ്റ്ഫോമിൽ ക്രമീകരിച്ച, മൈക്കിനു ചുറ്റും തടിച്ചുകൂടാൻ തുടങ്ങി.  ട്രെയിൻ നിർത്തിയ ഉടൻ തന്നെ ജോർജ് ഫെർണാണ്ടസ് ഇറങ്ങി പ്രസംഗം ആരംഭിക്കും. ഇംഗ്ലിഷും ഹിന്ദിയുമടക്കം അഞ്ചിലേറെ ഭാഷകളിൽ ഒഴുക്കോടെ സംസാരിക്കാൻ കഴിവുണ്ടായിരുന്ന ജോർജ് ഫെർണാണ്ടസ് തൻ്റെ തീപ്പൊരി പ്രസംഗത്തിലൂടെ പണിമുടക്കിൻ്റെ ആവശ്യകത ഇന്ത്യയൊട്ടുക്കുള്ള  പ്രവർത്തകരിലേക്കു പകർന്നു.

രാജ്യത്തെ നിശ്ചലമാക്കിയ റെയിൽവേ പണിമുടക്കിന് അൻപതാണ്ട്   
തിരഞ്ഞെടുപ്പ് കമ്മിഷന് പല്ലും നഖവും നൽകിയ ടി എൻ ശേഷൻ

റെയിൽവേയുടെ ചരക്കുവണ്ടികളാണ് എല്ലാ വ്യവസായങ്ങൾക്കും വേണ്ട അസംസ്കൃത പദാർത്ഥങ്ങൾ അവയുടെ ഉൽപ്പാദന കേന്ദ്രങ്ങളിൽനിന്ന് രാജ്യത്തുടനീളം എത്തിക്കുന്നത്. റെയിൽവേ തൊഴിലാളികൾ പണിമുടക്കിയാൽ വ്യവസായമേഖല നിശ്ചലമാകും. പണിമുടക്ക് തുടർന്നാൽ കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന തെർമൽ പ്ലാൻ്റുകൾ പ്രവർത്തനരഹിതമാകും. ഫാക്ടറി ബോയിലറുകൾ കൽക്കരിയില്ലാതെ സ്തംഭിക്കും. സമരത്തിൻ്റെ സന്ദേശം അദ്ദേഹത്തിൻ്റെ ലളിതമായ വാക്കുകളിൽനിന്ന്  തൊഴിലാളികൾ ഉൾക്കൊണ്ടു.

പണിമുടക്കിനു തൊട്ടുമുൻപ് സമരം ആളിക്കത്തിക്കാനിടയാക്കിയ ചില സംഭവങ്ങൾ നടന്നു. മൈസൂരിലെ റെയിൽവേ വർക്‌ഷോപ്പിൽ 1971 മുതൽ  അസിസ്റ്റണ്ട് സൂപ്രണ്ട് തസ്തികയിൽ ഒരു ഒഴിവുണ്ടായിരുന്നു. ആ പ്രദേശത്തെ എസ്‌സി-എസ്‌ടി വിഭാഗക്കാർക്ക് സംവരണം ചെയ്ത ആ തസ്തികയിൽ വേണ്ടപ്പെട്ടവരെ  അഡ്ഹോക്ക് നിയമനം നടത്തി അർഹതപ്പെട്ട, അപേക്ഷകരായ എസ്‌സി-എസ്‌ടിക്കാരെ പുറംതള്ളി. 1973 സെപ്റ്റംബറിൽ  അപ്പോഴത്തെ ജീവനക്കാരൻ പോയപ്പോൾ വന്ന ഒഴിവ് പ്രദേശിക എസ്‌സി-എസ്‌ടിക്കാർക്ക് നൽകാതെ കിടന്നു. 1974 മാർച്ചിൽ മറ്റൊരു തദ്ദേശീയനായ എസ്‌സി-എസ്‌ടി വിഭാഗത്തിൽ നിന്നല്ലാത്ത ഒരാളെ നിയമിച്ചു. ഇത് കനത്ത പ്രതിഷേധത്തിനിടയാക്കി. ഓൾ ഇന്ത്യ റെയിൽവേ എസ്‌സി-എസ്‌ടി സംഘടനയിലെ എല്ലാവരും മേയിലെ സമരത്തിൽ  പങ്കെടുക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു.

