തിരഞ്ഞെടുപ്പ് കമ്മിഷന് പല്ലും നഖവും നൽകിയ ടി എൻ ശേഷൻ

തിരഞ്ഞെടുപ്പ് കമ്മിഷന് പല്ലും നഖവും നൽകിയ ടി എൻ ശേഷൻ

1990 ഡിസംബറിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ടി എൻ ശേഷൻ ചുമതലയേൽക്കുന്നത്
Summary

ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനത്തിലെ  കളകളെല്ലാം പറിച്ച്,  ജനാധിപത്യ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ കൃത്യമായി നടപ്പാക്കി, രാഷ്ട്രീയക്കാരെ അത് അനുസരിപ്പിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു ശേഷൻ. 

“ജനാധിപത്യത്തിൻ്റെ ഹൃദയ സ്പന്ദനമാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിൻ്റെ വേഗം കൂടിയാലും കുറഞ്ഞാലും ഒരുപോലെ കുഴപ്പമാകും; ഹൃദയത്തിൻ്റെ സ്പന്ദനം കൂടിയാലും കുറഞ്ഞാലും കുഴപ്പമാകുന്നതു പോലെ,'' നാനി പാൽക്കിവാല, ഇന്ത്യൻ നിയമജ്ഞൻ.

ദൈവം കഴിഞ്ഞാൽ രാഷ്ട്രീയക്കാർ ഭയപ്പെട്ടിരുന്ന ഒരാളെ ഇന്ത്യയിലുണ്ടായിട്ടുള്ളൂ - ടി എൻ ശേഷൻ. ഇന്ത്യയുടെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു മലയാളിയായിരുന്ന ശേഷൻ. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചരിത്രം രേഖപ്പെടുത്തുകയാണെങ്കില്‍ അത് ശേഷന്‍ കമ്മിഷണറായതിന് മുൻപും ശേഷവും എന്ന് എഴുതേണ്ടി വരും.

ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനത്തിലെ  കളകളെല്ലാം പറിച്ച്,  ജനാധിപത്യ-തിരഞ്ഞെടുപ്പ് ചട്ടങ്ങൾ കൃത്യമായി നടപ്പാക്കി, രാഷ്ട്രീയക്കാരെ അത് അനുസരിപ്പിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു ശേഷൻ. 

1950-ൽ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ സുകുമാർ സെൻ നയിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ മുതൽ ശേഷന്റെ മുൻഗാമി വി എസ് രമാദേവി നയിച്ച ഒൻപതാം കമ്മിഷൻ വരെ ശ്രമിച്ചിട്ട് നടപ്പാക്കാൻ കഴിയാത്ത പരിഷ്കാരങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് ശേഷൻ നടപ്പാക്കിയത്. സർക്കാരിൻ്റെ സൗകര്യം നോക്കി തിരഞ്ഞെടുപ്പ് നടത്തുന്ന യജമാന ഭക്തരായിരുന്ന ഒരു സംവിധാനത്തെ ജനാധിപത്യത്തിന്റെ ഉശിരുള്ള കാവൽ നായയായി മാറ്റിയതിനുള്ള ക്രെഡിറ്റ് ശേഷനു സ്വന്തം. 

ടിഎൻ ശേഷൻ
ടിഎൻ ശേഷൻ

1990 ഡിസംബറിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ടി എൻ ശേഷൻ ചുമതലയേൽക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്താണെന്നും അതിൻ്റെ അധികാരം എന്താണെന്നും രാഷ്ട്രീയക്കാരും സർക്കാരും ജനങ്ങളും ഏറെ താമസിയാതെ അറിഞ്ഞു. ഈ അധികാരങ്ങളൊക്കെ ശേഷൻ്റെ മുൻഗാമികൾക്കുണ്ടായിരുന്നെങ്കിലും അത് ഉയോഗിക്കാൻ രാഷ്ട്രീയക്കാരെ പേടിച്ച് അവരാരും തയാറായിരുന്നില്ല. ശേഷൻ വേറിട്ട കമ്മിഷണറായിരുന്നു. പരുക്കൻ ബ്യൂറോക്രാറ്റ്. നടക്കണോ നിൽക്കണോ എന്ന് ചോദിച്ചാൽ നിയമപുസ്തകം നോക്കി മാത്രം അനുമതി നൽകുന്ന ആൾ.  

