നിങ്ങൾ എന്നെ സ്ഥാനാർഥിയാക്കി, പിന്നെ എം എൽ എയും 

നിങ്ങൾ എന്നെ സ്ഥാനാർഥിയാക്കി, പിന്നെ എം എൽ എയും 

പ്രശസ്ത നാടകകൃത്ത് തോപ്പിൽ ഭാസി രണ്ട് തിരഞ്ഞെടുപ്പുകളിൽ സി പി ഐ സ്ഥാനാർഥിയായി മത്സരിച്ച്, പൊരുതി ജയിച്ച കഥ

1954 ലെ തിരുകൊച്ചി അസംബ്ലി തിരഞ്ഞെടുപ്പിൽ ഭരണിക്കാവ് നിയോജന മണ്ഡലത്തിൽ മുഴങ്ങിക്കേട്ട കോൺഗ്രസുകാരുടെ ഒരു മുദ്രാവാക്യം ആരും ശ്രദ്ധിക്കുന്നതായിരുന്നു: ‘കൊലയാളി കമ്യൂണിസ്റ്റിന് വോട്ടില്ല.’ ആ മണ്ഡലത്തിലെ കമ്യൂണിസ്റ്റ്  സ്ഥാനാർഥി ഒരു കൊലക്കേസ് പ്രതിയായി ജാമ്യത്തിലിറങ്ങിയ വ്യക്തിയായിരുന്നു. നാമനിർദേശ പത്രിക കൊടുക്കുമ്പോഴും കൊലക്കേസ് വിചാരണ കോടതിയിൽ നടക്കുകയായിരുന്നു. ആ കമ്യൂണിസ്റ്റ് സ്ഥാർത്ഥിയുടെ പേര് കെ ഭാസ്കര പിള്ള.

കേരളം മുഴുവൻ തോപ്പിൽ ഭാസിയെന്ന പേരിൽ അറിയപ്പെട്ടിരുന്ന, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയെന്ന നാടകത്തിന്റെ രചയിതാവായി ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട ഭാസ്കര പിള്ള. പുരോഗമന എഴുത്തുകാരനും സജീവ കമ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്ന അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാലത്ത് പ്രമാദമായ ശൂരനാട് കൊലക്കേസിലെ പ്രതിയുമായിരുന്നു.

1949 ഡിസംബർ 31ന് ശൂരനാട്ടെ സർക്കാർ കുളത്തിൽ മീൻ പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം അന്വേഷിക്കാനെത്തിയ അടൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറെയും മൂന്ന് പോലീസുകാരെയും ആയുധധാരികളായ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കോളിക്കമുണ്ടാക്കിയ  ശൂരനാട് കൊലക്കേസ്. പുതുപ്പള്ളി രാഘവൻ, തോപ്പിൽ ഭാസി, ശങ്കരനാരായണൻ തമ്പി (പിൽക്കാലത്ത് ആദ്യ കേരള നിയമസഭാ സ്പീക്കർ) എന്നിവരടക്കം 26 കമ്യൂണിസ്റ്റുകാർ ഇതിൽ  പ്രതികളായിരുന്നു.

1952 ൽ എം എൻ ഗോവിന്ദൻ നായർ 40,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയക്കൊടി പാറിച്ച മണ്ഡലമായിരുന്നു ഭരണിക്കാവ്. എം എൻ തന്നെ താൽപ്പര്യമെടുത്താണ് തോപ്പിൽ ഭാസിയെ  മത്സരിക്കാൻ കൊണ്ടുവന്നത്. ദ്വയാംഗ മണ്ഡലമായതിനാൽ സംവരണ സീറ്റിൽ സഖാവ് കെ കെ കോയ്ക്കൽ കൂടി സി പി ഐ സ്ഥാനാർത്ഥിയായി മത്സരിച്ചു.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തോപ്പിൽ ഭാസി ഒരു പഴയ ആസ്റ്റിൻ കാറ് വാങ്ങി. കാറെന്ന് പറഞ്ഞാൽ കോഴിക്കൂട് പോലെയുള്ള ഒരു തുരുമ്പെടുത്ത കാറ്. ഡ്രൈവർ കം- മെക്കാനിക്കായി തഴവയിലുള്ള ചെല്ലപ്പൻ ഒപ്പം ചേർന്നു. കാറിന്റെ ടോപ്പിൽ വലിയ ഒരു ചെങ്കൊടി കെട്ടി പാറിച്ചാണ്  യാത്ര. മുൻ സീറ്റിൽ  ചെല്ലപ്പനും പണിയായുധങ്ങളും പിന്നിൽ  സ്ഥാനാർത്ഥിയും രണ്ട് സഹപ്രവർത്തകരും.