ജോർജ് ഫെർണാണ്ടസ്
ജോർജ് ഫെർണാണ്ടസ്

1974 മാർച്ച് 16 ന് യു പിയിലെ ഝാൻസിയിൽ ക്ലാസ് 4 വിഭാഗത്തിൽപ്പെട്ട 16 താൽക്കാലിക ജീവനക്കാരെ റെയിൽവേ സ്റ്റേഷനിലെ റെയിൽവേ പാളം  മുറിച്ചുകടന്നുവെന്ന കുറ്റം ചുമത്തി ആർപിഎഫ് (റെയിവേ പ്രൊട്ടക്ഷൻ ഫോഴ്സ്) അറസ്റ്റ് ചെയ്ത് വാനിൽ കൊണ്ടുപോയി. ഉടനടി വാഗൺ, സിഗ്നൽ,  ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിലുള്ളവർ ജോലി നിർത്തി, തങ്ങളുടെ സഹപ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു. ഝാൻസിയിലെ റെയിൽവേയിലെ മറ്റ് വിഭാഗങ്ങളിലേക്ക്‌ സമരം വ്യാപിച്ചതോടെ ട്രെയിനുകൾ വഴിയിൽ കിടന്നു. റെയിൽവേ കാൻ്റീനിൽ ഭക്ഷണ സമയത്ത് ആർപിഎഫിനെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് തൊഴിലാളികൾ മുദ്രാവാക്യം മുഴക്കിയതോടെ കാര്യം ഗുരുതരമായി. ഒടുവിൽ ഒരു എം പി ഇടപെട്ട് കാര്യങ്ങൾ ഒത്തുതീർപ്പിലെത്തിച്ചു. തൊഴിലാളികളുടെ ഈ കൂട്ടായ്മ അവിടെ വിജയിച്ചത് അവരുടെ സമരവീര്യത്തെ ഉണർത്തി.

അപകടം തിരിച്ചറിഞ്ഞ ഇന്ദിരാ ഗാന്ധി വരാനിരിക്കുന്ന പണിമുടക്ക് പൊളിക്കാനായി വേഗത്തിൽ നടപടികളെടുത്തു. യാത്ര തീവണ്ടികൾ പലതും റദ്ദാക്കി. കൂടുതൽ ചരക്കുവണ്ടികൾ ഓടിച്ചു. രാജ്യത്തിൻ്റെ നാനാഭാഗത്തേക്കും കൽക്കരിയെത്തിച്ച് ഇന്ധനക്ഷാമം മുൻകൂട്ടി ഒഴിവാക്കി. ഏപ്രിൽ 27 ന് ഒത്തുതീർപ്പ് ചർച്ചവച്ചിരുന്നു. ശരിക്കുള്ള പണിമുടക്ക് തൊഴിലാളികൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ സർക്കാർ പണിമുടക്ക് ആരംഭിച്ചതുപോലെയായിരുന്നു ട്രെയിനുകൾ റദ്ദാക്കിയ നടപടി.

രാജ്യത്തെ നിശ്ചലമാക്കിയ റെയിൽവേ പണിമുടക്കിന് അൻപതാണ്ട്   
നാട്ടുകൂട്ടം കണ്ണുപൊത്തിയ ആ ഓട്ടത്തിന് അമ്പതാണ്ട്‌

സാധാരണ ജനങ്ങളുടെ പിന്തുണ തേടി സർക്കാർ വൻ പരസ്യപ്രചാരണം നടത്തി. ഇന്ത്യയിലെ സാധാരണക്കാരുടെ ഏറ്റവും ചെലവു കുറഞ്ഞ യാത്ര സംവിധാനമാണ് ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ ട്രെയിനുകൾ. നാടിൻ്റെ നാനാഭാഗങ്ങളിൽ സഞ്ചരിക്കാൻ സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന സംവിധാനമാണ് അത്. അത് റദ്ദാക്കിയത് റെയിൽവേ പണിമുടക്കു കാരണമാണെന്ന വസ്തുത സർക്കാർ സംവിധാനത്തിലൂടെ പ്രചരിപ്പിച്ചതോടെ സമരത്തിന് പൊതുജന പിന്തുണ ഇല്ലാതാക്കാൻ ഒരു പരിധിവരെ സർക്കാരിനു കഴിഞ്ഞു. സമരം നിയവിരുദ്ധമാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പണിമുടക്കിനെ നേരിടാൻ സർവസന്നാഹങ്ങളും ഉപയോഗിച്ചു.

1974 മേയ് എട്ടിന് ഇന്ത്യൻ റെയിൽവേയിലെ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചു. 17 ലക്ഷത്തിലധികം റെയിൽവേ ജീവനക്കാർ ഇതിൽ പങ്കെടുത്തു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ബാങ്ക്-ഇൻഷ്വറൻസ് മേഖല ഒരു ദിവസം  പണിമുടക്കിയത് തൊഴിലാളികളുടെ ഐക്യം ശക്തമാണെന്ന് തെളിഞ്ഞു. എഐആർഎഫ്, എഐഎസ്ആർഎസ്എ, എഐആർസി, എഐടിയുസി, ബിഐടിയു, ബിആർഎംഎസ് തുടങ്ങി 125 റെയിൽവേ ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുത്തു

രാജസ്ഥാനിലെ ഫുലേരയിൽ 1974 ഏപ്രിൽ 20ന് റെയിൽവേ തൊഴിലാളികൾ  ‘മേ ഹർത്താൽ കരോഗ’ (ഞാൻ പണിമുടക്കും) എന്ന ബാഡ്ജ് ധരിച്ച് ജോലിക്കു ഹാജരായി. എൻ എ ഭട്ട്നഗർ എന്ന റെയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥൻ അവരെ ഇതിൻ്റെ പേരിൽ ചീത്തവിളിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. അവർ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി. അതോടെ പണിമുടക്ക് പാതയിലേക്ക് നീങ്ങാൻ തൊഴിലാളികൾ തയാറെടുത്തു.