തിരുനെല്ലായി നാരായണയ്യർ ശേഷനെന്ന പാലക്കാടുകാരൻ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ബിരുദത്തിന് പഠിച്ചത്  ഊർജതന്ത്രമായിരുന്നു. 1955-ൽ ഐഎഎസ് നേടി. 1965-ൽ മധുരയിൽ ജില്ലാ കലക്ടറായി ശേഷനു നിയമനം ലഭിച്ചപ്പോൾ തമിഴ്നാട്ടിൽ ഹിന്ദിവിരുദ്ധ പ്രക്ഷോഭം അലയടിക്കുന്ന കാലമായിരുന്നു. തെരുവിൽ പ്രക്ഷോഭം നടത്തിയ ഹിന്ദിവിരുദ്ധക്കാരെ യാതൊരു ദാക്ഷിണ്യവും കൂടാതെ പോലീസിനെ വിട്ട് കൈകാര്യം ചെയ്തതോടെ ശേഷനെന്ന കലക്ടർ രാഷ്ടീയ വൃത്തങ്ങളിൽ പ്രശസ്തനായി. പൗരാവകാശത്തെ ക്രൂരമായി അടിച്ചമർത്തുന്ന മധുര കലക്ടർക്കെതിരെയുള്ള പരാതികൾ തമിഴ്നാട് മുഖ്യമന്ത്രി ഭക്തവത്സലത്തിനടുത്തെത്തി. ഒടുവിൽ ഭക്തവത്സലം കലക്ടറെ സ്ഥലം മാറ്റി പ്രശ്നം പരിഹരിച്ചു. പിന്നീട് വ്യവസായ വകുപ്പിലും കൃഷിവകുപ്പിലും സെക്രട്ടറിയായ ശേഷൻ എം ജി രാമചന്ദ്രൻ മുഖ്യമന്ത്രിയായപ്പോൾ ഭരണകക്ഷി നേതാക്കളുമായി  പല പ്രശ്നങ്ങളിലും നിരന്തരം കലഹിച്ചു.  

തിരഞ്ഞെടുപ്പ് കമ്മിഷന് പല്ലും നഖവും നൽകിയ ടി എൻ ശേഷൻ
പിളര്‍പ്പിന്റെ അറുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍

കലഹം മടുത്ത ശേഷൻ കേന്ദ്രത്തിലേക്കു നിയമനം വാങ്ങി. അവിടെ അറ്റോമിക്ക് എനർജി വകുപ്പിൽ സെക്രട്ടറിയായിരിക്കെ ചെയർമാനായ ഹോമി സെയ്‌തനയുമായി നിരന്തരം കശപിശയായിരുന്നു. ശേഷൻ്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ സെയ്‌തന എഴുതിയ പരാമർശം ഇങ്ങനെ: “’He is aggressive and a bully to those under him”. കലഹം മൂത്തപ്പോൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രണ്ട് പേരെയും വിളിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിലെ വിവാദ പരാമർശം നീക്കം ചെയ്തു.

പിന്നീട് വനം-പരിസ്ഥിതി വകുപ്പിൽ സെക്രട്ടറിയായ ശേഷനെ രാജീവ് ഗാന്ധി ക്യാബിനറ്റ് സെക്രട്ടറിയാക്കി. പ്രധാനമന്ത്രിയെ സംരക്ഷിക്കാനുള്ള ചുമതലയും അദ്ദേഹത്തിനു ലഭിച്ചു. സുരക്ഷയെക്കുറിച്ചുള്ള ശേഷൻ്റെ  ഉപദേശം രാജീവ് അവഗണിച്ചത് പിന്നീട് അധികാരമൊഴിഞ്ഞപ്പോൾ രാജീവ് ഗാന്ധിക്കു വിനയായി.

ടിഎൻ ശേഷൻ രാജീവ് ഗാന്ധിക്കൊപ്പം
ടിഎൻ ശേഷൻ രാജീവ് ഗാന്ധിക്കൊപ്പം

1990-ൽ ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരുന്നപ്പോഴാണു ശേഷനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുന്നത്. ജനത പാർട്ടിയിലെ ഡോ. സുബ്രഹ്മണ്യൻ സ്വാമിയായിരുന്നു ഈ നിയമനത്തിനു പിന്നിൽ. ശേഷൻ ഹാർവാഡ് സർവകലാശാലയിൽ  ഉപരിപഠനം നടത്തിയിരുന്ന കാലത്ത് സുബ്രഹ്മണ്യൻ  സ്വാമി അവിടെ അധ്യാപകനായിരുന്നു. ശേഷൻ്റെ കഴിവിൽ അന്നേ മതിപ്പുണ്ടായിരുന്ന സ്വാമി ശേഷനെ ചന്ദ്രശേഖറിൻ്റെ ശ്രദ്ധയിൽപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷണറാക്കി.