നിങ്ങൾ എന്നെ സ്ഥാനാർഥിയാക്കി, പിന്നെ എം എൽ എയും 
സമരതീഷ്ണമായ ചരിത്രത്തെ സ്‌നേഹിച്ച ബാബു ഭരദ്വാജിന്റെ ജീവിതം

പ്രചാരണം തുടങ്ങി. കാറ് ഇടക്കിടെ പണിമുടക്കി നിന്നുപോകും. അപ്പോൾ സ്ഥാനാർഥിയായ തോപ്പിൽ ഭാസി കാറിന് പുറത്തിറങ്ങും. റോഡിനിരുവശമുള്ള കടകളിലും വീടുകളിലും കേറി വോട്ട് ചോദിക്കും. അതിനിടെ വോട്ടർമാരുടെ സഹായത്താൽ ചെല്ലപ്പൻ കാറ് എങ്ങനെയൊക്കെയോ ശരിയാക്കും. ഇത് ഇങ്ങനെ ആവർത്തിച്ചപ്പോൾ ജനസമ്പർക്കം കൂടി. ഭരണിക്കാവ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ അറിയാത്തവരില്ലാതെയായി. കാറ് അതോടെ പ്രശസ്തമായി. കാറിന് എതൊ  രസികൻ വോട്ടർ ഒരു പേരിട്ടു, കല്യാണി. ആ പേരിന് കാരണം കാറിനോടുള്ള സഹകരണവും അനുകമ്പയും. ആ കാറ് വോട്ടർമാരുടെ സഹകരണം കൊണ്ടാണ് അധികവും ഓടുന്നത്. തള്ളുന്നത് വോട്ടർമാരാണല്ലോ. എതിർ സ്ഥാനാർത്ഥി പുഷ്പത്തടം രാഘവന്റേത്  പുത്തൻ കാറായിരുന്നു. അതിനാൽ തോപ്പിൽ ഭാസിയും പഴഞ്ചൻ കാറും വോട്ടർമാരുടെ  സഹതാപം നേടി.

സംഗീതത്തിൽ  കല്യാണിയെന്ന പേരുള്ള രാഗമുണ്ട്. ഒരു ബിയറിന്റെ  പേര് കല്യാണിയെന്നാണ്. എന്നാൽ ഈ കാറിനും ആ നല്ല പേരിരിക്കട്ടെയെന്നു കല്യാണിയെന്ന് പേരിട്ട രസികൻ വിചാരിച്ചു കാണും. ഏതായാലും കല്യാണി പ്രശസ്തയായി. അകലെനിന്ന് കാറു വരുമ്പോൾ ആളുകൾ പറയാൻ തുടങ്ങി ദേ, കല്യാണി വരുന്നു. സ്ഥാനാർഥിയുടെ പേരല്ല നാട്ടുകാർ പറയുന്നത്. പകരം കാറിന്റെ പേര്. കല്യാണി പക്ഷേ ചരിത്രം സൃഷ്ടിക്കാൻ പോകുകയാണെന്ന് വോട്ടർമാർ അപ്പോൾ കരുതിയില്ല.

