തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോറ്റും ജയിച്ചും ചരിത്രം കുറിച്ച 'ഒരു ദേശത്തിന്റെ എംപി'

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോറ്റും ജയിച്ചും ചരിത്രം കുറിച്ച 'ഒരു ദേശത്തിന്റെ എംപി'

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ രണ്ടു തവണ കളത്തിലിറങ്ങി തോറ്റും ജയിച്ചും ചരിത്രം കുറിച്ചയാളാണ് ജ്ഞാനപീഠം ജേതാവ് എസ് കെ പൊറ്റെക്കാട്ട്

എസ് കെ പൊറ്റെക്കാട്ടിന് ജ്ഞാനപീഠം നേടിക്കൊടുത്ത ഒരു ദേശത്തിന്റെ കഥയില്‍ നായകന്‍, ശ്രീധരന്‍ താന്‍ ഒരു എംപിയാണെന്ന് ആത്മഗതം ചെയ്യുന്നത് ഓര്‍മയില്ലേ? ആ വാക്കുകള്‍ ഇങ്ങനെ:

''അതെ, എം പിയാണ്. ഭാരതത്തിലെ നാല്‍പ്പതു കോടി പ്രജകളില്‍ നിന്ന് ദല്‍ഹിയിലെ പരമോന്നത നിയമനിര്‍മാണ സഭാ മന്ദിരത്തില്‍ സ്ഥാനം ലഭിച്ച അഞ്ഞൂറ് സാമാജികന്മാരിലൊരാള്‍- അഞ്ച് ലക്ഷം വോട്ടര്‍മാര്‍ തിരഞ്ഞെടുത്തു ലോകസഭയിലേക്കയച്ച ജനപ്രതിനിധി - പ്രധാനമന്ത്രിയുടെ അത്ര അധികാരമില്ലെങ്കിലും പ്രധാനമന്ത്രിയേക്കാള്‍ അവകാശം പുലര്‍ത്തുന്ന എംപി (സഭയില്‍ എംപിമാര്‍ക്ക് പ്രധാനമന്ത്രിമാരെ വിചാരണ ചെയ്യാം. മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് എംപി സമാധാനം പറയണമെന്നില്ല.) എംപി യുടെ മുകളില്‍ രണ്ട് പേരേയുള്ളൂ: സര്‍വ്വേശ്വരനും സ്പീക്കറും.''

1962 ല്‍ തലശേരിയില്‍നിന്ന് ജയിച്ച് ലോക്‌സഭ എംപിയായി എത്തിയ എസ് കെ പൊറ്റെക്കാട്ട് തന്നെയാണ് നോവലിലെ നായകനായ ആ ശ്രീധരന്‍. പൊറ്റെക്കാട്ട് ആ തിരഞ്ഞെടുപ്പില്‍ തോല്പിച്ചതാകട്ടെ മറ്റൊരു പ്രശസ്ത സാഹിത്യകാരനെ, സുകുമാര്‍ അഴീക്കോടിനെ. 66,526 വോട്ടിന് ആയിരുന്നു ആ ആധികാരിക ജയം.

എസ്‌കെ പൊറ്റെക്കാട്ടിന്റെ ആത്മകഥാംശമുള്ള ആ കൃതിയില്‍ അതിരാണിപ്പാടത്തുകാരന്‍ ശ്രീധരന്‍ പാര്‍ലമെന്റില്‍ ചോദിച്ച ഒരു ചോദ്യം ഒരു പത്രക്കടലാസില്‍ കണ്ടതും പരാമര്‍ശിക്കുന്നുണ്ട്. ''കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ച തവളക്കാലുകളുടെ എണ്ണം എത്ര?''

തവളക്കയറ്റുമതിയെക്കുറിച്ച് എംപിയായ പൊറ്റെക്കാട്ട് പാര്‍ലമെന്റില്‍ ചോദിച്ച അതേ ചോദ്യം.

1957ലാണ് കേരളത്തില്‍ ആദ്യമായി ഒരു പ്രസിദ്ധനായ സാഹിത്യകാരന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. തലശേരി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന്. ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി എസ് കെ പൊറ്റെക്കാട്ട് മത്സരിച്ചു. കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. എതിരാളി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം കെ ജിനചന്ദ്രന്‍ മാതൃഭൂമി ദിനപത്രത്തിന്റെ ഡയറക്ടര്‍മാരിലൊരാളായിരുന്നു. ഒരാള്‍ കൂടി അന്ന് മത്സരിക്കാനുണ്ടായിരുന്നു. മുസ്ലിം ലീഗ് പിന്തുണയുള്ള പി എസ് പി സ്ഥാനാര്‍ഥി പത്മപ്രഭാ ഗൗണ്ടര്‍ (എം പി വീരേന്ദ്രകുമാറിന്റെ പിതാവ്).

