'ജയിലിൽനിന്ന് ഭരിക്കാൻ കെജ്‌രിവാളിന് കഴിയില്ല, കള്ളപ്പണനിയമം ഇങ്ങനെ വേണോയെന്ന് കോടതി ആലോചിക്കണം'; പിഡിടി ആചാരി അഭിമുഖം

'ജയിലിൽനിന്ന് ഭരിക്കാൻ കെജ്‌രിവാളിന് കഴിയില്ല, കള്ളപ്പണനിയമം ഇങ്ങനെ വേണോയെന്ന് കോടതി ആലോചിക്കണം'; പിഡിടി ആചാരി അഭിമുഖം

2018 ലെ ഭേദഗതിയാണ് പി എം എൽ നിയമത്തെ കൂടതൽ ശക്തമാക്കിയതും ജാമ്യം കിട്ടുക എളുപ്പമല്ലാതാക്കിയതും

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ടത് രാജ്യത്ത് രാഷ്ട്രീയമായും നിയമപരമായും ധാര്‍മികവുമായി നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. അറസ്റ്റിലായ വ്യക്തിക്ക് ഔദ്യോഗിക കൃത്യനിര്‍വഹണം സാധിക്കുമോ? അതിന് നിയമപരമായ തടസങ്ങളുണ്ടോ? പിഎംഎല്‍ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ) നിയമത്തില്‍ ജാമ്യം കിട്ടുക എളുപ്പമല്ലാതാകുന്നത് എന്തുകൊണ്ട്? ഇപ്പോള്‍ ഉയര്‍ന്ന ഇത്തരം വിഷയങ്ങളെക്കുറിച്ച് ദ ഫോര്‍ത്തിനോട് സംസാരിക്കുകയാണ് ഭരണഘടനാ വിദഗ്‌ധനും ലോക്‌സഭ മുന്‍ സെക്രട്ടറി ജനറലുമായ പി ഡി ടി ആചാരി.

Q

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് വലിയ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണല്ലോ. ജയില്‍ കിടന്ന് കെജ്‌രിവാളിന് മുഖ്യമന്ത്രിയെന്ന നിലയില്‍ എത്രകാലം ഡല്‍ഹി ഭരിക്കാനാകും?

A

ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി അഴിമതിക്കേസില്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിലായതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ ഭരണഘടനാപരമായി യാതൊരു തടസ്സവും അരവിന്ദ് കെജ്‌രിവാളിന് ഇല്ല. അറസ്റ്റിലായി എന്ന കാരണം കൊണ്ട് അരവിന്ദ് കെജ്‌രിവാളിനെ അയോഗ്യനാക്കാന്‍ സാധിക്കുകയുമില്ല.

മുഖ്യമന്ത്രിയായതുകൊണ്ട് സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം അരവിന്ദ് കെജ്‌രിവാളിനുണ്ട്. അത് കോടതിയെ ബോധ്യപ്പെടുത്തുകയും കോടതിയില്‍നിന്ന് മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അനുമതി കിട്ടുകയും ചെയ്താല്‍ ജയിലിലിരുന്ന് ഭരണം നടത്താന്‍ കെജ്‌രിവാളിന് സാധിച്ചേക്കും. അതല്ലാത്ത പക്ഷം, പ്രായോഗികമായി അരവിന്ദ് കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാന്‍ ബുദ്ധിമുട്ടുകളുണ്ടാകും.

അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞ് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറിയാല്‍ ജയില്‍ നിയമങ്ങള്‍ കെജ്‌രിവാളിന് ബാധകമാകും. കാബിനറ്റ് യോഗങ്ങള്‍ വിളിക്കാനോ, മന്ത്രിമാരുമായി ചര്‍ച്ച നടത്താനോ, അടിയന്തിര വിഷയങ്ങളില്‍ പെട്ടെന്ന് ഇടപാടനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനോ, ഉത്തരവുകളില്‍ ഒപ്പുവെക്കാനോ കെജ്‌രിവാളിന് സാധിക്കില്ല. അപ്പോള്‍ എങ്ങനെ ജയിലിലിരുന്ന് മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ കെജ്‌രിവാളിന് നിര്‍വഹിക്കാന്‍ സാധിക്കും? പ്രായോഗികമായി അത് കഴിയില്ല.