ഇന്ത്യൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു പ്രചരണത്തിനായി കേരളത്തിൽ വന്നു. പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു കാറിൽ വള്ളികുന്നത്തെ പ്രസംഗം കഴിഞ്ഞ് ഭരണിക്കാവിൽ പ്രസംഗിക്കാനായി വരികയാണ്. ഒപ്പമുള്ള പോലീസ് വ്യൂഹം വഴിയിലെ വാഹനങ്ങളെല്ലാം തടഞ്ഞിട്ട്  പ്രധാനമന്ത്രിയുടെ വാഹനത്തിന് വഴിയൊരുക്കുകയാണ്. ഭരണിക്കാവിലേക്ക് വരികയായിരുന്ന തോപ്പി ഭാസി ഡ്രൈവറോട് പറഞ്ഞു, “പോലീസ് വന്ന് പറഞ്ഞാൽ നമ്മുടെ കാറ് മാറ്റിയിടരുത്”. 

രാവിലെ തന്നെ അല്പം വീര്യം അകത്താക്കിയ ഡ്രൈവർ ചെല്ലപ്പന് അതോടെ വീര്യം കൂടി. അയാൾ പറഞ്ഞു, “അത് ഞാനേറ്റു.”

നിങ്ങൾ എന്നെ സ്ഥാനാർഥിയാക്കി, പിന്നെ എം എൽ എയും 
ട്രേഡ് യൂണിയന്‍ രംഗത്തെ അതികായനായ ഒ ഭരതന്‍

അടുത്ത ജങ്ഷനിലെത്തിയപ്പോൾ, ഒരു ഉയർന്ന പോലിസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പോലീസ് സംഘം കാറ് തടഞ്ഞു. ഡ്രൈവർ ചെല്ലപ്പൻ മറ്റൊരു വാഹനത്തിനും പോകാത്ത തരത്തിൽ തന്നെ കാറ് റോഡിൽ വിലങ്ങനെയിട്ടു. പോലീസുദ്യോഗസ്ഥൻ കാറ് മാറ്റാൻ പറഞ്ഞു. കാറിൽ നിന്ന് ഇറങ്ങാതെ തന്നെ തോപ്പിൽ ഭാസി പറഞ്ഞു, “ഞാൻ സ്ഥാനാർഥിയാണ് കാറ് മാറ്റാൻ സാധ്യമല്ല.”

പ്രധാന മന്ത്രിയാണ് വരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ തോപ്പിൽ ഭാസി പറഞ്ഞു, “ഈ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ കാറ് മാറ്റാൻ പ്രധാനമന്ത്രിക്കും അധികാരമില്ല.”

തർക്കം മൂത്തതോടെ ആള് കൂടി. കമ്യൂണിസ്റ്റ് അനുഭാവികളായ വോട്ടർമാർ ഏക സ്വരത്തിൽ പോലീസിനെ എതിർത്തു. കാറ് മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അനുഭാവികളും രംഗത്ത് വന്നു. അപ്പോഴേക്കും സൈറൺ മുഴങ്ങിക്കൊണ്ട് പ്രധാനമന്ത്രിയുടെ പൈലറ്റ് വാഹനം ഇരച്ചെത്തി. കമ്യൂണിസ്റ്റ് അനുഭാവികൾ തോപ്പിൽ ഭാസിക്ക് സിന്ദാബാദ് വിളിച്ചു. കോൺഗ്രസുകാർ നെഹ്റുവിനും. ആകെ ബഹളമായി.

പ്രധാനമന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥൻ വന്ന് വിവരം തിരക്കി. കാര്യമറിഞ്ഞ അയാൾ പ്രധാനമന്ത്രിയെ അറിയിച്ചു. നെഹ്റു പറഞ്ഞു, “ഞാൻ പ്രധാനമന്ത്രിയെന്ന നിലയിലല്ല, കോൺഗ്രസ് പ്രവർത്തകനായിട്ടാണ് ഇവിടെ പ്രചരണത്തിന് വന്നിരിക്കുന്നത്. എതിർ സ്ഥാനാർഥിക്ക് ഒരു തടസ്സവും ഉണ്ടാക്കാൻ പാടില്ല.”

