WORLD

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ്: പ്രവചനങ്ങള്‍ അപ്രസക്തമാക്കി ഡെമോക്രാറ്റിക് പാര്‍ട്ടി; അപ്രതീക്ഷിത മുന്നേറ്റം

വെബ് ഡെസ്ക്

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കി ഡെമോക്രാറ്റിക് പാർട്ടി. മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയുടെ തകർച്ച പ്രവചിച്ചിരുന്നെങ്കിലും നടന്നത് മറിച്ചാണ്. യുഎസ് ജനപ്രതിനിധി സഭയിൽ നേരിയ ഭൂരിപക്ഷം നേടാനായെങ്കിലും കരുത്ത് തെളിയിക്കാൻ റിപ്പബ്ലിക്കൻസിന് കഴിഞ്ഞിട്ടില്ല. സെനറ്റില്‍ ഇരുകക്ഷികളും ഒപ്പത്തിനൊപ്പമാണ്. അതേസമയം, തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ജനാധിപത്യത്തിന്റെ 'നല്ലൊരു ദിനം' എന്നായിരുന്നു ബൈഡന്റെ പ്രതികരണം.

"കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ മാധ്യമങ്ങളും നിരീക്ഷകരും ചുവന്ന (റിപ്പബ്ലിക്കന്‍) തരംഗം പ്രവചിച്ചിരുന്നു. എന്നാൽ നടന്നത് അങ്ങനെയല്ല. ഡെമോക്രാറ്റിക് പാർട്ടിക്ക് വളരെ നല്ലൊരു ദിനമായിരുന്നു. ജനാധിപത്യത്തിനും അമേരിക്കയ്ക്കും ഒരുപോലെ നല്ല ദിവസമാണ്" ബൈഡൻ പറഞ്ഞു.

സാധാരണയായി വൈറ്റ് ഹൗസിലുള്ള പാർട്ടിക്ക് ഇടക്കാല തിരഞ്ഞെടുപ്പിൽ സീറ്റുകൾ നഷ്ടപ്പെടാറാണ് പതിവ്. അഭിപ്രായ വോട്ടെടുപ്പുകളിൽ ബൈഡനോടും അദ്ദേഹത്തിന്റെ ഭരണത്തോടുമുള്ള അതൃപ്തിയും പ്രകടമായിരുന്നു. ബൈഡൻ നടത്താനിരുന്ന നിയമനിർമാണങ്ങൾ സഭകളിലെ ഭൂരിപക്ഷം നഷ്ടപ്പെടുന്നതോടെ നടക്കാതെ പോകുമെന്നും കരുതപ്പെട്ടിരുന്നു. എന്നാൽ എല്ലാ പ്രവചനങ്ങളെയും സര്‍വേകളെയും അപ്രസക്തമാക്കിക്കൊണ്ടുള്ള ഫലങ്ങളാണ് പുറത്തുവരുന്നത്.

വോട്ടെണ്ണൽ തുടരുമ്പോള്‍, മൂന്നിലൊന്ന് സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടന്ന യുഎസ് സെനറ്റിന്റെ നിയന്ത്രണം, നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റിക് പാർട്ടി. ജോർജിയ, അരിസോണ, അലാസ്ക, നെവാഡ എന്നീ നാലിടങ്ങളിലെ ഫലങ്ങൾ കൂടി വന്നാലേ യഥാർത്ഥ ചിത്രം വ്യക്തമാകൂ. റിപ്പബ്ലിക്കൻസ് 48, ഡെമോക്രാറ്റ് 46, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില. റിപ്പബ്ലിക്കൻ പാർട്ടിയുടെ സിറ്റിംഗ് സീറ്റായിരുന്ന പെൻസിൽവാനിയയിൽ ഡെമോക്രാറ്റുകൾ ജയിച്ചതോടെ ഇനി രണ്ട് സീറ്റ് കൂടി നേടുകയാണെങ്കിൽ ബൈഡന്റെ പാർട്ടിക്ക് സെനറ്റ് ഭരണം തുടരാനാകും. അതേസമയം, സെനറ്റ് ഭരണം നിലനിർത്താൻ റിപ്പബ്ലിക്കൻസിന് മത്സരം നടക്കുന്ന രണ്ടെണ്ണത്തിൽ കൂടി ജയിക്കണം.

2018ന് ശേഷം ആദ്യമായി 435 അംഗ ജനപ്രതിനിധി സഭ റിപ്പബ്ലിക്കൻമാർ തിരിച്ചുപിടിച്ചേക്കും. എന്നാൽ ഏറെ പ്രതീക്ഷ വെച്ചിരുന്ന ചില സീറ്റുകളിലെ വിജയം ഗ്രാൻഡ് ഓൾഡ് പാർട്ടിക്ക് ഇക്കുറി അപ്രാപ്യമാണ്. പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർജിനിലാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ജനപ്രതിനിധി സഭയിലെയും വിജയം. പാർട്ടിയുടെ മോശം പ്രകടനത്തിന് ശേഷവും സെനറ്റ് തങ്ങൾ തന്നെ നേടുമെന്ന ആത്മവിശ്വാസത്തിലാണ് മുൻനിര റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തി. സെനറ്റിൽ 60 സീറ്റ് നേടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം.

ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

വാട്ടർതീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാല അധ്യാപകൻ ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ

ചബഹർ തുറമുഖ നടത്തിപ്പിനായുള്ള ഇന്ത്യ- ഇറാൻ കരാർ: ഉപരോധ ഭീഷണിയുമായി അമേരിക്ക; പിന്നിലെന്ത്?

'വഴക്ക്' വിവാദം പുതിയതലത്തിലേക്ക്; സിനിമ ഫേസ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍

'ഏഴ് വിമാനത്താവളങ്ങള്‍ മോദി അദാനിക്ക് നല്‍കി, എത്ര ടെമ്പോ ലഭിച്ചു?'; അന്വേഷണത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി