ഡീസൽ കാറുകൾ കേടാകുന്നത് എങ്ങനെയൊക്കെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഡീസൽ കാറുകൾ കേടാകുന്നത് എങ്ങനെയൊക്കെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പരിപാലനം ഡീസല്‍ വാഹനങ്ങള്‍ക്ക് ആവശ്യമാണ്

കാര്‍ വാങ്ങുന്നതില്‍ മാത്രമല്ല, പകരം അത് പരിപാലിക്കുന്നതിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നീണ്ട കാലം കാർ ഉപയോഗയോഗ്യമായി നിലനിര്‍ത്താന്‍ വാഹനങ്ങള്‍ ശരിയായി പരിപാലിക്കേണ്ടതുണ്ട്.

2020ല്‍ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ വന്നതോടെ നിരവധി ഡീസല്‍ കാറുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നെങ്കിലും ഡീസല്‍ വാഹനങ്ങള്‍ ഇപ്പോഴും ജനപ്രിയമാണ്. പല വാഹന നിര്‍മാതാക്കളും അവരുടെ ഡീസല്‍ മോഡലുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചെങ്കിലും ഹ്യുണ്ടായി ഉള്‍പ്പെടെ ചില നിര്‍മാതാക്കള്‍ ഡീസല്‍ വാഹനങ്ങളെ ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല. എന്നിരുന്നാലും ഡീസല്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞ് വരികയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

അതുകൊണ്ട് ഡീസൽ കാറുകൾ നീണ്ട കാലം തകരാറുകള്‍ വരാതെ നിലനിര്‍ത്തുന്നതിന് ഉടമകള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

1. ലഗ്ഗിംഗ് ഒഴിവാക്കുക

എന്താണ് ലഗ്ഗിംഗ്? ഉയര്‍ന്ന ഗിയറുകളിലിട്ട് കുറഞ്ഞ ആര്‍പിഎമ്മില്‍ വാഹനം ഓടിക്കുന്നതിനെയാണ് ലഗ്ഗിംഗ് എന്ന് പറയുന്നത്. ഇത് കാറിന്റെ എഞ്ചിനില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് എന്‍ജിനകത്തെ ഫയറിങിനെ ബാധിക്കുകയും പെട്ടെന്ന് തന്നെ എഞ്ചിൻ കേടാകുന്നതിനും കാരണമാകുന്നു. കൂടാതെ വണ്ടിയുടെ പെര്‍ഫോമന്‍സിനെയും ആയുസ്സിനെയും ബാധിക്കുന്നു. ഇത് ഒഴിവാക്കുന്നതിനായി ഹൈ ഗിയറുകളില്‍ ഇടുമ്പോള്‍ വണ്ടി നിര്‍ദ്ദേശിക്കുന്ന ആര്‍പിഎം റേഞ്ചില്‍ തന്നെ ഓടിക്കുക. ആവശ്യം വരുമ്പോള്‍ മാത്രം ഉയര്‍ന്ന ഗിയറിലേയ്ക്ക് മാറുക.

2. കുറഞ്ഞ ഇന്ധനം ഉപയോഗിച്ച് കാര്‍ ഓടിക്കരുത്

കുറഞ്ഞ ഇന്ധനത്തില്‍ ഡീസല്‍ കാര്‍ ഓടിക്കുന്നത് കുഴപ്പമില്ല എന്ന് ആദ്യം തോന്നിയേക്കാം. പക്ഷേ ഇത് ക്രമേണ വണ്ടിയുടെ ഫ്യുവല്‍ പമ്പിനെയും എഞ്ചിനെയും ദോഷകരമായി ബാധിക്കും. ഇഞ്ചക്ടേഴ്‌സ്, ഫ്യുവല്‍ പമ്പ് പോലുള്ള ഘടകങ്ങള്‍ക്കുള്ള ലൂബ്രിക്കന്റായും ഡീസല്‍ പ്രവര്‍ത്തിക്കും.

ഈ ഘടകങ്ങൾക്ക് ഘർഷണം വരാതെ സുഗമമായി പ്രവര്‍ത്തിക്കുന്നതിന് ഡീസല്‍ ആവശ്യമാണ്. ഫ്യുവല്‍ പമ്പില്‍ ഡീസല്‍ ഇല്ലാതെ വരുമ്പോള്‍ അത് ഇന്ധനത്തിന് പകരം വായു വലിച്ചെടുക്കാന്‍ തുടങ്ങും. ഇത് ഘര്‍ഷണത്തിന് കാരണമാവുകയും കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

കൂടാതെ എപ്പോഴും ടാങ്കിന്റെ നാലില്‍ ഒന്ന് മാത്രം ഇന്ധനം നിറയ്ക്കുന്നത് നിങ്ങളുടെ ഫ്യുവല്‍ പമ്പിലും അധികം സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ഇത് ഒഴിവാക്കുന്നതിനായി ആവശ്യാനുസരണം ടാങ്കില്‍ ഡീസല്‍ നിറയ്ക്കുക. ടാങ്കില്‍ പകുതിയോളം ഇന്ധനം നിലനിര്‍ത്തുന്നതാണ് ഉത്തമം.

