പതിനായിരത്തോളം ബജറ്റ് വാഹനങ്ങള്‍ തിരികെ വിളിച്ച് മാരുതി സുസുക്കി

പതിനായിരത്തോളം ബജറ്റ് വാഹനങ്ങള്‍ തിരികെ വിളിച്ച് മാരുതി സുസുക്കി

വാഹനങ്ങളില്‍ പ്രശ്‌നം കണ്ടെത്തിയാല്‍ സൗജന്യമായി മാറ്റി നല്‍കുമെന്ന് മാരുതി സുസുക്കി

വാഗണര്‍, സെലേറിയോ, ഇഗ്നിസ് എന്നീ ജനപ്രിയ മോഡലുകളുടെ പതിനായിരത്തോളം യൂണിറ്റുകള്‍ തിരികെവിളിച്ച് മാരുതി സുസുക്കി. പിന്‍ ബ്രേക്ക് അസംബ്ലിയിലെ തകരാറാണ് വാഹനങ്ങള്‍ തിരികെ വിളിക്കാന്‍ കാരണമായത്. 2022 ആഗസ്റ്റ് മൂന്നിനും സെപ്തംബര്‍ ഒന്നിനും ഇടയില്‍ നിര്‍മിച്ച 9925 യൂണിറ്റുകളെയാണ് കമ്പനി മടക്കിവിളിച്ചത്.

പിന്‍ഭാഗത്തെ ബ്രേക്ക് അസംബ്ലിയിലെ പിന്നിനാണ് തകരാര്‍ കണ്ടെത്തിയത്. പിന്‍ പൊട്ടി വാഹനത്തില്‍ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ടെന്നും കാലക്രമേണ ബ്രേക്കിങ് പെര്‍ഫോമന്‍സിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും കമ്പനി അറിയിച്ചു.

ഉപഭോക്താക്കളുടെ സുരക്ഷ പരിഗണിച്ച് വാഹനങ്ങള്‍ പരിശോധനയ്ക്കായി മടക്കിവിളിക്കുമെന്നും പ്രശ്‌നം കണ്ടെത്തിയാല്‍ സൗജന്യമായി മാറ്റി നല്‍കുമെന്നും മാരുതി സുസുക്കി അറിയിച്ചു.

ഇന്ത്യയില്‍ ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള പെട്രോള്‍ വാഹനമാണ് സെലേറിയോ. നിര്‍മാണ തകരാര്‍ കാരണം മറ്റ് വാഹന നിര്‍മാതാക്കളും ഇത്തരത്തില്‍ വാഹനം തിരികെ വിളിക്കുന്നത് സാധാരണമാണ്.

ഓസ്ട്രേലിയയില്‍ കഴിഞ്ഞ മാസം ബ്രേക്ക് തകരാര്‍ കാരണം 20,000 വാഹനങ്ങളെ ഇത്തരത്തില്‍ മാരുതി സുസുക്കി തിരികെ വിളിച്ചിരുന്നു. സീറ്റ് ബെല്‍റ്റിന് സംഭവിച്ച നിര്‍മാണ തകരാര്‍ കാരണം ഇന്ത്യയിലും കഴിഞ്ഞ മാസം 5000 സൂപ്പര്‍ ക്യാരി വാഹനങ്ങളെ കമ്പനി മടക്കിവിളിച്ചിരുന്നു. ഏപ്രില്‍ മാസത്തിലും വീല്‍ സൈസിന്റ പ്രശ്‌നം കാരണം 2000 ഈക്കോ മോഡലിനെയും സമാനമായ രീതിയില്‍ മാരുതി സുസുക്കി തിരികെ വിളിച്ചു.

രാജ്യത്ത് മാരുതി സുസുക്കിയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലുകളാണ് വാഗണ്‍ ആറും സെലേറിയോയും. 5.47ലക്ഷം മുതല്‍ 7.2ലക്ഷം വരെയാണ് വാഗണ്‍ ആറിന്റെ എക്‌സ്‌ഷോറും വില. 5.25ലക്ഷം മുതല്‍ 7ലക്ഷം വരെ സെലേറിയോക്ക് എക്‌സ്‌ഷോറൂം വില വരുമ്പോള്‍ 5.35 ലക്ഷം മുതലാണ് ഇഗ്നിസിന്റെ വില.

logo
The Fourth
www.thefourthnews.in