WORLD

പുതുചരിത്രം രചിക്കാൻ സൗദി; രാജ്യത്തെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി റയ്യാന ഇന്ന് പുറപ്പെടും

വെബ് ഡെസ്ക്

സൗദി അറേബ്യയുടെ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് രാജ്യത്തുനിന്നുള്ള ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ഇന്ന് രാജ്യാന്തര ബഹിരാകാശനിലയ (ഐഎസ്എസ്)ത്തിലേക്ക് പുറപ്പെടും. സ്തനാര്‍ബുദ ഗവേഷകയായ റയ്യാന ബര്‍നാവി, സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര തിരിക്കുന്നത്. സൗദി പൗരനായ യുദ്ധവൈമാനികന്‍ അലി അല്‍ ഖ്വര്‍നി കൂടി ഉള്‍പ്പെടുന്നതാണ് യാത്രാ സംഘം.

ആക്‌സിയോം സ്‌പേസിന്റെ രണ്ടാം ദൗത്യത്തിന്റെ (എഎക്‌സ്-2) ഭാഗമായി അമേരിക്കന്‍ സമയം ഇന്ന് വൈകീട്ട് 5.37നാണ് ഇരുവരും ഉള്‍പ്പെടുന്ന നാലംഗ സംഘം യാത്രതിരിക്കുക. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഫ്ളോറിഡ കേപ് കാനവെറാലിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് വിക്ഷേപണം.

നാസയുടെ മുന്‍ ബഹിരാകാശ യാത്രിക പെഗ്ഗി വിറ്റ്‌സണ്‍, അമേരിക്കന്‍ നഗരമായ ടെന്നെസിയിലെ വ്യവസായി ജോണ്‍ ഷോഫ്നെര്‍ എന്നിവരാണ് ദൗത്യസംഘത്തിലെ മറ്റുള്ളവര്‍. പെഗ്ഗി നാലാം തവണയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്നത്. ജോണ്‍ ഷോഫ്നെറാണ് പേടകത്തിന്റെ പൈലറ്റ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് ബഹിരാകാശനിലത്തിലെത്തുന്ന സംഘം 10 ദിവസം അവിടെ ചെലവഴിക്കുക.

സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായതില്‍ അതിയായ സന്തോഷമുണ്ടെന്നും അഭിമാനകരമായ സന്ദര്‍ഭമാണിതെന്നും റയ്യാന ബര്‍നാവി പറഞ്ഞു. ഐഎസ്എസിലെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതൊരു മഹത്തായ അവസരമാണെന്ന് അലി അല്‍ ഖ്വര്‍നിയും പ്രതികരിച്ചു.

ബഹിരാകാശ യാത്രയില്‍ സൗദിയുടെ സാന്നിധ്യം ഇതാദ്യമായല്ല. വ്യോമസേനാ പൈലറ്റായ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് 1985ല്‍ അമേരിക്ക നേതൃത്വം നല്‍കിയ ദൗത്യത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഒരു വനിത ഉള്‍പ്പെടുന്നത് ഇതാദ്യമാണ്. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രം അനുവാദം നല്‍കിയ സൗദിയെ സംബന്ധിച്ച് ഈ ദൗത്യം പ്രതിച്ഛായ മാറ്റുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2018ല്‍ സൗദി സ്‌പേസ് കമ്മിഷന്‍ രാജ്യം രൂപീകരിച്ചിരുന്നു.

ശൂന്യാകാശത്ത് മൂല കോശങ്ങളുടെ (സ്റ്റെം സെല്‍സ്) സ്വഭാവം പഠിക്കുകയെന്നതാണ് നാലംഗ സംഘത്തിന്റെ യാത്രയുടെ പ്രധാന ലക്ഷ്യം. ഇതുള്‍പ്പെടെ 20 പരീക്ഷണങ്ങളാണ് സംഘം ഐഎസ്എസില്‍ നടത്തുക. നാസയുമൊത്തുള്ള ആക്സിയോം സ്പേസിന്റെ രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണിത്. 2022 ഏപ്രിലിലായിരുന്നു ആദ്യത്തേത്. മൈക്കല്‍ ലോപ്പസ് അല്ഗറിയ എന്ന മുന്‍ ബഹിരാകാശ യാത്രികനും മൂന്ന് ബിസിസുകാരും ഉള്‍പ്പെടുന്നതായിരുന്നു ആ യാത്ര.

ആക്‌സിയോം സ്‌പേസ് എന്ന കമ്പനിയെ സംബന്ധിച്ച് ഈ ദൗത്യങ്ങള്‍ ഭാവിയില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനുള്ള ചവിട്ടുപടി കൂടിയാണ്. 2030 ഓടെ നാസ ഐഎസ്എസ് പ്രൊജക്റ്റ് അവസാനിപ്പിക്കുമെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. നിലയത്തിലെ തങ്ങളുടെ സാന്നിധ്യം 2028 വരെ നീട്ടാന്‍ റഷ്യ അടുത്തിടെ സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബഹിരാകാശത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആക്‌സിയോം.

ഐഎസ്എസില്‍ നിലവില്‍ ഏഴ് പേരാണുള്ളത്. റഷ്യയില്‍ നിന്നും അമേരിക്കയില്‍നിന്നുമുള്ള മൂന്ന് പേര്‍ വീതവും യുഎഇ പൗരന്‍ സുല്‍ത്താന്‍ അല്‍-നെയാദിയുമാണ് നിലയത്തിലുള്ളത്. ബഹിരാകാശത്ത് നടന്ന ആദ്യ അറബ് പൗരന്‍ എന്ന അല്‍-നെയാദി കഴിഞ്ഞമാസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ 'സേഫ് ഗെയിം' കളിക്കുമോ അതോ 'റിസ്‌ക്' എടുക്കുമോ?

'വിവാഹം പവിത്രം'; ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാകാത്ത ഹിന്ദു കല്യാണങ്ങള്‍ക്ക് സാധുതയില്ലെന്ന് സുപ്രീം കോടതി

സ്ത്രീ ശാക്തീകരണത്തെ പിന്തുണച്ചു, വസ്ത്രങ്ങളിലെ തിരഞ്ഞെടുപ്പ്: യുവതിക്ക് മേൽ ഭീകരവാദ കുറ്റം ചുമത്തി സൗദി, 11 വർഷം തടവ്

വിനിയോഗിക്കാവുന്ന തരത്തില്‍ ചന്ദ്രനില്‍ വെള്ളം; ചാന്ദ്രപര്യവേക്ഷണ പദ്ധതികള്‍ക്ക് ഗുണകരമാകുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ

'നേരം പുലരും മുന്‍പേ ഹാജരാക്കി, അഭിഭാഷകനെ പോലും അറിയിച്ചില്ല'; പ്രബീർ പുരകായസ്തയുടെ അറസ്റ്റിൽ പോലീസിനെതിരേ സുപ്രീം കോടതി