'ജാക്ക് ആൻഡ് ജിൽ, വെൻറ് അപ്പ് ദ ഹിൽ, ട്രെയിൻ ഏതെന്ന് ഊഹിക്കൂ': റെയില്‍വേ മന്ത്രി

'ജാക്ക് ആൻഡ് ജിൽ, വെൻറ് അപ്പ് ദ ഹിൽ, ട്രെയിൻ ഏതെന്ന് ഊഹിക്കൂ': റെയില്‍വേ മന്ത്രി

കപൂർത്തല റെയിൽ കോച്ച് ഫാക്ടറി (ആർസിഎഫ് ) ഏറ്റവും പുതിയ നാല് വിസ്‌ഡം നാരോ ഗേജ്‌ കോച്ചുകൾ പുറത്തിറക്കിയതിനു പിന്നാലെയാണ് ആഡംബര ട്രെയിനിന്റെ ഉൾവശം പങ്ക് വച്ചുകൊണ്ടുള്ള മന്ത്രിയുടെ ട്വീറ്റ്

ആഡംബര ട്രെയിനിന്റെ ഉൾഭാഗത്തിന്റെ ചിത്രം പങ്കിട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്‌. ജാക്ക് ആൻഡ് ജിൽ വെൻറ് അപ്പ് ദ ഹിൽ എന്ന നേഴ്സറി ഗാനത്തിന്റെ വരികൾ പങ്ക് വച്ച് ട്രെയിൻ ഏതെന്ന് ഊഹിക്കാമോ എന്ന ചോദ്യം മുന്നോട്ട് വച്ചായിരുന്നു മന്ത്രിയുടെ ട്വീറ്റ്.

നിരവധി പേരാണ് ട്വീറ്റിന് മറുപടിയുമായി രംഗത്ത് വന്നത്. കപൂർത്തല റെയിൽ കോച്ച് ഫാക്ടറി (ആർസിഎഫ് ) ഏറ്റവും പുതിയ നാല് വിസ്‌ഡം നാരോ ഗേജ്‌ കോച്ചുകൾ പുറത്തിറക്കിയതിനു പിന്നാലെയാണ് മന്ത്രി ആഡംബര ട്രെയിനിന്റെ ഉൾവശം പങ്ക് വച്ച് ട്വീറ്റ് ചെയ്തത്. അതിനാൽ കൽക്ക- ഷിംല റൂട്ടിലോടുന്ന ട്രെയിനിന്റെ കൊച്ചാണിതെന്നാണ് നിരവധി പേരുടെ മറുപടി

ഇന്ത്യൻ റെയിൽവേയുടെ തിരക്കേറിയ കോച്ചുകളുടെ ചിത്രങ്ങളും ചിലർ പങ്ക് വച്ചിട്ടുണ്ട്. ഭാരതത്തിലെ 95 ശതമാനം ജനങ്ങളും സഞ്ചരിക്കുന്ന മറ്റ്‌ തീവണ്ടികളുടെ അവസ്ഥയും പരിഗണിക്കണമെന്ന അഭ്യർത്ഥനയും ചിലർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൽക്ക- ഷിംല റൂട്ടിലാണ് ഗ്ലാസ് മേൽക്കൂരയോടും വലിയ ജനാലകളോടും കൂടിയ പുതിയ ട്രെയിൻ യാത്രയാരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കൽക്ക - ഷിംല ട്രയൽ റണ്ണിന് ശേഷമാകും പാതയിൽ ട്രെയിൻ ഓടിത്തുടങ്ങുക. 12 എസി എക്സിക്യൂട്ടീവ് സീറ്റുകളും 24 എസി ഷെയറുകളും, 30 നോൺ എസി സീറ്റുകളും പവർ സംവിധാനത്തോട് കൂടിയ ലഗ്ഗേജ്, ഗാർഡ് സൗകര്യങ്ങളും ട്രെയിനിലുണ്ട്.

കൽക്ക- ഷിംല പാത

ഹരിയാനയിലെ പഞ്ച്കുള ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹര സ്ഥലങ്ങളിൽ ഒന്നാണ് കൽക്ക. കൽക്കയിൽ നിന്ന് തുടങ്ങി ഇടുങ്ങിയ പാതയിലൂടെ സഞ്ചരിച്ച് 18 സ്റ്റേഷനുകളിലൂടെ കടന്ന് പോകുന്ന ട്രെയിൻ അവസാനം ഷിംലയിൽ യാത്ര അവസാനിപ്പിക്കും. ഈ യാത്രയിലെ ഏറ്റവും രസകരമായ അനുഭവം 1 ,143 .61 മീറ്റർ നീളമുള്ള ബാരോഗ് തുരങ്കത്തിലൂടെയുള്ള യാത്രയാണ്. 1903 ൽ ആണ് കൽക്ക- ഷിംല നാരോ ഗേജിന്റെ യാത്ര ആരംഭിക്കുന്നത്. ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന കഴ്‌സൺ പ്രഭുവാണ് ഈ ട്രെയിനിലെ ആദ്യ യാത്രികൻ. 2009 ൽ കൽക്ക- ഷിംല റെയിൽവേ പാത യുനെസ്‌കോ അംഗീകരിച്ച ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കുന്നത്. 103 തുരങ്കങ്ങൾ, 800 പാലങ്ങൾ, 919 വളവുകളും ഉൾപ്പെടുന്ന അതി മനോഹര സ്ഥലങ്ങളിലൂടെയുള്ള യാത്ര സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാരയിടമാണ്.

logo
The Fourth
www.thefourthnews.in