സമരകാലത്ത് താൽക്കാലിക റെയിൽ പൈലറ്റായി ബോംബെയിൽ ട്രെയിൻ ഓടിക്കുന്ന ഐഐടി വിദ്യാർത്ഥി. ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ചിത്രം
സമരകാലത്ത് താൽക്കാലിക റെയിൽ പൈലറ്റായി ബോംബെയിൽ ട്രെയിൻ ഓടിക്കുന്ന ഐഐടി വിദ്യാർത്ഥി. ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ചിത്രം

1974 മേയ് എട്ടിന് ഇന്ത്യൻ റെയിൽവേയിലെ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചു. 17 ലക്ഷത്തിലധികം റെയിൽവേ ജീവനക്കാർ ഇതിൽ പങ്കെടുത്തു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ബാങ്ക്-ഇൻഷ്വറൻസ് മേഖല ഒരു ദിവസം  പണിമുടക്കിയത് തൊഴിലാളികളുടെ ഐക്യം ശക്തമാണെന്ന് തെളിഞ്ഞു. എഐആർഎഫ്, എഐഎസ്ആർഎസ്എ, എഐആർസി, എഐടിയുസി, ബിഐടിയു, ബിആർഎംഎസ് തുടങ്ങി 125 റെയിൽവേ ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുത്തു. തമിഴ്‌നാട്ടിൽ പെരുമ്പൂരിൽ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ പണിമുടക്ക് ആരംഭിച്ചതായി വാർത്ത പുറത്തുവന്നു. മദ്രാസിൽ ആവഡിക്കും അമ്പത്തൂരിനും ഇടയിൽ റെയിവേപാളത്തിലെ 17 സ്ലീപ്പറുകൾ കത്തിനശിച്ചതായി കാണപ്പെട്ടു. ജോലാർ പേട്ട് - കേഥാൻ പേട്ട് റെയിൽവേ ലൈനിൽട്രാക്കിലെ ഫിഷ് പ്ലേറ്റുകളും നട്ടുകളും നീക്കം ചെയ്തതായി കാണപ്പെട്ടു. മൈസൂരിലെ റെയിൽവേ വർക്‌ഷോപ്പിൽ പോലീസ് ലാത്തിച്ചാർജ് നടത്തി. തൃശൂർ, ബാംഗ്ലൂര്‍, കൊച്ചി, അലഹബാദ് റെയിൽവേ സ്റ്റേഷനുകൾ തീവണ്ടികളോ യാത്രക്കാരോ ഇല്ലാതെ ശൂന്യമായി കാണപ്പെട്ടു. സമരം റെയിൽവേ മേഖലയെ ബാധിച്ചുതുടങ്ങി.

ബോംബെയിൽ വൈദ്യുതി ജീവനക്കാരും ഗതാഗതവകുപ്പിലെ തൊഴിലാളികളും ടാക്സി ഡ്രൈവർമാർ വരെയും സമരത്തിന് പിൻതുണ നൽകി. തമിഴ്നാടിലെ പെരമ്പൂരിൽ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലെ പതിനായിരത്തിലേറെ വരുന്ന ജോലിക്കാർ മദ്രാസിലെ സതേൺ റെയിൽവേയുടെ കേന്ദ്ര ഓഫീസിലേക്ക് മാർച്ച് നടത്തി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കേരളത്തിൽ ഒലവക്കോട് ഡിവിഷൻ്റെയും വിവിധ റെയിൽവേ സ്റ്റേഷനുകളുടേയും പ്രവർത്തനം സ്തഭിച്ചു. കേരളത്തിലെ ഏറ്റവും തിരക്കുള്ള സ്റ്റേഷനായ എറണാകുളം ജംഗഷനിൽനിന്ന്  ഒരു വണ്ടിയും ഓടിയില്ല. സ്റ്റേഷൻ മാസ്റ്ററും ഡെപ്യൂട്ടിയും ഉൾപ്പെടെ രണ്ടു പേരാണ് ആകെ ഡ്യൂട്ടിക്കു ഹാജരായത്. രാവിലെ അഞ്ചിന് വരേണ്ട മലബാർ എക്‌സ്‌പ്രസ് എറണാകുളത്തെത്തിയത് ഉച്ചയ്ക്കു രണ്ടിന്. ടൗൺ സ്റ്റേഷനിൽ എത്തിയപ്പോൾ ജോലിക്കാർ ഇറങ്ങിപ്പോയി. പിന്നീട് പോലീസിൻ്റെ സഹായത്തോടെയാണ് ട്രെയിൻ മാറ്റിയത്. 

