നാട്ടുകൂട്ടം കണ്ണുപൊത്തിയ ആ ഓട്ടത്തിന് അമ്പതാണ്ട്‌

നാട്ടുകൂട്ടം കണ്ണുപൊത്തിയ ആ ഓട്ടത്തിന് അമ്പതാണ്ട്‌

ഏപ്രിൽ 1, 1974, അമ്പത് വർഷം മുൻപ് കൊച്ചിയിൽ തിരക്കേറിയ ബ്രോഡ്‌വേയിൽ നാലു യുവാക്കൾ നഗ്നരായി ചരിത്രത്തിലേക്ക് ഓടിക്കയറിയത് ഇതേ ദിവസമായിരുന്നു

ഏപ്രിൽ 1, 1974, അമ്പത് വർഷം മുൻപ് കൊച്ചിയിൽ തിരക്കേറിയ ബ്രോഡ്‌വേയിൽ നാലു യുവാക്കൾ നഗ്നരായി ചരിത്രത്തിലേക്ക് ഓടിക്കേറിയത് ഇതേ ദിവസമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ നഗ്നയോട്ടം നടന്നിട്ട് അര നൂറ്റാണ്ട്. ഏപ്രിൽ ഒന്നിന്, എറണാകുളത്തെ തിരക്കേറിയ ഷോപ്പിങ് കേന്ദ്രമായ ബ്രോഡ് വേയിൽ, വൈകിട്ട്, സൂര്യവെളിച്ചത്തിൽ റോഡിലൂടെ നാല് യുവാക്കൾ പൂർണ നഗ്നരായി കൂളായി ഓടുന്ന കാഴ്ച കണ്ട് റോഡിലെ ജനങ്ങൾ കണ്ണ് മിഴിച്ച്, അന്തം വിട്ടു നോക്കി നിന്നു. പൊതു സ്ഥലത്തെ ഇന്ത്യയിലെ ആദ്യത്തെ നഗ്നയോട്ടമാണ് എറണാകുളകാർ അന്ന് കണ്ടത്. ഓടിയത്, എറണാകുളം ലോ കോളേജിലെ നാല്‌ മലയാളി വിദ്യാർഥികൾ.

മാർച്ച് മാസത്തിലെ അവസാന ദിവസങ്ങളിലാണ് ചരിത്ര സംഭവത്തിൻ്റെ തുടക്കം. ഒരു ദിവസം എറണാകുളം ലോ കോളേജിലെ ഹോസ്റ്റൽ മുറിയിൽ രാത്രി നടന്ന വിദ്യാർഥികളുടെ പാനോപചാര സദസിൽ കാര്യങ്ങളൊക്കെ വിശകലനം ചെയ്തിരിക്കെ അവർക്ക് ഒരു ഭൂതോദയമുണ്ടായി. സമൂഹത്തിൻ്റെ മൊത്തം പോക്ക് ശരിയല്ല. ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കണം. പാനീയത്തിൻ്റെ ലഹരി ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ സമാനമനസ്ക്കരായ ആ വിദ്യാർഥികൾ സമൂഹത്തിന് ഒരു ഷോക്ക് ട്രീറ്റ്മെന്റ് തീരുമാനിച്ചു’ സ്ട്രീക്കിംഗ് നടത്തുക’ എന്ന് വെച്ചാൽ ‘ നിരത്തിൽ നഗ്നരായി ഓടുക. ‘ അങ്ങനെ തീരുമാനമായി.

നിയമലംഘനമാണ്, പൊതു സ്ഥലത്ത് നഗ്നത പ്രദർശിപ്പിക്കൽ. ഐപിസി 294,പോലീസ് നിയമമനുസരിച്ച് അഴിയെണ്ണാവുന്ന കുറ്റം. അകത്താകും. എന്തിനെതിരേയും അമർഷത്തോടെ പ്രതികരിക്കുക. സമൂഹത്തിനും സദാചാരവാദികൾക്കും ഒരു കൊട്ട് കൊടുക്കുക, ഇതായിരുന്നു ഇവരുടെ ലക്ഷ്യം. ഈ തീരുമാനം എറണാകുളത്തെ വിദ്യാർത്ഥി നേതാവായ കോമളചന്ദ്രൻ വഴി അടുപ്പമുള്ള ഒരു പത്രപ്രവർത്തകന് രഹസ്യമായി കൈമാറി. പത്രത്തിൽ മുൻ പേജിൽ വരേണ്ട വാർത്തയാണല്ലോ.