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ 150-ഓളം പിഴവുകൾ ലിസ്റ്റ് ചെയ്ത ശേഷൻ അവയെ ഇല്ലാതാക്കി പഴുതുകളെല്ലാമടച്ച് പരിഷ്കാരങ്ങളും ചട്ടങ്ങളും നിർദേശിച്ച് കൊണ്ടൊരു 32 പേജുള്ള മാർഗനിർദേശ പുസ്തകം സർക്കാരിന് സമർപ്പിച്ചു. ഇന്ത്യയിൽ ശരിയായി തിരഞ്ഞെടുപ്പ് നടത്തേണ്ടതെങ്ങനെയാണെന്ന് വിശദമാക്കുന്ന ആ ആധികാരിക രേഖകൾ സർക്കാർ അവഗണിച്ചു. പക്ഷേ, ശേഷൻ ആരംഭിക്കുകയായിരുന്നു. കാര്യക്ഷമതയും വേഗതയുമായിരുന്നു ശേഷൻ്റെ പ്രത്യയശാസ്ത്രം.

1993-ൽ ഉത്തരേന്ത്യയിൽ ഒൻപത് സംസ്ഥാനങ്ങളിൽ തിരഞ്ഞടുപ്പ് നടന്നു. പുതിയ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിശിതമായ മേൽനോട്ടത്താൽ അവയെല്ലാം സമാധാനപരമായി അവസാനിച്ചു. യുപിയിൽ പോലും യാതൊരു അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ തിരഞ്ഞെടുപ്പ് നടന്നുവെന്നത് ശേഷനും അദ്ദേഹത്തിൻ്റെ കമ്മിഷൻ്റെയും പ്രവർത്തനം ലക്ഷ്യത്തിലെത്തിയെന്ന സന്ദേശമായിരുന്നു. അതുവരെ സംശയത്തോടെ ശേഷനെ കണ്ടിരുന്ന മാധ്യമങ്ങൾ ഒടുവിൽ അദ്ദേഹത്തെ അംഗീകരിച്ചു. പതിനായിരക്കണക്കിന് ജോലിക്കാരുടെ കൂട്ടായ പ്രയത്നഫലമായിരുന്നു അത്. വോട്ടിങ് ബൂത്തിലെ  ജീവനക്കാർ, സുരക്ഷാഭടന്മാർ, വോട്ടിങ് മേൽനോട്ടം വഹിക്കുന്നവർ, ഫലം കൈകാര്യം ചെയ്യുന്നവർ തുടങ്ങിയവരുടെ ഏകോപനം കൃത്യമായി നിർവഹിച്ച ശേഷനെയും തിരഞ്ഞടുപ്പ് കമ്മിഷനേയും മാധ്യമങ്ങൾ അളവറ്റ് പ്രശംസിച്ചു.

ദി പയനിയർ പത്രം 1993 നവംബർ 23 ന് എഴുതിയ എഡിറ്റോറിയലിന്റെ തലക്കെട്ട്, “Thank You Mr Seshan” എന്നായിരുന്നു. സ്‌റ്റേറ്റ്സ്മാൻ  പത്രം 1993 ഡിസംബർ 17ന് എഴുതി, “ഭരണകക്ഷി സൃഷ്ടിച്ച ഫ്രാങ്കെസ്റൈനായി ശേഷൻ മാറിയെങ്കിലും അദ്ദേഹത്തെ ഭരണഘടനാ പരമായി ഇംപീച്ച് ചെയ്യാനുള്ള ഒരു കാരണം ഇനിയും പാർലമെൻ്റിൽ എത്തിയിട്ടില്ല. രാഷ്ട്രീയ കക്ഷികളെ പ്രകോപിപ്പിച്ച ഇദ്ദേഹം ഒരു അസാധാരണ മനുഷ്യനാണ്. തിരഞ്ഞെടുപ്പ് കമ്മfഷൻ്റെ അധികാരങ്ങൾ ഇത്തരത്തിൽ ആദ്യമായാണ് ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്നത്.”