ഉടനെ പോലീസ് ഉദ്യോഗസ്ഥന്മാർ വന്ന് സ്ഥാനാർത്ഥിയുടെ കാറിന് പോകാമെന്നറിയിച്ചു. ചെല്ലപ്പൻ പറഞ്ഞു, “പോകാൻ പറഞ്ഞാൽ എങ്ങനെ പോകും? കാറ് സ്‌റ്റാർട്ടാകണെങ്കിൽ തള്ളണം.” അങ്ങനെ പോലീസും വോട്ടർമാരും കൂടി തള്ളിയപ്പോൾ കാറ് സ്റ്റാർട്ടായി.

ജവഹർലാൽ നെഹറു അടുത്ത പ്രസംഗവേദിയിലേക്ക് യാത്ര തുടങ്ങിയപ്പോൾ പ്രധാനമന്ത്രിയുടെ കാറിന് പൈലറ്റ്  കല്യാണിയായിരുന്നു.  

ഭരണിക്കാവിൽ പ്രസംഗിച്ച ജവഹർലാൽ നെഹ്റു പറഞ്ഞു, “പ്രമാദമായ ഒരു കൊലക്കേസിൽ ജാമ്യം കിട്ടിയ ഒരാളാണ് ഇവിടുത്തെ സ്ഥാനാർത്ഥിയെന്ന് ഞാനറിയുന്നു. കോടതിയുടെ വിധി വരുന്നതുവരെ ഈ സ്ഥാനാർഥി കുറ്റവാളിയല്ലെന്ന് നമുക്ക് തീരുമാനിക്കാൻ വയ്യ. ഇതുകൂടി കണക്കിലെടുത്ത് വോട്ട് ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.” ഭരണിക്കാവായിരുന്നു. കേരളത്തിൽ നെഹ്റു ഏറ്റവും അധികം സമയം  പ്രസംഗിച്ച മണ്ഡലം.

നിങ്ങൾ എന്നെ സ്ഥാനാർഥിയാക്കി, പിന്നെ എം എൽ എയും 
'ജയിലിൽനിന്ന് ഭരിക്കാൻ കെജ്‌രിവാളിന് കഴിയില്ല, കള്ളപ്പണനിയമം ഇങ്ങനെ വേണോയെന്ന് കോടതി ആലോചിക്കണം'; പിഡിടി ആചാരി അഭിമുഖം

സാഹചര്യങ്ങൾ അനുകൂലമായതിനാലും ഈഴവ ഭൂരിപക്ഷ മണ്ഡലമായതിനാലും കോൺഗ്രസുകാർ ജയം ഉറപ്പാക്കിയ  ഭരണിക്കാവിൽ,  ഫലം വന്നപ്പോൾ തോപ്പിൽ ഭാസി വിജയം നേടി. 

അടുത്ത തിരഞ്ഞെടുപ്പിൽ, അതായത് കേരള നിയമസഭയിലേക്കുള്ള ആദ്യത്തെ തിരഞ്ഞെടുപ്പിൽ, പത്തനംതിട്ട മണ്ഡലത്തിൽനിന്ന് വീണ്ടും തോപ്പിൽ ഭാസി ജനവിധി തേടി. അത്തവണയും ജയം ഭാസിക്കൊപ്പമായിരുന്നു. പിന്തുണ നേടി എൻ എസ് എസ് സ്ഥാപകൻ മന്നത്ത് പത്മനാഭനെ ചെന്നുകാണാൻ തോപ്പിൽ ഭാസി വിസമ്മതിച്ചതും അക്കാരണത്താൽ അയാളെ തോല്പിക്കണമെന്ന് മന്നത്തോട് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടതും അതുകേട്ട  മന്നം അയാളാണ് അന്തസുള്ള നായർ എന്ന് അഭിപ്രായപ്പെട്ടതും ആ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രസകരമായ സ്മരണയാണ്. 

logo
The Fourth
www.thefourthnews.in