നാട്ടുകൂട്ടം കണ്ണുപൊത്തിയ ആ ഓട്ടത്തിന് അമ്പതാണ്ട്‌
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോറ്റും ജയിച്ചും ചരിത്രം കുറിച്ച 'ഒരു ദേശത്തിന്റെ എംപി'

മാതൃഭൂമി ദിനപത്രത്തിൻ്റെ മുതിർന്ന ലേഖകനായ എൻ. എൻ. സത്യവ്രതനായിരുന്നു ഈ ഓപ്പറേഷൻ ഏറ്റെടുത്തത്. അദ്ദേഹം ഈ വിദ്യാർഥികളോട് സംസാരിച്ചു. നാല് വിദ്യാർഥികൾ തുണിയില്ലാതെ രാത്രി സുഭാഷ് പാർക്കിൻ്റെ മുന്നിലൂടെ ഓടും. അത് പിറ്റേന്ന് ഗംഭീര വാർത്തയായി മുൻപേജിൽ വരണം ഇതായിരുന്നു പദ്ധതി. എല്ലാം രഹസ്യം. ഇത്തരമൊരു സംഭവത്തിൻ്റെ വാർത്താ പ്രാധാന്യം നന്നായി അറിയാമായിരുന്ന അനുഭവസമ്പത്തുള്ള പത്രപ്രവർത്തകനായിരുന്നു സത്യവ്രതൻ. അദ്ദേഹം യുവസംഘത്തോട് പറഞ്ഞു. ‘'ഇങ്ങനെ ആരും കാണാത്ത വഴിയിലൂടെ, ആരും കാണാത്ത നേരത്ത് സ്ട്രീക്കിങ് നടത്തിയിട്ട് കാര്യമില്ല. അതിനാൽ തിരക്കുള്ള, ബ്രോഡ് വേയിൽ വേണം. അതും വൈകിട്ട് ഇരുട്ടും മുൻപ് വേണം ഓടാൻ എന്നാലെ വാർത്താ പ്രധാന്യമുള്ളൂ.” അവർ സമ്മതിച്ചു. ഓടാൻ തിരഞ്ഞെടുത്ത ദിവസം പ്രാധാന്യമുള്ളതായിരുന്നു. ഏപ്രിൽ 1, ലോക വിഡ്ഡി ദിനം. പരമ രഹസ്യമായി എറണാകുളത്തെ പ്രശസ്തമായ കൃഷ്ണൻ നായർ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫറായ ജനാർദ്ദനൻ പടം എടുക്കാനുള്ള ദൗത്യം ഏറ്റെടുത്തു.

എൻ. എൻ. സത്യവ്രതൻ
എൻ. എൻ. സത്യവ്രതൻ

1974 ഏപ്രിൽ 1 ന് വൈകിട്ട് ആറ് മണി കഴിഞ്ഞ് തിരക്കേറിയ ബ്രോഡ്‌വേയിലൂടെ ആളുകൾ നടന്നു നീങ്ങുന്ന സമയത്ത് ‘ നാല് യുവാക്കൾ പൂർണനഗ്നരായി അതാ ഓടിവരുന്നു. ബ്രോഡ് വേ നിശ്ചലമായി. ഈ ലൈവ് ഷോ കണ്ട് ജനങ്ങൾ അന്തം വിട്ട് നിന്നു. നാലെണ്ണം പിറന്ന പടി ! സ്ത്രീകൾ ഞെട്ടിത്തെറിച്ച് തല താഴ്ത്തി. ജനാർദ്ദനൻ ക്യാമറ ക്ലിക്ക് ചെയതോടെ യുവാക്കൾ ഓടി മാറി കുറെ അകലെ മുൻ കൂട്ടി തയ്യാറാക്കി നിറുത്തിയിരുന്ന കാറിൽ കേറി സ്ഥലം വിട്ടു. പക്ഷേ, സംഗതി പാളിപ്പോയി. ക്യാമറ ജനാർദ്ദനനെ ചതിച്ചു. ആ പടം കിട്ടിയില്ല. അവർ പിൻമാറിയില്ല. യുവാക്കൾ കുടുതൽ ആവേശത്തോടെ വീണ്ടും രംഗത്തെത്തി. ബോട്ട് ജെട്ടി ഓർത്തഡോക്സ് പള്ളിയുടെ അടുത്തുള്ള വഴിയിലൂടെ വീണ്ടും ഓടിയ നഗ്ന യുവാക്കളുടെ ഓട്ടത്തിൻ്റെ പിൻ കാഴ്ച ജനാർദനൻ ക്യാമറയിൽ പകർത്തി. ഇത്തവണ പടം ഒ.കെ.

1974 ഏപ്രില്‍ രണ്ടിന് മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രം.
1974 ഏപ്രില്‍ രണ്ടിന് മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രം.

