അവധിയില്ല, പരീക്ഷ; ഓണമെത്താതെ ബെംഗളൂരു

അവധിയില്ല, പരീക്ഷ; ഓണമെത്താതെ ബെംഗളൂരു

ഇത്തവണ ഓണം വാരാദ്യദിനങ്ങളില്‍ ആയതോടെ ആഘോഷങ്ങള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയാണ് ബെംഗളൂരു മലയാളികളില്‍ ഭൂരിപക്ഷവും

ഓണമെന്തായി എന്ന് ചോദിച്ചാല്‍ ബെംഗളൂരു മലയാളികള്‍ക്ക് ഉത്തരം പറയാന്‍ ഇത്തവണ ആവേശക്കുറവുണ്ട്. തിരുവോണദിനം പൊതു അവധി അല്ലാത്തതിനാലും സ്‌കൂള്‍, കോളേജ് പരീക്ഷകള്‍ നടക്കുന്നതിനാലും മിക്ക മലയാളി കുടുംബങ്ങളും ഓണാഘോഷം അവധിക്ക് വച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളുള്ള മിക്ക വീടുകളും ഉച്ചയ്ക്കുപകരം വൈകുന്നേരം സദ്യ എന്ന രീതിയില്‍ മാറിച്ചിന്തിക്കുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

പരീക്ഷകള്‍ നിറം കെടുത്തിയ ഓണം

ഓണത്തിന് ഒരാഴ്ച മുന്‍പെങ്കിലും നാട് പിടിക്കുന്നതാണ് ബെംഗളൂരു മലയാളികളുടെ ശീലം. നാട്ടിത്തിലെത്താന്‍ ബസ്-ട്രെയിന്‍ ടിക്കറ്റുകളായിരുന്നു മുന്‍ വര്‍ഷം വരെ തടസം. എന്നാല്‍, ഇത്തവണ ബസ് - ട്രെയിന്‍ കിട്ടാത്തവരുടെ പരിദേവനങ്ങള്‍ കുറവായിരുന്നു. കാരണം മറ്റൊന്നുമല്ല, ഇത്തവണ ഓണം വന്നത് വാരാദ്യത്തിലും പരീക്ഷാകാലത്തുമാണ്. പരീക്ഷയെഴുതാതിരുന്നാല്‍ ഈ അധ്യയനവര്‍ഷമാകെ പ്രശ്‌നത്തിലാകും. വിദ്യാര്‍ഥികളുള്ള കുടുംബങ്ങളെല്ലാം ഓണത്തിന് നാട്ടില്‍ പോക്കെന്ന ആഗ്രഹം മാറ്റിവച്ചു. ഇരിക്കുന്നിടത്ത് ഓണമുണ്ണാമെന്ന് വച്ചവര്‍ക്കും പണിയായി.

''ഓണസദ്യ ഉണ്ണേണ്ട സമയത്ത് പരീക്ഷാ ഹാളിലാണ് രണ്ട് മക്കളും. പരീക്ഷ ഒഴിവാക്കാന്‍ പറ്റില്ലല്ലോ? അതുകൊണ്ട് സദ്യയുടെ സമയം അത്താഴസമയമാക്കി ഞങ്ങള്‍ പുനഃക്രമീകരിച്ചു. അല്ലാതെ വഴിയില്ല. എല്ലാവരും വീട്ടില്‍ ഒരുമിച്ചുണ്ടാകുക ആ സമയത്ത് മാത്രമാണ്,''-ഹെന്നൂരിലെ താമസക്കിക്കുന്ന സുമോജ് മാത്യു ദ ഫോര്‍ത്തിനോട് പറഞ്ഞു.