3. കാര്‍ എടുക്കുന്നതിന് മുമ്പായി എഞ്ചിന്‍ ഐഡിലിങില്‍ നിര്‍ത്തുക

കാര്‍ ഓടിക്കാന്‍ തുടങ്ങുന്നതിന് മുമ്പായി എഞ്ചിന്‍ വാം അപ്പ് ചെയ്യുന്നത് വളരെ നല്ലതാണ്. കാര്‍ ഓണ്‍ ചെയ്യുമ്പോള്‍ രണ്ട് മിനിറ്റ് വരെ എഞ്ചിന്‍ ഐഡിലിങില്‍ ഇടുക.(വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ആക്സിലറേറ്റര്‍ കൊടുക്കാതെ അതേപടി നിര്‍ത്തുന്നതിനെയാണ് ഐഡിലിങ് എന്നു പറയുന്നത്).എന്നിട്ട് പതിയെ ഓടിച്ച് തുടങ്ങുക. ഇത് എഞ്ചിന്‍ കേടുവരാതെ സൂക്ഷിക്കാനും അതിന്റെ ആയുസ്സ് കൂട്ടുന്നതിനും സഹായിക്കുന്നു.

വാഹനം നിര്‍ത്തുമ്പോഴും കുറച്ചുനേരം ഐഡിലിങില്‍ ഇട്ടശേഷം മാത്രം ഓഫ് ചെയ്യുക.

4. കോള്‍ഡ് സ്റ്റാര്‍ട്ട് ഒഴിവാക്കുക

വാഹനം സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ റെയ്സ് ചെയ്യുന്ന ശീലം പലരിലും കണ്ടുവരുന്നുണ്ട്.ഇങ്ങനെ ചെയ്താല്‍ വാഹനത്തിന്‍റെ എന്‍ജിനും ടര്‍ബോയ്ക്കും ഗുരുതരമായ തകരാര്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. തണുത്തിരിക്കുന്ന എന്‍ജിനില്‍ കൃത്യമായി എല്ലായിടത്തും എന്‍ജിന്‍ ഓയില്‍ വ്യാപിച്ചിരിക്കില്ല. ഈ അവസരത്തില്‍ എന്‍ജിന്‍ റെയ്സ് ചെയ്യുന്നത് തേയ്മാനം വളരെയധികം കൂടാന്‍ കാരണമാകും. ഇത് പിസ്റ്റണുകള്‍, പിസ്റ്റണ്‍ റിങ്ങുകള്‍, സിലിണ്ടറുകള്‍, വാല്‍വുകള്‍ തുടങ്ങിയ എഞ്ചിന്റെ പ്രധാന ഭാഗങ്ങളുടെ ആയുസ്സ് കുറയുന്നതിന് കാരണമാകുന്നു.

സ്റ്റാര്‍ട്ട് ചെയ്ത ശേഷം കുറച്ചുസമയം നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ എന്‍ജിന്‍ ഓയില്‍ എന്‍ജിനിലും ടര്‍ബോയിലും കൃത്യമായി സര്‍ക്കുലേറ്റ് ചെയ്യുകയും ചെയ്യും. അതിനു ശേഷം മാത്രം വാഹനം ഓടിക്കുക.

5. കറുത്ത പുക അവഗണിക്കരുത്

കറുത്ത പുക വാഹനത്തിന്റെ അമിതമായ ഇന്ധന ഉപയോഗം, ഇന്‍ജക്ടേഴ്‌സിന്റെ കേടുപാടുകള്‍, തുടങ്ങിയ എഞ്ചിന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്നതാണ്. അതേസമയം വെളുത്ത പുക കൂളന്റിലെ ലീക്കേജ്, കേടായ ഹെഡ് ഗാസ്‌കറ്റ്, തകരാറിലായ ടര്‍ബോ ചാര്‍ജര്‍ എന്നിവയെ സൂചിപ്പിക്കുന്നതാണ്. എഞ്ചിന്‍ തകരാറിന് കാരണമാകുന്ന വിധത്തില്‍ ഇന്ധനം കത്തിക്കുന്നുണ്ടെന്ന സൂചനയാണ് നീല അല്ലെങ്കില്‍ വെള്ള നിറത്തിലുള്ള പുക.

കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കറുത്ത പുക കാണുന്നത് അവഗണിക്കരുത്. വാഹനത്തിന് എന്തോ സാരമായ പ്രശ്‌നം ഉണ്ടെന്നാണ് അത് സൂചിപ്പിക്കുന്നത്. പ്രശ്‌നം ശരിയായി തിരിച്ചറിഞ്ഞ് പരിഹരിക്കുന്നത് കാര്‍ കേടാകാതിരിക്കാനും കൂടുതല്‍ ചെലവ് വരാതിരിക്കാനും സഹായിക്കും. തണുപ്പ് കാലങ്ങളില്‍ വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ അല്‍പം പുക വരുന്നത് സാധാരണയാണ്. എന്നാല്‍ എഞ്ചിന്‍ വാം അപ്പ് ചെയ്തതിന് ശേഷവും പുക വരുന്നുണ്ടെങ്കില്‍ വാഹനത്തിന് എന്തോ പ്രശ്‌നം ഉണ്ടെന്നുള്ള സൂചനയാണ്. ഇത് അവഗണിക്കരുത്.

logo
The Fourth
www.thefourthnews.in