'വില 122 കോടി രൂപ': ലോകത്തിലെ ഏറ്റവും വിലയുള്ള വാഹന നമ്പർ 'P7' സ്വന്തമാക്കി ദുബായ്ക്കാരൻ

'വില 122 കോടി രൂപ': ലോകത്തിലെ ഏറ്റവും വിലയുള്ള വാഹന നമ്പർ 'P7' സ്വന്തമാക്കി ദുബായ്ക്കാരൻ

കഴിഞ്ഞ വര്‍ഷത്തെ നമ്പര്‍ പ്ലേറ്റിന്റെ ഏറ്റവും ഉയര്‍ന്ന ലേലത്തുക 5.2 കോടി ദിര്‍ഹമായിരുന്നു

ഫാൻസി നമ്പർ പ്ലേറ്റുകൾക്ക് എപ്പോഴും ആവശ്യക്കാരേറെയാണ്. എന്ത് വില കൊടുത്തും അത് സ്വന്തമാക്കുന്നവർ നമുക്കിടയിലുണ്ട്. അത്തരത്തിൽ കോടികൾ മുടക്കി ലോകത്തിലെ ഏറ്റവും വിലയുള്ള വാഹന നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് ദുബായിലെ ഒരു മനുഷ്യൻ. ദുബായിൽ അടുത്തിടെ ഒരു ചാരിറ്റി ലേലത്തിലാണ് 55 മില്യൺ ദിർഹത്തിന്(122.6കോടി) ‘പി 7’ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ നമ്പര്‍ പ്ലേറ്റിന്റെ ഏറ്റവും ഉയര്‍ന്ന ലേലത്തുക 5.2 കോടി ദിര്‍ഹമായിരുന്നു.

യുഎഇ പ്രഖ്യാപിച്ച വണ്‍ ബില്ല്യണ്‍ മീല്‍സ് എന്ന കാമ്പയിനിന്റെ ഭാഗമായാണ് ലേലം സംഘടിപ്പിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി ആരംഭിച്ചത്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷിയേറ്റീവ്‌സ്, എമിറേറ്റ്‌സ് ഓക്ഷന്‍, ആര്‍ടിഎ, ഇത്തിസലാത്ത്, ഡു എന്നിവയുടെ സഹകരണത്തോടെയാണ് ലേലം സംഘടിപ്പിച്ചത്. ഏപ്രിൽ 4 ന് ആരംഭിച്ച്, ഏപ്രിൽ 10 ന് സമാപിച്ച മോസ്റ്റ് നോബൽ നമ്പർ ചാരിറ്റി ലേലം മൊത്തം 97.920 ദശലക്ഷം ദിർഹമാണ് സമാഹരിച്ചത്. ജുമൈറയിലെ ഫാേര്‍ സീസണ്‍സ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ നിരവധി വിഐപി നമ്പര്‍ പ്ലേറ്റുകളും ഫോണ്‍ നമ്പറുകളും ലേലം ചെയ്തു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ നമ്പര്‍ പ്ലേറ്റ് ലേലമാണ് നടന്നത്. നമ്പര്‍ പ്ലേറ്റിനൊപ്പം ലേലവും ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. മൊത്തത്തിൽ, 555 പ്രത്യേക അബുദാബി പ്ലേറ്റ് നമ്പറുകൾ ലേലത്തിൽ പ്രദർശിപ്പിച്ചു. AA19, AA22, AA80, O71, X36, W78, H31, Z37, J57, N41 എന്നിങ്ങനെ 10 രണ്ടക്ക നമ്പറുകൾ ഉൾപ്പെടെ വിവിധ ഫാൻസി നമ്പർ പ്ലേറ്റുകൾ ലേലത്തിലുണ്ടായിരുന്നു. AA19 എന്ന നമ്പർ 4.9 ദശലക്ഷം ദിർഹത്തിനും O 71 ദിർഹത്തിന് 150 ദശലക്ഷം ദിർഹത്തിനും Q22222 ദിർഹത്തിന് 975,000 ദിർഹത്തിനും വിറ്റു.

2008-ൽ, അബുദാബിയിലെ കാർ നമ്പർ '1', 52.2 ദശലക്ഷം ദിർഹത്തിന് (ഏകദേശം 116.3 കോടി രൂപ) വിറ്റതായിരുന്നു ഏറ്റവും വലിയ ലേല തുക. അപൂർവമായ മൊബൈൽ നമ്പറുകൾക്കായുള്ള ലേലത്തിൽ 53 മില്യൺ ദിർഹമാണ് ലഭിച്ചത്. ഡു വിന്റെ പ്ലാറ്റിനം മൊബൈൽ നമ്പർ (971583333333) 2 മില്യൺ ദിർഹത്തിന് വിറ്റു. പത്ത് മൊബൈൽ ഫോൺ നമ്പറുകളും ഇത്തിസലാത്തിന്‍റെ 11 ഫോൺ നമ്പറുകളും ലേലത്തിനുണ്ടായിരുന്നു. 2021-ൽ ആദ്യമായി നടന്ന 'മോസ്റ്റ് നോബൽ നമ്പേഴ്‌സ്' ലേലം ഒറ്റ രാത്രികൊണ്ട് ഏകദേശം 50.45 ദശലക്ഷം ദിർഹം നേടിയിരുന്നു.

logo
The Fourth
www.thefourthnews.in