ഏപ്രിൽ 2 ലെ മാതൃഭൂമി പത്രത്തിലെ മുൻ പേജ് വാർത്ത കണ്ട് നഗരം അന്തം വിട്ടു. ലൈവ് കാണാത്തവർ ഇന്ത്യയിലെ തന്നെ ആദ്യത്തെ നഗ്‌നയോട്ടം പത്രത്തിലെ പടത്തിലൂടെ കണ്ടു. സംഭവം കുറെക്കാലത്തേക്ക് സംസാര വിഷയമായി. സോഷ്യൽ മീഡിയ എന്ന പേര് അന്ന് കേട്ടിട്ടു പോലുമില്ല. ഇല്ലെങ്കിൽ സംഗതി ആഗോള പ്രശസ്തിയാർജ്ജിച്ചേനെ. പടത്തിൽ ഓടിയവരുടെ പേരോ, വന്ന റിപ്പോർട്ടിന് ബൈലൈനോ ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്ത്യയൊട്ടുക്ക് 40 പത്രങ്ങളിൽ ഈ വാർത്തയും , ഫോട്ടോയും അച്ചടിച്ചു വന്നു. കേരള കൗമുദി പത്രം മുഖപ്രസംഗം എഴുതി. തലക്കെട്ട്’ :,” കൊച്ചിയിലെ കുരങ്ങുകൾ”. ആ നാല് യുവാക്കൾ ഓടുന്ന ചിത്രത്തിന് ഡെസ്മണ്ട് മോറീസിൻ്റെ വിഖ്യാത പുസ്തകത്തിൻ്റെ ശീർഷകം ഓർമ്മിപ്പിച്ച് ഒരു ഇംഗ്ലീഷ് വീക്കിലി അടിക്കുറിപ്പ് കൊടുത്തത് ഇങ്ങനെ,, ‘The Naked Apes of Kerala‘. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രസിദ്ധീകരണമായ, ഇലസ്ട്രേറ്റഡ് ഇന്ത്യ വീക്കിലി ഈ പടം കൊടുത്തു. ‘ ’ WHEN COCHIN GETS TOO HOT’എന്നായിരുന്നു അടിക്കുറിപ്പിലെ ആദ്യ വാചകം.

കൊച്ചിയിലെ സ്ട്രീക്കിങ്ങിന്റെ ചിത്രം ഇലസ്ട്രേറ്റഡ് ഇന്ത്യ വീക്കിലി പ്രസിദ്ധീകരിച്ചപ്പോള്‍
കൊച്ചിയിലെ സ്ട്രീക്കിങ്ങിന്റെ ചിത്രം ഇലസ്ട്രേറ്റഡ് ഇന്ത്യ വീക്കിലി പ്രസിദ്ധീകരിച്ചപ്പോള്‍

നാല് വിദ്യാർത്ഥികളെയും കോളേജിൽ നിന്ന് പുറത്താക്കുമെന്ന് പ്രിൻസിപ്പലായ ഫിലിപ്പ് തയ്യിൽ പറഞ്ഞെങ്കിലും പിന്നീട് ശക്തമായ താക്കീതിൽ ഒതുക്കി. ഓടിയത് ആരൊക്കെയാണെന്ന് കുറച്ച് പേർക്കു മാത്രം അറിയാവുന്ന രഹസ്യമായതിനാൽ മറ്റ് കുറെ വിദ്യാർത്ഥികൾ തങ്ങൾ ആ നാൽവർ സംഘത്തിലുണ്ടായിരുന്നെന്ന് വീമ്പടിച്ചു നടന്നു. എറ്റവും വലിയ തമാശ, യഥാർഥ ഓട്ടക്കാരിലൊരാളുടെ പിൻഭാഗം തൻ്റെ മകൻ്റെയാണല്ലോ എന്ന് പത്രത്തിലെ ഫോട്ടോ കണ്ട് ഞെട്ടലോടെ പയ്യൻ്റെ പിതാവ് തിരിച്ചറിഞ്ഞു. ആ പിതാവ് ഉടനെ തന്നെ പ്രതിയെ ഹോസ്റ്റലിൽ നിന്ന് പൊക്കി വീട്ടിലെത്തിച്ചു. പിതാവിൻ്റെ അച്ചടക്ക നടപടി കഴിഞ്ഞു രണ്ടാഴ്ചക്ക് ശേഷമാണ്. മകൻ ഹോസ്റ്റലിൽ തിരികെയെത്തിയത്.

പിൽക്കാലത്ത് ചരിത്രം രചിച്ച ഈ നാല് നഗ്നയോട്ടക്കാരിൽ ഒരാൾ മാത്രം അഭിഭാഷകനായി. മറ്റൊൾ കസ്റ്റംസ് ഉദ്യോഗസ്ഥൻ. ബാക്കി രണ്ട് പേർ ബിസിനസുകാരായി. ഈ നഗ്നയോട്ടവും വാർത്തയും പത്രപ്രവർത്തകനായ സത്യവ്രതൻ്റെ സൂപ്പർ സ്കൂപ്പായിരുന്നു. എറണാകുളം പ്രസ്ക്ലബ് പരിസരത്ത് ഈ സംഭവം നടന്നിട്ടും മറ്റൊരു പത്രപ്രവർത്തകനും ഇത് ആ സമയത്തും, അത് കഴിഞ്ഞിട്ടും അറിഞ്ഞില്ല എന്നതാണ് ഈ വാർത്തയുടെ മറ്റൊരു സവിശേഷത. ഒരു പത്രലേഖകനും ആ സംഭവത്തിൻ്റെ പിന്നിലെ കഥ അന്വേഷിച്ച് അന്ന് പോയില്ലയെന്നുള്ളത് ഇന്നും കേരളത്തിലെ പത്രപ്രവർത്തന ചരിത്രത്തിലെ അത്ഭുതങ്ങളിലൊന്നാണ്.

