സ്റ്റിയറിങ്ങ് ടൈ റോഡിൽ തകരാർ; 87,599 എസ്-പ്രസ്സോ, ഇക്കോ യൂണിറ്റുകൾ  തിരിച്ചുവിളിച്ച് മാരുതി

സ്റ്റിയറിങ്ങ് ടൈ റോഡിൽ തകരാർ; 87,599 എസ്-പ്രസ്സോ, ഇക്കോ യൂണിറ്റുകൾ തിരിച്ചുവിളിച്ച് മാരുതി

2021 ജൂലൈ അഞ്ചിനും 2023 ഫെബ്രുവരി പതിനഞ്ചിനുമിടയിൽ നിർമിച്ച വാഹനങ്ങളാണ് പിൻവലിക്കുന്നത്

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ജനപ്രിയ മോഡലായ ഇക്കോ, എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ എസ്-പ്രെസ്സോയും തിരിച്ചുവിളിക്കുന്നു. തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് 87,599 കാറുകളാണ് തിരിച്ചുവിളിക്കുന്നത്. ഇരുവാഹനങ്ങളിലെയും സ്റ്റിയറിങ്ങ് ടൈ റോഡിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിയുടെ നടപടി.

2021 ജൂലൈ അഞ്ചിനും 2023 ഫെബ്രുവരി പതിനഞ്ചിനുമിടയിൽ നിർമിച്ച വാഹനങ്ങളാണ് പിൻവലിക്കുന്നത്. ഈ വാഹനങ്ങളിലെ സ്റ്റിയറിംഗ് ടൈ റോഡിന് തകരാറുണ്ടെന്നാണ് മാരുതി സുസുക്കി കണ്ടെത്തിയിരിക്കുന്നത്. ഇത് വാഹനം കൈകാര്യം ചെയ്യുന്നതിനും സ്റ്റിയറിങ് നിയന്ത്രിക്കുന്നതിനും പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് മാരുതി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. തകരാറായ വാഹനങ്ങൾ മാരുതി സുസുക്കിയുടെ അംഗീകൃത ഡീലർ വ‍ർക്ക്ഷോപ്പുകളിൽ എത്തിച്ചാൽ സൗജന്യമായി പരിശോധിച്ച് മാറ്റിനൽകുമെന്നും കമ്പനി വ്യക്തമാക്കി.

ഈക്കോ
ഈക്കോ

സമീപകാലത്ത് മാരുതി നടത്തിയിരിക്കുന്ന ഏറ്റവും വലിയ തിരിച്ചുവിളികളിലൊന്നാണിത്. 2021 സെപ്റ്റംബറിൽ, മോട്ടോർ ജനറേറ്റർ യൂണിറ്റിലെ തകരാറിനെ തുടർന്ന് സിയാസ്, വിറ്റാര ബ്രെസ്സ, XL6 എന്നിവയുൾപ്പെടെ വിവിധ മോഡലുകളുടെ 1,81,754 യൂണിറ്റ് പെട്രോൾ വേരിയന്റുകളുൾപ്പെടെ മാരുതി സുസുക്കി ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു. കഴിഞ്ഞ വർഷം വാഗൺആർ, ബലേനോ ഹാച്ച്ബാക്കുകളിലെ ഫ്യുവൽ പമ്പുകളിൽ തകരാറുള്ളതിനാൽ മാരുതി 1.34 ലക്ഷം യൂണിറ്റും തിരിച്ചുവിളിച്ചിരുന്നു. അതേവർഷം തന്നെ മോട്ടോർ ജനറേറ്റർ യൂണിറ്റിന് തകരാർ സംഭവിച്ചതിനെ തുടർന്ന് 63,493 യൂണിറ്റ് സിയാസ്, എർട്ടിഗ, XL6 പെട്രോൾ സ്മാർട്ട് ഹൈബ്രിഡ് (SHVS) വേരിയന്റുകളും കമ്പനി തിരിച്ചുവിളിച്ചു.

1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന എസ് പ്രെസോയ്ക്ക് 4.26 - 6.11 ലക്ഷം രൂപയ്ക്കുമിടയിലാണ് എക്സ് ഷോറൂം വില. 67PS പരമാവധി കരുത്തും 89 എൻഎം പീക്ക് ടോർക്കുമുള്ള വാഹനത്തിന് 5-സ്പീഡ് മാന്വൽ ട്രാൻസിഷനാണ് ഉൾപ്പെടുത്തിട്ടുള്ളത്. 5-സ്പീഡ് AMT മോഡലും ലഭ്യമാണ്. കൂടാതെ സിഎൻജി ഓപ്ഷനും ലഭ്യമാണ്.

ഇക്കോ K12N 1.2-ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈക്കോയിൽ മാരുതി സുസുക്കി ഉപയോഗിക്കുന്നത്. ഇത് പരമാവധി 81PS പവറും 104Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാന്വൽ ട്രാൻസിഷനിൽ തന്നെ സിഎൻജി ഓപ്ഷനും ലഭ്യമാണ്. 5.24 ലക്ഷം മുതൽ 8.27 ലക്ഷം (എക്സ് ഷോറൂം) രൂപയാണ് ഇക്കോയുടെ വില.

logo
The Fourth
www.thefourthnews.in