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോറ്റും ജയിച്ചും ചരിത്രം കുറിച്ച 'ഒരു ദേശത്തിന്റെ എംപി'
'സൈബർ തട്ടിപ്പുകൾ നടത്താൻ ഉപയോഗിക്കുന്നു'; കംബോഡിയയിൽ അയ്യായിരത്തിലകം ഇന്ത്യക്കാരെ ബന്ദികളാക്കിയതായി റിപ്പോർട്ട്

പൊറ്റെക്കാട്ടിന്റെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ രസകരമായിരുന്നു. നിയോജക മണ്ഡലത്തിലെ ഭിത്തികളില്‍ 'എസ് കെ പൊറ്റെക്കാട്ടിന് വോട്ടു ചെയ്യുവിന്‍' എന്ന ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. തൊട്ടുപിന്നാലെ പൊറ്റെക്കാട്ടിനെതിരെയുള്ള എതിരാളികളുടെ പ്രചരണ വാക്യവും പ്രത്യക്ഷപ്പെട്ടു, 'സര്‍വ്വതന്ത്രകുതന്ത്ര സ്വതന്ത്രനെ തോല്പിക്കുക'.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോറ്റും ജയിച്ചും ചരിത്രം കുറിച്ച 'ഒരു ദേശത്തിന്റെ എംപി'
ബി സി ജോജോ: വാര്‍ത്തകളുടെ വേട്ടക്കാരന്‍

പൊറ്റെക്കാട്ട് ഒരു പഴയ കാറ് വാടകയ്‌ക്കെടുത്ത് മണ്ഡലപര്യടനം ആരംഭിച്ചു. കാറ് കുറേയോടിക്കഴിഞ്ഞപ്പോള്‍ രോഗലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങി. വടകര കഴിഞ്ഞപ്പോള്‍ കാറ് നിന്നു. രാത്രിയായതിനാല്‍ കാറില്‍തന്നെ ഡ്രൈവറോടൊപ്പം കഴിച്ചുകൂട്ടാന്‍ പൊറ്റെക്കാട്ട് തീരുമാനിച്ചു.

അതിനിടയില്‍ എതിര്‍ സ്ഥാനാര്‍ഥിയായ പത്മപ്രഭാ ഗൗണ്ടര്‍ക്ക് വേണ്ടി പ്രചരണം നടത്തുന്ന കുറച്ച് പി എസ് പി പ്രവര്‍ത്തകര്‍ അവിടെയെത്തി. പൊറ്റെക്കാട്ടിനെ തിരിച്ചറിഞ്ഞ അവര്‍ പറഞ്ഞു: ''ഇത് നമ്മുടെ എസ്‌ കെ അല്ലേ? ഞങ്ങള്‍ കാറ് തള്ളിത്തരാം.'' അങ്ങനെ അവര്‍ കുറേ ദൂരം കാറ് തള്ളി സ്റ്റാര്‍ട്ടാക്കി. അതിനിടയ്ക്ക് അവര്‍ മുദ്രാവാക്യവും വിളിച്ചു: ''പൊറ്റെക്കാട്ട് സിന്ദാബാദ്. വോട്ടുകളെല്ലാം പിഎസ്പിക്ക് !''

പൊറ്റെക്കാട്ടിനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ ഒട്ടുമിക്ക എഴുത്തുകാരും രംഗത്തിറങ്ങി. എന്‍ വി കൃഷ്ണവാര്യര്‍, എം ടി വാസുദേവന്‍ നായര്‍, വയലാര്‍ രാമവര്‍മ, എം വി ദേവന്‍ എന്നിവര്‍ എസ് കെയുടെ പല യോഗങ്ങളിലും പ്രസംഗിച്ച് ജനങ്ങളെ ആവേശഭരിതരാക്കി. എസ് കെക്ക് ഒരു വോട്ട് നല്‍കി വിജയിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു കൊണ്ടുള്ള സാഹിത്യകാരമാരുടെ നീണ്ട പ്രസ്താവന മാതൃഭൂമി പത്രത്തില്‍ പരസ്യമായി വന്നു. പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 1382 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജിനചന്ദ്രന്‍ വിജയിച്ചു.

പൊറ്റെക്കാട്ട് ഈ തിരഞ്ഞെടുപ്പ് ഫലം വിജയമായി കണക്കാക്കി. യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത ഒരു സാധാരണ സാഹിത്യകാരന്‍ മാത്രമായ തനിക്ക് ഈ തിരഞ്ഞെടുപ്പില്‍ 1,08,732 വോട്ടുകള്‍ ലഭിച്ചുവെന്നത് എസ് കെയ്ക്കുള്ള അംഗീകാരമായിരുന്നു. ആകെ പോള്‍ ചെയ്ത വോട്ടുകള്‍ മൂന്ന് ലക്ഷത്തിനടുത്തായിരുന്നു. അതില്‍ ഒരു ലക്ഷം വോട്ട് എസ് കെ പിടിച്ചു. ചില്ലറക്കാര്യമാണോ?