തിരഞ്ഞെടുപ്പ് കമ്മിഷന് പല്ലും നഖവും നൽകിയ ടി എൻ ശേഷൻ
മണ്ഡലം തകർത്ത മലയാറ്റൂരിന്റെ പാർലമെന്ററി അരങ്ങേറ്റം

ഏറെ കഴിയും മുൻപേ ശേഷൻ രാജ്യത്തെ ശ്രദ്ധാകേന്ദ്രമായി ഉയർന്നു. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിൽ കൊണ്ടുവരികയായിരുന്നു ശേഷൻ്റെ ആദ്യത്തെ നടപടി. അതോടെ ശുചീകരണമാരംഭിച്ചു. കൃത്യമല്ലാത്ത തിരഞ്ഞെടുപ്പ് പട്ടിക തയാറാക്കൽ, പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിലെ പിഴവുകൾ, നിർബന്ധിത തിരഞ്ഞെടുപ്പ് പ്രചാരണം, നിയമ പരിധിയിൽ കൂടുതൽ പണം ചെലവഴിക്കൽ, പോളിങ് ബൂത്തുകൾ തട്ടിയെടുക്കാൻ ഗുണ്ടകളെ ഉപയോഗിക്കൽ, പൊതു ദുരുപയോഗം തുടങ്ങി നൂറിലധികം പൊതു തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ കൈകാര്യം ചെയ്ത് അവയെ നിയമത്തിനുനേരെ കൊണ്ടുവന്നു. ലംഘിച്ചവർക്ക് അയോഗ്യതാ നോട്ടീസുകൾ ചെന്നപ്പോഴാണ് രാഷ്ട്രീയക്കാർ വിവരമറിയുന്നത്.

ശേഷന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്ന് തിരഞ്ഞെടുപ്പ് ചിലവ് സംബന്ധിച്ച ചട്ടമായിരുന്നു. ഒരു സ്ഥാനാർഥിക്ക് തിരഞ്ഞെടുപ്പിന് ചെലവാക്കാവുന്ന തുകയ്ക്കു പരിധി നിശ്ചയിച്ച നിയമം. അതിൽ കൈവെച്ചതോടെ രാഷ്ട്രീയക്കാർ പരിഭ്രാന്തരായി. കോടിക്കണക്കിനു പണം തിരഞ്ഞെടുപ്പ് കാലത്ത് ഒഴുകുന്നതിന് വിലക്ക്. കൃത്യമായ കണക്ക് കൊടുത്തില്ലെങ്കിൽ അയോഗ്യരാക്കുമെന്ന ചട്ടം വായിച്ച് സ്ഥാനാർത്ഥികൾ വിരണ്ടു. തിരഞ്ഞെടുപ്പ് ചെലവ് കണക്ക് പലരും കൊടുത്തതാകട്ടെ പ്രത്യക്ഷത്തിൽ തന്നെ കള്ളവുമായിരുന്നു.  

ആ കാലത്ത് ശേഷൻ പറഞ്ഞു, “ഞാനൊരു പന്താണ് ശക്തിയായി തറയിലെറിഞ്ഞാൽ ഇരട്ടി ശക്തിയായി ഞാൻ തിരികെ വരും” 

തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ച ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരും നിയോജക മണ്ഡലത്തിൽ ക്യാമറയുമായി റോന്ത് ചുറ്റാൻ തുടങ്ങിയതോടെ ചുമരുകളും കവലകളും രക്ഷപ്പെട്ടു. ജനങ്ങൾക്ക് അത് നന്നേ ബോധിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം സ്നേഹിക്കുകയും അത് കഴിഞ്ഞാൽ കണ്ടഭാവം നടിക്കാത്തതുമായ രാഷ്ട്രീയക്കാരെ പൂട്ടാൻ വന്ന അവതാരമായി ടി എൻ ശേഷനെ അവർ കാണാൻ തുടങ്ങി. അദ്ദേഹത്തിൻ്റെ ഓരോ നടപടിക്കും പൊതുജന പിന്തുണ വർധിച്ചു. സർക്കാരിനെ വരച്ചവരയിൽ നിർത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ പൊതുജനം പിന്തുണയ്ക്കുകയാണെന്ന തിരിച്ചറിവ് സർക്കാരിനെ അങ്കലാപ്പിലാക്കി.