നാട്ടുകൂട്ടം കണ്ണുപൊത്തിയ ആ ഓട്ടത്തിന് അമ്പതാണ്ട്‌
ഭിന്നിച്ചു നിന്നവരെ ഒന്നിപ്പിച്ച ഇ ഡി; ഇന്ത്യ റാലിയില്‍ ഐക്യം ഉറയ്ക്കുമോ?

ഏതായാലും മറ്റ് അനിഷ്ടങ്ങളൊന്നും സംഭവിച്ചില്ല. കൊച്ചിയിലെ ഓട്ടത്തിൻ്റെ കീർത്തി ലോകമെങ്ങും പരന്നു എന്ന് തെളിഞ്ഞു . കാരണം കൊച്ചിയിലെ നഗ്ന ഓട്ടം കഴിഞ്ഞ് പത്തൊമ്പത് ദിവസത്തിന് ശേഷം ഇംഗ്ലണ്ടിൽ ഒരു നഗ്ന ഓട്ടം ഉണ്ടായി. റോഡിലല്ലെന്ന് മാത്രം. ഇംഗ്ലണ്ടിലെ ട്വിക്കൻ ഹിം സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ റഗ്ബി മത്സരം നടന്നുകൊണ്ടിരിക്കെ ഓസ്ട്രേലിയക്കാരനായ മൈക്കേൽ ഓബ്രിയൻ മൈതാനത്തിലേക്ക് പിറന്നപടി ഓടി വന്നു. റഗ്ബി മത്സരത്തേക്കാൾ വലിയ കാഴ്ച കണ്ട് കാണികൾ തരിച്ച് നിൽക്കേ ലണ്ടൻ പോലീസിലെ ബ്രൂസ് പെറി ഓടിയെത്തി തൻ്റെ ഹെൽമെറ്റ് വെച്ച് അയാളുടെ നഗ്നത മറച്ച് ആളെ അറസ്റ്റ് ചെയ്തു. പക്ഷേ , അപ്പോഴേക്കും പ്രസ് ഫോട്ടോ ഗ്രാഫർമാരടക്കം നിരവധി പേരുടെ ക്യാമറ ക്ലിക്കുകൾ ആ രംഗം പകർത്തി കഴിഞ്ഞിരുന്നു, അത് നടന്നത് 1974 ഏപ്രിൽ 20ന് . അതായത് കൊച്ചിയിലെ ഓട്ടം കഴിഞ്ഞ് 19 ദിവസങ്ങൾക്ക് ശേഷം.

ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ റഗ്ബി മത്സരം നടന്നുകൊണ്ടിരിക്കെ ഓസ്ട്രേലിയക്കാരനായ മൈക്കേൽ ഓബ്രിയൻ നടത്തിയ സ്ട്രീക്കിങ്‌
ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ റഗ്ബി മത്സരം നടന്നുകൊണ്ടിരിക്കെ ഓസ്ട്രേലിയക്കാരനായ മൈക്കേൽ ഓബ്രിയൻ നടത്തിയ സ്ട്രീക്കിങ്‌

പിറ്റേ ദിവസത്തെ പത്രങ്ങളിൽ ലോകത്തിലെ ആദ്യത്തെ സ്ട്രീക്കറായി മൈക്കേൽ ഓബ്രിയൻ അവരോധിക്കപ്പെട്ടു. ആധുനിക സ്ട്രീക്കിങ്ങ് ചരിത്രം ഇവിടെ തുടങ്ങുന്നു. 1970 കളിൽ ലോകമെങ്ങും വ്യാപിച്ച ഒരു പുതിയ തരംഗത്തിൽ നിന്ന് ഉടലെടുത്ത അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ ഹിപ്പി സംസ്കാരത്തിൻ്റെ ഉപോൽപ്പന്നമായി വന്നതായിരുന്നു ഈ “സ്ട്രീക്കിങ് ‘ പ്രതിഭാസം. യുവത്വത്തിൻ്റെ ഉന്മാദകാലമായിരുന്നു 70 കൾ. ബീറ്റിൽസ് സംഗീതം, ആസ്വദിച്ച് അലൻ ഗിന്നസ് ബർഗിൻ്റെ കവിതകളും ജാക്ക് കെറുവാക്കിൻ്റെ നോവലുകളും വായിച്ച് ഹിപ്പികൾ കടുത്ത വർണമുള്ള വസ്ത്രങ്ങൾ ധരിച്ച് പരമ്പരാഗത കുടുംബ ബന്ധങ്ങൾ ഉപേക്ഷിച്ച് കൂട്ടായ്മയോടെ പുതിയ ജീവിതമാരംഭിച്ചു.

