കെടിഎം 390 അഡ്വഞ്ചറിനോട് ഏറ്റുമുട്ടാന്‍ റോയൽ എന്‍ഫീൽഡ് ഹിമാലയന്‍ 452 വരുന്നു; അറിയാം സവിശേഷതകള്‍

കെടിഎം 390 അഡ്വഞ്ചറിനോട് ഏറ്റുമുട്ടാന്‍ റോയൽ എന്‍ഫീൽഡ് ഹിമാലയന്‍ 452 വരുന്നു; അറിയാം സവിശേഷതകള്‍

നിലവിലെ ഹിമാലയനില്‍ നിന്ന് ഏറെ പ്രത്യേകതകളോടെയാണ് പുതിയ പതിപ്പ് റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്

റോഡും വിപണിയും കീഴടക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ അഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്ന ഹിമാലയന്‍ 452 നവംബര്‍ ആദ്യവാരമെത്തും. പുത്തന്‍ ഡിസൈനോടെയത്തുന്ന ഹിമാലയനില്‍ 452 സിസി വരുന്ന ലിക്വിഡ് കൂള്‍ എഞ്ചിനാണ് കമ്പനി നല്‍കിയിരിക്കുന്നത്. 40 ബിഎച്ച്പി പവറും 40 മുതല്‍ 45 എന്‍എം ടോര്‍ക്കും എഞ്ചിന്‍ ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിമാലയന്‍ 411ല്‍ നിന്ന് വ്യത്യസ്തമായി സ്ലിപ്പ് ക്ലച്ച് പിന്തുണയോടെ ആറ് സ്പീഡ് ഗിയര്‍ ബോക്സാണ് 452ല്‍ വരുന്നത്.

ഹിമാലയന്‍ 411നേക്കാള്‍ മൂന്ന് കിലോഗ്രാം ഭാരം കുറവാണ് 452 നെന്നതാണ് മറ്റൊരു പ്രത്യേകത. 1510 മില്ലി മീറ്ററാണ് വീല്‍ ബേസ്. നീളം 2,245 മില്ലി മീറ്ററും വീതി 852 മില്ലി മീറ്ററും വരുന്നു (ഹാന്‍ഡ് ഗ്വാര്‍ഡ് ഉള്‍പ്പെടുത്താതെ). 1.315 മില്ലി മീറ്ററാണ് ഉയരം. ഫ്ലൈസ്ക്രീന് (മീറ്ററിനോട് ചേര്‍ന്നുള്ള ഷീല്‍ഡ്) ഒഴിവാക്കിയുള്ള ഉയമാണിത്. ആക്സസറീസ് കൂടി ഉള്‍പ്പെടുമ്പോള്‍ ബൈക്ക് ഹിമാലയന്‍ 411 നേക്കാള്‍ ഉയരത്തിലും വീതിയിലും നീളത്തിലുമെല്ലാം മുന്‍പന്തിയിലായിരിക്കും.

നിലവിലെ ഹിമാലയനില്‍ നിന്ന് വ്യത്യസ്തമായി ഇന്ധന ടാങ്കിന്റെ വലുപ്പം കൂട്ടിയിട്ടുണ്ടെന്നാണ് പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. ഹെഡ് ലാമ്പില്‍ എല്‍ഇഡിയാണ് ഇത്തവണ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. സ്പ്ലിറ്റ് സീറ്റ് ശൈലിയിലാണ് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. മഡ്ഗ്വാര്‍ഡില്‍ വരുന്ന ഹിമാലയന്‍ ബ്രാന്‍ഡിങ് 452ലും തുടരും. 21 ഇഞ്ചായിരിക്കും മുന്നിലെ ടയറുകള്‍, പുറകില്‍ 17 ഇഞ്ചും വരുന്നു. ഡിസ്ക് ബ്രേയ്ക്കിനൊപ്പം ഡുവല്‍ ചാനല്‍ എബിഎസുമുണ്ടായിരിക്കും.

2.72 ലക്ഷം രൂപയായിരിക്കും ബൈക്കിന്റെ എക്സ് ഷോറൂം വില. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം കമ്പനി നല്‍കിയിട്ടില്ല. വൈകാതെ തന്നെ വില പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. യെസ്ഡി അഡ്വഞ്ചര്‍, കെടിഎം 390 അഡ്വഞ്ചര്‍, ബിഎംഡബ്ല്യു ജി 310 ജി എസ് എന്നീ ബൈക്കുകളോടായിരിക്കും ഹിമാലയന്‍ വിപണിയില്‍ മത്സരിക്കുക.

ഹിമാലയന്‍ 452 അവതരിപ്പിച്ചുകൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസം റോയല്‍ എന്‍ഫീല്‍ഡ് പുറത്തുവിട്ടിരുന്നു. ഓഫ് റോ‍ഡിലൂടേയും അല്ലാതെയും സഞ്ചരിക്കുന്ന ഹിമാലയന്‍ 452 ആണ് വീഡിയോയില്‍ ദൃശ്യമായത്.

logo
The Fourth
www.thefourthnews.in