എസ്‌ ബി അഗ്നിവേഷ്
എസ്‌ ബി അഗ്നിവേഷ്

ഓണസദ്യ ഒരുക്കി ഹോസ്റ്റലുകള്‍

ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഭവങ്ങളുമില്ലെങ്കിലും ഉള്ളതുകൊണ്ട് ഓണം പോലൊരു സദ്യ ഒരുക്കുകയാണ് അധികൃതര്‍. മലയാളി വിദ്യാര്‍ഥികള്‍ കൂടുതലുള്ള ഹോസ്റ്റലുകളില്ലാം തിരുവോണദിനത്തില്‍ മെനുവില്‍ ഇങ്ങനെ ചെറിയ വ്യത്യാസങ്ങള്‍ വരുത്തുന്നുണ്ട്. പരീക്ഷാച്ചൂടില്‍ ഒരാശ്വാസമാണ് നാടന്‍ രീതിയില്‍ ഒരു നേരമെങ്കിലും ഭക്ഷണം കിട്ടുന്നതെന്ന് പറയുകയാണ് ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ ഡിജിറ്റല്‍ ഫിലിം മേക്കിങ് ബിരുദ വിദ്യാര്‍ഥി എസ് ബി അഗ്‌നിവേഷ്.

ആർച്ച ഭാസ്കർ
ആർച്ച ഭാസ്കർ

തിരുവോണദിനത്തില്‍ സദ്യ വിളമ്പുന്ന ഹോട്ടലുകള്‍ തപ്പി കണ്ടുപിടിച്ച് പ്രീ ബുക്കിങ് ചെയ്ത് പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കാര്‍മല്‍ കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് ഇക്കണോമിക്‌സ് വിദ്യാര്‍ഥിനി ആര്‍ച്ച ഭാസ്‌കര്‍. ''ഓണത്തിന് നാട്ടില്‍ പോകാമെന്ന് കരുതി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അവസാന ദിവസങ്ങളിലാണ് പരീക്ഷാ ഷെഡ്യൂള്‍ വന്നത്. അതോടെ നിരാശയായി. ഞാന്‍ നാട്ടിലെത്താത്തതിനാല്‍ അമ്മയ്ക്കും അച്ഛനും സാധാരണ ദിവസം പോലെയാകും ഓണം.''

അവധിയില്ല, പരീക്ഷ; ഓണമെത്താതെ ബെംഗളൂരു
'നടപടി പരിശോധിക്കണം'; 370 റദ്ദാക്കിയതിനെതിരായ ഹർജിയിൽ ഹാജരായ ലക്ചററെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ സുപ്രീംകോടതി ഇടപെടൽ

ഓണസദ്യ എത്തിക്കാന്‍ മത്സരിച്ച് മലയാളി ബ്രാന്‍ഡുകള്‍

അവധിയില്ല, പരീക്ഷയാണ് എന്നൊക്കെ പറഞ്ഞ് വിട്ടുപിടിക്കുന്ന മലയാളികളെ ഓണം ആഘോഷിപ്പിക്കാതെ വിടില്ലെന്ന മട്ടിലാണ് ബെംഗളൂരുവിലെ റസ്റ്ററന്റുകള്‍. നിങ്ങള്‍ ഒന്നും അറിയേണ്ട ഞങ്ങളേറ്റെന്ന മട്ടിലാണ് ഇവരുടെ കാര്യങ്ങള്‍.

മാസങ്ങള്‍ക്ക് മുന്‍പ് ഓണസദ്യ ഒരുങ്ങുന്ന കാര്യം അറിയിച്ച് പരമാവധി ആളുകളെക്കൊണ്ട് സദ്യ വാങ്ങിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് മലയാളി ബ്രാന്‍ഡ് ഹോട്ടലുകള്‍ കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഡൈനിങ്ങ്, പാര്‍സല്‍, ഓണ്‍ലൈന്‍ ഡെലിവറി സംവിധാനം ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.

ഓണസദ്യ കിറ്റ് പരസ്യം
ഓണസദ്യ കിറ്റ് പരസ്യം

''തൂശനില ഉള്‍പ്പെടെ നിങ്ങളെ തേടിയെത്തും. കേരളീയത്തനിമ ഒട്ടും ചോരാതെയാണ് ഞങ്ങളുടെ പാചകം. ഇതിനായി പ്രത്യേക ഷെഫ് അടങ്ങുന്ന പാചകവിദഗ്ധരുടെ സംഘം ബെംഗളൂരുവിലെ ഞങ്ങളുടെ 20 ഔട്ട്‌ലെറ്റുകളിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടിനം പായസം ഉള്‍പ്പടെ 25 വിഭവങ്ങള്‍ അടങ്ങുന്നതാണ് ഓണസദ്യ,'' ബെംഗളൂരുവിലെ പ്രമുഖ റസ്റ്ററന്റ്‌റ് ശൃംഖലയായ തലശ്ശേരി റസ്റ്ററന്റ് ഉടമകളായ യൂനുസ് കുറുവാളിയും പി കെ ഇസ്മായീലും ദ ഫോര്‍ത്തിനോട് പറഞ്ഞു.

