മരുഭൂമിയില്‍ ഇടറി വീണ ജീവിതങ്ങള്‍

മരുഭൂമിയില്‍ ഇടറി വീണ ജീവിതങ്ങള്‍

മസറകളില്‍ പതിറ്റാണ്ടുകളോളം ആത്മാര്‍ഥമായി ജോലി ചെയ്ത് കുടുംബം പോറ്റിയവരും വര്‍ഷങ്ങളോളം പീഡനം സഹിച്ചവരും രക്ഷപ്പെടാനാവാതെ മരുഭൂമിയില്‍ കുഴിച്ചു മൂടപ്പെട്ടവരുമുണ്ട്.

മരുഭൂമിയെക്കുറിച്ചും ബദുക്കളുടെ ജീവിതത്തെക്കുറിച്ചും എഴുതപ്പെട്ട ക്ലാസിക്ക് രചനയായ വില്‍ഫ്രെഡ് തെസീഗറുടെ 'അറേബ്യന്‍ സാന്റ്‌സ്' കൈയിലെത്തുന്നത് എണ്‍പതുകളുടെ തുടക്കത്തിലാണ്. പ്രൊഫസര്‍ എം കൃഷ്ണന്‍ നായര്‍ക്ക് കൊടുക്കാന്‍ സുഹൃത്ത് കെ യു ഇഖ്ബാല്‍ സൗദിയില്‍ നിന്ന് കൊടുത്തയച്ചതായിരുന്നു. മനസില്‍ തൊടുന്ന വായനാനുഭവമായിത്തീര്‍ന്നു അത്. യെമനിലെ ഹളര്‍ മൗത്ത് മുതല്‍ ഒമാനിലെ സലാല വരെ നീണ്ടു കിടക്കുന്ന ഏറ്റവും വലിയ മണല്‍ക്കാടാണ് റുബുഉല്‍ ഖാലി എന്ന Empty Quarter. 1930 കളിലും നാല്‍പതുകളിലുമായി രണ്ടു വട്ടം ദീര്‍ഘമായി കാല്‍ നടയായും ഒട്ടകപ്പുറത്തും ഇതിലൂടെ ബദുക്കളോടൊപ്പം യാത്ര ചെയ്ത വില്‍ഫ്രഡ് തെസീഗര്‍ എന്ന ബ്രിട്ടീഷ് സൈനികന്‍ വര്‍ഷങ്ങള്‍ക്കു ശേഷം എഴുതിയ കുറിപ്പുകളാണ് നാനൂറില്‍ പരം പേജുകളില്‍ അറേബ്യന്‍ സാന്റ്‌സ് എന്ന പേരില്‍ പുസ്തകമായത്. പിന്നീട് ലോക പ്രസിദ്ധമായി തീര്‍ന്ന ഈ രചന ആദ്യമായി പ്രസിദ്ധീകരിച്ചത് 1959ലാണ്. തെസീഗറുടെ മാര്‍ഷ് അറബ്‌സും ശ്രദ്ധേയ രചനയാണ്.