തന്റെ തോല്‍വിക്ക് കാരണമായി എസ് കെ കണ്ടെത്തിയ ഒരു കാരണം ചിഹ്നം മാറ്റിയതായിരുന്നു. ആദ്യം എസ് കെ ചിഹ്നമായി സ്വീകരിച്ചത് 'ആന' യായിരുന്നു. വയനാട് ഉള്‍പ്പെട്ട മണ്ഡലമായതിനാല്‍ ആദിവാസികള്‍ക്ക് ആനയെ എളുപ്പം മനസിലാകും എന്നതിനാലാണ് ആനയെ സ്വീകരിച്ചത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോറ്റും ജയിച്ചും ചരിത്രം കുറിച്ച 'ഒരു ദേശത്തിന്റെ എംപി'
തൊണ്ണൂറുകളിൽ തരംഗമായി മാറിയ 'വേഡ്പാഡ്' ഇനിയില്ല; വിൻഡോസ് 12ൽ നിന്ന് നീക്കം ചെയ്യാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്

എന്നാല്‍ ഇതേ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന ഒരു പ്രമുഖനായ സ്വതന്ത്ര സ്ഥാനാര്‍ഥി പൂവന്‍ കോഴി ചിഹ്നത്തില്‍ മത്സരിക്കുന്നതാണ് നല്ലതെന്ന് എസ് കെയെ ഉപദേശിച്ചു. അതിനനുസരിച്ച് എസ് കെ തന്റെ ചിഹ്നമായ ആനയെ മാറ്റി പൂവന്‍ കോഴിയെ സ്വീകരിച്ചു. ഉപദേശിച്ച പ്രമുഖന്‍ നിയമസഭയിൽ ആനയായിരുന്നു ചിഹ്നമായി സ്വീകരിച്ചിരുന്നത്. എസ് കെ ആന ചിഹ്നത്തില്‍ പാര്‍ലമെന്റ് സീറ്റില്‍ മത്സരിച്ചാല്‍ തങ്ങളിരുവരും കമ്യൂണിസ്റ്റ്‌റ് സ്വന്തന്ത്രരായി തെറ്റിദ്ധരിച്ചാലോയെന്ന ആശങ്കയുള്ളതിനാലാണ് ഉപദേശിച്ച കമ്മ്യൂണിസ്റ്റ് അല്ലാത്ത ആ പ്രമുഖന്‍ എസ് കെ യെ ഈ കെണിയില്‍ വീഴ്ത്തിയത്. ചിഹ്നം മാറ്റിയത് തനിക്ക് പിന്നീട് വിനയായെന്ന് എസ് കെ ഉറച്ചുവിശ്വസിച്ചു.

തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനുശേഷം നൂറുകണക്കിന് പൂവന്‍ കോഴികളെ കഴുത്തറുത്താണ് എതിരാളികള്‍ എസ് കെയുടെ പരാജയം ആഘോഷിച്ചത്.

1962 ല്‍ പൊറ്റെക്കാട്ട് വീണ്ടും മത്സരിക്കാനെത്തി. 500 രൂപ കെട്ടി വെച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് എ കെ ജിയുടെ കൂടെയായിരുന്നു. ഇത്തവണ ചിഹ്നത്തെപ്പറ്റി ആശയക്കുഴപ്പമില്ലായിരുന്നു. പനിനീര്‍പ്പൂ ചിഹ്നമെന്ന് ആദ്യമേ ഉറപ്പിച്ചു. പി എസ് പിയുടെ പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രൊഫ. സുകുമാര്‍ അഴീക്കോട് മത്സരിക്കാനെത്തിയതോടെ കളം മുറുകി. എസ് കെയ്ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ, കൂടാതെ മുസ്ലിം ലീഗിന്റെയും.

വിചിത്രമായിരുന്നു എസ് കെയുടെ തിരഞ്ഞെടുപ്പ് യോഗങ്ങള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യോഗത്തില്‍ എസ് കെ ചെങ്കൊടിയേന്തും. ലീഗിന്റെ യോഗത്തില്‍ പച്ചക്കൊടിയും. ട്രെയിനിലെ ഗാര്‍ഡിനെപ്പോലെ രണ്ട് കയ്യിലും രണ്ട് നിറത്തില്‍ പതാക.

പക്ഷേ, രണ്ടാം തവണ എസ് കെ പൊറ്റെക്കാടിനെ തലശേരി കൈവിട്ടില്ല. 1962 ഫെബ്രുവരി 27 ന് കേരളത്തില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സാഹിത്യകാരനായ എസ് കെ പൊറ്റെക്കാട്ട് 1962 ഏപ്രില്‍ 16ന് ലോക്‌സഭാംഗമായി മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയ അനുഭവങ്ങളും ഡല്‍ഹിയിലെ പാര്‍ലമെന്റ് കാലത്തെ ജീവിതവും വിഷയമാക്കി അദ്ദേഹം ഒരു നോവലെഴുതാന്‍ തുടങ്ങിയിരുന്നു.' നോര്‍ത്ത് അവന്യൂ ' എന്ന് പേരിട്ട ആ നോവല്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. 1982 ഓഗസ്റ്റ് ആറിന് എസ് കെ പൊറ്റെക്കാട്ട് അന്തരിച്ചു.

logo
The Fourth
www.thefourthnews.in