സമരകാലത്തെ ചിത്രം
സമരകാലത്തെ ചിത്രം

പോത്തന്നൂരിൽ ചരക്ക് തീവണ്ടി സമരക്കാർ ഉപരോധിച്ചതിനെത്തുടർന്ന് നടന്ന അക്രമം നിയന്ത്രിക്കാനായി പോലീസ് വെടിപ്പുണ്ടായി. എൻജിനീയറിങ് ഡിപ്പാർട്ട് മെൻ്റിലെ വാൽവ് ഓപ്പറേറ്ററായ കുട്ടനെ  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിറ്റേന്ന് മരിക്കുകയും ചെയ്തു. 1974 ലെ റെയിൽവേ സമരത്തിൻ്റെ ആദ്യത്തെ രക്തസാക്ഷിയാണു കുട്ടൻ. അയാൾ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതാണെന്ന് സമരക്കാർ ആരോപിച്ചു. എന്നാൽ ഹൃദയസ്തഭനമാണു മരണകാരണമെന്ന് റെയിൽവേ അധികൃതർ ഉറപ്പിച്ചുപറഞ്ഞു. 

സമരസമിതി കൺവീണറായ ജോർജ്  ഫെർണാണ്ടസിനെ സമരമാരംഭിക്കുന്നതിനു മുൻപ് മേയ് രണ്ടിന്, ലക്നൗവിൽ വെച്ച്  വെളുപ്പിന് മൂന്നു മണിക്ക് പോലീസ് അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലേക്ക് മാറ്റി. ഡൽഹിയിൽ അന്ന് രാവിലെ പത്തിന് റെയിൽവേ മന്ത്രി എൽ എൻ മിശ്രയുമായി ഫെർണാണ്ടസ് ഒത്തുതീർപ്പ് ചർച്ചവെച്ചിരുന്നു. വളരെ ആസൂത്രിതമായിട്ടായിരുന്നു ഫെർണാണ്ടസിൻ്റെ അറസ്റ്റ്

ഇതിനകം ഇന്ത്യയിലെ എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പരിസരത്തും സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരളത്തിൽ റെയിൽവേയുടെ ക്രമസമാധാന ചുമതല താൽക്കാലികമായി പോലീസ് ഏറ്റെടുത്തതായി ഡി ഐ ജി അനന്ത ശങ്കർ അയ്യർ കൊച്ചിയിൽ പത്രക്കാരോട് പറഞ്ഞു. മദ്രാസിൽനിന്ന് പുറപ്പെടുന്ന ഡൽഹി ജി ടി എക്‌സ്‌പ്രസ് ഉൾപ്പെടെയുള്ള എട്ടെണ്ണമൊഴികെ മറ്റ് ട്രെയിനുകളെല്ലാം ദക്ഷിണ റെയിൽവേ റദ്ദാക്കി. തീവണ്ടി ഗതാഗതം നിലച്ചതോടെ വാണിജ്യ-വ്യവസായ രംഗത്ത് വൻ തിരിച്ചടി നേരിട്ടു. ലക്ഷക്കണക്കിനു രൂപയുടെ ചരക്കുകൾ ഗുഡ്സ് ഷെഡുകളിൽ  കെട്ടിക്കിടന്നു. തപാൽ രംഗം താറുമാറായി. ലോറി മാർഗം ബദൽ സംവിധാനം സർക്കാർ ഏർപ്പെടുത്തിയത് ഒട്ടും പര്യാപ്തമായിരുന്നില്ല.

രാജ്യത്തെ നിശ്ചലമാക്കിയ റെയിൽവേ പണിമുടക്കിന് അൻപതാണ്ട്   
അമർ ചിത്രകഥ പോലെ, അമരനായ അങ്കിൾ പൈ 

