'വഴക്ക്' വിവാദം പുതിയതലത്തിലേക്ക്;  സിനിമ ഫേസ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍

'വഴക്ക്' വിവാദം പുതിയതലത്തിലേക്ക്; സിനിമ ഫേസ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍

1.33 മണിക്കൂറുള്ള സിനിമ വിമിയോ വെബ്‌സൈറ്റിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും നടന്‍ ടൊവിനോയും തമ്മില്‍ വാക്ക്‌പോരിലേക്ക് വഴിവച്ച 'വഴക്ക്/The Quarrel' സിനിമ വിവാദം പുതിയ തലത്തിലേക്ക്. സിനിമ റിലീസ് ചെയ്യാന്‍ ടൊവിനോ അനുവദിക്കുന്നില്ലെന്ന ആരോപണത്തില്‍ തുടങ്ങിയ വാക്ക് പോര് സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ സിനിമയുടെ പൂര്‍ണരൂപം പുറത്തുവിടുന്നതില്‍ എത്തിനില്‍ക്കുകയാണ്. സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് സിനിമ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

പ്രേക്ഷകര്‍ക്കു കാണാനുള്ളതാണ് സിനിമയെന്നും എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ലെന്ന് മനസിലാക്കുന്നവര്‍ക്ക് മനസിലാക്കാമെന്നും അറിയിച്ചുകൊണ്ടാണ് സനല്‍കുമാര്‍ സിനിമ പുറത്തുവിട്ടിരിക്കുന്നത്. ഒരു മണിക്കൂര്‍ 33 മിനുറ്റുള്ള സിനിമ വിമിയോ വെബ്‌സൈറ്റിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

ടൊവിനോ തോമസ് മുഖ്യകഥാപാത്രമായും നിര്‍മാണപങ്കാളിയുമായി എത്തിയ ചിത്രം പുറത്തിറക്കാന്‍ താരം ശ്രമിക്കുന്നില്ലെന്നും കരിയറിനെ ബാധിക്കുമെന്നാണ് പറഞ്ഞതെന്നുമുള്ള സനലിന്റെ ആരോപണത്തിലൂടെയാണ് 'വഴക്ക്' സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ആരംഭിക്കുന്നത്. സിനിമ റിലീസ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'വഴക്ക്' ഫെസ്റ്റിവല്‍ സിനിമയാണെന്നും അത് സാധാരണ ജനങ്ങള്‍ ഇഷ്ടപ്പെടില്ലെന്നുമായിരുന്നു ടോവിനോയുടെ മറുപടിയെന്നും സനല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

'വഴക്ക്' വിവാദം പുതിയതലത്തിലേക്ക്;  സിനിമ ഫേസ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍
'ടൊവിനോ കാര്യങ്ങൾ വളച്ചൊടിക്കുന്നു;' അവസാനിക്കാതെ 'വഴക്ക്' സിനിമയെ ചൊല്ലിയുള്ള പോര്

എന്നാല്‍ സനല്‍ കുമാറിന്റെ പരാമര്‍ശങ്ങള്‍ക്കു മറുപടിയുമായി ടൊവിനോ രംഗത്തെത്തിയിരുന്നു. സനല്‍കുമാറുമായി തനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും പണ്ടത്തെ സനല്‍കുമാറിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും എന്നാല്‍ ഇപ്പോഴത്തെ സനല്‍കുമാറിനെ തനിക്ക് മനസിലാവുന്നില്ലെന്നും ടൊവിനോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

'വഴക്ക്' സിനിമ ചെയ്യുന്നതിന് മുമ്പ് പലരും തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് തനിക്ക് പ്രശ്നമൊന്നും തോന്നിയിരുന്നില്ല. ചിത്രത്തിനായി താന്‍ നിര്‍മാണച്ചെലവായി 27 ലക്ഷം രൂപ നല്‍കി. പ്രതിഫലമായി ഒരു രൂപപോലും ലഭിച്ചിട്ടില്ല,'' ടൊവിനോ പറഞ്ഞു. വഴക്ക് വിതരണം ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കില്‍ അതിനോട് സഹകരിക്കാന്‍ യാതൊരു മടിയുമില്ലെന്നും പ്രെമോഷനായി വന്നിരിക്കാന്‍ തയ്യാറാണെന്നും ടൊവിനോ തോമസ് പറഞ്ഞു. സനല്‍കുമാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളുമായി പാരമൗണ്ടിന് ഒരു ഉത്തരവാദിത്വവുമില്ലെന്ന് നിര്‍മാതാവ് ഗിരിഷും വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

'വഴക്ക്' വിവാദം പുതിയതലത്തിലേക്ക്;  സിനിമ ഫേസ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍
27 ലക്ഷം മുടക്കി, പ്രതിഫലം പോലും വാങ്ങിയില്ല എന്നിട്ടും അവസാനം വില്ലൻ; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

അതേസമയം, ടൊവിനോ ഉന്നയിച്ച വിഷയങ്ങള്‍ക്കു മറുപടിയായി സനല്‍കുമാര്‍ വീണ്ടും രംഗത്തുവന്നിരുന്നു. അസത്യങ്ങള്‍ കൊണ്ട് വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് ടൊവിനോ നടത്തിയതെന്നാണ് സനല്‍കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തനിക്ക് 'വഴക്ക്' സിനിമയില്‍നിന്ന് ഒരു പ്രതിഫലവും ലഭിച്ചിട്ടില്ലെന്നും ടോവിനോയും ഗിരീഷ് നായരും 27 ലക്ഷം രൂപ വീതം ചെലവാക്കിയില്ല സിനിമ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറയുകയായിരുന്നു. 25 ലക്ഷം രൂപ വീതം രണ്ടുപേരും നിക്ഷേപിക്കാമെന്ന ധാരണയിലാണ് സിനിമ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സനൽകുമാറിൻ്റേത് ശരിയായ വാദമല്ലെന്ന് തെളിയിക്കുന്ന പണം നൽകിയതിൻ്റെ സ്ക്രീൻ ഷോട്ട് ടൊവിനോയുടെ മാനേജർ ഗോകുൽ നാഥ് സനൽകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ തന്നെ പോസ്റ്റ് ചെയ്തിരുന്നു.

പിന്നാലെയാണ് ഇന്ന് സിനിമയുടെ പൂര്‍ണരൂപം തന്നെ ഫേസ്ബുക്കിലൂടെ സനല്‍ പങ്കുവെച്ചത്. 2022ലെ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച ഫെസ്റ്റിവല്‍ സിനിമ കൂടിയാണ് വഴക്ക്.

logo
The Fourth
www.thefourthnews.in