റുബുഉല്‍ ഖാലിയുടെ 80 ശതമാനവും സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാന്‍ ആദ്യമായി അവസരം ലഭിക്കുന്നത് 1998 ഡിസംബര്‍ 31നാണ്. ഇന്ത്യയുടെ എഴുപത്തഞ്ചു ശതമാനത്തോളം വിസ്തീര്‍ണമുണ്ട് സൗദി അറേബ്യക്ക്. ഗള്‍ഫ് നാടുകളില്‍ വ്യാപ്തിയിലും ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തിലും ഏറ്റവും വലുതാണ് സൗദി രാജകുടുംബം ഭരിക്കുന്ന ഈ രാജ്യം. മിഡില്‍ ഈസ്റ്റിലെ വന്‍കിട പ്രസാധകരായ സൗദി റിസര്‍ച്ച് ആന്‍ഡ് പബ്ലിഷിങ് കമ്പനി മലയാളികള്‍ക്കായി ഒരു ദിന പത്രം തുടങ്ങാന്‍ തീരുമാനിച്ചതിന്റെ ഭാഗമായിരുന്നു യാത്ര. ഉര്‍ദു ഉള്‍പ്പെടെ നാലു ഭാഷകളിലായി ഏഴു പത്രങ്ങളും ഇരുപതോളം മറ്റു പ്രസിദ്ധീകരണങ്ങളും അക്കാലത്ത് കമ്പനിയുടെ കീഴില്‍ ഉണ്ടായിരുന്നു. 1999 ഏപ്രില്‍ 16 ന് പ്രസിദ്ധീകരണം തുടങ്ങിയ മലയാളം ന്യൂസ് പത്രം പ്രവാസികളുടെ ഹൃദയമിടിപ്പായി കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കി. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍ അച്ചടിച്ചിരുന്ന പത്രം എല്ലാ ഗള്‍ഫ് നാടുകളിലും എത്തിയിരുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ തുടക്കത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പ്രവാസികള്‍ക്കിടയില്‍ വായിക്കപ്പെട്ടതോടെ പതുക്കെ പ്രചാരം നേടുകയും സാഹിത്യ അക്കാദമി അവാര്‍ഡ് നേട്ടം കൂടുതല്‍ എഡിഷനിലേക്കു എത്തിക്കുകയുമായിരുന്നു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയായ നജീബ് എന്ന എട്ടും പൊട്ടും തിരിയാത്ത യുവാവും ബാല്യം വിടാത്ത ഹക്കീമും മുംബൈയില്‍ നിന്ന് ഏജന്റ് നല്‍കിയ വിസയുമായി റിയാദ് വിമാനത്താവളത്തില്‍ വന്നിറങ്ങി സ്‌പോണ്‍സറെ കാണാതെ നട്ടം തിരിയുമ്പോള്‍, തന്റെ വിസയില്‍ മസറയിലെ (കൃഷിയിടം) ഇടയ ജോലിക്ക് ഏജന്റ് കയറ്റി വിട്ട രണ്ടു ഹിന്ദികളെ (ഇന്ത്യക്കാര്‍) കാണാതെ വിമാനത്താവളത്തില്‍ കറങ്ങിയ തോട്ടക്കാരനായ ബദു ഇവരെ റാഞ്ചുകയായിരുന്നു.

മരുഭൂ ജീവിതത്തിന്റെ കാഠിന്യത്തെക്കുറിച്ചോ, ആവശ്യത്തിന് കുടിവെള്ളം പോലുമില്ലാതെ ഉണക്ക റൊട്ടി കടിച്ചു ചവച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിനെക്കുറിച്ചോ, ആടുകളേയും ഒട്ടകങ്ങളേയും പരിപാലിക്കുന്നതിനെക്കുറിച്ചോ ഒന്നുമറിയാത്ത നജീബും സുഹൃത്തും മലയാളത്തില്‍ നടത്തുന്ന യാചനകള്‍ ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നത്. മരുഭൂമിയുടെ കാഠിന്യം പരുവപ്പെടുത്തിയ ബദുക്കള്‍ക്ക് ഹിന്ദികള്‍ മടിയന്മാരായ പണിക്കാര്‍ മാത്രം. കഫീലിന്റെ മകളുടെ കല്യാണ ദിവസം മസറയില്‍ നിന്നു രക്ഷപ്പെടാന്‍ മറ്റൊരു മസറയിലെ ജോലിക്കാരനായ ആഫ്രിക്കക്കാരന്‍ ഇബ്രാഹിം ഖാദിരിയുടെ സഹായത്തോടെ ഇവര്‍ നടത്തിയ അതിസാഹസികമായ ശ്രമവും വഴിയില്‍ ഹക്കീം ജീവന്‍ വെടിയുന്നതും ഭാഗ്യത്തിന്റെ ബലത്തില്‍ നജീബ് രക്ഷപ്പെടുന്നതുമാണ് കഥ.

മാധ്യമം ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ച ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ തുടക്കത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പ്രവാസികള്‍ക്കിടയില്‍ വായിക്കപ്പെട്ടതോടെ പതുക്കെ പ്രചാരം നേടുകയും സാഹിത്യ അക്കാദമി അവാര്‍ഡ് നേട്ടം കൂടുതല്‍ എഡിഷനിലേക്കു എത്തിക്കുകയുമായിരുന്നു.

