ദുബായില്‍ പരീക്ഷണ പറക്കല്‍ നടത്തുന്ന എക്‌സ് 2
ദുബായില്‍ പരീക്ഷണ പറക്കല്‍ നടത്തുന്ന എക്‌സ് 2

ഗതാഗതത്തിന്റെ പുതുയുഗം; ദുബായിയുടെ ആകാശം തൊട്ട് പറക്കും കാര്‍

മണിക്കൂറില്‍ 130 കിലോമീറ്ററാണ് എയര്‍ക്രാഫ്റ്റിന്റെ ഉയര്‍ന്ന വേഗത
Updated on
2 min read

ഗതാഗതത്തിന്റെ പുത്തന്‍ യുഗത്തിന് യുഎഇയില്‍ തുടക്കം. ചൈനീസ് ഇലക്ട്രോണിക് വാഹന നിര്‍മ്മാതാക്കളായ Xpeng Incന്റെ 'പറക്കും കാര്‍' യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ ആദ്യ പരീക്ഷണ പറക്കല്‍ നടത്തി. ഇലക്ട്രിക് എയര്‍ക്രാഫ്റ്റായ എക്‌സ് 2 ആണ് തിങ്കളാഴ്ച ദുബായില്‍ ആകാശം തൊട്ടത്. എട്ട് പ്രൊപ്പല്ലറുകളുള്ള ഇരട്ട സീറ്റര്‍ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (eVTOL) വിമാനമാണ് എക്‌സ് 2. മണിക്കൂറില്‍ 130 കിലോമീറ്റര്‍ (80 മൈല്‍) ആണ് എയര്‍ക്രാഫ്റ്റിന്റെ ഉയര്‍ന്ന വേഗതയെന്ന് കമ്പനി അവകാശപ്പെടുന്നു.

തിരക്കേറിയ നഗരത്തില്‍ യാത്രാമാര്‍ഗമായി പ്രവര്‍ത്തിക്കാന്‍ പൈലറ്റില്ലാത്ത ഇത്തരം വാഹനങ്ങള്‍ക്ക് കഴിയും

വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, eVTOL അല്ലെങ്കില്‍ 'ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്ഓഫും ലാന്‍ഡിങ് എയര്‍ക്രാഫ്റ്റുകള്‍' പോയിന്റ്-ടു-പോയിന്റ് വ്യക്തിഗത യാത്ര വാഗ്ദാനം ചെയ്യുന്നു.

തിരക്കേറിയ നഗരത്തില്‍ യാത്രാമാര്‍ഗമായി പ്രവര്‍ത്തിക്കാന്‍ പൈലറ്റില്ലാത്ത ഇത്തരം വാഹനങ്ങള്‍ക്ക് കഴിയും. എന്നാല്‍ ബാറ്ററി ലൈഫ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, സുരക്ഷ, അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വെല്ലുവിളികളാണ് ഈ മേഖല നേരിടുന്നത്.

തിങ്കളാഴ്ച ദുബായില്‍ നടന്ന 90 മിനിറ്റ് പരീക്ഷണ പറക്കലിനെ 'അടുത്ത തലമുറ പറക്കും കാറുകളുടെ പുതിയ തുടക്കം' എന്നാണ് Xpeng Aeroht ന്റെ ജനറല്‍ മാനേജര്‍ മിംഗുവാന്‍ ക്യു വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലേക്ക് കമ്പനി ഘട്ടം ഘട്ടമായി നീങ്ങുകയാണെന്നും അതിന്റെ തുടക്കമായാണ് ദുബായ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ചത്തെ പ്രകടനം ആളില്ലാത്ത കോക്ക്പിറ്റിലാണ് നടന്നത്, എന്നാല്‍ 2021 ജൂലൈയില്‍ ആളെ കയറ്റി ഫ്‌ലൈറ്റ് ടെസ്റ്റ് നടത്തിയിരുന്നുവെന്ന് കമ്പനി അവകാശപ്പെട്ടു.

logo
The Fourth
www.thefourthnews.in