തൻ്റെ പദവിയുടെ ശക്തി തിരിച്ചറിഞ്ഞ ശേഷൻ ഭരണകൂടത്തിൻ്റെ ചൊൽപ്പടിക്ക് നിൽക്കുന്നവനല്ലെന്ന് തെളിയുക മാത്രമല്ല, പൊതുജനം അത് തിരിച്ചറിഞ്ഞു എന്നതായിരുന്നു സർക്കാരിനെ കുഴപ്പിച്ചത്. ഭരണഘടനയുടെ സംരക്ഷണവും ജനപിന്തുണയും ഇല്ലായിരുന്നെങ്കിൽ ശേഷനെ ഭരണകൂടം രായ്ക്കുരാമാനം പുറത്താക്കിയേനെ. ശേഷനെ ഒന്നും ചെയ്യാനാവാതെ സർക്കാർ നിർവീര്യമായി നിൽക്കുന്നതു കണ്ട പൊതുജനം കയ്യടിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന് പല്ലും നഖവും നൽകിയ ടി എൻ ശേഷൻ
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോറ്റും ജയിച്ചും ചരിത്രം കുറിച്ച 'ഒരു ദേശത്തിന്റെ എംപി'

അർഹതയുള്ള, പ്രായപൂർത്തിയായ ഇന്ത്യയിലെ എല്ലാ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നൽകുക എന്നതും ശേഷന്റെ ആശയമായിരുന്നു.

രാജ്യസഭ തിരഞ്ഞെടുപ്പ് പ്രക്രിയയെ സംശുദ്ധമാക്കുകയായിരുന്നു ശേഷൻ്റെ അടുത്ത നീക്കം. സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ് രാജ്യസഭാ അംഗങ്ങൾ. സംസ്ഥാനങ്ങളിൽ സ്ഥിരമായി താമസിക്കുന്നവരെയാണ് ഓരോ സംസ്ഥാനത്തെയും നിയമസഭാംഗങ്ങൾ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്ത് അയയ്‌ക്കേണ്ടത്. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് മാത്രം ഇത് ബാധകമല്ല. മിക്ക അംഗങ്ങളും ഇത് ലംഘിച്ചത് മനസിലാക്കിയ ശേഷൻ ഭരണഘടനാ ലംഘനത്തിന് നോട്ടീസ് അയച്ചു. അവരുടെ അംഗത്വം തെറിക്കുമെന്ന് ഉറപ്പായി. അസമിൽനിന്ന് ജയിച്ചുവന്ന ഡോ. മൻമോഹൻ സിങ്ങിനും കിട്ടി നോട്ടിസ്. അദ്ദേഹത്തിൻ്റെ  താമസം അസമിലല്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഇതോടെ എല്ലാ രാഷ്ട്രീയക്കാരും ശേഷനെതിരായി. ആ കാലത്ത് ശേഷൻ പറഞ്ഞു, “ഞാനൊരു പന്താണ് ശക്തിയായി തറയിലെറിഞ്ഞാൽ ഇരട്ടി ശക്തിയായി ഞാൻ തിരികെ വരും.”  പുലിവാല് പിടിച്ച സർക്കാർ അന്നത്തെ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന്റെ അംഗത്വം പോകാതിരിക്കാൻ ഒടുവിൽ നിയമം മാറ്റി.

വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കൽ, ഭീഷണി വഴി വോട്ട് ചെയ്യാൻ പ്രേരിപ്പിക്കൽ തുടങ്ങിയ പതിവുരീതികളെ ശേഷൻ നിയമം കൊണ്ടുവന്ന് നിഷ്കാസനം ചെയ്തു. ബിഹാർ, യുപി, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അക്രമങ്ങൾ അതോടെ അപ്രത്യക്ഷമായി. തിരഞ്ഞെടുപ്പ് നാളിലെ മദ്യനിരോധനം, ആരാധനാലയങ്ങൾ വഴിയുള്ള പ്രചാരണം നിരോധിക്കൽ എന്നിവയൊക്കെ ശേഷൻ്റെ നടപടിയായിരുന്നു. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങിക്കണമെന്ന ചട്ടം നടപ്പാക്കിയതും  ശേഷനായിരുന്നു.