അക്രമരഹിതമായ അരാജകത്വമായിരുന്നു അത്. ആ സംസ്കാരം അക്കാലത്തെ സാഹിത്യത്തേയും കലകളെയും സ്വാധീനിച്ചു. ഫാഷൻ, ഗ്രാഫിക്സ്, സംഗീതം എന്നിവയിൽ വന്യമായ പരീക്ഷണങ്ങൾ ഉണ്ടായി. അത് ചെന്നെത്തിയത് മയക്കുമരുന്നിൻ്റെ വ്യാപകമായ ഉപയോഗത്തിലായിരുന്നു. സ്വതന്ത്രരായെങ്കിലും അത് അനിയന്ത്രിതമായ ജീവിത ശൈലിയിൽ അവരെ കൊണ്ടെത്തിച്ചു. ബെൽ ബോട്ടം പാൻ്റും വീതിയുള്ള, നീളൻകോളറുള്ള കടും നിറങ്ങളിലുള്ള ഉടുപ്പും, നീട്ടിവളർത്തിയ താടിയും മുടിയും , ഗിറ്റാറും എൽ.എസ്.ഡി യെന്ന മയക്കുമരുന്നും ഇവരുടെ വ്യക്തിത്വത്തിൻ്റെ ഭാഗമായി ഈ അരാജക കലാപത്തിൻ്റെ ഭാഗമായി ആവിർഭവിച്ച ഒരു പ്രതിഭാസമായിരുന്നു. പ്രതിഷേധിക്കാൻ ഒരു പ്രതീകമാക്കിയ നഗ്നതാ പ്രദർശനം.

കൊച്ചിയിലെ സ്ട്രീക്കിങ്ങിന് ഒരു വർഷം കഴിഞ്ഞ് ഇതിന് ഒരു രണ്ടാം ഭാഗം കൂടിയുണ്ടായി. നഗ്നയോട്ടത്തിൻ്റെ ഒന്നാം വാർഷികം ഗംഭീരമായി ആഘോഷിക്കാൻ ലോ കോളേജിലെ മറ്റൊരു സംഘം തീരുമാനിച്ചു. അതിലും വ്യത്യസ്തത വേണമെന്ന് അവർക്ക് തോന്നി. ഈ എപ്രിൽ 1 ന് വീണ്ടും തങ്ങൾ സ്ട്രീക്കിങ് നടത്തുമെന്ന് പ്രഖ്യാപിക്കുന്ന ഒരു നോട്ടീസ് അച്ചടിച്ചു വിതരണം ചെയ്തു. പരസ്യപ്പെടുത്തിയൊരു നഗ്നയോട്ടം. ചില്ലറക്കാര്യമാണോ?

അടിയന്തരാവസ്ഥക്ക് തൊട്ടു മുൻപുള്ള കാലമാണ്. ലീഡർ കരുണാകരനാണ് ആഭ്യന്തര മന്ത്രി . നക്സലുകളയൊക്കെ നിഷ്ക്കരുണം അടിച്ചമർത്തിയ ജയറാം പടിക്കലൊക്കെയാണ് അക്കാലത്തെ കേരള പോലീസിലെ ഉന്നതർ. അവരുടെ മൂക്കിൻ്റെ കീഴിലാണ് ഈ അതിസാഹസം കാണിക്കേണ്ടത്. നോട്ടീസ് കാണേണ്ടവർ കണ്ടു. അധികാരികൾക്ക് ഉന്നതങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ വന്നു. കഴിഞ്ഞ തവണത്തെ അബദ്ധം പറ്റാതിരിക്കാൻ ജില്ലാ പോലീസ് മേധാവി കെ. ചന്ദ്രശേഖരനും ജില്ലാ കളക്ടർ ഉപ്പിലിയപ്പനും ചേർന്ന ജില്ലാ ഭരണകൂടം ബ്രോഡ് വേയിൽ വൻ പോലിസ് സന്നാഹമൊരുക്കി ഓട്ടം തടയാൻ കാത്തുനിന്നു. സംഘാടകർ അടുത്തുള്ള ഒരു കോളനിയിൽ നിന്ന് കുറച്ച് കൊച്ചു കുട്ടികളെ സംഘടിപ്പിച്ച് നഗ്നരാക്കി അവരുടെ തുണിയില്ലാ ഘോഷയാത്ര റോഡിലൂടെ നടത്തി. അങ്ങനെ ഭരണകൂടത്തിൻ്റെ മുഖത്തു നോക്കിയുള്ള ഒരു പരിഹാസമായി പരിണമിച്ചു ഈ ശിശു നഗ്നയോട്ടം!

