ഇന്ത്യന്‍ സായുധ സേനയ്ക്ക് പ്രതിരോധ വാഹനമായ അർമാഡോ കൈമാറി മഹീന്ദ്ര
ഇന്ത്യന്‍ സായുധ സേനയ്ക്ക് ആമോര്‍ഡ് ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വെഹിക്കിളായ അര്‍മാഡോ കൈമാറി മഹീന്ദ്ര. കാര്‍ നിര്‍മ്മാണ കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സബ്‌സിഡറിയായ മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റമാണ് (എംഡിഎസ്) അര്‍മാഡോ വിതരണം ചെയ്യുന്നത്. ഇതിന്റെ രൂപകല്‍പനയും നിര്‍മ്മാണവും മഹീന്ദ്ര തന്നെയാണ് ചെയ്തിരിക്കുന്നത്.
എംഡിഎസ് പറയുന്നത് അനുസരിച്ച്, ആവശ്യമനുസരിച്ച് നവീകരിക്കാനും ക്രമീകരിക്കാനും കഴിയുന്ന ഒരു മോഡുലാര്‍ വാഹനമായാണ് അര്‍മാഡോ രൂപകല്‍പന ചെയ്തിരിക്കുന്നത്. ബി7 സ്റ്റാനാഗ് ലെവല്‍ II വരെ ബാലിസ്റ്റിക് പരിരക്ഷ നല്‍കാന്‍ അര്‍മാഡോയ്ക്ക് സാധിക്കും.
തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുള്ള മേഖലകളില്‍ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും, പട്രോളിംഗ്, ദ്രുത പ്രതികരണ ടീമുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാം അര്‍മാഡോ ഉപയോഗിക്കാമെന്ന് എംഡിഎസ് പറയുന്നു. ആയുധ വാഹിനി, രഹസ്യാന്വേഷണ വാഹനം, അതിര്‍ത്തി സുരക്ഷാ വാഹനം, തുറസ്സായ അല്ലെങ്കില്‍ മരുഭൂമിയിലെ പ്രദേശങ്ങളില്‍ റൈഡുകൾ എന്നിവയ്ക്കും എഎല്‍എസ് വി ഉപയോഗിക്കാവുന്നതാണ്.
215 ബിഎച്ച്പിയാണ് അര്‍മാഡോയുടെ പവര്‍. 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര് ബോക്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. അര്‍മാഡോയുടെ ഏറ്റവും കൂടിയ വേഗത മണിക്കൂറില്‍ 120 കിലോമീറ്ററാണ്. അതേസമയം ഇതിന് 12 സെക്കന്‍ഡിനുള്ളില്‍ 0-60 കിലോമീറ്റര്‍ വേഗതയോളം ലഭിക്കും. അര്‍മാഡോയ്ക്ക് 1,000 കിലോഗ്രാമാണ് പേലോഡ് ശേഷി.
അര്‍മാഡോയുടെ നാല് ഭാഗങ്ങളിലായും ബില്‍സ്റ്റേന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ ഉപയോഗിച്ചിട്ടുണ്ട്. 318/80 ആര്‍17 ടയറുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഇവ പഞ്ചര്‍ ആയാലും കാറ്റില്ലാതെ ആയാലും 50 കിലോമീറ്ററോളം സഞ്ചരിക്കാന്‍ സാധിക്കും. കൂടാതെ അര്‍മാഡോയ്ക്ക് സെൻട്രൽ ടയര്‍ ഇന്‍ഫ്‌ലേഷന്‍ സിസ്റ്റവും ഉണ്ട്.
മഹീന്ദ്ര അര്‍മാഡോയുടെ മറ്റൊരു പ്രത്യേകത അതിന്റെ പവര്‍ സ്റ്റിയറിംഗ് സിസ്റ്റമാണ്. ഇത് ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് അല്ലെങ്കില്‍ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് ആയും ക്രമീകരിക്കാന്‍ കഴിയും.
ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള ശേഷിയാണ് അര്‍മാഡോയ്ക്കുള്ളത്. എന്നാല്‍ ഇതിൽ എട്ട് പേർക്ക് വരെ ഇരിക്കാം. പബ്ലിക് അഡ്രസ് (പിഎ) സിസ്റ്റം, ജിപിഎസ്, ഓട്ടോമാറ്റിക് ഗ്രനേഡ് ലോഞ്ചര്‍, ഇലക്ട്രിക് വിഞ്ച്, എച്ച്എഫ് / യുഎച്ച്എഫ് / വിഎച്ച്എഫ് റേഡിയോ, സെല്‍ഫ് ക്ലീനിംഗ്-ടൈപ്പ് എക്‌സ്‌ഹോസ്റ്റ് സ്‌കവഞ്ചിംഗ്, എയര്‍ ഫില്‍ട്ടറേഷന്‍ സിസ്റ്റം എന്നിവയും വാഹനത്തിൽ ലഭ്യമാണ്.