സമരസമിതി കൺവീണറായ ജോർജ്  ഫെർണാണ്ടസിനെ സമരമാരംഭിക്കുന്നതിനു മുൻപ് മേയ് രണ്ടിന്, ലക്നൗവിൽ വെച്ച്  വെളുപ്പിന് മൂന്നു മണിക്ക് പോലീസ് അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലേക്ക് മാറ്റി. ഡൽഹിയിൽ അന്ന് രാവിലെ പത്തിന് റെയിൽവേ മന്ത്രി എൽ എൻ മിശ്രയുമായി ഫെർണാണ്ടസ് ഒത്തുതീർപ്പ് ചർച്ചവെച്ചിരുന്നു. വളരെ ആസൂത്രിതമായിട്ടായിരുന്നു ഫെർണാണ്ടസിൻ്റെ അറസ്റ്റ്. ഒത്തുതീർപ്പ് ശ്രമങ്ങളിൽ ഫെർണാണ്ടസിന് യാതൊരു ആത്മാർഥതയുമില്ലെന്ന് ആരോപിക്കുന്ന റെയിൽവേ മന്ത്രിയുടെ കത്ത് ഫെർണാണ്ടസിൻ്റെ ഡൽഹിയിലെ വസതിയിൽ നേരത്തെ എത്തിച്ചശേഷമാണ് അറസ്റ്റുണ്ടായത്. ഫെർണാണ്ടസിനെ കൂടാതെ എല്ലാ പ്രധാന നേതാക്കളെയും പ്രാദേശിക തലത്തിലുള്ള നിരവധി നേതാക്കളെയും മേയ് രണ്ടിന് രാത്രി അറസ്റ്റ് ചെയ്തു. കര, നാവിക സേനകളുടെ സഹായത്തോടെ പണിമുടക്കിനെ നേരിടാൻ തുടങ്ങി. മിസ എന്ന കരിനിയമവും  ആഭ്യന്തര സുരക്ഷാ നിയമവും നടപ്പിലാക്കി. ഡിഫൻസ് ഓഫ് ഇന്ത്യ റൂളിൻ്റെ ബലത്തിൽ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.

ജോർജ് ഫെർണാണ്ടാസ് ലക്നൗവിൽ അറസ്റ്റിലായപ്പോൾ
ജോർജ് ഫെർണാണ്ടാസ് ലക്നൗവിൽ അറസ്റ്റിലായപ്പോൾ

ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ കോളനികളിലൊന്നായ മുഗൾസരായിൽ റെയിൽവേ ക്വാർട്ടേഴ്സുകളിൽ പോലീസെത്തി സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. പണിമുടക്കുന്ന തൊഴിലാളികളുടെ ക്വാർട്ടേഴ്‌സുകളിലേക്കുള്ള വൈദ്യുതിവിതരണവും ജലവിതരണവും വിച്ഛേദിച്ചു. റെയിൽവേ കോളനികളിൽ ബിഎസ്എഫ്, സിആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഭീതിയുടെ അന്തരീക്ഷത്തിൽ നിർബന്ധപൂർവം ജോലി ചെയ്യാൻ റെയിവേ ജീവനക്കാർ നിർബന്ധിതരായി.

കേരളത്തിൽ എറണാകുളത്ത് ഒരു ജീവനക്കാരൻ്റെ മകളുടെ വിവാഹം ക്വാർട്ടേഴ്സിൽ നടത്താൻ തീരുമാനിച്ചിരുന്നു. റെയിൽവേ ബോർഡ് അത് വിലക്കി ഉത്തരവിട്ടു. മാത്രമല്ല, അയാളെയും കുടുംബത്തെയും ക്വാർട്ടേഴ്സിൽനിന്ന് ഇറക്കി വിടുമെന്ന ഭീഷണിയുമുണ്ടായി. ഇതറിഞ്ഞ എ കെ ജി ഉടനെ അവിടെയെത്തി. വിവാഹം തൻ്റെ മേൽനോട്ടത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇത് നടത്തിയിട്ടേ താൻ പോകൂയെന്ന് ഉറപ്പിച്ചു പറഞ്ഞു. അധികാരികൾ അതോടെ ആ വിലക്ക് പിൻവലിച്ചു. പിന്നീട് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ റെയിവേ സംയുക്ത സമരസമിതിക്കു പിന്തുണ പ്രഖ്യാപിച്ച് എ കെ ജി പ്രസംഗിച്ചു. “റെയിൽവേ ജീവനക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്ത് അംഗീകരിക്കുന്നതിനു പകരം നേതാക്കളെ അറസ്റ്റ് ചെയ്തും കള്ളപ്രചാരണങ്ങൾ നടത്തിയും സമരം പൊളിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നടപടി ജനാധിപത്യ സമ്പ്രദായത്തിൻ്റെ അടിത്തറ തോണ്ടും,”  എ കെ ജി പറഞ്ഞു.

യൂണിയൻ നേതാക്കളെ ജയിലിൽ അടയ്ക്കൽ, കുറ്റപത്രമോ വകുപ്പുതല അന്വേഷണമോ ഇല്ലാതെ, 14/2 വകുപ്പ് പ്രകാരം ജോലിയിൽനിന്ന് പിരിച്ചുവിടൽ, റെയിൽവേ ക്വാർട്ടേഴ്സിൽനിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കൽ, സസ്പെൻഡ് ചെയ്യൽ തുടങ്ങിയവ ജീവനക്കാർക്കിടയിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചുതുടങ്ങി