രണ്ടു വര്‍ഷത്തെ ആടുജീവിതം ജീവന്‍ മാത്രം തിരിച്ചു നല്‍കിയാണ് നജീബിനെ നാട്ടിലേക്കയച്ചത്. വീണ്ടും തൊഴിലില്ലാത്ത പഴയ അവസ്ഥ തന്നെ. മസറക്കാലം ദുഃസ്വപ്‌നം പോലെ മനസില്‍ സൂക്ഷിച്ച് മറ്റൊരു വിസയില്‍ ബഹ്റൈനിലെത്തി തൊഴിലന്വേഷിക്കുമ്പോള്‍ യാദൃച്ഛികമായാണ് ബെന്യാമിനെ കണ്ടുമുട്ടുന്നത്. അമേരിക്കന്‍ സൈനിക താവളത്തില്‍ ഒഴിഞ്ഞ കാനുകളും കുപ്പികളും മറ്റും ശേഖരിക്കുന്നൊരു ജോലിയുണ്ട്, പക്ഷേ നിങ്ങള്‍ക്കൊക്കെ അതു ചെയ്യാന്‍ പ്രയാസമായിരിക്കുമെന്ന് ബെന്യാമിന്റെ സുഹൃത്ത് പറഞ്ഞപ്പോള്‍ ഇതെനിക്ക് എളുപ്പമാണ്, മരുഭൂമിയില്‍ ഞാന്‍ ചെയ്ത ജോലിയൊന്നും നിങ്ങള്‍ക്കു സങ്കല്‍പിക്കാന്‍ കഴിയില്ല എന്ന നജീബിന്റെ വാക്കുകളാണ് ബെന്യാമിനിലെ എഴുത്തുകാരനെ സ്പര്‍ശിച്ചത്.

പിന്നീട് ഇരുവരും പലവട്ടം ദീര്‍ഘമായ സംഭാഷണങ്ങള്‍ നടത്തി. ഇക്കാലത്ത് മലയാളം ന്യൂസിന്റെ സണ്‍ഡേപ്ലസില്‍ കഥകള്‍ എഴുതാറുണ്ടായിരുന്നു ബെന്യാമിന്‍. നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചപ്പോള്‍ പ്രവാസിയുടെ ദുരിത ജീവിതം ചിത്രീകരിച്ച പ്രവാസിയായ എഴുത്തുകാരനു ലഭിച്ച അംഗീകാരം എന്ന നിലയില്‍ മലയാളം ന്യൂസ് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സൗദിയിലെ അല്‍ഹസയിലുള്ള കവി സുനില്‍ ആയിരുന്നു രചയിതാവ്. അറബികളെ മോശമായി ചിത്രീകരിക്കുന്നു എന്നും മറ്റും ചൂണ്ടിക്കാട്ടി ചില കത്തുകള്‍ പത്രാധിപര്‍ക്കു ലഭിച്ചെങ്കിലും പൊതുവേ നോവലിനോട് അനുഭാവ പൂര്‍ണമായ സമീപനമായിരുന്നു വായനക്കാര്‍ക്ക്. മുഹമ്മദ് അസദിന്റെ റോഡ് ടു മെക്കയിലെ ചില ഖണ്ഡികകള്‍ക്കു സമാനമായ വിവരണങ്ങള്‍ നോവലില്‍ ഉണ്ടെന്ന് ചിലര്‍ ആരോപിച്ചു. റിയാദിലെ പോലീസ് സ്‌റ്റേഷന്‍, തര്‍ഹീല്‍ എന്നിവ നില്‍ക്കുന്ന സ്ഥലം എഴുതിയതില്‍ വസ്തുതാപരമായ പിശകുകള്‍ ഉണ്ടെന്നും ഒരാളുടെ അനുഭവം എങ്ങനെ നോവല്‍ ആകുമെന്നും ചൂണ്ടിക്കാട്ടി സാഹിത്യ നിരൂപകനും മലയാളം അധ്യാപകനുമായ എ പി അഹമ്മദ് രംഗത്തു വന്നു. ചര്‍ച്ച അതിരു കടന്നപ്പോള്‍ വൈകാതെ വിവാദത്തിനു തിരശീലയിടുകയാണ് ചെയ്തത്.

മരുഭൂമിയില്‍ ഇടറി വീണ ജീവിതങ്ങള്‍
നജീബിന്റെ രക്ഷകന്‍; ആരാണ് ആടുജീവിതത്തിലെ ഇബ്രാഹിം ഖാദിരി?

