രണ്ടര വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റ് ഉത്പാദനം; വമ്പൻ നേട്ടം കൈവരിച്ച് മഹീന്ദ്ര ഥാ‍ർ

രണ്ടര വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റ് ഉത്പാദനം; വമ്പൻ നേട്ടം കൈവരിച്ച് മഹീന്ദ്ര ഥാ‍ർ

ഥാറിന്റെ 100,000 ത്തെ യൂണിറ്റ് വെളുത്ത നിറത്തില്‍ പുറത്തിറക്കി

രാജ്യത്തെ പ്രധാന ഓഫ്‌റോഡ് മോഡലായ ഥാർ എസ്‌യുവി 100,000 യൂണിറ്റുകളുടെ ഉത്പാദന നാഴികക്കല്ല് കൈവരിച്ചതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പുറത്തിറങ്ങി രണ്ടര വര്‍ഷത്തിനുള്ളിലാണ് ഒരു ലക്ഷം യൂണിറ്റ് ഥാറിന്റെ ഉത്പാദനം പൂർത്തിയാക്കിയത്. ഥാറിന്റെ 100,000 ത്തെ യൂണിറ്റ് വെളുത്ത നിറത്തില്‍ പുറത്തിറക്കി.

മാസങ്ങൾക്ക് മുൻപാണ് മഹീന്ദ്ര, ഉപഭോക്താക്കൾക്ക് കൂടുതൽ ആക്‌സസ് ചെയ്യാവുന്ന തരത്തിൽ പുതിയ ഥാർ RWD അവതരിപ്പിച്ചത്. ആദ്യം വിപണിയിലെത്തിയ മോഡലില്‍ നിന്ന് കാലോചിതമായ മാറ്റങ്ങളോടെയാണ് മഹീന്ദ്ര പുതിയ മോഡലിനെ വിപണിയിലെത്തിച്ചത്. പഴയ കുറവുകള്‍ നികത്തി വിപണിയിലേക്കെത്തിയ മഹീന്ദ്ര ഥാര്‍ രണ്ടാമനെ ആളുകള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

''മഹീന്ദ്ര ഥാർ 100,000 യൂണിറ്റുകളുടെ ഈ സുപ്രധാന നാഴികക്കല്ലിലെത്തുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. അഡ്വഞ്ചർ, ലൈഫ്‌സ്‌റ്റൈൽ പ്രേമികളുടെ ഹൃദയം കീഴടക്കിയ ഒരു എസ്‌യുവിയാണിത്. സാഹസികതയോ അല്ലെങ്കിൽ സുഹൃത്തുക്കളുമൊത്തുള്ള അവധിക്കാലമോ ആകട്ടെ, ഥാർ നിരവധി ഓർമകളുടെയും യാത്രകളുടെയും ഭാഗമാകുന്നത് കാണുന്നതിൽ ഞങ്ങൾ ആവേശത്തിലാണ്. ഞങ്ങളുടെ ഉപഭോക്താക്കളോട് ഥാറിനോടുള്ള വിശ്വാസത്തിനും സ്നേഹത്തിനും ഞങ്ങൾ നന്ദിയുള്ളവരാണ്"- മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വീജയ് നക്ര പ്രതികരിച്ചു. 

പെട്രോള്‍ എഞ്ചിന്‍, ഒട്ടമാറ്റിക് ട്രാന്‍സ്മിഷന്‍, പുതിയ ഡിസൈന്‍ അപ്‌ഡേറ്റുകള്‍, കൂടുതല്‍ മികച്ച ഇന്റീരിയര്‍ എന്നിങ്ങനെ ഒട്ടേറെ മാറ്റങ്ങളുമായാണ് ഥാര്‍ രണ്ടാം മോഡല്‍ വിപണയിലെത്തിയത്. നിലവില്‍ റിയല്‍ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് വകഭേദങ്ങളാണ് ഥാറിനുള്ളത്. എസ്‌യുവി ഇപ്പോൾ 4x4, RWD വേരിയന്റുകളിൽ ലഭ്യമാണ്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുകളുള്ള ഡീസൽ, പെട്രോൾ മോട്ടോറുകൾക്കൊപ്പം എഞ്ചിൻ ഓപ്ഷനുകളിൽ 116 ബിഎച്ച്പി നൽകുന്ന 1.5 ലിറ്റർ ഡീസൽ, 130 ബിഎച്ച്പി 2.2 ലിറ്റർ ഡീസൽ, 150 ബിഎച്ച്പി 2.0 ലിറ്റർ പെട്രോൾ എന്നിവയാണ് ഉൾപ്പെടുന്നത്. 

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഥാറിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ് സഹിതം ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (ടിപിഎംഎസ്), ഹിൽ ഹോൾഡ് ആൻഡ് ഡിസെൻഡ് കൺട്രോൾ, എല്ലാ യാത്രക്കാർക്കും മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

ഓഫ്-റോഡിങ് സാഹസികത ആഗ്രഹിക്കുന്നവര്‍ക്കായാണ് ഥാറിന്റെ ഫോര്‍ വീല്‍ ഡ്രൈവ് വേരിയെന്റ് രൂപകല്പന ചെയ്തിരിക്കുന്നത്. കരുത്തുറ്റ ഡ്രൈവ് ട്രെയിന്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, മെക്കാനിക്കര്‍ ലോക്കിങ് ഡിഫറന്‍ഷ്യല്‍, ഷിഫ്റ്റ് ഓണ്‍ ഫ്‌ളൈ ട്രാന്‍സ്ഫര്‍ കേസ് തുടങ്ങിയ സന്നാഹങ്ങളോടൊപ്പം ദൈനംദിന യാത്രകള്‍ക്ക് ഇണങ്ങുന്ന വിധത്തിലുള്ള ഡിസൈനും ചേര്‍ന്നതോടെ ഥാര്‍ ഒരു ഫാമിലി കാര്‍ എന്ന നിലയിലേക്ക് മാറി. മഹീന്ദ്രയുടെ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിക്ക് 9.99 ലക്ഷം രൂപ മുതൽ 16.49 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വില. ഥാറിന്റെ അഞ്ച് ഡോർ പതിപ്പ് 2024ൽ പുറത്തിറക്കാനാകുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ.

logo
The Fourth
www.thefourthnews.in