MIDDLE EAST

ഗൾഫിൽ ശമിക്കാതെ മഴ; ദുബായിലെ വിമാനസർവിസുകൾ താറുമാറായി, കേരളത്തിൽനിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

വെബ് ഡെസ്ക്

കനത്ത മഴ തുടരുന്ന വിവിധ ഗൾഫ് രാജ്യങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്. ഗൾഫ് രാജ്യങ്ങളുടെ 75 വർഷത്തെ ചരിത്രത്തിൽ സംഭവിച്ചിട്ടില്ലാത്ത തരം മഴയാണ് തിങ്കളാഴ്ച അർധരാത്രി മുതൽ പെയ്തുകൊണ്ടിരിക്കുന്നത്. നാഷണൽ സെന്റർ ഫോർ മീറ്റിയോറോളജി ലഭ്യമാക്കിയ വിവരങ്ങളുട അടിസ്ഥാനത്തിൽ ഖത്മ് അൽ ഷക്ല ഭാഗത്ത് 254.8 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലഭിച്ചത്.

ചൊവ്വാഴ്ച്ചയുണ്ടായ കനത്ത മഴയിൽ യുഎഇയിലെ ദുബായ്, അബുദാബി എമിറേറ്റുകളിലും ഒമാൻ ഉൾപ്പെടെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. ഒമാനിൽ 18 പേർ മരിച്ചു. അതിൽ പത്തുപേർ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളാണ്.

ദുബായിൽനിന്ന് പുറപ്പെടാനിരുന്ന നിരവധി വിമാനങ്ങൾ കനത്ത മഴയെത്തുടർന്ന് റദ്ദാക്കി. ഇന്ത്യ, പാകിസ്താൻ, സൗദി, ബ്രിട്ടൻ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലേക്ക് പോകേണ്ട വിമാനങ്ങളാണ് സർവീസ് റദ്ദാക്കിയത്. ബുധനാഴ്ച രാവിലെ മുതൽ ദുബായിൽനിന്ന് വിമാനങ്ങളൊന്നും പുറപ്പെടില്ല. കൊച്ചിയിൽ നിന്നടക്കം കേരളത്തിൽനിന്ന് ദുബായിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കി.

ഇന്ന് ദുബൈയിൽനിന്ന് പുറപ്പെടേണ്ട ഫ്ലൈ ദുബൈ വിമാനങ്ങൾ മുഴുവൻ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ദുബായിലേക്ക് അടിയന്തരമായി എത്തേണ്ട ആളുകളെ മാത്രമേ തങ്ങൾ ഇപ്പോൾ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ ന്യൂസ് ഏജൻസികളെ അറിയിച്ചത്.

ദുബായിലേക്ക് വരുന്ന വിമാനങ്ങളെ കഴിയാവുന്നത്ര വഴിതിരിച്ചുവിടുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥമെച്ചപ്പെടുന്നതുവരെ യാത്രക്കാർക്ക് അസൗകര്യമുണ്ടാകാതിരിക്കാനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ലോകത്ത് ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിൽ ഒന്നാണ് ദുബായ്.

ഇന്നലെ മാത്രം ദുബായ് വിമാനത്താവളത്തിൽ 100 വിമാനങ്ങൾ ഇറങ്ങാനുണ്ടായിരുന്നു. അത്രയും വിമാനങ്ങൾ വഴിതിരിച്ചുവിട്ടാണ് വിമാനത്താവളം പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നത്. ദുബൈയിൽനിന്ന് ചൊവ്വാഴ്ച വൈകുന്നേരം പുറപ്പെടേണ്ട പല വിമാനങ്ങളും റദ്ദാക്കിയിരുന്നില്ല. എന്നാൽ വിമാനങ്ങൾ പുറപ്പെടുന്നതിന് വലിയ കാലതാമസം നേരിടേണ്ടി വന്നു. വിമാനത്താവളത്തിലേക്കെത്തേണ്ട റോഡുകൾ വെള്ളത്തിനടയിലായതും സ്ഥിതി കൂടുതൽ വഷളാക്കി.

തിങ്കളാഴ്ച്ച രാത്രി ആരംഭിച്ച മഴ ഇന്നു വരെ നീളുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചത്. അസന്തുലിതമായ കാലാവസ്ഥ തരംഗങ്ങൾ രണ്ടുതവണ ഈ പ്രദേശത്തുകൂടി കടന്നുപോയതും ഉപരിതല സമ്മർദം കുറവായതുമാണ് ഇത്തരത്തിൽ ശക്തമായ മഴയ്ക്ക് കാരണമായതെന്നാണ് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ദുബായിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളായ ദുബായ് മാളിലും മാൾ ഓഫ് എമിറേറ്റിസിലും വെള്ളം കയറിയതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമിഫൈനൽ മഴ കാരണം അടുത്ത ദിവസത്തേക്ക് മാറ്റിവച്ചു. കനത്ത മഴയെത്തുടർന്ന് യുഎഇയിലുടനീളമുള്ള പൊതുവിദ്യാലയങ്ങൾ ഇന്ന് വരെ അടച്ചിരിക്കുകയാണ്. വിദൂരപഠനത്തിന് അനുമതി നൽകിയതായി സർക്കാരിൻ്റെ മീഡിയ ഓഫീസ് അറിയിച്ചു.

ചൊവ്വാഴ്ച മുതലുള്ള കനത്ത മഴയെ തുടർന്ന് ഷാർജയിലെയും ദുബായിലെയും നിരവധി കെട്ടിടങ്ങൾ, വില്ലകൾ, ടൗൺഹൗസ് കമ്മ്യൂണിറ്റികൾ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങി. ഷാർജയിലെ അൽ മജാസ് ഏരിയയിലെ ചില അപ്പാർട്ട്‌മെൻ്റ് ബ്ലോക്കുകളിൽ ഇന്ന് പുലർച്ചെ മൂന്നു മുതൽ വൈദ്യുതിയും ഇൻ്റർനെറ്റും മുടങ്ങി.

ഔട്ട്‌ഡോർ ജോലികളിൽ മുൻകരുതലുകളെടുക്കാനും ബുദ്ധിമുട്ടുള്ളവ താൽക്കാലികമായി നിർത്തിവെക്കാനും സ്വകാര്യ മേഖലയിലെ കമ്പനികളോട് യുഎഇയിലെ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം സ്വകാര്യ കമ്പനികളോട് കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ തൊഴിലുടമകളോട് അഭ്യർഥിക്കുകയും ചെയ്തു.

സൗദി അറേബ്യയിൽ വാരാന്ത്യത്തിൽ കാര്യമായ മഴ പ്രതീക്ഷിക്കുന്നതായും ബുധനാഴ്ച വരെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലുണ്ടാകുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇന്നു പുലർച്ചെ വരെ ആലിപ്പഴ വർഷത്തിന് സാധ്യതയുണ്ടെന്നും ആകാശം മൂടിക്കെട്ടിയിരിക്കുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഒമാനിൽ ഇന്ന് വൈകുന്നേരത്തിനും നാളെ രാവിലെക്കുമിടയിൽ കാലാവസ്ഥ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സെൻ്റർ ഓഫ് ഏവിയേഷൻ അതോറിറ്റി അറിയിച്ചിയിരിക്കുന്നത്. സ്‌കൂളുകൾ തിങ്കളാഴ്ച അടച്ചിട്ടിരുന്നു. ബുധനാഴ്ച വരെ ഓൺലൈൻ ക്ലാസാണ് നടക്കുക.

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്