അഖിലേന്ത്യാ തലത്തിൽ നേതാക്കളെല്ലാം ജയിലിലായതിനാൽ വ്യക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യാനാവാതെയാണ് പണിമുടക്ക് നീങ്ങിയത് പൊതുജനപിന്തുണ തീരെ കുറവ്. മധ്യ ഉപരിവർഗം ഇന്ദിരാ ഗാന്ധിയുടെ കടുത്ത നടപടികൾ ആവശ്യമാണെന്ന് തീർത്തും വിശ്വസിച്ചു. പല സ്ഥലങ്ങളിലും സമരം അക്രമാസക്തമായത് പൊതുജനങ്ങളെ ഭീതിയിലാക്കി. പണിമുടക്കിൽ പങ്കെടുത്ത  സിപിഐ, സിപിഎം, സോഷ്യലിസ്റ്റുകൾ, ബി എം എസ്. തുടങ്ങിയ കോൺഗ്രസിതര പാർട്ടികളും സംഘടനകളും പരസ്പരമുള്ള ആഭ്യന്തര രാഷ്ട്രീയ വിയോജിപ്പുകളിൽനിന്ന് വിമുക്തമല്ലായെന്നത് പണിമുടക്കിൻ്റെ ഒരു ദുർബല വശമായിരുന്നു.

യൂണിയൻ നേതാക്കളെ ജയിലിൽ അടയ്ക്കൽ, കുറ്റപത്രമോ വകുപ്പുതല അന്വേഷണമോ ഇല്ലാതെ, 14/2 വകുപ്പ് പ്രകാരം ജോലിയിൽനിന്ന് പിരിച്ചുവിടൽ, റെയിൽവേ ക്വാർട്ടേഴ്സിൽനിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കൽ, സസ്പെൻഡ് ചെയ്യൽ തുടങ്ങിയവ ജീവനക്കാർക്കിടയിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചുതുടങ്ങി. പണിമുടക്കുന്നവർക്ക് ജോലി നഷ്ടപ്പെടുമെന്ന റെയിൽവേ മന്ത്രിയുടെ  പ്രസ്താവന ഡെമോക്ലീസിൻ്റെ വാളായി സമരക്കാരുടെ മുന്നിൽ തൂങ്ങിനിന്നു. ലാത്തി കൊണ്ടാണ് പോലീസ് സമരക്കാരെ നേരിട്ടത്. മർദനമുറകൾ എല്ലാ സമര കേന്ദ്രങ്ങളിലും മുറയ്ക്കു നടന്നു. സമരം നീർവീര്യമാകുന്നതിൻ്റെ സൂചനകൾ കണ്ടുതുടങ്ങി.

റെയിൽവേ പണിമുടക്ക് ഒത്തുതീർപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ ചർച്ചക്കില്ലെന്ന  ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത
റെയിൽവേ പണിമുടക്ക് ഒത്തുതീർപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ ചർച്ചക്കില്ലെന്ന ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത

സമരം അടിച്ചമർത്താൻ സർക്കാർ രംഗത്തിറക്കിയ ബിഎസ്എഫ്, സിആർപിഎഫ്, ആർപിഎഫ്, അസം റൈഫിൾസ് തുടങ്ങിയ സൈനിക വിഭാഗങ്ങളോട് റെയിൽവേ സമരത്തിൻ്റെ സംഘടന ദേശീയ എകോപന സമിതി (എൻസിസിആർഎസ്) ഒരു അഭ്യർത്ഥന നടത്തി. സമരത്തിൻ്റെ പശ്ചാത്തലവും  തൊഴിലാളികളുടെ അവസ്ഥയും വിവരിച്ചശേഷം സമിതി പറഞ്ഞു, “തൊഴിലാളികൾക്ക് മിനിമം വേതനം നിഷേധിക്കുന്നതിനുള്ള ട്രേഡ് യൂണിയൻ അവകാശങ്ങൾക്കെതിരെ ഏതൊരു ഫാസിസ്റ്റ് സർക്കാരും കൈക്കൊള്ളുന്ന അവസാന രീതിയുടെ ഭാഗമായാണ് നിങ്ങളെ ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഈ  സാഹചര്യത്തെക്കുറിച്ച് ബോധവാന്മാരാകാനും നിങ്ങൾ സർക്കാർ  അടിച്ചുമർത്തലിൻ്റെ   ഭാഗമാകാതിരിക്കാനും ഞങ്ങൾ  അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ധാർമിക പിന്തുണ ഞങ്ങൾക്ക് നൽകുക”. സമരം  ദുർബലമായിത്തുടങ്ങിയതിൻ്റെ സൂചനയായിരുന്നു ഇതൊക്കെ. 