ഇതുപോലെ ഒരു ഡസനിലധികം പ്രമുഖ ബ്രാന്‍ഡുകള്‍ മറുനാടന്‍ മലയാളികളെ ഓണസദ്യ ഊട്ടാന്‍ മത്സരമാണ്. വിഭവങ്ങളുടെ എണ്ണമനുസരിച്ച് 350 മുതല്‍ 1000 രൂപ വരെയാണ് വില. റെക്കോര്‍ഡ് പ്രീ ബുക്കിങ്ങാണ് ഇത്തവണ പലര്‍ക്കും. മെട്രോ നഗരത്തിലെ ദിവസേനയുള്ള 'ഉത്രാട പാച്ചിലുകാര്‍ക്ക്' ആശ്വാസമാണ് ഈ ഓണസദ്യ കിറ്റുകള്‍.

ഓണാഘോഷ പരിപാടികളുടെ സെപ്റ്റംബര്‍

ബെംഗളൂരു മലയാളികളുടെ ശരിക്കുമുള്ള ഓണാഘോഷം ഓണം കഴിഞ്ഞാണ് നടക്കുക. ഓണം കഴിഞ്ഞു വരുന്ന ആദ്യത്തെ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും മിക്ക റെസിഡന്‍ഷ്യല്‍ -ഫ്‌ളാറ്റ് അസോസിയേഷനുകളും മലയാളി സംഘടനകളും വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുക. ഓണം ആഘോഷിക്കാന്‍ നാട്ടില്‍ പോയവര്‍ തിരികെയെത്തും, ബെംഗളൂരുവില്‍ ഉള്ളവര്‍ ഒരുങ്ങും. മാവേലിനാടിന്റെ ആഘോഷത്തിനൊപ്പം കൂടാന്‍ കന്നഡിഗരും തമിഴരും തെലുഗരും പഞ്ചാബിയും ഗുജറാത്തിയും ബംഗാളിയും മറാത്തക്കാരും...ദേശ, ഭാഷാ അതിര്‍വരമ്പുകളില്ലാതെ മാനുഷരെല്ലാം ആഘോഷത്തിന്റെ ഭാഗമാകും. കേരളീയ വസ്ത്രങ്ങളണിഞ്ഞ് ഇവരെല്ലാം ആമോദത്തോടെ ഒന്നുചേരുന്ന കാഴ്ച കൂടിയാണ് മറുനാടന്‍ മലയാളികളുടെ ആഘോഷങ്ങളുടെ ശോഭ കൂട്ടുക.

കേരള സമാജം പൂക്കള മത്സരം
കേരള സമാജം പൂക്കള മത്സരം

മറുനാട്ടിലെ ഓണവിരുന്ന് കെങ്കേമമാക്കാനുളള തയ്യാറെടുപ്പിലാണ് മലയാളി സംഘടനയായ കേരള സമാജം. "ഓണക്കിറ്റ് വിതരണവും പൂക്കള മത്സരവും മാത്രം നടത്തി നാട്ടിലേക്ക് പോകുകയാണ്. തിരിച്ചുവന്നിട്ട് വേണം പൂര്‍ണതോതില്‍ ആഘോഷം സംഘടിപ്പിക്കാന്‍. സെപ്റ്റംബര്‍ മുഴുവന്‍ കേരള സമാജത്തിന്റെ വിവിധ സോണുകളുടെ ഓണാഘോഷപരിപാടികള്‍ ഉണ്ടാകും,''കേരളസമാജം ജനറല്‍ സെക്രട്ടറി റെജികുമാര്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in