നഗ്നയോട്ട നോട്ടിസ് ഇറക്കിയതും പരിപാടികൾ ആസൂത്രണം ചെയ്തതും റോഡ് ഷോ നടത്തിയതും രണ്ട് ലോ കോളേജ് വിദ്യാർത്ഥികളായിരുന്നു. അതിലൊരാൾ പിന്നീട് എറണാകുളം ജില്ലാ കളക്ടറായി - കെ.ആർ വിശ്വംഭരൻ, രണ്ടാമൻ പി. ഐ മുഹമ്മദ് കുട്ടി. അയാൾ പിൽക്കാലത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന മഹാനടനും മെഗാ സ്റ്റാറുമായി, അറിയപ്പെട്ടത് മറ്റൊരു പേരിലാണെന്ന് മാത്രം, പേര് മമ്മൂട്ടി. മമ്മൂട്ടിയെന്ന മഹാനടൻ്റെ എറണാകുളം ലോ കോളേജിലെ അധികം പേരറിയാത്ത സാഹസങ്ങളിലൊന്നായി ഇത്.

മമ്മൂട്ടിയും കെ ആര്‍ വിശ്വംഭരനും
മമ്മൂട്ടിയും കെ ആര്‍ വിശ്വംഭരനും

1974 മാർച്ച് 18 ന് അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാലയിൽ നടന്ന ഒരു കൂട്ടനഗ്ന ഓട്ടത്തിൻ്റെ തത്സമയ വിവരണം നൽകാൻ ശ്രമിക്കുമ്പോഴാണ് ഒരു റിപ്പോർട്ടർ "സ്ട്രീക്കിംഗ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത്. " The are streaking past me right now” ആ റിപ്പോർട്ടർ പറഞ്ഞു. "ഇത് അവിശ്വസനീയമായ കാഴ്ചയാണ്!" ഓടിപ്പോകുന്ന നഗ്നയോട്ടക്കാരെ കണ്ട അയാൾ വിളിച്ചു കൂവി. ഈ വാചകങ്ങൾ അസോസിയേറ്റഡ് പ്രസ് തങ്ങളുടെ ന്യൂസ് സ്റ്റോറിയിൽ ഉപയോഗിച്ചതോടെ സ്ട്രീക്കിംഗ്" എന്ന പദം ലോകവ്യാപകമായി പ്രചരിച്ചു. നഗ്നത പ്രദർശനത്തെ സൂചിപ്പിക്കുന്ന പദമായി ഇത് സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടു.

നാട്ടുകൂട്ടം കണ്ണുപൊത്തിയ ആ ഓട്ടത്തിന് അമ്പതാണ്ട്‌
മരുഭൂമിയില്‍ ഇടറി വീണ ജീവിതങ്ങള്‍

കൊച്ചിയിലെ ആദ്യ നഗ്നയോട്ടം കഴിഞ്ഞ് എട്ട്‌ മാസങ്ങൾക്ക് ശേഷം ഇന്ത്യ മുഴുവൻ പ്രസിദ്ധി നേടിയ ഒരു സ്ട്രീക്കിങ് കൂടി നടന്നു. ഒറ്റയാൾ ഓട്ടമായിരുന്നു അത്. 1974 ഡിസംബറിൽ ബോംബെയിൽ ജുഹു ബീച്ചിൽ യൗവനവും ലൈംഗികതയും ആഘോഷമാക്കിയിരുന്ന 25 കാരിയായ പ്രൊതിമ ബേദി ബോബെയിലെ ജുഹു ബീച്ചിൽ 'നഗ്നയോട്ടം' നടത്തി. ഈ പടം ഐക്കൺ ചിത്രമായി ക്രമേണ പ്രചരിച്ചു. ഈ സംഭവം സിനി ബ്ലിറ്റ്സിന്റെ എഡിറ്റർ റീത്ത മേത്തയുടെ , വാരികക്ക് വേണ്ടിയുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നെന്ന് മാത്രം. അതിലുമുണ്ടായി വിവാദം’.

യഥാർത്ഥത്തിൽ പ്രൊതിമ ജൂഹുവിൽ ഓടിയിരുന്നില്ല. ഗോവയിൽ ഒരു ബീച്ചിൽ നഗ്നയായി പോസ് ചെയ്ത ചിത്രം ജൂഹു ബീച്ചിൻ്റെ പടവുമായി കൂട്ടിച്ചേർത്ത് പ്രസിദ്ധീകരിച്ചാണെന്ന് പിന്നീട് പ്രൊതിമ പറഞ്ഞു. താൻ ഒരിക്കലും ജുഹുവിൽ ഓടിയിട്ടില്ല. അവർ ആത്മകഥയിൽ എഴുതി. ഈ പടം പ്രശസ്തമാവുകയും സിനി ബ്ലിറ്റ്സ് ശ്രദ്ധ നേടുകയും ചെയ്തതോടെ ആ വിവാദം അവസാനിച്ചു.