മസറകളില്‍ പതിറ്റാണ്ടുകളോളം ആത്മാര്‍ഥമായി ജോലി ചെയ്ത് കുടുംബം പോറ്റിയവരും വര്‍ഷങ്ങളോളം പീഡനം സഹിച്ചവരും രക്ഷപ്പെടാനാവാതെ മരുഭൂമിയില്‍ കുഴിച്ചു മൂടപ്പെട്ടവരുമുണ്ട്. തലസ്ഥാനമായ റിയാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ നാനൂറില്‍പരം ആടുകളും നൂറു കണക്കിന് ഒട്ടകങ്ങളുമുള്ള കുടുംബം വക മസറകള്‍ സന്ദര്‍ശിക്കാനും അവിടെ ഇന്ത്യക്കാരും ആഫ്രിക്കക്കാരും എങ്ങനെയാണ് കഴിയുന്നതെന്നു കാണാനും സുഹൃത്തും എഞ്ചിനീയറുമായ മുഹമ്മദ് അല്‍ മുതൈരി പലവട്ടം ക്ഷണിച്ചെങ്കിലും പോകാന്‍ കഴിഞ്ഞിരുന്നില്ല. ജിദ്ദ വിമാനത്താവളത്തിലെ ഒരനുഭവം എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ റസാഖ് കൈപ്പുറം അനുസ്മരിക്കുന്നു:

'' 1979 ലാണ് സൗദിയില്‍ വന്നത്. 81ല്‍ ആദ്യ അവധിക്ക് നാട്ടില്‍ പോകാന്‍ സന്തോഷത്തോടെ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു. മുഷിഞ്ഞു നാറിയ വേഷത്തില്‍ എല്ലും തോലുമായ ഒരാള്‍ അവശനായി ഇരിക്കുന്നതു കണ്ടു. കാഴ്ചയില്‍ മലയാളിയാണെന്നു തോന്നിയില്ല. കൈകാലുകള്‍ മൃഗങ്ങളുടേതു പോലെ ശോഷിച്ചും നഖങ്ങള്‍ നീണ്ടും ഇരുന്നു. പോലീസുകാര്‍ കൂടെ ഉണ്ടായിരുന്നതിനാല്‍ മിക്കവരും അകലം പാലിച്ചു. മലയാളിയാണെന്ന് ആരോ പറഞ്ഞപ്പോള്‍ ഞങ്ങള്‍ അടുത്തു ചെന്നു. തര്‍ഹീലില്‍ ( തടവുകാരെ താല്‍ക്കാലികമായി പാര്‍പ്പിക്കുന്ന കേന്ദ്രം ) നിന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കിയ താല്‍ക്കാലിക രേഖയുമായി നാട്ടിലേക്കു കയറ്റി വിടാന്‍ കൊണ്ടു വന്നതായിരുന്നു മലബാറിലെ ഏതോ ഗ്രാമത്തില്‍ നിന്നുള്ള ഈ യുവാവിനെ. വിവരങ്ങള്‍ പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് വാദി ദവാസിലെ മരുഭൂമിയിലെ വര്‍ഷങ്ങള്‍ നീണ്ട ആടുജീവിതം വിവരിക്കുന്ന അയാളുടെ മുഖം ജീവിതത്തിലൊരിക്കലും മറക്കില്ല. കടുത്ത പനിയില്‍ വിറയ്ക്കുന്ന അയാള്‍ക്ക് യാത്രക്കാരുടെ കൂട്ടത്തിലുള്ള ഒരു ഡോക്ടര്‍ മരുന്നു നല്‍കി. അക്കാലത്ത് വിമാന സര്‍വീസുകള്‍ ബോംബെക്കായിരുന്നു. വെറും കയ്യോടെ നാട്ടിലേക്കു മടങ്ങുന്ന ആ യുവാവിന് സാമാന്യം ഭേദപ്പെട്ട തുക യാത്രക്കാരായ ഞങ്ങള്‍ പിരിച്ചു നല്‍കി ''

