ഒല എസ്1
ഒല എസ്1

വാഹനവിപണി കൈയ്യടക്കി ഇവി സ്കൂട്ടറുകൾ; വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ എന്തൊക്കെ?

അറ്റകുറ്റപ്പണികളിലെയും നടത്തിപ്പ് ചെലവിലെയും ലാഭമാണ് ഇവികളുടെ ആകർഷക ഘടകം

വാഹന വിപണിയെ കൈയ്യടക്കിയിരിക്കുകയാണ് ഇലക്‌ട്രിക് വാഹനങ്ങൾ (ഇവി). ആന്തരിക ജ്വലന എഞ്ചിനുകൾ (ICE) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇരുചക്രവാഹനങ്ങൾ മുതൽ വലിയ ട്രക്കുകളെ വരെ മാറ്റിസ്ഥാപിക്കുകയാണ് ഇലക്‌ട്രിക് വാഹനങ്ങൾ. ഇക്കൂട്ടത്തിൽ ഇലക്‌ട്രിക് സ്കൂട്ടറുകളുടെ വിൽപ്പനയാണ് ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്നത്.

അറ്റകുറ്റപ്പണികളിലെയും അനുബന്ധ ചെലവുകളിലേയും ലാഭമാണ് ഇവികളുടെ ആകർഷക ഘടകം. ഐസിഇ വാഹനങ്ങളെക്കാൾ ഇവിക്ക് മുൻതൂക്കം നൽകുന്ന അഞ്ച് സാങ്കേതിക ഘടകങ്ങൾ എന്തൊക്കെയെന്ന് നോക്കാം:

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ

വലിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ

സ്പീഡോമീറ്ററും ഇന്ധനശേഷിയും കാണിക്കുന്ന സ്ക്രീനാണ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ. ഏതാണ്ട് ഒരു ടാബ്‌ലെറ്റ് പോലെ തോന്നിക്കുന്നതും വലുതും വർണ്ണാഭവുമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളാണ് ഇല്ക്ട്രിക് ഇരുചക്ര വാഹനങ്ങളിലുള്ളത്. അനലോഗ് കൺസോളുകളേക്കാൾ കൂടുതൽ സൗകര്യങ്ങളും ഇവയിലുണ്ട്.

യാത്രയ്ക്കിടയിൽ നാവിഗേഷൻ ഉപയോ​ഗം, റൈഡിംഗ് മോഡ് മാറ്റുക, തത്സമയ റേഞ്ച് ഇൻഡിക്കേറ്റർ, പാട്ടുകൾ വയ്ക്കാനുള്ള ഓപ്ഷൻ (ബിൽറ്റ്-ഇൻ സ്പീക്കറുകളുള്ള വാഹനങ്ങൾ) എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് ഡിജിറ്റൽ കൺസോളിലുള്ളത്. ഡിജിറ്റൽ എൽസിഡി സ്‌ക്രീനുകളും ടച്ച്‌സ്‌ക്രീനുള്ള വാഹനങ്ങളും വിപണിയിൽ ലഭ്യമാണ്. ഏഥർ 450x, ഒല എസ്1 പ്രോ, ടിവിഎസ് ഐക്യൂബ് എന്നിവ വലിയ ഡിജിറ്റൽ കൺസോളുകളോട് കൂടിയ ചില ഇരുചക്ര വാഹനങ്ങളാണ്

ബിൽറ്റ്-ഇൻ സ്പീക്കറുകൾ

യാത്രയ്ക്കിടെ സംഗീതം ആസ്വദിക്കാനായി ഒരു ജോഡി സ്പീക്കറുകളുള്ള ധാരാളം ഇവികളാണ് അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചത്. വാഹനത്തിലെ പ്രാഥമിക ബാറ്ററിയാണ് അവ പ്രവർത്തിപ്പിക്കുന്നത്. ചില വാഹനങ്ങളിൽ കൃത്രിമമായി എഞ്ചിൻ ശബ്ദം ഉണ്ടാക്കാനും ഈ സ്പീക്കറുകൾ സഹായിക്കും. ഒല എസ്1, ഒല എസ്1 പ്രോ, റിവോൾട്ട് ആർവി400 (ഇ-ബൈക്ക്) എന്നിവ സ്പീക്കറുകളുള്ള ചില ജനപ്രിയ ഇവികളാണ്.