1975 ഓഗസ്റ്റ് 4 ന് ഇംഗ്ലണ്ടിലെ ലോഡ്സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് നടക്കുമ്പോൾ ഇംഗ്ലണ്ടിൻ്റെ ബാറ്റ്സ്മാമാരായ അലൻ നോട്ടും ബോബ് വൂളിമറും ബാറ്റ് ചെയ്യുന്ന വേളയിൽ ഒരു യുവാവ് നഗ്നനായി ഓടി വന്നു. അയാൾ കാലിൽ വെള്ള ഷൂവും കറുത്ത സോക്സും ധരിച്ചിരുന്നു. ബാറ്റ്സ്മാനും അമ്പയറും , കാണികളും നോക്കി നിൽക്കെ അയാൾ വിക്കറ്റിന് മുകളിലുടെ കുറുകെ ചാടി. അന്ന് നടന്നത് ക്രിക്കറ്റിലെ ആദ്യ സ്ട്രീക്കിങ്. ചെയ്തത് മർച്ചൻ്റ് നേവിയിലെ ഒരു പാചകക്കാരനായ ഇംഗ്ലിഷ്കാരൻ മൈക്കേൽ ആഞ്ചലോ ആയിരുന്നു.

ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ മൈക്കേല്‍ ആഞ്ചലോ സ്ട്രീക്കിങ് നടത്തിയപ്പോള്‍
ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ മൈക്കേല്‍ ആഞ്ചലോ സ്ട്രീക്കിങ് നടത്തിയപ്പോള്‍

‘ വിരസമായ ആ ക്രിക്കറ്റ് കളി കണ്ടിരുന്ന കാണികൾ അതോടെ ഉഷാറായി ‘ സ്‌റ്റേഡിയത്തിലുണ്ടായിരുന്ന, കമ്മൻ്റേറ്റർ ജോൺ ആർലോട്ട് ‘ പ്രേക്ഷകരോട് പറഞ്ഞു. ഹർഷാരവത്തോടെ ഈ രസികൻ കാഴ്ച ആസ്വദിച്ച. കാണികൾ കൈയടിച്ച് സ്ട്രീക്കറെ അഭിനന്ദിച്ചു. ഇതോടെ ക്രിക്കറ്റിൽ ഇത് സ്ഥിരം കാഴ്ചയായി. 1986 ലെ ഇന്ത്യൻ ടീമിൻ്റെ ഓസ്ട്രേലിയൻ പര്യടനത്തിൽ ബാറ്റ് ചെയ്യുന്ന സുനിൽ ഗവാസ്കർക്ക് നേരെ ക്രീസിലേക്ക് ഒരു സുന്ദരി അർധനഗ്നയായി ഓടി വന്നത് ലോകം മുഴുവൻ ടി വി യിലൂടെ കണ്ടു. ‘ഗാവസ്കർ അവരോട് പറഞ്ഞു’ ‘ഹൈ ഹീൽഡ് ചെരുപ്പ് ക്രിക്കറ്റ് പിച്ച് കേടുവരുത്തും’'!

സുനിൽ ഗവാസ്കർക്ക് നേരെ അർധനഗ്നയായി ഓടി വന്ന യുവതി
സുനിൽ ഗവാസ്കർക്ക് നേരെ അർധനഗ്നയായി ഓടി വന്ന യുവതി

പ്രതിഷേധ സൂചകമായി ആരംഭിച്ച, സ്ട്രീക്കിങ് പിന്നെ മാധ്യമ ശ്രദ്ധ നേടാനുള്ള ഒരു സംഭവം മാത്രമായി മാറി. 1992 ൽ കൊച്ചിയിൽ വീണ്ടും ലോ കോളേജിലെ മൂന്ന് വിദ്യാർഥികൾ ഉച്ചനേരത്ത് നഗ്നരായി ഓടി ചരിത്രം ആവർത്തിച്ചു. കാലം മാറിയത് അവരറിഞ്ഞില്ല.. പോലീസ് പൊക്കി അകത്തിട്ടു. ഈ നഗ്നയോട്ടം റിപ്പോർട്ട് ചെയ്ത ഒരു പത്രലേഖകന് തല്ല് കിട്ടിയതാണ് ഇതിൻ്റെ ബാക്കി പത്രം. മുൻഗാമികളെപ്പോലെ പത്രക്കാരെ സ്നേഹിക്കുന്ന തലമുറയല്ലായിരുന്നു അന്നത്തെ ഓട്ടക്കാർ.