അർഹതയുള്ള, പ്രായപൂർത്തിയായ ഇന്ത്യയിലെ എല്ലാ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നൽകുക എന്നതും ശേഷന്റെ ആശയമായിരുന്നു. സ്വാഭാവികമായും കള്ളവോട്ടുകളുടെ ഭാവി തുലാസിലാവുമെന്ന് തിരിച്ചറിഞ്ഞ രാഷ്ട്രീയക്കാർ ചാടിവീണ് ശക്തമായി എതിർത്തു. ചെലവേറിയ, അനാവശ്യ പ്രക്രിയാണിതെന്ന് അവർ വാദിച്ചു. ഉത്തരവ് നൽകി മാസങ്ങളോളം കാത്തിരുന്നിട്ടും ഭരണയന്ത്രം ചലിക്കാതെയിരുന്നത് കണ്ട ശേഷൻ പ്രഖ്യാപിച്ചു, “തിരിച്ചറിയൽ കാർഡ് നൽകാത്ത പക്ഷം 1995 ജനുവരി ഒന്നിനുശേഷം രാജ്യത്ത് ഒരു തിരഞ്ഞെടുപ്പും നടക്കുന്നതല്ല.” ഒടുവിൽ സുപ്രീം കോടതി ഇടപെട്ടു. സർക്കാരിനോട് നടപടികൾ വേഗത്തിലാക്കാൻ കോടതി ആവശ്യപ്പെട്ടു. ഒടുവിൽ സംസ്ഥാനങ്ങൾ വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡ് നല്കാൻ ആരംഭിച്ചു. 1996-ൽ ശേഷൻ്റെ ഓഫീസ് കാലാവധി അവസാനിക്കും മുൻപ് 20 ലക്ഷം വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡ് ലഭിച്ചു.

“ഞാൻ പുതുതായി ഒന്നും നടപ്പിലാക്കിയിട്ടില്ല. ഒരു കോമയോ സെമി കോളനോ കുത്തോ പോലും ഞാൻ നിയമങ്ങളിൽ കുട്ടിച്ചേർത്തിട്ടില്ല. എന്താണ് നിയമം, അത് ഞാൻ നടപ്പാക്കിയെന്ന് മാത്രം,” ശേഷൻ  പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷന് പല്ലും നഖവും നൽകിയ ടി എൻ ശേഷൻ
നിങ്ങൾ എന്നെ സ്ഥാനാർഥിയാക്കി, പിന്നെ എം എൽ എയും 

പത്രക്കാരെ വിരട്ടുന്ന തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു ശേഷൻ. ചെന്നെയിൽ പത്രസമ്മേളനം നടക്കുമ്പോൾ ഒരു പത്രക്കാരൻ, “താങ്കൾ കോൺഗ്രസുകാരനാണോ” എന്ന് ചോദിച്ചതും ഇയാളെ പിടിച്ച് പുറത്താക്കാൻ തൻ്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് ശേഷൻ ആജ്ഞാപിച്ചു. ആ പത്രക്കാരൻ സ്വയം പുറത്തുപോയതിനാൽ അനിഷ്ട സംഭവമൊഴിവായി.

ഫോണിൽ വീട്ടിലേക്ക് വിളിച്ചാൽ ഫോൺ എടുത്ത ശേഷൻ താനിവിടെ ഇല്ലെന്ന് പറയുകയും വിളിച്ച ആളിനോട് തട്ടികയറുകയും ചെയ്യുന്നത് അദ്ദേഹത്തിൻ്റെ ഒരു പതിവ് വിനോദമായിരുന്നു. ക്ഷിപ്രകോപിയും തൽക്ഷണം പ്രതികരിക്കുന്നവനുമായതിനാൽ എല്ലാവരും സൂക്ഷിച്ചുമാത്രം ഇടപെട്ടു.

