WORLD

വയോധികയുടെ തലച്ചോറിനുള്ളിൽ ജീവനുള്ള പരാന്നഭോജി വിര; ലോകത്ത് ആദ്യം

വെബ് ഡെസ്ക്

ഓസ്ട്രേലിയയിൽ വയോധികയുടെ തലച്ചോറിനുള്ളിൽ ജീവനുള്ള പരാന്നജീവി വിരയെ (parasitic worm) കണ്ടെത്തി. 64 വയസുള്ള സ്ത്രീയുടെ തലച്ചോറിനുള്ളിൽ നിന്നാണ് പരാന്നജീവിയെ കണ്ടെത്തിയത്. ഒഫിഡാസ്കറിസ് റോബർട്ട്സി എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന, കടും ചുവപ്പ് നിറത്തിലുള്ള, 3 ഇഞ്ച് നീളമുള്ള പരാന്നഭോജി വിരയെയാണ് കണ്ടെത്തിയത്. ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിലെയും (ANU) കാൻബെറ ഹോസ്പിറ്റലിലെയും ഡോക്ടർമാരും ഗവേഷകരും ചേർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.

തുടർച്ചയായി വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് 2021 ജനുവരിയിലാണ് 64കാരിയായ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരന്തരമായ വരണ്ട ചുമ, പനി, രാത്രിയിലെ വിയർപ്പ്, വിഷാദം, ഓർമക്കുറവ്, ന്യുമോണിയ തുടങ്ങിയ ബുദ്ധിമുട്ടുകളും സ്ത്രീയെ അലട്ടിയിരുന്നു. 2022 ഓടെ മറവിയും വിഷാദരോ​ഗവും പിടിപെട്ടു. തുടർന്ന് വിദ​ഗ്ദ് ചികിത്സയ്ക്കായി കാൻബെറ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്കിടെയാണ്, തലച്ചോറിൽ 8 സെന്റീമീറ്റർ നീളമുള്ള ജീവനുള്ള പരാന്നഭോജിയായ വിരയെ ഡോക്ടർമാർ കണ്ടെത്തിയത്.

ചികിത്സയുടെ ഭാഗമായി നടത്തിയ എംആർഐ സ്കാനിൽ ശസ്ത്രക്രിയ ആവശ്യമായ ചില പ്രശ്നങ്ങൾ കണ്ടെത്തി. എന്നാൽ പരിശോധനയിൽ ഒരു പരാന്നജീവി വിരയെ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കാൻബെറ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ സഞ്ജയ സേനാനായകെ ദ ഗാർഡിയനോട് പറഞ്ഞു. "ന്യൂറോ സർജന്മാന്മാർ തലച്ചോറിലെ അണുബാധകൾ കണ്ടെത്താറുണ്ട്. പക്ഷേ ഇത് വ്യത്യസ്തമായ ഒരു കണ്ടെത്തലായിരുന്നു," ഡോ സഞ്ജയ പറയുന്നു. മനുഷ്യനിൽ പരാന്നഭോജി വിരയെ കണ്ടെത്തിയതായി രേഖപ്പെടുത്തിയ ആദ്യ സംഭവമാണിത്.

കാൻബെറ ഒരു ചെറിയ സ്ഥലമായതുകൊണ്ടുതന്നെ പരാന്നഭോജിയെക്കുറിച്ച് വിശദമായി പഠിക്കാനുള്ള സൗകര്യങ്ങൾ അവിടെയില്ല. അതിനാൽ ഇത് സംബന്ധിച്ച കൂടുതൽ പഠനത്തിനായി കോമൺവെൽത്ത് സൈന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷനിലുള്ള (CSIRO) ശാസ്ത്രജ്ഞന്റെ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. അദ്ദേഹമാണ് ഒഫിഡാസ്കറിസ് റോബർട്ട്സി ഇനത്തിൽപ്പെട്ടതാണ് പരാന്നഭോജിയെന്ന് കണ്ടെത്തിയതെന്നും ഡോ. സേനാനായകെ കൂട്ടിച്ചേർത്തു.

ഒഫിഡാസ്കറിസ് റോബർട്ട്സി നെമറ്റോഡ് ഇനത്തിൽപ്പെട്ട ഒരു മൂന്നാം ഘട്ട ലാർവയാണ് കണ്ടെത്തിയ പരാന്നജീവി. മെഡിക്കൽ ചരിത്രത്തിലെ ഒരു സവിശേഷ കണ്ടെത്തലാണിത്. എമർജിങ് ഇൻഫെക്ഷ്യസ് ഡിസീസസ് എന്ന ജേണലിൽ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണയായി, ഓസ്‌ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിൽ കണ്ടുവരുന്ന കാർപ്പെറ്റ് പെരുമ്പാമ്പുകളുടെ ദഹനനാളമാണ് ഈ പരാന്നഭോജിയുടെ വാസസ്ഥലം. വിരയുടെ ലാർവകൾ വയോധികയുടെ ശരീരത്തിലെ ശ്വാസകോശങ്ങളും കരളും ഉൾപ്പെടെയുള്ള മറ്റ് അവയവങ്ങളെ ബാധിച്ചതായും സംശയിക്കുന്നുണ്ട്.

പെരുമ്പാമ്പിന്റെ വിസർജ്യത്തിലൂടെ പരാന്നഭോജി പുല്ലിലേക്ക് വീണിട്ടുണ്ടാകാമെന്നാണ് ​ഗവേഷകർ പറയുന്നത്. പുല്ലുമായി സമ്പർക്കം പുലർത്തുന്നതിലൂടെ ഇവ ഭക്ഷണത്തിലേക്കോ അടുക്കളയിലുള്ള പാത്രങ്ങളിലേക്കോ പ്രവേശിച്ചിട്ടുണ്ടാകാം. വയോധികയ്ക്ക് പാമ്പുകളുമായി നേരിട്ട് ബന്ധമില്ലെങ്കിലും പാമ്പുകളുള്ള തടാകത്തിന് സമീപമാണ് ഇവർ താമസിച്ചിരുന്നത്. പാചകത്തിനായി ശേഖരിച്ച ന്യൂസിലൻഡ് ചീര പോലെയുള്ള ഭക്ഷ്യയോഗ്യമായ പുല്ലുകളിലൂടെ വിരയുടെ മുട്ടകൾ അശ്രദ്ധമായി അകത്താക്കിയിരിക്കാമെന്നാണ് ​ഗവേഷകരുടെ നിരീക്ഷണം.

അണുബാധ മനുഷ്യർക്കിടയിൽ പകരില്ലെങ്കിലും, വന്യജീവികളിൽ നിന്ന് ഉത്ഭവിക്കുന്ന രോഗങ്ങളുടെ വർധിച്ചുവരുന്ന പ്രവണതയെ ഇത് അടിവരയിടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പുകളുടെയും പരാന്നഭോജികളുടെയും വ്യാപനം കണക്കിലെടുക്കുമ്പോൾ, ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉയർന്നുവന്നേക്കാമെന്നാണ് വിദഗ്ദർ പറയുന്നത്.

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,