ഇ ഡി സംഘം അരവിന്ദ് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നു
ഇ ഡി സംഘം അരവിന്ദ് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നു
'ജയിലിൽനിന്ന് ഭരിക്കാൻ കെജ്‌രിവാളിന് കഴിയില്ല, കള്ളപ്പണനിയമം ഇങ്ങനെ വേണോയെന്ന് കോടതി ആലോചിക്കണം'; പിഡിടി ആചാരി അഭിമുഖം
കെജ്‌രിവാളിന്റെ ഉത്തരവുകള്‍ പുറത്തുപോകുന്നത് എങ്ങനെ? ജയിലില്‍ നിന്നുള്ള ഭരണം എത്രനാള്‍?
Q

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതകളാണോ ഈ പശ്ചാത്തലത്തിൽ തെളിയുന്നത്?

A

ഭരണഘടനയിലെ 239-ാം അനുച്ഛേദത്തില്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് 1991ല്‍ നാഷണല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി രൂപീകരിച്ചത്. 239 എഎ അനുച്ഛേദ പ്രകാരം ഉണ്ടാക്കിയ വ്യവസ്ഥയില്‍ ഏതൊക്കെ സാഹചര്യത്തില്‍ ഡല്‍ഹയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാമെന്ന് വ്യക്തമായി നിര്‍വഹിച്ചിട്ടുണ്ട്. ഭരണം നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ് ഒന്നാമത്തേത്. ശരിയായ രീതിയിലുള്ള ഭരണം ഡല്‍ഹിയില്‍ നടക്കാത്ത സാഹചര്യമാണ് രണ്ടാമത്തേത്. ഡല്‍ഹിയിലെ ഇപ്പോഴത്തെ സ്ഥിതിയെ രണ്ടാമത്തെ സാഹചര്യമായി കേന്ദ്ര സര്‍ക്കാരിന് വേണമെങ്കില്‍ കണക്കാക്കാം.

മുഖ്യമന്ത്രി അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലാണ്. കസ്റ്റഡി കാലം കഴിഞ്ഞ് ജയിലിലേക്ക് മാറിയാല്‍ അവിടുത്തെ നിയമങ്ങള്‍ കേസിലെ പ്രതിയെന്ന നിലയില്‍ കെജ്‌രിവാളിന് ബാധകമായിരിക്കും. അപ്പോള്‍ ഡല്‍ഹിയില്‍ ശരിയായ രീതിയില്‍ ഭരണം നടക്കുന്നില്ലെന്ന് കേന്ദ്രത്തിന് രാഷ്ട്രപതിയെ അറിയിക്കാം. അങ്ങനെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താം.

ഡല്‍ഹിയിലെ സാഹചര്യം കണക്കിലെടുത്ത് 239 എ ബി അനുച്ഛേദം പ്രകാരം രാഷ്ട്രപതിക്ക് നേരിട്ടും തീരുമാനമെടുക്കാം. അതിനാല്‍ അരവിന്ദ് കെജ്‌രിവാളിന് ജയിലില്‍ കഴിഞ്ഞുകൊണ്ട് ഡല്‍ഹി ഭരിക്കുക അത്ര എളുപ്പമാകില്ല.

'ജയിലിൽനിന്ന് ഭരിക്കാൻ കെജ്‌രിവാളിന് കഴിയില്ല, കള്ളപ്പണനിയമം ഇങ്ങനെ വേണോയെന്ന് കോടതി ആലോചിക്കണം'; പിഡിടി ആചാരി അഭിമുഖം
ഡല്‍ഹിയിലെ 'തലൈവര്‍' കെജ്‌രിവാള്‍ തന്നെ; ബിജെപിക്ക് ബൂമറാങ് ആകുമോ അറസ്റ്റ്
Q

പിഎംഎല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്. എന്താണ് ഈ നിയമത്തെ കൂടുതല്‍ പ്രഹരശേഷിയുള്ളതാക്കുന്നത്?