1994-ൽ ശേഷൻ പ്രഭാവം കത്തിജ്വലിക്കുന്ന സമയത്ത് തന്നെ ശേഷനെക്കുറിച്ച് ഒരു പുസ്തകം പുറത്തുവന്നു. വാർത്തയിൽ നിറഞ്ഞ ആ പുസ്തകം, “Seshan, An Intimate Story” എഴുതിയത് മുതിർന്ന പത്രപ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി ആയിരുന്നു. ഇന്ത്യൻ എക്‌‌സ്പ്രസിലെ  മുതിർന്ന ലേഖകനായിരുന്ന  ഗുരുവായൂർക്കാരൻ ഗോവിന്ദൻ കുട്ടിയെ ശേഷന് മതിപ്പായിരുന്നു. ശേഷൻ തന്നെ നിർദേശിച്ചത് അനുസരിച്ചാണ് ഗോവിന്ദൻകുട്ടി അദ്ദേഹത്തിന്റെ ജീവിതകഥ എഴുതുന്നത്.  ഇംഗ്ലിഷിലും മലയാളത്തിലും മനോഹരമായി എഴുതുന്ന ഗോവിന്ദൻ കുട്ടി ഡൽഹിയിലെ പണ്ടാര റോഡിലെ ശേഷൻ്റെ വസതിയിൽ ചെന്ന് സംഭാഷണം നടത്തിയാണ് പുസ്തകം എഴുതിയത്. നൂറ് മണിക്കൂർ നീണ്ട സംഭാഷണം ശബ്ദലേഖനം ചെയ്ത്, അത് കേട്ട് പുസ്തകം പൂർത്തിയാക്കുകയായിരുന്നു. പുറത്തിറങ്ങും മുൻപ് പുസ്തകം വാർത്തകളിൽ സ്ഥലംപിടിച്ചു.

സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് എച്ച് ആർ ഖന്ന പ്രകാശനം ചെയ്യാൻ സമ്മതിച്ചെങ്കിലും ചെന്നൈ ഹൈക്കോടതി പ്രകാശനം തടഞ്ഞു. ജയലളിതയായിരുന്നു പരാതിക്കാരി. കാരണം തമിഴും മലയാളവും കലർന്ന തലയാളം സംസാരിക്കുന്ന ശേഷൻ പുസ്തകത്തിൽ നടത്തിയ ചില പരാമർശങ്ങളിലൂടെ തമിഴ്നാടിനെ അപമാനിച്ചിരിക്കുന്നു. പ്രകാശനം നടത്തിയില്ല. പകരം യോഗത്തിൽ പുസ്തക ചർച്ച നടന്നു, അതിന് തടസമില്ലായിരുന്നു. പുസ്തകം വായിച്ചവർ കോടതിയുടെ വിലക്ക്  തെറ്റിക്കാതെ പുസ്തകത്തെക്കുറിച്ച് ഗഹനമായി പ്രസംഗിച്ചു. ഇന്ത്യൻ എക്‌സ്പ്രസിൻ്റെ പഴയ  പടക്കുതിരയായ എഡിറ്റർ അരുൺ ഷൂരി ഇങ്ങനെ പ്രസംഗിച്ചു, “ഈ പുസ്തകത്തിനെതിരെയുള്ള നീക്കം തടയാൻ ഒറ്റ വഴിയേ ഉളളൂ. നിങ്ങളിൽ ഓരോത്തരും ഇപ്പോൾ തന്നെ കടയിൽ പോയി ഓരോ കോപ്പി വാങ്ങുക. കടയിൽ ഒരൊറ്റ കോപ്പി പോലും അവശേഷിപ്പിക്കരുത്.” പുസ്തകം ചൂടപ്പം പോലെ വിറ്റുതീർന്നു.

കെ ഗോവിന്ദൻ കുട്ടി
കെ ഗോവിന്ദൻ കുട്ടി

പക്ഷേ, തമിഴ്‌നാട്ടിൽ അതിനെതിരെ കനത്ത എതിർപ്പ് പൊട്ടിപ്പുറപ്പെട്ടു. രണ്ടിടത്ത് പുസ്തകം കത്തിച്ചു. ചെന്നെയിൽ എത്തിയ ശേഷന് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ പറ്റിയില്ല. പ്രതിഷേധക്കാർ വിമാനത്താവളത്തിനു പുറത്ത്  കുത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ  ശേഷനു ഡൽഹിയിലേക്ക് മടങ്ങേണ്ടി വന്നു. അറുപതുകളുടെ പകുതിയിൽ മധുരയിൽ  ഹിന്ദിവിരുദ്ധ പ്രക്ഷോഭം ആളിക്കത്തിച്ചതിൽ അമേരിക്കൻ ചാരസംഘടന സിഐഎക്ക് പങ്കുണ്ടോെയെന്ന പുസ്തകത്തിലെ ശേഷൻ്റെ സംശയമാണ് തമിഴരെ രോഷം കൊള്ളിച്ചത്.  