രാജ്യത്തെ നിശ്ചലമാക്കിയ റെയിൽവേ പണിമുടക്കിന് അൻപതാണ്ട്   
രാജാ ഹരി സിങ്ങും ബ്രിട്ടീഷുകാര്‍ ഒതുക്കിയ, 104 വര്‍ഷം പഴക്കമുള്ള തേന്‍കെണിയും

ഇതിനിടെ ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡൻ്റായ കെ  കെ ബിർള സമരത്തെയും അതിനെ ദുരുപയോഗം ചെയ്ത നേതാക്കളെയും അപലപിച്ചു. ''നേതൃത്വത്തിൻ്റെ തെറ്റായ, ഉത്തവാദിത്വമില്ലാത്ത പ്രവർത്തികൾക്കു രാജ്യം വലിയ വില കൊടുക്കേണ്ടി വന്നിരിക്കുകയാണ്. ഇത്തരം സമരങ്ങൾക്ക് സർക്കാർ 5 വർഷം മോറട്ടോറിയം പ്രഖ്യാപിക്കണം അല്ലെങ്കിൽ ഇത്തരം സമരങ്ങൾ നിരോധിക്കണം,'' ബിർള ആവശ്യപ്പെട്ടു.  

പണിമുടക്ക് തുടരവേ, സി പി ഐ നേതാവ് എസ് എ ഡാങ്കെ മേയ് 12 ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ സന്ദർശിച്ചശേഷം ഒരു പ്രസ്താവനയിറക്കി. റെയിൽവേ പണിമുടക്ക് പ്രദേശികമായി പരിശോധിച്ച് ഒരോന്നായി പിൻവലിക്കണമെന്നായിരുന്നു അത്. അറസ്റ്റിലല്ലാത്ത എൻസിസിആർഎസിൻ്റെ നേതാക്കൾ റെയിൽവേയുമായി ഒത്തുതീർപ്പു ചർച്ചയാരംഭിക്കണമെന്ന് ഡാങ്കെ നിർദ്ദേശം വെച്ചു. എന്നാൽ സോഷ്യലിസ്റ്റ് നേതാവ് മധുലിമായ്  ഇതിനെ ശക്തിയായി എതിർത്തു. അറസ്റ്റ് ചെയ്ത നേതാക്കളെ ആദ്യം മോചിപ്പിക്കുക, എന്നിട്ടു മതി ചർച്ച എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. തർക്കം മുറുകിയപ്പോൾ ഡാങ്കെ ക്രുദ്ധനായി പറഞ്ഞു: ''ഏത് ചെകുത്താൻ   ഇടപ്പെട്ടാലും എനിക്ക് എതിർപ്പില്ല, ഒത്തു തീർപ്പുണ്ടാകണം.'' 

സമരസമിതിയിൽ ഉയർന്ന ഭിന്നസ്വരങ്ങൾ സമരത്തിൻ്റെ അവസാനമായെന്ന് വ്യക്തമായി. 20 ദിവസത്തിനുശേഷം പണിമുടക്ക് നിരുപാധികം പിൻവലിക്കപ്പെട്ടു. ഉന്നയിച്ച ആറ് ആവശ്യങ്ങളിലൊന്നു പോലും നേടാതെ സമരം അടിച്ചമർത്തപ്പെട്ടു. ഇന്ദിരാ ഗാന്ധിയും ഭരണകൂടവും ഒരു വീട്ടുവീഴ്ചയ്ക്കും തയാറാകാതെ ഉറച്ചുനിന്നു.

റെയിൽവേ സമരത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന വാർത്ത
റെയിൽവേ സമരത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന വാർത്ത

ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പണിമുടക്കിനെ ലോകം ഉറ്റുനോക്കിയിരുന്നു. അതിനുതെളിവാണ് പണിമുടക്കിനെ കുറിച്ച് ന്യൂയോർക്ക് ടൈംസ് നൽകിയ വാർത്ത. തലവാചകം ഇങ്ങനെ  ‘Railway Strike Ends Collapse’ ‘

500 കോടി രൂപയുടെ നഷ്ടം രാജ്യത്തിനു വരുത്തിയ ഈ റെയിൽവേ പണിമുടക്കിൻ്റെ ബാക്കിപത്രം ആരും ഓർമിക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല. സമരാന്തരം റെയിൽവേ ബോർഡിൻ്റെ ശിക്ഷാ നടപടികൾ കടുത്തതായിരുന്നു. ഒരു ലക്ഷം റെയിൽവേ ജീവനക്കാർ സർവീസിൽനിന്ന് പിരിച്ചുവിടപ്പെട്ടു. മുപ്പതിനായിരം പേർ സസ്പെൻഷനിലായി. അരലക്ഷം താൽക്കാലിക ജീവനക്കാർ പുറത്താക്കപ്പെട്ടു. സമരക്കാലത്ത് കിട്ടിയ മർദ്ദനവും അപമാനവും വേറെ. ജനതാ സർക്കാർ 1977 ൽ അധികാരത്തിൽ വന്നപ്പോഴാണ് റെയിൽവേ മന്ത്രിയായ മധു ദന്താവതെ ഇവരെ തിരിച്ചെടുത്തത്.  കുറെ പേർ കോടതിയിൽ കേസ് നടത്തി തിരികെ ജോലിക്കു കേറിയെങ്കിലും സർവിസ് ബ്രേക്ക് പോലുള്ള സാങ്കേതികത തുടർന്നുള്ള ജോലിയെ ബാധിച്ചു.