പീഡനത്തിന്റേയും സഹനത്തിന്റേയും എണ്ണമറ്റ കഥകളാണ് അക്കാലത്ത് പത്രങ്ങളില്‍ വന്നു കൊണ്ടിരുന്നത്. റിയാദില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ മരുഭൂമിയില്‍ മസറ നടത്തിയിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ഇഖ്ബാല്‍ ഇപ്പോള്‍ നാട്ടിലുണ്ട്. കഫീല്‍ അയാള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. വീട്ടു ജോലിക്കായി എത്തുന്ന (ഗദ്ദാമ) സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളും പതിവു വാര്‍ത്തയായിരുന്നു. മലയാളം ന്യൂസ് ഉള്‍പ്പടെ സൗദിയില്‍ നിന്നു പുറത്തിറങ്ങുന്ന പത്രങ്ങളില്‍ തന്നെ ഇത്തരം ധാരാളം വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഹായിലില്‍ നിന്ന് 200ല്‍ പരം കിലോമീറ്റര്‍ അകലെ മരുഭൂമിയില്‍ 18 വര്‍ഷം ആടു ജീവിതം നയിച്ച് ഒടുവില്‍ മറ്റൊരു അറബിയുടെ കാരുണ്യത്തില്‍ പുറം ലോകം കണ്ട, സ്വന്തം ഭാഷ പോലും മറന്നു പോയ തമിഴ്‌നാട്ടുകാരന്‍ പെരിയ സ്വാമിയുടെ കഥ വഹീദ് സമാന്‍ റിപ്പോര്‍ട്ടു ചെയ്തത് വലിയ തോതില്‍ വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

കാറിന്റെ റേഡിയേറ്ററില്‍ നിന്നു വെള്ളം കുടിക്കാന്‍ ശ്രമിച്ചു മരിച്ചു കിടക്കുന്ന അമ്മയും കുഞ്ഞുങ്ങളുമടങ്ങിയ ഒരു കുടുംബത്തിന്റെ ചിത്രം ഒരിക്കലും മറക്കാനാവാത്ത വിധം ഹൃദയത്തില്‍ പതിഞ്ഞു കിടക്കുന്നു.

റുബുഉല്‍ ഖാലിയോട് ചേര്‍ന്ന് വിലയ്ക്കു വാങ്ങിയ മസറയുടെ ഒരു ഭാഗം ബുള്‍ഡോസര്‍ ഉപയോഗിച്ച് കുഴിയെടുത്ത സൗദിക്ക് മനുഷ്യന്റെ നാല് അസ്ഥികൂടങ്ങള്‍ ലഭിച്ചു. പോലീസ് പരിശോധനയില്‍ പരിസരത്തു നിന്നു പ്ലാസ്റ്റിക് കടവറില്‍ പൊതിഞ്ഞ ഇഖാമകള്‍ (താമസ രേഖ) കിട്ടിയതോടെയാണ് കൊല്ലപ്പെട്ടവരില്‍ മൂന്നു പേര്‍ മലയാളികളാണെന്നു വെളിപ്പെട്ടത്. ഫാം ഉടമയെ ചോദ്യം ചെയ്ത പോലീസ് സത്യം പുറത്തു കൊണ്ടു വന്നു. ഒരു മലയാളിയും ഒരു യുപിക്കാരനുമാണ് ഈന്തപ്പനകള്‍ ഉള്‍പ്പടെ കൃഷി ചെയ്തിരുന്ന സാമാന്യം വലുപ്പമുള്ള ആ മസറയില്‍ ജോലി ചെയ്തിരുന്നത്. വാരാന്ത്യങ്ങളില്‍ കഫീലും കുടുംബവും വന്ന് രാത്രി വൈകുവോളം ഭക്ഷണമുണ്ടാക്കിയും പാട്ടുപാടിയുമൊക്കെ സമയം ചിലവഴിക്കാറുണ്ടായിരുന്ന അവിടെ ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിനം കഫീലും കുടുംബവും യുവതികളായ മക്കളും വന്നു കയറിയപ്പോള്‍ പുറത്ത് ഒരു ലാന്റ് ക്രൂസര്‍ കണ്ടു.