ബിൽറ്റ്-ഇൻ സിം കാർഡ്

മിക്ക ആധുനിക ഇവികളും 4G സിം കാർഡ് ഉപയോ​ഗിക്കാൻ സൗകര്യമുള്ള രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേകം പണം നൽകേണ്ടതില്ല. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ വാഹനത്തിന്റെ തത്സമയ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതാണ് ബിൽറ്റ്-ഇൻ സിം കാർഡ് സംവിധാനം. കൂടാതെ ജിയോ ഫെൻസിംഗ് (ഒരു നിശ്ചിത സ്ഥാനത്തേക്ക് മാത്രം യാത്ര ചെയ്യാൻ വാഹനത്തെ പരിമിതപ്പെടുത്തുക) പോലുള്ള സവിശേഷതകൾ സജ്ജീകരിക്കാനും ഇത് സഹായിക്കുന്നു. ഏഥർ 450x, ഒല എസ്1 സീരീസ്, ബൗൺസ് ഇൻഫിനിറ്റി ഇ.1 എന്നിവയിൽ ബിൽറ്റ്-ഇൻ സിം കാർഡ് സൗകര്യം ലഭ്യമാണ്.

സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ

വാഹനങ്ങളേക്കാളുപരി സ്മാർട്ട്ഫോണുകൾ പോലെയാണ് ഇവികൾ. സോഫ്റ്റ്‌വെയർ പാച്ച് വഴി ബാറ്ററി മാനേജ്മെന്റ് സിസ്റ്റം ക്രമീകരിക്കുന്നതിലൂടെ ഒരു ബിൽറ്റ്-ഇൻ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പുതിയ ഫീച്ചറുകൾ ചേർക്കാനും ബഗുകൾ പരിഹരിക്കാനും ബാറ്ററി ലൈഫ് മെച്ചപ്പെടുത്താനും ഇവികൾക്ക് സാധിക്കും. ഏഥർ, ഒല പോലുള്ള ബ്രാൻഡുകൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കൊപ്പം ധാരാളം പുതിയ സവിശേഷതകളും അവതരിപ്പിച്ചിട്ടുണ്ട്. ബിൽറ്റ്-ഇൻ സിം കാർഡ് ഉപയോഗിച്ച് വാഹനങ്ങൾ എപ്പോൾ എവിടെവച്ച് വേണമെങ്കിലും അപ്‌ഡേറ്റ് ചെയ്യാം. എന്നാൽ ചില വാഹനങ്ങളിൽ സേവന കേന്ദ്രത്തിൽ മാത്രമേ അപ്ഡേഷൻ സാധ്യമാകൂ.

ആപ്പുകൾക്കുള്ള പിന്തുണ

ആപ്പ് പിന്തുണയോടെ വരുന്ന ഐസിഇ വാഹനങ്ങൾ ഉണ്ടെങ്കിലും, ഇവികളിൽ ഇവ ഉപയോ​ഗിക്കാൻ താരതമ്യേന എളുപ്പമാണ്. ഒരു ആപ്പ് ഉപയോഗിച്ച് തന്നെ ഉപയോക്താക്കൾക്ക് വാഹനം സ്റ്റാർട്ട് ചെയ്യാനും നിർത്താനും ബാറ്ററി ശതമാനം നിരീക്ഷിക്കാനും വാഹനത്തിന്റെ സ്ഥിതി പരിശോധിക്കാനും സാധിക്കും. ഏഥർ 450x, ഒല പോലുള്ള ഇവികൾ ആന്ട്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങൾക്കുള്ള ആപ്പ് പിന്തുണയോടെയാണ് വരുന്നത്.

logo
The Fourth
www.thefourthnews.in