US

ഗയാനയിൽ സ്‌കൂൾ ഡോർമിറ്ററിക്ക് തീപിടിച്ചു; 19 കുട്ടികൾ മരിച്ചു

വെബ് ഡെസ്ക്

സെൻട്രൽ ഗയാനിലെ ഖനന നഗരമായ മഹ്ദിയയിൽ സ്‌കൂൾ ഡോർമിറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 19 കുട്ടികൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച അർധരാത്രിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 14 കുട്ടികൾ സംഭവസ്ഥലത്തും മറ്റ് അഞ്ച് കുട്ടികൾ ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള രണ്ട് പേർ ഉൾപ്പെടെ മറ്റ് ആറ് പേരെ തലസ്ഥാനമായ ജോർജ്ടൗണിലേക്ക് ഹെലികോപ്റ്ററിൽ എത്തിച്ചു. മറ്റുള്ളവർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. 20 ഓളം വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയതായും പോലീസ് കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഡയറക്ടർ മാർക്ക് റാമോട്ടർ പറഞ്ഞു.

പ്രതികൂല കാലവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായതായി സര്‍ക്കാര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുന്നതായി പോലീസും അഗ്നിശമനസേനയും അറിയിച്ചു. തെക്കേ അമേരിക്കയുടെ വടക്കൻ തീരത്ത് വെനസ്വേലയ്ക്കും സുരിനാമിനും ഇടയിലാണ് ഗയാന സ്ഥിതി ചെയ്യുന്നത്.

തീപിടിത്ത സമയത്ത് 56 കുട്ടികൾ ഡോർമിറ്ററിയിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച, പ്രാദേശിക സമയം രാത്രി 10.15ഓടെയാണ് തീപിടിത്തത്തെ കുറിച്ച് ഉദ്യോഗസ്ഥർക്ക് ആദ്യം വിവരം ലഭിച്ചതെന്ന് പോലീസ് വക്താവ് പറഞ്ഞു. കെട്ടിടത്തിന്റെ തെക്കുപടിഞ്ഞാറൻ അറ്റത്താണ് തീപിടിത്തത്തിന്റെ ഉത്ഭവസ്ഥാനമെന്ന് തിരിച്ചറിഞ്ഞതായി അഗ്നിശമന വിഭാഗം വക്താവ് പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ ഡോർമിറ്ററിയിൽ എത്തിയപ്പോഴേക്കും കെട്ടിടം പൂർണമായി തീപിടിച്ചിരുന്നുവെന്നാണ് വിവരം. തീ നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്‌സ് മൂന്ന് മണിക്കൂറിലേറെ പരിശ്രമിച്ചു.

''ഇതൊരു വലിയ ദുരന്തമാണ്. ഭയാനകവും വേദനാജനകവുമാണ്''- ഗയാന പ്രസിഡന്റ് ഇർഫാൻ അലി പ്രതികരിച്ചു. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള കുട്ടികൾക്ക് അത് ലഭ്യമാക്കുമെന്നും പരുക്കേറ്റവരും ആഘാതമേറ്റവരുമായ മറ്റെല്ലാ വ്യക്തികൾക്കും മെഡിക്കൽ സഹായം നൽകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. പ്രധാനമന്ത്രി മാർക്ക് ഫിലിപ്പും വിദ്യാഭ്യാസ മന്ത്രി പ്രിയ മണിക്ചന്ദും തിങ്കളാഴ്ച പുലർച്ചെ സംഭവസ്ഥലം സന്ദർശിച്ചിരുന്നു.

രാജ്യത്തിന്റെ വികസനം കുറഞ്ഞ ഭാഗത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള ഗയാന സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് തീപിടിത്തമുണ്ടായ മഹ്ദിയ സെക്കൻഡറി സ്കൂൾ ഡോർമിറ്ററി. കൂടുതലും തദ്ദേശീയരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അതേസമയം കൊല്ലപ്പെട്ട കുട്ടികളിൽ ആരെങ്കിലും തദ്ദേശീയ സമൂഹങ്ങളിൽ നിന്നുള്ളവരാണോ എന്ന് അധികാരികൾ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വിദ്യാർഥികൾ മഹ്ദിയയിൽ നിന്ന് മാത്രമല്ല, കാംബെൽടൗൺ, മൈക്കോബി, എൽ പാസോ, വടക്കൻ പകറൈമാസിലെ മറ്റ് നിരവധി ഗ്രാമങ്ങളിൽ നിന്നുള്ളവരാണെന്ന് ഗയാന പ്രസിഡന്റ് മുഹമ്മദ് ഇഫ്രാൻ അലി നേരത്തെ പറഞ്ഞിരുന്നു.

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ

'ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ', നിബന്ധന മുന്നോട്ടുവച്ച് മമത ബാനർജി

'തലച്ചോറ് തിന്നുന്ന' അമീബ ബാധ വീണ്ടും; മലപ്പുറത്ത് അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

സിഎഎ നടപ്പാക്കി; 14 പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