ഒടുവിൽ സുപ്രീം കോടതിയിലെത്തിയ കേസിൽ പ്രസിദ്ധരായ നിയമജ്ഞർ ഏറ്റുമുട്ടി. ജയലളിതക്കുവേണ്ടി മുൻ അറ്റോർണി ജനറൽ കെ പരാശരൻ ഹാജരായി. പുസ്തകമെഴുതിയ ഗോവിന്ദൻകുട്ടിക്കുവേണ്ടി അരുൺ ജെയ്റ്റ്ലി സൗജന്യമായി വാദിക്കാനെത്തി. ജയലളിത ഹർജി നൽകിയ ഉടൻ കരുണാ നിധിയും ഹർജിയുമായി കോടതിയിലെത്തിയിരുന്നു. അണ്ണാദുരൈക്കെതിരെയുള്ള പരാമർശത്തിനെതിരെ അണ്ണയുടെ ഭാര്യയും കോടതിയെ സമീപിച്ചിരുന്നു. എല്ലാ ഹർജിയും ഒരുമിച്ച് പരിഗണിക്കാൻ കേസ് ആന്ധ്രാ ഹൈക്കോടതിയിലേക്ക് മാറ്റി. ഒടുവിൽ കോടതി നിർദേശം അനുസരിച്ച് പുസ്തകം പിൻവലിച്ച് വിവാദ ഭാഗങ്ങൾ ഒഴിവാക്കി വീണ്ടും പ്രസിദ്ധീകരിച്ചു.

അരുൺ ഷൗരി
അരുൺ ഷൗരി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറോടൊപ്പം പ്രവർത്തിക്കാൻ എം എസ് ഗില്ലും ജിവിജി കൃഷ്ണമൂർത്തിയും ഉണ്ടായിരുന്നെങ്കിലും ശേഷൻ അവരെ തെല്ലും വക വെച്ചിരുന്നില്ല. കൃഷ്ണമൂർത്തിയുമായി കലഹിക്കുകയും ചെയ്തു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തുനിന്ന് 1996-ൽ വിരമിച്ച ശേഷൻ ചെന്നെയിൽ താമസിക്കാൻ തുടങ്ങി. കെ ആർ നാരായണനെതിരെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി മത്സരിച്ച് ശേഷൻ ഒരിക്കൽ കൂടി ദേശീയ ശ്രദ്ധ നേടി. പക്ഷേ, കുറച്ച് വോട്ട് മാത്രം നേടി പരാജയപ്പെട്ടു. കുറച്ചുകാലം കാഞ്ചി മഠാധിപതിയുടെ ട്രസ്റ്റിയായി പ്രവർത്തിച്ച ശേഷന് 1996 ൽ റമോൺ മാഗ്സെ പുരസ്കാരം ലഭിച്ചു.

2019 നവംബർ 10ന് ശേഷൻ അന്തരിച്ചു. നാല് വർഷത്തിനുശേഷം ടി എൻ ശേഷൻ്റെ ആത്മകഥ ‘ Through the Broken Glass' പ്രസിദ്ധീകരിച്ചു. രണ്ട് വർഷം മുൻപ്, 2022 നവംബറിൽ  തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമന സംവിധാനം പരിഷ്ക്കരിക്കണമെന്ന ഹർജി പരിഗണിക്കുമ്പോൾ സുപ്രീം കോടതി പറഞ്ഞു, “നിരവധി സി ഇ സിമാർ ഉണ്ടായിട്ടുണ്ട്. എന്നാൽ ടിഎൻ ശേഷനെ പോലുള്ളവർ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്.”

1995 ഫെബ്രുവരി 10-ന്  ന്യൂയോർക്ക് ടൈംസ് പത്രം ശേഷനെ കുറിച്ചെഴുതി: “ഇന്ത്യയിലെ ഏറ്റവും ആദരിക്കുന്ന വ്യക്തിത്വത്തെ കണ്ടെത്താൻ ഒരു വോട്ടെടുപ്പ് നടത്തിയാൽ, ഏറ്റവും ശക്തനായ സ്ഥാനാർത്ഥി ടി എൻ ശേഷനായിരിക്കും."  

logo
The Fourth
www.thefourthnews.in