എതിരാളികളോട് മുട്ടാന്‍ മുഖംമിനുക്കി കിയ സെല്‍റ്റോസ്; പുതിയ പതിപ്പ് ജൂലൈ നാലിന് അവതരിപ്പിക്കും

എതിരാളികളോട് മുട്ടാന്‍ മുഖംമിനുക്കി കിയ സെല്‍റ്റോസ്; പുതിയ പതിപ്പ് ജൂലൈ നാലിന് അവതരിപ്പിക്കും

സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അഡ്വാൻസ് ഡ്രൈവർ അസിസ്റ്റന്റ് സംവിധാനവും പനോരമിക് സൺറൂഫുമാകും സെൽറ്റോസിന്റെ ഈ വരവിലെ പ്രധാന ഹൈലൈറ്റ്സ് എന്നാണ് റിപ്പോർട്ട്

കിയ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ ജൂലൈ നാലിന് അവതരിപ്പിക്കും. ലുക്കിലും ഫീച്ചറുകളിലും കാര്യമായ അപ്ഡേഷനുകളോടെയാണ് സെൽറ്റോസ് വിപണിയിലെത്തുക. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അഡ്വാൻസ് ഡ്രൈവർ അസിസ്റ്റന്റ് സംവിധാനവും പനോരമിക് സൺറൂഫുമാകും സെൽറ്റോസിന്റെ ഈ വരവിലെ പ്രധാന ഹൈലൈറ്റ്സ് എന്നാണ് റിപ്പോർട്ട്. 2019 ഓഗസ്റ്റിൽ രാജ്യത്ത് അവതരിപ്പിച്ചതിന് ശേഷം ജനപ്രിയ മിഡ്-സൈസ് എസ്‌യുവിയുടെ ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്.

11 ലക്ഷം മുതൽ 21 ലക്ഷം രൂപ വരെയായിരിക്കാം പുതിയ കിയ സെൽറ്റോസ് 2023 ന്റെ വില(എക്സ്-ഷോറൂം). കിയ സെൽറ്റോസിന് നിലവിൽ 10.89 ലക്ഷം മുതൽ 19.65 ലക്ഷം വരെയാണ് (എക്സ് ഷോറൂം) വില. നിലവിൽ, കിയ സെൽറ്റോസ് 2023-ന്റെ ക്യാബിനിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയതെന്ന് വ്യക്തമല്ല. എന്നാൽ പുതിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്യാബിൻ ലേ ഔട്ട് നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം കൂടുതൽ നൂതനമായ ഇൻഫോടെയ്ൻമെന്റും വാഹനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഏറ്റവും വലിയ മാറ്റം സൺറൂഫിൽ ആയിരിക്കും. നിലവിൽ, സെൽറ്റോസ് ഒരു സാധാരണ ഇലക്ട്രിക് സൺറൂഫാണുള്ളത്. കിയ സെൽറ്റോസ് 2023-ൽ ഇത് പനോരമിക് സൺറൂഫ് ആയേക്കാം. എതിരാളികളായ ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവയ്ക്ക് ഇതിനകം പനോരമിക് സൺറൂഫുണ്ട്.

സെൽറ്റോസിന് നിലവിൽ 1.5 ലിറ്റർ സ്മാർട്ട് സ്ട്രീം പെട്രോളും 1.5 ലിറ്റർ CRDi VGT ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട്. പെട്രോൾ യൂണിറ്റ് 115PS പരമാവധി കരുത്തും 144Nm പീക്ക് ടോർക്കും വികസിപ്പിക്കുന്നു. കൂടാതെ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും അല്ലെങ്കിൽ IVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനവും നൽകുന്നു. ഡീസൽ യൂണിറ്റ് 116PS പരമാവധി കരുത്തും 250Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. എസ്‌യുവിക്ക് 1.4 ലിറ്റർ ടർബോ ജിഡിഐ പെട്രോൾ എഞ്ചിനും ഉണ്ടായിരുന്നു. ഈ വർഷം ആദ്യം ഇത് നിർത്തലാക്കി. പുതിയ 1.5-ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നാണ് റിപ്പോർട്ട്. എഞ്ചിൻ 160 PS പരമാവധി പവറും 253 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കും.

കിയയുടെ ഇന്ത്യയിലെ ആദ്യത്തെ മോഡലാണ് സെൽറ്റോസ്. മുൻനിര കാർ നിർമാതാക്കളിൽ ഒരാളെന്ന നിലയിലുള്ള ആദ്യ മോഡലില്‍ പരിചയപ്പെടുത്തിയപ്പോള്‍ തന്നെ വിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ കിയയ്ക്ക് സാധിച്ചിട്ടുണ്ട്. സെൽറ്റോസിന് പുറമെ സോനറ്റ്, കാരൻസ്, കാർണിവൽ തുടങ്ങിയ മോഡലുകളും കിയ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ കിയ സെൽറ്റോസിന്റെ 3,64,115 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, സെൻട്രൽ, സൗത്ത് അമേരിക്ക, മെക്സിക്കോ, ഏഷ്യ-പസഫിക് എന്നിവയുൾപ്പെടെ 100 വിപണികളിലേക്ക് 1,35,885 യൂണിറ്റിലധികം എസ്‌യുവികൾ കയറ്റുമതി ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in