WORLD

പാകിസ്താനിലെ ബലൂചിസ്താനില്‍ രണ്ട് ഭീകരാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നടന്ന രണ്ട് വ്യത്യസ്ത ഭീകരാക്രമണത്തില്‍ ഒമ്പത് ബസ് യാത്രക്കാര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഇക്കാര്യം അധികൃതര്‍ അറിയിച്ചത്.

വെള്ളിയാഴ്ച നടന്ന ആദ്യ സംഭവത്തില്‍ നോഷ്‌കി ജില്ലയിലെ ഹൈവേയില്‍ ആയുധധാരികളായ ആളുകള്‍ ബസ് തടഞ്ഞുനിര്‍ത്തി തോക്ക് ചൂണ്ടി ഒൻപതു പേരെ തട്ടിക്കൊണ്ടുപോയതായി പോലീസ് പറഞ്ഞു.

കാണാതായ ഒൻപതു പേരുടെയും മൃതദേഹങ്ങള്‍ ഒരു പാലത്തിന് സമീപമുള്ള മലയോര പ്രദേശത്ത് വെടിയേറ്റ നിലയില്‍ കണ്ടെത്തിയെന്ന് പാക് പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ക്വറ്റയില്‍നിന്ന് തഫ്താനിലേക്ക് പോകുകയായിരുന്ന ബസാണ് ആയുധധാരികള്‍ തടഞ്ഞുനിര്‍ത്തി, യാത്രക്കാരില്‍നിന്ന് ഒൻപതു പേരെ പര്‍വതപ്രദേശങ്ങളിലേക്ക് കൊണ്ടുപോയതെന്ന് അദ്ദേഹം പറഞ്ഞു.

അതേ ഹൈവേയില്‍ നടന്ന രണ്ടാമത്തെ സംഭവത്തില്‍ ഒരു കാറിനുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും രണ്ട് യാത്രക്കാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

11 പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട ഭീകരരോട് ക്ഷമിക്കില്ലെന്നും ഉടന്‍ പിടികൂടുമെന്നും ബലൂചിസ്താന്‍ മുഖ്യമന്ത്രി മിര്‍ സര്‍ഫറാസ് ബുഗ്തി പറഞ്ഞു.

ആക്രമണത്തിന് ഉത്തരവാദികളായവരെ തുരത്തുമെന്നും ബലൂചിസ്ഥാന്റെ സമാധാനം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ബുഗ്തി കൂട്ടിച്ചേര്‍ത്തു.

സംഭവത്തെ അപലപിച്ച ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്‌വി മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് പറഞ്ഞു.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല, എന്നാല്‍ ഈ വര്‍ഷം പ്രദേശത്ത് വിവിധ സംഘടനകളുടെ ഭീകരാക്രമണങ്ങള്‍ പ്രവിശ്യയില്‍ വര്‍ധിച്ചിട്ടുണ്ട്. സുരക്ഷാ സേനയെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്ന ആക്രമണങ്ങളാണ് പലതും.

മാച്ച് ടൗണ്‍, ഗ്വാദര്‍ തുറമുഖം, തുര്‍ബത്തിലെ നാവിക താവളങ്ങള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ആഴ്ചകളില്‍ മൂന്ന് വലിയ ഭീകരാക്രമണങ്ങള്‍ നടത്തിയതായി നിരോധിത ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി അവകാശപ്പെട്ടു, സംഭവത്തില്‍ സുരക്ഷാ സേന 17 തീവ്രവാദികളെ വധിച്ചു.

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഇ ഡി

'ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന് ബ്രിട്ടാസ് വിളിച്ചിരുന്നു'; തുറന്നുപറഞ്ഞ് തിരുവഞ്ചൂര്‍

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