A

ഈ നിയമം ഇപ്പോള്‍ ഉപയോഗിക്കുന്ന രീതി ശരിയാണെന്ന അഭിപ്രായമില്ല. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളും തീവ്രവാദികളും കള്ളക്കടത്തുകാരും രാജ്യങ്ങളുടെ സാമ്പത്തിക രംഗത്തുണ്ടാക്കുന്ന ആഘാതം തടയാന്‍ ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക ഒരു പ്രമേയം കൊണ്ടുവന്നിരുന്നു. ആ പ്രമേയം ഐക്യരാഷ്ട്രസഭ പാസാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് ആഗോള തലത്തില്‍ ഇത്തരം സാമ്പത്തിക സ്രോതസ്സുകളെ നിയന്ത്രിക്കാനായി നിയമങ്ങള്‍ വന്നത്.

2002ല്‍ ഇന്ത്യയില്‍ പിഎംഎല്‍ നിയമം വരുന്നതും ഐക്യരാഷ്ട്രസഭയില്‍ വന്ന അമേരിക്കന്‍ പ്രമേയത്തിന്റെ ചുവടുപിടിച്ചാണ്. ഈ നിയമപ്രകാരം അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് ജാമ്യം കിട്ടില്ല. ജാമ്യം കിട്ടണമെങ്കില്‍ പ്രതികള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിക്ക് ബോധ്യപ്പെടണം. അങ്ങനെ ബോധ്യപ്പെടാത്തിടത്തോളം കാലം പ്രതികള്‍ ജയിലില്‍ തന്നെ തുടരും.

സര്‍ക്കാര്‍ തലത്തിലെ അഴിമതി തടയാന്‍ കൊണ്ടുവന്ന അഴിമതി നിരോധന നിയമത്തെയും കള്ളക്കടത്തുകാരെയും തീവ്രവാദികളെയും നേരിടുന്നതിനായി കൊണ്ടുവന്ന പിഎംഎല്‍ നിയമത്തെയും 2018ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ലയിപ്പിച്ചു. നിയമത്തിലെ 45-ാം വകുപ്പില്‍ ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കടുപ്പിക്കുകയും ചെയ്തു. ഈ നിയമമാണ് ഇപ്പോള്‍ കെജ്‌രിവാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഉപയോഗിച്ചിരിക്കുന്നത്. അഴിമതി നടത്തിയിട്ടില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടാലേ കെജ്‌രിവാളിന് ജാമ്യം പോലും കിട്ടൂ. കുറ്റം ചെയ്തിട്ടില്ലെന്ന് കെജ്‌രിവാള്‍ തന്നെ കോടതിയെ ബോധ്യപ്പെടുത്തണം.

കേസില്‍ വിചാരണ നടക്കാതെ കെജ്‌രിവാളിന്റെ നിരപരാധിത്വം എങ്ങനെ കോടതിക്ക് ബോധ്യപ്പെടും?നിരപരാധിത്വം നിയമപരമായി തെളിയിക്കപ്പെടാതെ ഇത്തരം കേസുകളില്‍ ജാമ്യം നല്‍കാനുള്ള റിസ്‌കിന് ജഡ്ജിമാര്‍ നില്‍ക്കില്ല. യഥാര്‍ത്ഥത്തില്‍ പിഎംഎല്‍ നിയമം ഒരിക്കലും ഭരണതലത്തിലെ അഴിമതി കേസുകളില്‍ ഉപയോഗിക്കാന്‍ പാടില്ല. കാരണം നാളെ, കേസുകള്‍ തെളിയിക്കപ്പെടാതെ പോയെന്ന് കരുതുക. അത്രയും കാലം ജാമ്യമില്ലാതെ ജയിലില്‍ കിടക്കേണ്ടി വന്ന സാഹചര്യം അതീവ ഗുരുതരമാണ്. പിഎംഎല്‍ നിയമം ഇപ്പോഴത്തെ നിലയില്‍ നടപ്പാക്കേണ്ടതുണ്ടോയെന്നത് കോടതികള്‍ വീണ്ടും പരിശോധിക്കേണ്ടതാണ്.

logo
The Fourth
www.thefourthnews.in