സ്മാർട്ടാക്കാം കാറുകളെ; ബ്ലൂടൂത്ത് മുതൽ ലിഡാർ വരെ
കണക്ടഡ് കാറുകളാണല്ലോ ഇപ്പോള്‍ വിപണിയില്‍ ട്രെന്‍ഡിങ്. ഇന്റര്‍നെറ്റ് സൗകര്യങ്ങളും മറ്റ് ആശയവിനിമയ സാങ്കേതിക വിദ്യകളെല്ലാം ഉള്‍ക്കൊള്ളുന്ന വാഹനങ്ങളെയാണ് കണക്ടഡ് കാറുകള്‍ എന്ന് വിളിക്കുന്നത്. സെന്‍സറുകളാണ് ഇവയുടെ പ്രധാന സവിശേഷത. യാത്രക്കാരുടെ സൗകര്യം, സുരക്ഷിതത്വം, എന്നിവ മെച്ചപ്പെടുത്താന്‍ ഈ സെന്‍സറുകള്‍ക്ക് സാധിക്കും.
നാവിഗേഷന്‍ സഹായത്തിനായി ജിപിഎസ് സെന്‍സറുകള്‍, ട്രാഫിക് അപ്‌ഡേറ്റുകള്‍ അറിയുന്നതിന് സെല്ലുലാര്‍ മോഡം, കൂട്ടിയിടികള്‍ ഒഴിവാക്കുന്നതിന് ഡ്രൈവര്‍മാരെ സഹായിക്കുന്നതിനായി ക്യാമറകള്‍ തുടങ്ങി നിരവധി സെന്‍സറുകളാണ് കണക്ടഡ് കാറുകളിലുള്ളത്. ഇവ മറ്റ് കാറുകളുമായി വിവരങ്ങള്‍ പങ്കുവയ്ക്കാനും സ്വീകരിക്കാനും സഹായിക്കുന്നു.
കണക്ടഡ് കാറുകളില്‍ കാണുന്ന സെന്‍സറുകള്‍ ഏതെല്ലാമെന്ന് തിരിച്ചറിയാം:
ജിപിഎസ്
ഈ സെന്‍സര്‍ കാറിന്റെ ലൊക്കേഷൻ അറിയാൻ സഹായിക്കുന്നവയാണ്. ജിപിഎസില്‍ നിന്ന് ലഭിക്കുന്ന വിവരം നാവിഗേഷന്‍ സംവിധാനങ്ങള്‍, ട്രാഫിക് അപ്‌ഡേറ്റുകള്‍, അടിയന്തര സേവനങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.

സീറ്റ് ബെല്‍റ്റ് സെന്‍സറുകള്‍
സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുമ്പോള്‍ ബീപ് ശബ്ദം കേള്‍ക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അതിന് പിന്നില്‍ സീറ്റ് ബെല്‍റ്റ് സെന്‍സറുകളാണ്. സീറ്റ് ബെല്‍റ്റ് ഇടാന്‍ വിട്ടുപോകാതിരിക്കാന്‍ ഇവ നിങ്ങളെ ഓര്‍മപ്പെടുത്തും.
സെല്ലുലാര്‍ മോഡം
ഇന്റർനെറ്റുമായി കാറിനെ കണക്ട് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണമാണ് മോഡം. ട്രാഫിക് അപ്‌ഡേറ്റുകള്‍, കാലാവസ്ഥാ പ്രവചനങ്ങള്‍, വാര്‍ത്തകള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭിക്കുന്നതിന് സെല്ലുലാര്‍ മോഡം സഹായിക്കുന്നു.
ക്യാമറ സെന്‍സറുകള്‍
ക്യാമറ സെന്‍സറുകള്‍ ഉപയോഗിക്കുന്നത് വഴി പല ഗുണങ്ങളുണ്ട്. പാര്‍ക്കിങ് സൗകര്യം അറിയുന്നതാണ് ഇതില്‍ പ്രധാനം. കൂടാതെ റോഡിലെ ലൈനുകള്‍ മുറിക്കാതിരിക്കാനും മറ്റ് വാഹനങ്ങളുമായി കൂട്ടിയിടി ഒഴിവാക്കാനും ക്യാമറ സെന്‍സറുകള്‍ സഹായിക്കുന്നു.

റഡാര്‍
അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ്, റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട് എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം
മുന്നിലുള്ള വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം നിലനിർത്താൻ വാഹനത്തിന്റെ വേഗത സ്വയമേവ ക്രമീകരിക്കുന്നതാണ് അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍
വാഹനം റിവേഴ്‌സെടുക്കുമ്പോഴോ പാർക്കിങ് സ്‌പെയ്‌സിൽ നിന്ന് പിൻവാങ്ങുകയോ ചെയ്യുമ്പോൾ മറ്റൊരു വാഹനം ഏതെങ്കിലും ഭാഗത്ത് നിന്ന് വരുന്നുണ്ടെങ്കിൽ റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട് ഡ്രൈവറെ അറിയിക്കും.
ഡ്രൈവറുടെ വശത്തും പിന്നിലും സ്ഥിതിചെയ്യുന്ന മറ്റ് വാഹനങ്ങളെ കണ്ടെത്തി മുന്നറിയിപ്പ് നല്‍കുന്നതാണ് ബ്ലൈൻഡ് സ്പോർട് മോണിറ്റർ
ലിഡാര്‍
ഡ്രൈവറില്ലാതെ കാർ ഓടിക്കാന്‍ സഹായിക്കുന്നതാണ് ലിഡാര്‍ സാങ്കേതിക വിദ്യ. ഇത് ചുറ്റുപാട് സെന്‍സ് ചെയ്യാനും മനസ്സിലാക്കാനും വാഹനത്തെ സഹായിക്കുന്നു. ടെസ്ല, ടൊയോട്ട, നിസാന്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളെല്ലാം ഡ്രൈവറില്ലാ കാറുകള്‍ വികസിപ്പിക്കുകയും പരീക്ഷണ ഓട്ടം നടത്തുകയും ചെയ്തിട്ടുണ്ട്.

അള്‍ട്രാസോണിക് സെന്‍സറുകള്‍
പാര്‍ക്കിങ് സഹായത്തിനും റോഡിലെ ലൈനുകള്‍ മുറിക്കാതിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കുന്നതിനുമാണ് ഈ സെന്‍സറുകള്‍ ഉപയോഗിക്കുന്നത്.
ഇന്‍-കാര്‍ സെന്‍സറുകള്‍
കാറുകള്‍ക്കുള്ളില്‍ കാണപ്പെടുന്ന ഒന്നിലധികം സെന്‍സറുകളെയാണ് ഇന്‍കാര്‍ സെന്‍സറുകള്‍ എന്ന് പറയുന്നത്. ടയറിന്റെ മര്‍ദം, എഞ്ചിന്‍ താപനില, ഓയില്‍ ലെവല്‍ തുടങ്ങിയ കാറിന്റെ അവസ്ഥ നിരീക്ഷിക്കാനാണ് ഈ സെന്‍സറുകള്‍ സഹായിക്കുന്നത്.

ബ്ലൂടൂത്ത്
ഏറ്റവും സാധാരണയായ സെന്‍സറാണ് ബ്ലൂടൂത്ത്. കാറുകളില്‍ സ്മാര്‍ട്ട് ഫോണുകളും മ്യൂസിക് പ്ലെയറുകളും കണക്ട് ചെയ്യാന്‍ ബ്ലൂടൂത്ത് ഉപയോഗിക്കാറുണ്ട്.