പന്ത്രണ്ട് വർഷം മുൻപാണ് അവസാനം കൊച്ചിയിൽ ഒരു നഗ്നയോട്ടം നടന്നത്. അത് ഒറിജിനൽ പ്രതിഷേധം. അത് ഒരു ഒറ്റയാൾ ഓട്ടമായിരുന്നു. 2012 ഡിസംബറിൽ , മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.ജി. ബാലകൃഷ്‌ണന്റെ രാജി ആവശ്യപ്പെട്ട്‌ ഒരു യുവാവ്‌ കൊച്ചി നഗരമധ്യത്തില്‍ വൈകിട്ട്‌ നാല്‌ മണിയോടെ നഗ്നയോട്ടം നടത്തി. തിരക്കേറിയ എം. ജി. റോഡില്‍ യുവാവ്‌ പ്ലക്കാര്‍ഡ്‌ ഉയര്‍ത്തി പിടിച്ചാണ്‌ നഗ്‌നനായി ഓടിയത്‌. അഴിമതിയാരോപിതനായ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.ജി. ബാലകൃഷ്‌ണന്‍ രാജിവെയ്‌ക്കുകയെന്നും അതിനു താഴെ എറണാകുളം ലോ കോളേജ്‌ എന്നും എഴുതിയിരുന്നു.

2012 ഡിസംബറിൽ , മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.ജി. ബാലകൃഷ്‌ണന്റെ രാജി ആവശ്യപ്പെട്ട്‌ ഒരു യുവാവ്‌ കൊച്ചി നഗരമധ്യത്തില്‍ സ്ട്രീക്കിങ് നടത്തിയപ്പോള്‍
2012 ഡിസംബറിൽ , മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.ജി. ബാലകൃഷ്‌ണന്റെ രാജി ആവശ്യപ്പെട്ട്‌ ഒരു യുവാവ്‌ കൊച്ചി നഗരമധ്യത്തില്‍ സ്ട്രീക്കിങ് നടത്തിയപ്പോള്‍

മുഖം തുണികൊണ്ട്‌ മറച്ച്‌ മഹാരാജാസ്‌ ഗ്രൗണ്ടിനു സമാന്തരമായി നൂറു മീറ്ററോളം ഓടിയ യുവാവ്‌ പിന്നീട്‌ സുഹൃത്തിന്റെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ചുവപ്പ്‌ സിഗ്‌നല്‍ വീണു കിടന്നതിനാല്‍ യുവാവ്‌ ഓടുന്ന വശത്ത്‌ അധികം വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല. എതിര്‍ വശത്ത്‌ വാഹനങ്ങളിലും കാല്‍ നടയായും സഞ്ചരിച്ചവര്‍ യുവാവിന്റെ പ്രകടനം കണ്ട്‌ ഞെട്ടി. പക്ഷേ, ഏറെ താമസിയാതെ പോലീസ് ആളെ പൊക്കി. അതിനിടെ നഗ്നയോട്ടം നടത്തിയ യുവാവിനു പിന്തുണയുമായി ലോ കോളജ് വിദ്യാര്‍ഥികള്‍ രംഗത്തെത്തി. പ്രതിഷേധത്തിന്റെ വേറിട്ട വഴി കണ്ടെത്തിയ യുവാവിനെ അഭിനന്ദിച്ചു ലോ കോളജ് ക്യാംപസില്‍ ഒരുപറ്റം വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയെന്നാണ് അതിൻ്റെ ബാക്കി പത്രം.

ആദ്യത്തെ നഗ്നയോട്ടം റിപ്പോർട്ട് ചെയ്ത സത്യനെന്ന സത്യവ്രതൻ കേരളത്തിലെ തന്നെ, ഏറ്റവും മുതിർന്ന പത്രപ്രവർത്തകന്മാരിലൊരാളായിരുന്നു. 30 വർഷത്തോളം മാതൃഭൂമിയിൽ പ്രവർത്തിച്ചു. ന്യൂസ് കോർഡിനേറ്ററായി 1988 ൽ വിരമിച്ചു. പിന്നീട് കേരളകൗമുദി ദിനപത്രത്തിൻ്റെ റസിഡൻ്റ് എഡിറ്ററായി. 1993 മുതൽ പതിനഞ്ച് വർഷത്തോളം കേരള പ്രസ് അക്കാഡമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ്റെ ഡയറക്ടറായിരുന്നു. 2010 ജനുവരി 25 ന് അന്തരിച്ചു. ബ്രോഡ് വേയിലെ ഈ നാല് ലോ കോളേജ് വിദ്യാർത്ഥികളുടെ നഗ്നയോട്ടം ലൈവ് കണ്ടവരുടെ മനസിൽ ഇന്നും അനശ്വരമായി ഓടുന്നുണ്ട് അര നൂറ്റാണ്ട് പിന്നിട്ട ആ ‘ബ്ലാക്ക് ആൻ്റ് വൈറ്റ് ‘. റീൽ.

logo
The Fourth
www.thefourthnews.in