ഇഎഎസ്-ഇ
ഇഎഎസ്-ഇ

ആള്‍ട്ടോയുടെ വിലയ്ക്ക് ഒരു ഇലക്ട്രിക് കാര്‍; ഇഎഎസ്-ഇ ഇന്ത്യന്‍ നിരത്തുകളിലേക്ക്

550കിലോഗ്രാം മാത്രം ഭാരമുള്ള വാഹനം സിറ്റി യാത്രകള്‍ക്ക് യോജിച്ച തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്

സുഖകരമായ യാത്രയും കുറഞ്ഞ പരിപാലനച്ചെലവും ഉണ്ടെങ്കിലും കൂടിയ വിലയാണ് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് സാധാരണക്കാരെ പിന്തിരിപ്പിക്കുന്നത്. ഇതിനു പരിഹാരമായി ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായ ഇഎഎസ്-ഇ അവതരിപ്പിച്ചിരിക്കുകയാണ് മുംബൈ ആസ്ഥാനമായ പിഎംവി ഇലക്ട്രിക്ക്.

ഡിജിറ്റല്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട്, ക്രൂയ്‌സ് കണ്ട്രോള്‍, കീലെസ് എന്‍ട്രി, എയര്‍ബാഗുകള്‍ എന്നിങ്ങനെ ഫീച്ചറുകള്‍ കൊണ്ട് സമ്പന്നമാണ് വാഹനം

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും നീണ്ട എല്‍ഇഡി സ്ട്രിപ് ഡിആര്‍എല്ലുകളും ഉള്‍പ്പെടുത്തി വളരെ ലളിതമായാണ് വാഹനത്തിന്റെ ഡിസൈന്‍. ഗ്ലാസ് ഏരിയ ഉള്‍പ്പെടെ ചെത്തിയെടുത്ത തരത്തിലുള്ള പിന്‍ഭാഗവും കാഴ്ചയില്‍ കൗതുകമുണര്‍ത്തുന്നു.

ഫീച്ചറുകളുടെ കാര്യത്തിലും ഒട്ടും പിറകിലല്ല ഇന്ത്യയുടെ ഈ ഇത്തിരിക്കുഞ്ഞന്‍ വാഹനം. ഡിജിറ്റല്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട്, ക്രൂയ്‌സ് കണ്ട്രോള്‍, കീലെസ് എന്‍ട്രി, എയര്‍ബാഗുകള്‍ എന്നിങ്ങനെ ഫീച്ചറുകള്‍ കൊണ്ട് സമ്പന്നമാണ് വാഹനം. ബ്ലൂട്ടൂത്ത് കണക്ടിവിറ്റി, നാവിഗേഷന്‍ എന്നിങ്ങനെ കണക്ടിവിറ്റി സംവിധാനങ്ങളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

2915എംഎം നീളവും 1157 എംഎം വീതിയും 1600എംഎം ഉയരവുമുള്ള കുഞ്ഞന്‍ വാഹനത്തില്‍ ഒരേ സമയം രണ്ട് മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിക്കും യാത്രചെയ്യാം. 550കിലോഗ്രാം മാത്രം ഭാരമുള്ള വാഹനം സിറ്റി യാത്രകള്‍ക്ക് യോജിച്ച തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.

13 ബിഎച്ച്പി കരുത്തും 50എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന വാഹനത്തിന് 70കിലോമീറ്ററാണ് ഉയര്‍ന്ന വേഗം.ടോപ്പ് സ്പീഡില്‍ പിന്നിലാണെങ്കിലും സിറ്റി ട്രാഫിക്കില്‍ കുതിച്ചു പായുന്ന തരത്തിലുള്ള മോട്ടോറാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 0 ല്‍ നിന്നും 40കിലോമീറ്റര്‍ വേഗതയിലെത്താന്‍ വെറും 5 സെക്കന്റ് മതി ഇഎഎസ്-ഇയ്ക്ക്.

വീടുകളിലെ 15ആംപിയര്‍ സോക്കറ്റ് വഴി 4 മണിക്കൂറിനകം വാഹനം ഫുള്‍ ചാര്‍ജ് ചെയ്യാം

120 മുതല്‍ 200 കിലോമീറ്റര്‍ വരെ ഡ്രൈവിങ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന വാഹനത്തിന് മൂന്ന് ബാറ്ററി ഓപ്ഷനുകളാണുള്ളത്. വീടുകളിലെ 15ആംപിയര്‍ സോക്കറ്റ് വഴി 4 മണിക്കൂറിനകം വാഹനം ഫുള്‍ ചാര്‍ജ് ചെയ്യാം. 3 കിലോവാട്ടിന്റെ എസി ചാര്‍ജറും വാഹനത്തോടൊപ്പം കമ്പനി നല്‍കുന്നുണ്ട്.

ആദ്യം ബുക്ക് ചെയ്യുന്ന 10000 പേര്‍ക്ക് 4.79 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്ക് ഇഎഎസ്-ഇ ലഭ്യമാകും. അതായത് ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാഴുന്ന ചെറുകാറായ ആള്‍ട്ടോയുടെ അതേ വിലയ്ക്ക് ഒരു ഇലക്ട്രിക് കാര്‍ സ്വന്തമാക്കാം. 2000 രൂപയ്ക്ക് പിഎംവിയുടെ ഔദ്യോഗിക വെബ്‌സൈറ്റുവഴി വാഹനം ബുക്ക് ചെയ്യാം. ഇതിനോടകം തന്നെ 6000 ബുക്കിങ്ങുകള്‍ ഇഎഎസ്-ഇ സ്വന്തമാക്കിക്കഴിഞ്ഞു.

അടുത്ത വര്‍ഷം പകുതിയോടെ ഇഎഎസ്ഇ യുടെ ഡെലിവറിയും ടെസ്റ്റ് ഡ്രൈവും ആരംഭിക്കും.

ഇന്ത്യന്‍ വാഹനവിപണിയില്‍ എസ്‌യുവി,സെഡാന്‍,ഹാച്ച്ബാക്ക് എന്നീ വിഭാഗങ്ങള്‍ക്കൊപ്പം പേഴ്‌സണല്‍ മൊബിലിറ്റി വെഹിക്കിള്‍ എന്ന പുതിയൊരു വിഭാഗം കൂടി സൃഷ്ടിക്കാനാണ് തങ്ങളുടെ ശ്രമം എന്ന് പിഎംവി ഇലക്ട്രിക്കിന്റെ സ്ഥാപകനും സിഇഒയുമായ കല്‍പിത് പട്ടേല്‍ പ്രതികരിച്ചു. നിലവില്‍ പൂനെയിലാണ് പിഎംവി ഇലക്ട്രിക്കിന്റെ നിര്‍മാണകേന്ദ്രം. അടുത്ത വര്‍ഷം പകുതിയോടെ ഇഎഎസ്ഇ യുടെ ഡെലിവറിയും ടെസ്റ്റ് ഡ്രൈവും ആരംഭിക്കും.

logo
The Fourth
www.thefourthnews.in