റെയിൽവേ പണിമുടക്കിന് ഒരു വർഷത്തിനുശേഷം ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച കുപ്രസിദ്ധമായ അടിയന്തരാവസ്ഥയുടെ ഒരു മുന്നോടിയായ നടപടിയായിരുന്നു ഈ സമരം അടിച്ചമർത്തിയ രീതി. ഈ രണ്ട് സംഭവങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇത് മനസിലാക്കാം. അടിയന്തരാവസ്ഥയിലേക്കുള്ള, സ്വേച്ഛാധിപത്യത്തിലേക്കുള്ള ഇന്ദിരാ ഗാന്ധിയുടെ ഒരു ഡ്രസ് റിഹേഴ്സൽ ആയിരുന്നു റെയിൽവേ സമരം

ഈ സമരത്തെക്കുറിച്ച് വിശദമായി പഠനം നടത്തിയ സ്റ്റെഫൻ ഷെർലോക്കിൻ്റെ 'The Indian Railways Strike of 1974: A Study of Power and Organised Labour' എന്ന പുസ്തകം പറയുന്നത് നിരുപാധികം പിൻവലിച്ചെങ്കിലും ഈ പണിമുടക്ക് ഒരു പരാജയമെന്ന് പറയാനാവില്ലെന്നാണ്. ഇന്ത്യയെപ്പോലെ വിശാലമായ ഒരു രാജ്യത്ത് പരന്നുകിടക്കുന്ന ഒരു വ്യവസായ മേഖലയിൽ തൊഴിൽപരവും സാംസ്കാരികമായ വിഭജനങ്ങളുണ്ടായിട്ടും ഇത്തരമൊരു രാജ്യവ്യാപകമായ പണിമുടക്കിന് ഐക്യദാർഢ്യമുണ്ടായെന്ന് തൊഴിലാളികൾ തെളിയിച്ചു. അതിൻ്റെ ഫലമായി ബോണസ് പോലെ ദീർഘകാല നേട്ടങ്ങൾ ജീവനക്കാർക്കു പിന്നീട് ലഭിച്ചു. റെയിൽവേ തൊഴിലാളി പ്രസ്ഥാനം ഒരു സാമൂഹികശക്തിയായി പുനഃസ്ഥാപിക്കപ്പെട്ടുവെന്നും സ്റ്റെഫൻ ഷെർലോക്ക് തൻ്റെ പുസ്തകത്തിൽ നിരീക്ഷിക്കുന്നു.

റെയിൽവേ പണിമുടക്കിന് ഒരു വർഷത്തിനുശേഷം ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച കുപ്രസിദ്ധമായ അടിയന്തരാവസ്ഥയുടെ ഒരു മുന്നോടിയായ നടപടിയായിരുന്നു ഈ സമരം അടിച്ചമർത്തിയ രീതി. ഈ രണ്ട് സംഭവങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇത് മനസിലാക്കാം. അടിയന്തരാവസ്ഥയിലേക്കുള്ള, സ്വേച്ഛാധിപത്യത്തിലേക്കുള്ള ഇന്ദിരാ ഗാന്ധിയുടെ ഒരു ഡ്രസ് റിഹേഴ്സൽ ആയിരുന്നു റെയിൽവേ സമരം.

തെലുങ്കാന, നക്സൽബാരി, അടിയന്തരാവസ്ഥ വിരുദ്ധ സമരങ്ങളിൽ പങ്കെടുത്തവരും അല്ലാത്തവരും ആ സമരങ്ങളൊക്കെ വിശദമായി എഴുതിയിട്ടുണ്ട്. അവയൊക്കെ ചരിത്രരേഖകളാണ്. എന്നാൽ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഈ പണിമുടക്കിൻ്റെ സമഗ്രമായ ചരിത്രം  ഇനിയും എഴുതപ്പെട്ടിട്ടില്ല. ചില അക്കാദമിക്ക് പഠനങ്ങളൊഴിച്ചാൽ പണിമുടക്കിൽ പങ്കെടുത്ത നേതാക്കളോ  ഉയർന്ന സംഘടനാ പ്രവർത്തകരോ ഒരിക്കലും എഴുതാത്ത സമരചരിത്രമാണ് ഇത്. ചരിത്രം സൃഷ്ടിച്ച റെയിൽവേ പണിമുടക്കിലെ അറിയപ്പെടാതെ പോയ സമരപോരാളികളുടെ കഥകൾ. 

logo
The Fourth
www.thefourthnews.in