'നടപടി പരിശോധിക്കണം'; 370 റദ്ദാക്കിയതിനെതിരായ ഹർജിയിൽ ഹാജരായ ലക്ചററെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ സുപ്രീംകോടതി ഇടപെടൽ

'നടപടി പരിശോധിക്കണം'; 370 റദ്ദാക്കിയതിനെതിരായ ഹർജിയിൽ ഹാജരായ ലക്ചററെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ സുപ്രീംകോടതി ഇടപെടൽ

അനുച്ഛേദം 370 റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയിൽ കഴിഞ്ഞയാഴ്ച ഹാജരായതിന് തൊട്ടുപിന്നാലെയാണ് ലക്ചറർ സാഹൂർ അഹ്മദ് ഭട്ടിനെ സസ്‌പെൻഡ് ചെയ്തത്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ ഭരണഘടനാ ബെഞ്ചിന് മുൻപിൽ ഹാജരായ ലക്ചററെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ സുപ്രീംകോടതി ഇടപെടൽ. ജമ്മു കശ്മീർ വിദ്യാഭ്യാസ വകുപ്പിനോട് കാര്യങ്ങൾ ചോദിച്ചറിയാൻ, അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

അനുച്ഛേദം 370 റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയിൽ കഴിഞ്ഞയാഴ്ച ഹാജരായതിന് തൊട്ടുപിന്നാലെയാണ് ലക്ചറർ സാഹൂർ അഹ്മദ് ഭട്ടിനെ സസ്‌പെൻഡ് ചെയ്തത്. സംഭവം, ഇന്ന് രാവിലെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചേർന്ന ഉടനെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

ഹർജിയിൽ കോടതിക്ക് മുൻപാകെ ഹാജരാകാൻ രണ്ടുദിവസം അവധിയെടുത്ത സാഹൂർ അഹ്മദ് തിരിച്ചുചെന്നപ്പോൾ സസ്‌പെൻഡ് ചെയ്യുകയായിരുന്നുവെന്ന് സിബൽ ചൂണ്ടിക്കാട്ടി. പത്രത്തിൽ വരുന്ന കാര്യങ്ങളെല്ലാം സത്യമാകണമെന്നില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞെങ്കിലും 25ലെ സസ്പെൻഷൻ ഉത്തരവ് സിബൽ ബെഞ്ചിന് മുൻപാകെ സമർപ്പിച്ചു. ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസിൽ ഹാജരായതിനെക്കുറിച്ചുള്ള പരാമർശം ഉത്തരവിലുണ്ടെന്നും സിബൽ പറഞ്ഞു.

ലക്ചററുടെ സസ്പെൻഷനുപിന്നിൽ മറ്റുപല കാരണങ്ങളുമുണ്ടെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ മറുവാദം. എങ്കിൽപ്പിന്നെ അദ്ദേഹത്തെ എന്തുകൊണ്ട് നേരത്തെ സസ്‌പെൻഡ് ചെയ്തില്ലെന്ന് കപിൽ സിബൽ ചോദിച്ചു. ജനാധിപത്യം ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇതേത്തുടർന്നാണ് സംഭവിച്ചതെന്തെന്ന് പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോട് ആവശ്യപ്പെട്ടത്. കോടതിയിൽ ഹാജരായ ഒരാളെ സസ്പെൻഡ് ചെയ്തുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

'നടപടി പരിശോധിക്കണം'; 370 റദ്ദാക്കിയതിനെതിരായ ഹർജിയിൽ ഹാജരായ ലക്ചററെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ സുപ്രീംകോടതി ഇടപെടൽ
ആർട്ടിക്കിള്‍ 370 റദ്ദാക്കല്‍: കശ്മീരില്‍ തീർപ്പാകാതെ കിടക്കുന്നത് 2,165 ഹേബിയസ് കോർപ്പസ് ഹർജികള്‍

ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണറോട് സംസാരിച്ച് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഈ കേസിൽ ഹാജരായതിന് പിന്നാലെ എന്ത് സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു. കോടതിയിൽ ഹാജരായതും സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയ തീയതികളും തമ്മിലുള്ള അടുപ്പം ജസ്റ്റിസ് ബി ആർ ഗവായ് ചൂണ്ടിക്കാട്ടി. ഉത്തരവിൽ ലക്ചറർ കേസിൽ ഹാജരായതിനെക്കുറിച്ച് പരാമർശമുണ്ടെങ്കിൽ അതിൽ പ്രശ്നമുണ്ടെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും പറഞ്ഞു.

370 റദ്ദാക്കിയ രീതിയെക്കുറിച്ച് ആഴത്തിലുള്ള ആശങ്ക അറിയിച്ചുകൊണ്ട് 24നാണ് സാഹൂർ അഹ്മദ് ഭട്ട് സുപ്രീംകോടതിയിൽ ഹാജരായത്.

logo
The Fourth
www.thefourthnews.in