മരുഭൂമിയില്‍ ഇടറി വീണ ജീവിതങ്ങള്‍
ആടുജീവിതം നോവൽ അതേപോലെ സിനിമയാക്കിയിട്ടില്ല: ബ്ലെസി

മലയാളിയുടെ സുഹൃത്തുക്കളായ ഒരു സംഘം കടിയും തീറ്റയുമായി അര്‍മാദിക്കുകയാണ്. കൂട്ടത്തിലൊരാള്‍ കഫീലിന്റെ മകളെ നോക്കി എന്തോ കമന്റു പറഞ്ഞത്രേ. മിണ്ടാതെ മാറി നിന്ന കഫീല്‍ ഫോണ്‍ ചെയ്ത് ബന്ധുക്കളെ വരുത്തുകയും തോക്കുമായെത്തിയ അവര്‍ നാലു പേരെ വെടിവെച്ചു കൊല്ലുകയുമായിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്നത് ഒട്ടും സഹിക്കാത്തവരാണ് അറബികള്‍. നജീബിന്റെ കഥ സിനിമയാവുകയും കേരളീയര്‍ അതേറ്റു വാങ്ങുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇത്തരം കഥകള്‍ കൂടി ഓര്‍ത്തു പോയതാണ്. മരുഭൂമിയില്‍ വഴിതെറ്റി ജീവന്‍ നഷ്ടപ്പെടുന്നവരെക്കുറിച്ചും വാര്‍ത്തകള്‍ വരാറുണ്ട്. കാറിന്റെ റേഡിയേറ്ററില്‍ നിന്നു വെള്ളം കുടിക്കാന്‍ ശ്രമിച്ചു മരിച്ചു കിടക്കുന്ന അമ്മയും കുഞ്ഞുങ്ങളുമടങ്ങിയ ഒരു കുടുംബത്തിന്റെ ചിത്രം ഒരിക്കലും മറക്കാനാവാത്ത വിധം ഹൃദയത്തില്‍ പതിഞ്ഞു കിടക്കുന്നു.

ഒരാള്‍ അനുഭവിച്ച ജീവിതം മറ്റുള്ളവര്‍ക്ക് വെറും കഥ മാത്രമാണ്. അതുകൊണ്ടു തന്നെ സിനിമയെ ഇഴകീറി ഗുണദോഷ വിചാരം നടത്തുന്ന ദിനങ്ങളായിരിക്കും ഇനി. കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ടാണ് നജീബിൻ്റെ വേഷം ചെയ്ത പൃഥ്വിരാജും മറ്റു നടന്മാരും അഭിനയിച്ചത്. കോവിഡ് കാല പ്രതിസന്ധികളില്‍ കുടുങ്ങി നീണ്ടു പോയ ബ്ലെസിയുടെ ആടു ജീവിതത്തിനു പിന്നില്‍ കഠിനാധ്വാനത്തിന്റെ കഥയുണ്ട്. മലയാളിക്ക് പൊതുവേ അപരിചിതമായ മരുഭൂ ജീവിതം പകര്‍ത്താന്‍ ജോര്‍ദ്ദാനിലും മറ്റും സഞ്ചരിച്ച് ബ്ലെസിയും സംഘവും സഹിച്ച ദുരിതങ്ങള്‍ക്കു ഫലമുണ്ടായി എന്നു സംശയമില്ലാതെ പറയാന്‍ കഴിയും. നോവല്‍ വായിച്ചവരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സാങ്കേതികതയിലും അഭിനയത്തിലും മികച്ചു നില്‍ക്കുന്ന ചിത്രമാണ് ക്ലാസിക് എന്നു പറയാവുന്ന ആടു ജീവിതം. അറബിയിലുള്ള പല ഡയലോഗുകളുടേയും മലയാളം സബ്ടൈറ്റില്‍ കാണിക്കാത്തത് ആസ്വാദനത്തിന് ചെറിയ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. നോവലില്‍ പ്രാധാന്യം നല്‍കിയ ചില മേഖലകള്‍ സിനിമയില്‍ വേണ്ടത്ര പ്രാധാന്യം കല്‍പ്പിക്കപ്പെടാതെ പോയി. നോവലുകള്‍ സിനിമയാകുമ്പോള്‍ കൃതിയെ മറി കടക്കുന്ന സൃഷ്ടികള്‍ അപൂര്‍മായേ ഉണ്ടാകാറുള്ളു. നോവലിനോട് കിട പിടിക്കുന്ന ചലച്ചിത്രമാണ് ബ്ലെസിയുടേത്.

logo
The Fourth
www.thefourthnews.in