കാത്തിരിപ്പിനൊടുവിൽ മാരുതി സുസുകി ഫ്രോങ്സിന്റെ വില പ്രഖ്യാപിച്ചു

കാത്തിരിപ്പിനൊടുവിൽ മാരുതി സുസുകി ഫ്രോങ്സിന്റെ വില പ്രഖ്യാപിച്ചു

ഓൺലൈനായോ കമ്പനിയുടെ നെക്സ ഡീലർഷിപ്പുകൾ വഴിയോ 11,000 രൂപ ടോക്കൺ തുക നൽകിയാൽ വാഹനം ബുക്ക് ചെയ്യാം

മാരുതി സുസുകിയുടെ പുതുപുത്തൻ ക്രോസ് ഓവര്‍ മോഡലായ ഫ്രോങ്സിന്റെ വില പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫ്രോങ്സിന് 7.47 ലക്ഷം രൂപയാണ് പ്രാരംഭ വില. ടോപ്പ് എൻഡ് മോഡലിനായി 13.13 ലക്ഷം രൂപ (എക്സ്ഷോറൂം) മുടക്കേണ്ടി വരും.

ഓൺലൈനായോ കമ്പനിയുടെ നെക്സ ഡീലർഷിപ്പുകൾ വഴിയോ 11,000 രൂപ ടോക്കൺ തുക നൽകിയാൽ വാഹനം ബുക്ക് ചെയ്യാനാകും. ഇതുവരെ 13,000 ബുക്കിങുകൾ ഫ്രോങ്സിനായി ലഭിച്ചെന്ന് കമ്പനി അറിയിച്ചു. സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് വാഹനം വിപണിയിൽ എത്തുക. ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പ് അനുസരിച്ച് കാറിലെ ഫീച്ചറുകളെല്ലാം വ്യത്യാസപ്പെടും. 3,995 എം.എം നീളവും 1,765 എം.എം വീതിയും 1,550 എം.എം ഉയരവും 2,520 എം.എം വീൽബേസും 308 ലിറ്റർ ബൂട്ട്സ്പേസുമാണ് വാഹനത്തിനുള്ളത്.

എഞ്ചിൻ

1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ- പെട്രോള്‍ എഞ്ചിന്റെ തിരിച്ചുവരവും ഫ്രോങ്‌സിന്റെ പ്രത്യേകതയാണ്. ഈ എഞ്ചിനുള്ള ഫ്രോങ്ക്‌സിനായി 9,72,500 രൂപ മുതൽ ചെലവഴിക്കേണ്ടി വരും. ഈ എഞ്ചിന് 100 bhp കരുത്തിൽ 148 Nm ടോർക്കും പുറത്തെടുക്കാനാവും. ബലേനോയിലൂടെ ഏവർക്കും സുപരിചിതമായ 1.2 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് രണ്ടാമത്തേത്. ഇത് 90 bhp പവറിൽ പരമാവധി 113 Nm ടോർക് ഉത്പാദിപ്പിക്കും.

രണ്ട് എഞ്ചിനുകളിലും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ കമ്പനി കോർത്തിണക്കിയിട്ടുണ്ട്. ഗിയർബോക്‌സ് കോമ്പിനേഷനിലേക്ക് നോക്കിയാൽ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ഗിയർബോക്‌സാണ് ലഭിക്കുക. ടർബോയിൽ 5-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമുണ്ടാകും.

കളർ ഓപ്ഷനുകൾ

മാരുതി സുസുക്കി ഫ്രോങ്സ് കോംപാക്ട് എസ്‌യുവി 10 മോണോടോണിലും ഡ്യുവൽ-ടോൺ പെയിന്റ് സ്കീമുകളിലും ലഭ്യമാണ്. ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡ്യുർ ഗ്രേ, ബ്ലൂഷ് ബ്ലാക്ക്, സെലസ്റ്റിയൽ ബ്ലൂ, ഒപുലന്റ് റെഡ്, എർത്ത് ബ്രൗൺ എന്നിങ്ങനെ 7 മോണോടോൺ ഷേഡുകൾ ഉൾപ്പെടുന്നു. ബ്ലൂഷ് ബ്ലാക്ക് റൂഫുള്ള സ്‌പ്ലെൻഡിഡ് സിൽവർ, ബ്ലൂഷ് ബ്ലാക്ക് റൂഫുള്ള ഒപ്യുലന്റ് റെഡ്, ബ്ലൂഷ് ബ്ലാക്ക് റൂഫുള്ള എർത്ത് ബ്രൗൺ എന്നിവയാണ് ഓഫറിലുള്ള ഡ്യുവൽ-ടോൺ കളർ കോമ്പിനേഷനുകൾ.

ഫീച്ചറുകൾ

ക്രോം ആക്‌സന്റുകളോടുകൂടിയ പുതിയ ഫ്രന്റ് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, സ്‌ക്വയർ ഓഫ് വീൽ ആർച്ചുകൾ, പ്രിസിഷൻ കട്ട് 16 ഇഞ്ച് അലോയ് വീലുകൾ, മുൻവശത്ത് ഫ്രോങ്ക്‌സ് സ്‌കിഡ് പ്ലേറ്റുകൾ എന്നിവ ഉൾപ്പെടുന്ന ഫീച്ചറുകളുടെ പാക്കേജ് ഫ്രോങ്സിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡാണ്.

ഇന്റീരിയർ

ആകർഷകമായ ഇന്റീരിയറാണ് ഫ്രോങ്സിലേത്. ഫ്‌ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ് വീലുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം എന്നിവ അകത്തളത്തിലെ ഹൈലൈറ്റാണ്.

logo
The Fourth
www.thefourthnews.in